UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പെരുമ്പാവൂരിലേക്ക് വണ്ടി കയറുന്നവര്‍ കാണാതെ പോകരുത് ഈ കാഴ്ചകള്‍

Avatar

രാകേഷ് സനല്‍

പതിമൂന്നു വയസുള്ള ആ പെണ്‍കുട്ടി ഒറ്റയ്ക്കായിരുന്നു പൊലീസ് സ്റ്റേഷനില്‍ ചെന്നത്. ‘എനിക്ക് രാത്രിയില്‍ സമാധാനത്തോടെ കിടക്കാന്‍ പറ്റിയൊരു സ്ഥലം വേണം. എന്നെ പലരും വന്ന് ഉപദ്രവിക്കുന്നു’. അവള്‍ കരഞ്ഞു പറഞ്ഞു.

പൊലീസുകാര്‍ ആ കുട്ടിയെ സര്‍ക്കാരിന്റെ കീഴിലുള്ള ഒരു ഹോമിലാക്കി. പിന്നീടവള്‍ മഹിള സമാഖ്യയിലെത്തി. 

ഇതു നടന്നത് കേരളത്തിലാണ്, കൊല്ലത്ത്. മുതിര്‍ന്ന സ്ത്രീകള്‍ പോലും ഇന്നും പൊലീസ് സ്റ്റേഷനില്‍ ഒറ്റയ്ക്ക് പോകാന്‍ ഭയപ്പെടുന്നിടത്താണ് വെറും പതിമൂന്നു വയസുള്ളൊരു പെണ്‍കുട്ടി കയറി ചെന്നത്. എന്തുകൊണ്ട്? അവള്‍ അനുഭവിച്ചുപോന്നിരുന്ന ഭയം മറ്റെല്ലാത്തിനെക്കാളും വലുതായിരുന്നതുകൊണ്ട്.

മഹിള സമഖ്യയിലെത്തിയശേഷം അവരാണ് പെണ്‍കുട്ടിയോട് കൂടുതല്‍ കാര്യങ്ങള്‍ തിരക്കിയറിയാന്‍ ശ്രമിച്ചത്. എട്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ പീഡനത്തിനിരയായി ഗര്‍ഭിണിയായ ദളിത് സ്ത്രീയാണ് ഈ പെണ്‍കുട്ടിയുടെ അമ്മ. അവര്‍ പിന്നീട് വേറൊരാളെ കല്യാണം കഴിച്ചു. ആ ബന്ധത്തില്‍ രണ്ടു കുട്ടികള്‍. ആ ബന്ധം ഒഴിഞ്ഞു മറ്റൊരാള്‍ക്കൊപ്പം പോയി. അയാള്‍ ഈ പെണ്‍കുട്ടിയെ രാത്രികാലങ്ങളില്‍ ലൈംഗികമായി ഉപദ്രവിക്കും. സഹികെട്ടാണ് അവള്‍ പൊലീസ് സ്റ്റേഷനില്‍ പോകുന്നത്.

പെരുമ്പാവൂരിലേക്ക് വണ്ടി കയറുന്നവരില്‍ എത്രപേര്‍ക്ക് ഈ പെണ്‍കുട്ടിയെ അറിയാം?

പെരുമ്പാവൂരിലെ കൊലപാതകിയെ കണ്ടെത്തണം, ആ പെണ്‍കുട്ടിക്ക് നീതി കിട്ടണം. അതില്‍ രണ്ടാമതൊരു ആലോചനയില്ല. പക്ഷേ ചോദ്യമിതാണ്; ഒരു സൗമ്യക്ക് ദുരിതം ഉണ്ടായപ്പോള്‍ നമ്മള്‍ എടുത്ത പ്രതിജ്ഞ ഇനിയൊരു സൗമ്യ ആവര്‍ത്തിക്കില്ലെന്നായിരുന്നു. എന്നിട്ടോ? ഇതവസാനമാണോ? അതോ, തുടര്‍ച്ചയോ?

കേരളത്തില്‍ പത്തുശതമാനമാണ് ദളിത് ജനസംഖ്യ, ആദിവാസികള്‍ രണ്ടു ശതമാനവും. പക്ഷേ ഇവിടെ പീഡനത്തിനിരയാവുന്നവരില്‍ 70 ശതമാനവും ദളിതനും ആദിവാസിയും. ഇതെക്കുറിച്ച് ചര്‍ച്ച ചെയ്യാറുണ്ടോ? ദളിത്-ആദിവാസി ജീവിതങ്ങള്‍ എന്തുകൊണ്ട് കൂടുതല്‍ ദുര്‍ബലപ്പെട്ടുവരുന്നു എന്നു ചിന്തിക്കാറുണ്ടോ? ഭൂമിയുടെയും തൊഴിലിന്റെയും അടിസ്ഥാനത്തില്‍ സംഘടിപ്പിക്കുന്ന സംവാദങ്ങളില്‍ ദളിതനോ ആദിവാസിയോ കടന്നു വരാറുണ്ടോ?

അനുസരിക്കാത്ത അടിയാത്തിയുടെ മുല മുറിമുറിക്കാം
പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പ്രകാരം പെരുമ്പാവൂരിലെ പെണ്‍കുട്ടിയുടെ മാറിടങ്ങള്‍ക്ക് ക്ഷതം സംഭവിച്ചിട്ടുണ്ട്. ക്രൂരതയാണ്. പക്ഷേ ഇതാദ്യമോ? കേരളത്തിന്റെ സാമൂഹിക ചരിത്രം പരിശോധിച്ചാല്‍ അടിയാത്തികളായ ദളിതരുടെയും ആദിവാസികളുടെയും മുലകള്‍ മുറിച്ചെറിഞ്ഞ ചരിതങ്ങള്‍ നിരവധിയുണ്ട്. ആ കണക്കിന്റെ ആവര്‍ത്തനത്തില്‍ ഞെട്ടുന്നതിനേക്കാള്‍ ഇതൊക്കെയിപ്പോഴും കേരളത്തില്‍ തുടരുകയാണല്ലോ എന്നോര്‍ത്ത് ആത്മ നിന്ദയോടെ തലതാഴ്ത്തുകയാണ് വേണ്ടത്. ദളിത്/ ആദിവാസി സ്ത്രീകള്‍ എപ്പോഴും അവൈലബ്ള്‍ ആയ ശരീരങ്ങളാണെന്ന ബോധ്യം നാം ഇപ്പോഴും തുടരുകയാണ്. എതിര്‍ത്താല്‍ അവളെ എന്തും ചെയ്യാം. ഒരു സുഹൃത്തു പറഞ്ഞതുപോലെ, ദളിതനെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് ദളിതനല്ലാത്തൊരാള്‍ക്ക് പ്രത്യേകം പഠിക്കേണ്ട കാര്യമില്ല, അവനത് ജന്മനാ തന്നെ മനസിലാക്കുന്നുണ്ട്. ഭൂരിപക്ഷ സവര്‍ണ്ണസമൂഹത്തിന്റെ ജനുസ് ആവിധമാണ് രൂപപ്പെട്ടിരിക്കുന്നത്. പെരുമ്പാവൂരിലെ പെണ്‍കുട്ടിയുടെ കൊലപാതകം ആസൂത്രിതമോ പെട്ടെന്നുണ്ടായ പ്രകോപനത്താലോ ആകാം. പക്ഷേ അതിത്രമേല്‍ ക്രൂരമായത് അവളൊരു ദളിത് പെണ്‍കുട്ടിയായതുകൊണ്ടാണ്. ആര്‍ക്കും അവൈലബ്ള്‍ ആയൊരു ലൈംഗിക ശരീരം ചെറുത്തുനില്‍പ്പ് നടത്തിയാല്‍ അവളോട് യാതൊരു ദയയും കാണിക്കരുതെന്ന തത്വമാണിവിടെയും പിന്തുടര്‍ന്നിരിക്കുന്നത്.

തിരുവനന്തപുരം ആറ്റിങ്ങലില്‍ ഒരു പെണ്‍കുട്ടിയെ ഫെബ്രുവരി-മാര്‍ച്ച് മാസങ്ങളില്‍ പലസ്ഥലങ്ങളിലായി കൊണ്ടു പോയി പീഡിപ്പിച്ച വാര്‍ത്ത ചിലരെങ്കിലും അറിഞ്ഞുകാണും. ആ പെണ്‍കുട്ടിയെ ലൈംഗിക കച്ചവടം നടത്തി. അവളുടെ ഗര്‍ഭിണിയായ അമ്മയെ ഉപദ്രവിക്കുമെന്നും സഹോദരനെ കൊല്ലുമെന്നും ഭീഷണിപ്പെടുത്തി. ഒരുവിധം അവരുടെ കൈയില്‍ നിന്നും രക്ഷപ്പെട്ട പെണ്‍കുട്ടി ഇപ്പോള്‍ മഹിള സമഖ്യയിലുണ്ട്. ഇത്തവണ നടന്ന എസ്എല്‍എസി പരീക്ഷ എഴുതി. ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ ശ്രമിക്കുകയാണ് ആ പെണ്‍കുട്ടി. അവള്‍ കൊല്ലപ്പെടാതിരുന്നതുകൊണ്ടാവാം, വാര്‍ത്തയും ചര്‍ച്ചയുമാകാതിരുന്നത്. ആരും അവളുടെ വീടുതേടി പോകാഞ്ഞതും തെരുവിലിറങ്ങാതിരുന്നതും. തിരുവനന്തപുരത്തു തന്നെ രാത്രി ഒരു മണിക്കു വീട്ടില്‍ നിന്നും തട്ടിക്കൊണ്ടുപോയി ലൈംഗിക പീഡനത്തിന് ഇരയാക്കിയ ഒരു പെണ്‍കുട്ടിയുണ്ട്. എത്രപേര്‍ അവളെ കുറിച്ച് അറിഞ്ഞിട്ടുണ്ട്. വീട്ടില്‍ ഉറങ്ങി കിടന്ന ഒരു കൊച്ചു പെണ്‍കുട്ടിയാണ് ഇവ്വിധം ക്രൂരതയ്ക്ക് ഇരയായതെന്നോര്‍ക്കണം.

എപ്പോഴും അവൈലബ്‌ളായ ദളിത് ശരീരം
പെരുമ്പാവൂരിലെ പെണ്‍കുട്ടിയുടെ കൊലപാതകം ഇത്രമേല്‍ ക്രൂരമായിരുന്നില്ലെങ്കില്‍ അവള്‍ പീഡിപ്പിക്കപ്പെട്ടതോ കൊല ചെയ്യപ്പെട്ടതോ ചര്‍ച്ചയാക്കുമായിരുന്നോ? ആ പെണ്‍കുട്ടിയുടെ കൊലപാതകത്തിലെ പൈശാചികത മാറ്റി നിര്‍ത്തിയാല്‍ മറ്റൊരു തരത്തിലും ആ വാര്‍ത്ത നമ്മളെ അത്ഭുതപ്പെടുത്തേണ്ടതോ വേദനിപ്പിക്കേണ്ടതോ അല്ല. കാരണം, ദളിത് സ്ത്രീ പീഡിപ്പിക്കപ്പെടുന്നതും കൊല്ലപ്പെടുന്നതും സാധാരണമായൊരു നാടാണ് കേരളവും. ഇനിയും ഇവിടെ പീഡനങ്ങളും കൊലപാതകങ്ങളും ആവര്‍ത്തിക്കപ്പെടും.

രാത്രി വീട്ടില്‍ നിന്നും തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച പെണ്‍കുട്ടിയുടെ കാര്യം പറഞ്ഞല്ലോ, ആ കുട്ടിയില്‍ നിന്നും കിട്ടിയ വിവരങ്ങള്‍ അനുസരിച്ച് അവളെ പീഡിപ്പിച്ച അതേയാളുടെ പീഡനം സഹിക്കേണ്ട വന്ന നാലോളം പെണ്‍കുട്ടികള്‍ വേറെയും മഹിള സമഖ്യയിലുണ്ട്. ആലോചിച്ചു നോക്കൂ, ഒരാള്‍ അഞ്ചോളം ദളിത് പെണ്‍കുട്ടികളെയാണ് ലൈംഗികമായി ഉപയോഗിച്ചത്. അതാണ് നേരത്തെ പറഞ്ഞ ജനുസ്. ദളിതയെ ഉപദ്രവിച്ചാല്‍ എന്നോടു ചോദിക്കാനാരുമില്ലെന്ന ധൈര്യമാണ്. ദളിത/ ആദിവാസിയെങ്കില്‍ എനിക്കവളെ ഇഷ്ടമുള്ളപോലെ ഉപയോഗിക്കാം. നിയമത്തെ ഞാന്‍ പേടിക്കുന്നില്ല എന്നൊരു ധൈര്യം ഇവിടെ നിലനില്‍ക്കുന്നുണ്ട്. ഏതുകേസിലാണ് മാതൃകാപരമായ ശിക്ഷയുണ്ടായിരിക്കുന്നത്?

അതൊരു അലമ്പ് കേസാണ്‌
പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യാന്‍ തന്നെ താത്പര്യപ്പെടാറില്ല. ചെയ്താലോ മാക്‌സിമം ലൂപ്‌ ഹോള്‍സ് ഇടുകയും ചെയ്യും. രാത്രിയില്‍ പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്‌തോ എന്നന്വേഷിച്ച മഹിള സമഖ്യക്കാര്‍ക്ക് കിട്ടിയ മറുപടി രസകരമാണ്. ആ പെണ്ണിന്റെ വീട്ടുകാരെക്കുറിച്ച് ആര്‍ക്കും വലിയ മതിപ്പില്ലത്രേ, അവളുടെ അമ്മ പതിനാറാം വയസില്‍ ഗര്‍ഭിണിയായ സ്ത്രീയാണത്രേ, സഹോദരി ഒരുത്തന്റെയൊപ്പം ഒളിച്ചോടിയതാണത്രേ. ഇങ്ങനെയൊക്കെ സമൂഹത്തിനു മുന്നില്‍ അപമാനകരമായ ജീവിതം നയിക്കുന്നൊരു കുടുംബത്തിലെ പെണ്ണ് പീഡിപ്പിക്കപ്പെടാല്‍ അതില്‍ തലയിടാതിരിക്കുന്നതാണ് ബുദ്ധിയെന്നും പൊലീസ്.

കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തണമെന്ന നിര്‍ബന്ധമുണ്ടായപ്പോള്‍ പൊലീസിന്റെ അടുത്ത ന്യായം. ദളിത് അട്രോസിറ്റി ആക്ട് പ്രകാരം കേസ് എടുക്കണമെങ്കില്‍ പീഡിപ്പിക്കപ്പെട്ടത് ദളിതയും പീഡിപ്പിച്ചവന്‍ ദളിതന്‍ അല്ലാതിരിക്കുകയും വേണം. അതുകൊണ്ട് തന്നെ പീഡിപ്പച്ചയാള്‍ ദളിതനല്ലെന്നു പെണ്‍കുട്ടി തെളിവു കൊണ്ടുവരണമെന്ന്. ആ പെണ്‍കുട്ടിയുടെ കാര്യത്തില്‍ പൊലീസ് കേസ് എടുത്തത് വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചതായാണ്. പാതിരാത്രിയില്‍ ഉറങ്ങി കിടക്കുമ്പോള്‍ വീട്ടില്‍ നിന്നും തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു എന്ന ഗൗരവം കേസിന് ഇല്ലാതെപോകും. ഇങ്ങനെയാണ് ഇവിടെ ദളിതര്‍ക്ക് നീതി ലഭിക്കുന്നത്. പെരുമ്പാവൂരിലെ സംഭവം തന്നെ വ്യക്തമാക്കി തരുന്നൊരു കാര്യമുണ്ട്, ആ കേസ് ആരുമറിയാത ഒതുക്കി തീര്‍ക്കാന്‍ പൊലീസ് സ്വമനസാലെയോ ആരുടെയോ നിര്‍ബന്ധത്താലോ തീരുമാനിച്ചിരുന്നു. മാധ്യമപ്രവര്‍ത്തകര്‍ക്ക് നല്‍കിയ വിവരം പോലും തലയ്ക്കടിയേറ്റ് ഒരു പെണ്‍കുട്ടി കൊല്ലപ്പെട്ടെന്നു മാത്രമായിരുന്നു. ദളിത് പെണ്‍കുട്ടി കൊല്ലപ്പെടുന്നതിലെ സര്‍വസാധാരണത്വം മൂലം മാധ്യമങ്ങളും വലിയ കാര്യമാക്കിയില്ല. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ ചോര്‍ന്നു കിട്ടിയില്ലായിരുന്നെങ്കില്‍ ഇപ്പോള്‍ നടക്കുന്ന ഒരു പുകിലും ഇല്ലാതെ തന്നെ കാര്യങ്ങളെല്ലാം കത്തിതീര്‍ന്നേനെ.

ഒരു ദളിത് പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടാല്‍, കൊല ചെയ്യപ്പെട്ടാല്‍ പൊലീസ് ചാര്‍ജ് ചെയ്യുന്ന കേസില്‍ ഏതു വകുപ്പാണ് ഉപയോഗിക്കുന്നത്, എന്തൊക്കെ പരിശോധനകള്‍ നടത്താറുണ്ടെന്ന് ആരാണ് അന്വേഷിക്കുന്നത്? ഒന്നാമതായി എസ് സി/ എസ് ടി ആക്ട് പ്രകാരമാവില്ല കേസ് രജിസ്റ്റര്‍ ചെയ്യുക, ഡിഎന്‍എ ടെസ്റ്റ്, മെഡിക്കല്‍ പരിശോധന എന്നിവയൊന്നും നടത്താറില്ല. പോസ്റ്റ്‌മോര്‍ട്ടം പോലും നടത്താത്ത കേസുകളുമുണ്ട്.

വയനാട്ടില്‍ ഒരു ആദിവാസി പെണ്‍കുട്ടിയെ അന്യസംസ്ഥാന തൊഴിലാളി പീഡിപ്പിച്ച കേസില്‍, പബ്ലിക് പ്രോസിക്യൂട്ടര്‍ മുന്നോട്ടുവച്ച ഒത്തുതീര്‍പ്പ്, പീഡിപ്പിച്ചയാള്‍ പെണ്‍കുട്ടിയെ വിവാഹം കഴിക്കട്ടെ എന്നാണ്. നാപ്പത്തിയഞ്ച് വയസിനടത്ത് പ്രായമുള്ളൊരാള്‍, മറ്റൊരു നാട്ടുകാരന്‍, ആ കുട്ടിക്ക് മനസിലാകാത്ത ഭാഷ സംസാരിക്കുന്നയാള്‍, മാത്രമല്ല, അയാള്‍ക്ക് വേറെ ഭാര്യയും കുട്ടികളുമുണ്ട്. അത്തരമൊരാളെ വിവാഹം കഴിക്കാന്‍ പറയുമ്പോള്‍ ആദിവാസി പെണ്‍കുട്ടിയുടെ ജീവിതം എത്രമേല്‍ നിസാരമായാണ് ആ പ്രോസിക്യൂട്ടര്‍ കണ്ടിട്ടുണ്ടാവുക. കേസ് തീര്‍ക്കുക എന്നതു മാത്രമായിരുന്നു അദ്ദേഹത്തെ സംബന്ധിച്ച് പ്രധാനം. മറ്റൊന്നും അവിടെ അയാള്‍ പരിഗണിച്ചില്ല.

പൊലീസും ഭരണകൂടവും മാത്രമാണോ ഇത്തരത്തില്‍ പെരുമാറുന്നത്. പീഡനത്തിരയായ ഒരു പെണ്‍കുട്ടിയെ ടിസി കൊടുത്ത് പറഞ്ഞയച്ചത് ആറ്റിങ്ങലിലെ ഗവ. ഗേള്‍സ് ഹൈസ്‌ക്കൂളില്‍ നിന്നാണ്. നാണക്കേടുണ്ടാകുമെന്ന് ഭയന്ന്. മറ്റൊരു പെണ്‍കുട്ടിയുടെ വീട് രായ്ക്കുരാമാനം ഇടിച്ചുപൊളിച്ചു കളഞ്ഞതും ഇതേ കേരളത്തിലാണ്. ഇതൊന്നും നമ്മള്‍ അറിഞ്ഞില്ലെന്നു കരുതി സത്യമല്ലാതാകുന്നില്ല. ആദിവാസി/ദളിത് പെണ്‍കുട്ടികളെ പരീക്ഷയ്ക്ക് ഇരുത്താത്ത സ്‌കൂളുകള്‍ തലസ്ഥാനത്തും വയനാട്ടിലുമൊക്കെയുണ്ട്. അവര്‍ പഠിക്കില്ല, തോല്‍ക്കും, അത് സ്‌കൂളിന്റെ വിജയശതമാനത്തെ ബാധിക്കും. ദുര്‍ബലരെ കൂടുതല്‍ ദുര്‍ബലരാക്കുകയല്ലേ ഇവിടുത്തെ സാമൂഹ്യ വ്യവസ്ഥ.

വീണ്ടും വീണ്ടും ഭയപ്പെടുന്നവര്‍
നമ്മുടെ പെരുമാറ്റം ഇത്തരത്തിലാക്കുമ്പോള്‍ അത് കൂടുതല്‍ ഭയപ്പെടുത്തുന്നത് ഇതേ ഇരകളെയാണ്. തങ്ങളുടെ ശരീരം ആക്രമിക്കപ്പെടാനുള്ളതാണെന്ന ഭീതി അവരില്‍ കൂടുകയാണ്. ഭയം പാരമ്പര്യമായി പകരുന്നതാണ്. ഇരുട്ടില്‍ പിശാച് വരുമെന്ന് ഒരു കുട്ടിയോട് അവന്റെ മാതാപിതാക്കളാണു പറഞ്ഞു കൊടുക്കുന്നത്. ഭക്ഷണം കഴിച്ചില്ലെങ്കില്‍, ഉറങ്ങിയില്ലെങ്കില്‍ പേടിപ്പിക്കാന്‍, പിടിച്ചുകൊണ്ടുപോകാന്‍ വരുന്ന രക്ഷസുകളെക്കുറിച്ച് അവന്‍ കേള്‍ക്കുന്നതും വിശ്വസിക്കുന്നതും മാതാപിതാക്കളില്‍ നിന്നാണ്. അതൊരു തുടര്‍ച്ചയെന്നപോലെയാണ്, ദളിതരും ആദിവാസികളും തങ്ങള്‍ കാലാകാലങ്ങളായി മറ്റുള്ളവരാല്‍ പീഡിപ്പിക്കപ്പെടുന്നവരാണെന്ന ധാരണയും കൂടെകൊണ്ടു നടക്കുന്നത്. അതാരും തിരുത്തുന്നില്ല, നേരെമറിച്ച് ആ ധാരണ ശരിയാണന്നതിന്റെ ദൃഷ്ടാന്തങ്ങള്‍ ഉണ്ടാവുകയും ചെയ്യുന്നു. ഈ ഭയമാണ് അവര്‍ പലര്‍ക്കു മുന്നിലും കീഴടങ്ങുന്നതിനു കാരണവും. അനുസരിച്ചില്ലെങ്കില്‍ ക്രൂരമായ ശിക്ഷയേല്‍ക്കേണ്ടിവരും. മാത്രമല്ല, തങ്ങളെ സംരക്ഷിക്കാന്‍ ആരുമില്ലെന്നതും അവര്‍ക്കറിയാം.

വയനാട്ടില്‍ അറുപത്തിനാല് മുറിവുകളുമായി ഒരു ആദിവാസി സ്ത്രീ കൊല്ലപ്പെട്ടിരുന്നു. ആ കൊല പ്രതി ആ സ്ത്രീക്ക് വിധിച്ച ശിക്ഷയായിരുന്നു. ആ സ്ത്രീയുടെ വീട്ടിലെ ഒരു പെണ്‍കുട്ടിയോട് അയാള്‍ അപമര്യാദയായി പെരുമാറിയത് ചോദ്യം ചെയ്തതാണ് ശിക്ഷയ്ക്കാധാരമായ തെറ്റ്. ചോദ്യം ചെയ്യാന്‍ എന്ത് അധികാരം? അനുസരിക്കുക, അടങ്ങി നില്‍ക്കുക എന്നതല്ലോ രീതി. ഇവിടെ ആ രീതി തെറ്റിക്കപ്പെട്ടപ്പോള്‍ കിട്ടിയ ശിക്ഷയാണ് അറുപത്തിനാല് മുറിവുകളോടെയുള്ള മരണം. 

മധ്യവര്‍ഗസമൂഹത്തിന്റെ കാപട്യം
പെരുമ്പാവൂരിലെ കൊലപാതകത്തില്‍ പൊലീസിനെയും ഭരണകൂടത്തെയും മാധ്യമങ്ങളെയും കുറ്റപ്പെടുത്തുമ്പോള്‍, അതിനു തുനിയുന്ന സമൂഹം ബുദ്ധിപൂര്‍വം തങ്ങളുടെ തെറ്റുകള്‍ മറച്ചു പിടിക്കുകയാണ്. തങ്ങള്‍ ഫിലാന്ത്രോപിസ്റ്റ് ആണെന്നു കാണിക്കാനുള്ള നാട്യങ്ങള്‍ക്കപ്പുറം അവര്‍ക്കുള്ളില്‍ വലിയ കള്ളത്തരങ്ങള്‍ ഒളിഞ്ഞിരിപ്പുണ്ട്. ഇല്ലാതായെന്നു വിശ്വസിച്ചിരുന്ന ജാതിവ്യവസ്ഥ അവരാല്‍ തുടരുന്നുണ്ടെന്നതു തന്നെയാണ് പുറമ്പോക്കിലും ചേരിയിലും ആദിവാസി ഊരുകളിലും ജീവിക്കുന്നവനെ അകറ്റിനിര്‍ത്തുന്നതിലൂടെ തെളിയിക്കുന്നത്. പെരുമ്പാവൂരിലെ പെണ്‍കുട്ടിയുടെ അയല്‍വാസികള്‍ കേരളത്തിന്റെ പരിച്ഛേദമാണ്. 

പെരുമ്പാവൂരിലെ പെണ്‍കുട്ടിക്ക് വീടില്ല, സ്ഥലമില്ല, കക്കൂസില്ല എന്നൊക്കെ നാം വിലപിക്കുന്നു. ഇവിടെ ഉപയോഗയോഗ്യമായ കക്കൂസ് ഇല്ലാത്ത എത്രയോ ദളിതരും ആദിവാസികളുമുണ്ട്. ഇനിയൊന്നും കൊടുക്കാനില്ല എല്ലാം കൊടുത്തൂ എന്നാണ് ആദിവാസി മേഖലകളിലെ തദ്ദേശഭരണക്കാര്‍ പറയുന്നത്. കക്കൂസ് പണിയാന്‍ രണ്ടായിരമോ മൂവായിരമോ കൊടുക്കും. ആ തുക കൊണ്ട് അടച്ചുറപ്പുള്ള ഒന്ന് നിര്‍മിക്കാന്‍ കഴിയുമോ? ആദിവാസി മേഖലകളില്‍ ഉപയോഗശൂന്യമായി കിടക്കുന്ന എത്രയോ കക്കൂസുകള്‍ ഉണ്ട്. ഇതൊന്നും ആരും കാണുന്നില്ല. കക്കൂസ് ഉണ്ടെങ്കില്‍ തന്നെ വെള്ളമില്ലാത്തതിനാല്‍ ഉപയോഗിക്കാന്‍ പറ്റാത്തവയുമുണ്ട്. അട്ടപ്പാടിയിലേക്കു ചെന്നാല്‍ കാറ്റുമാത്രം വരുന്ന പൈപ്പുകള്‍ കാണാം, കരിക്കട്ടകള്‍ കൊണ്ട് അശ്ലീലവും പ്രണയചിഹ്നങ്ങളും കോറിയിട്ടിരിക്കുന്ന കക്കൂസുകള്‍ കാണാം. പെരുമ്പാവൂരിലേക്ക് വണ്ടി കയറിയവരില്‍ എത്രപേര്‍ ഇതൊക്കെ കണ്ടുകാണും.

ഉത്തര്‍പ്രദേശിലോ ബിഹാറിലോ അല്ല, കേരളത്തില്‍
ഉത്തര്‍ പ്രദേശില്‍, ബീഹാറില്‍, ഒറീസയില്‍ ദളിതര്‍ക്കുനേരെ നടക്കുന്ന പീഡനങ്ങളും കൊലപാതകങ്ങളും നാം വലിയ വായില്‍ ചര്‍ച്ച ചെയ്യാറുണ്ട്. സമരവും നടത്തും. ഉത്തരേന്ത്യന്‍ ഗ്രാമങ്ങളില്‍ മലവിസര്‍ജനത്തിന് വെളിപ്രദേശങ്ങളില്‍ പോകുന്ന പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച വാര്‍ത്തകള്‍ പലതവണ കേട്ടിട്ടുണ്ടാകും മലയാളി. കേരളത്തിലെ ഒരു തീരപ്രദേശ ഗ്രാമത്തില്‍ രാത്രിയില്‍ പ്രാഥമികകൃത്യം നിര്‍വഹിക്കാന്‍ പോയ പെണ്‍കുട്ടിയെ തട്ടിയെടുത്തു കൊണ്ടുപോയി പീഡിപ്പിച്ച വാര്‍ത്തയോ? ഉണ്ടാവില്ല, കാരണം അതൊരു വാര്‍ത്തയായിട്ടില്ല. പക്ഷേ തിരിച്ചറിയണം, ഉത്തര്‍പ്രദേശിലോ ബിഹാറിലോ മാത്രമല്ല ഇതൊക്കെ നടക്കുന്നതെന്ന്, ഇവിടെ നമ്മുടെ തൊട്ടടുത്തും നടക്കുന്നുണ്ട് ഈ ക്രൂരതകള്‍. പ്രാഥമികകാര്യങ്ങള്‍ നിര്‍വഹിക്കാന്‍ ഇരുട്ടുന്നതുവരെ കാത്തിരിക്കേണ്ട നിരവധി പെണ്‍കുട്ടികളുണ്ട്. കാരണം അവര്‍ക്കൊന്നും സ്വന്തമായി അതിനുള്ള സൗകര്യമില്ല. അമ്മമാരോടൊപ്പമോ, ബന്ധുക്കളോടൊപ്പമോ ആയിരിക്കും പോകുന്നതെങ്കിലും മുതിര്‍ന്നവര്‍ വെള്ളമെടുക്കാനോ മറ്റോ പോകുന്ന തക്കത്തില്‍ ഇരുട്ടില്‍ പതുങ്ങിയിരിക്കുന്നവന്‍ ചാടിവീഴുകയാണ്. ഇതൊക്കെ ഇല്ലാക്കഥകളെന്നു പറഞ്ഞു തള്ളിക്കളയല്ലേ, സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കുമായി സര്‍ക്കാര്‍ ഒരുക്കിയിരിക്കുന്ന വിവിധ സംരക്ഷണകേന്ദ്രങ്ങളില്‍ അന്വേഷിച്ചാല്‍ ഈ കഥാപാത്രങ്ങളെയൊക്കെ നേരില്‍ കാണാം, അവരില്‍ നിന്നും ഈ അനുഭവങ്ങളുടെ നേര്‍വിവരം കേള്‍ക്കാം. പക്ഷേ അതിനൊന്നും ആരും മെനക്കെടില്ല. ഒന്നോര്‍ത്താല്‍ അതാണു നല്ലതും. കാരണം, അവിടെ ആ പെണ്‍കുട്ടികള്‍ സമാധാനത്തോടെ, ആരെയും ഭയക്കാതെ ജീവിക്കുന്നുണ്ട്, പഠിക്കുന്നുണ്ട്, നാളയെക്കുറിച്ച് സ്വപ്‌നം കാണുന്നുണ്ട്…

പെരുമ്പാവൂരിലെ പെണ്‍കുട്ടിക്ക് നീതി കിട്ടണം, ആ നീതി അത്തരമൊരു അവകാശം കിട്ടാതെ പോയവരോട് നാം ചെയ്യുന്ന പ്രാശ്ചിത്തവും മറ്റുള്ളവര്‍ക്കു നല്‍കുന്ന ഉറപ്പുമാകണം. പക്ഷേ ഒരുകാര്യം വീണ്ടും ഓര്‍മിപ്പിക്കുന്നു, പെരുമ്പാവൂരിലേക്ക് പോകുന്ന നിറഞ്ഞുകവിഞ്ഞ വണ്ടികളിലുള്ളവര്‍, യാത്ര അവിടെ കൊണ്ട് അവസാനിപ്പിക്കരുത്. നേരത്തെ നിങ്ങള്‍ ഇറങ്ങാതെപോയിടങ്ങള്‍ പോലെ, ഈ പെരുമ്പാവൂര്‍ പോലെ വേറെയും ഒത്തിരിയിടങ്ങള്‍ കേരളത്തിലുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍