UPDATES

ന്യൂസ് അപ്ഡേറ്റ്സ്

എല്ലാം ശരിയാകുന്നുണ്ടായിരിക്കാം; ദളിതര്‍ക്കും ആദിവാസികള്‍ക്കും അല്ലെന്നു മാത്രം

Avatar

സതി അങ്കമാലി


ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാര്‍ നൂറു ദിവസം പിന്നിടുമ്പോള്‍ മനസ്സിലുണ്ടാകുന്ന കാര്യം ‘എല്ലാം ശരിയാകുന്നുണ്ട്’ എന്നതു തന്നെയാണ്; അത് ആരെ സംബന്ധിച്ച് എന്ന കാര്യത്തിലേ തര്‍ക്കമുള്ളു. എന്തായാലും അത് കേരളത്തിലെ ദളിത്, ആദിവാസി, മത്സ്യബന്ധന വിഭാഗങ്ങളെ സംബന്ധിച്ചല്ല എന്ന് തീര്‍ച്ചപ്പെടുത്താവുന്ന ദിശയിലേക്കാണ് ഈ ഭരണചക്രവും തിരിയുന്നത്. കാരണം കേരളത്തിന്റെ പ്രധാന പ്രശ്‌നം എന്നു പറയുന്നത് ലക്ഷക്കണക്കിനാളുകള്‍ നേരിടുന്ന ഭൂരാഹിത്യവും അതുമൂലമുണ്ടായിട്ടുള്ള പിന്നാക്കാവസ്ഥകളുമാണ്. ചെങ്ങറ, മുത്തങ്ങ, അരിപ്പ പോലുള്ള തീഷ്ണസമരങ്ങളിലൂടെ വെളിവാക്കപ്പെട്ട ഈ സാമൂഹ്യയാഥാര്‍ത്ഥ്യത്തെ ‘ഏതോ അജ്ഞാത ഭൂഖണ്ഡം’ എന്ന നിലയിലാണ് മാറിമാറി വന്ന ഗവണ്‍മെന്റുകള്‍ അവഗണിച്ചത്. ഏറ്റവും പുതിയ ഗവണ്‍മെന്റിന്റെ നൂറാംദിനത്തിലും അതിനെ സംബന്ധിച്ച് ഗൗരവകരമായ ഒരു നിലപാട് മുന്നോട്ട് വച്ചിട്ടില്ല എന്നത് വളരെ വ്യക്തമാണ്. അതായത് 1948-ല്‍ കൊച്ചി ലെജിസ്ലേറ്റീവ് അസംബ്ലിയില്‍ കെ.പി വള്ളോന്‍ ഉന്നയിച്ച ആവശ്യങ്ങളെയും ചോദ്യങ്ങളെയും ഇപ്പോള്‍ പോലും അഭിമുഖീകരിക്കാന്‍ ഒരു ജനാധിപത്യ സര്‍ക്കാരിനു കഴിയുന്നില്ല എന്നത്. വര്‍ഗരാഷ്ട്രീയത്തെയും മതേതര, ജനാധിപത്യ ആശയങ്ങളെയും മുന്‍നിര്‍ത്തി ഇന്ത്യന്‍ ഭരണക്രമം എങ്ങനെയൊക്കെയാണ് സവര്‍ണരേയും വലതുമൂല്യങ്ങളെയും സംരക്ഷിക്കുന്നത് എന്നതിന്റെ തെളിവാണത്. അതുകൊണ്ടാണ് ഇപ്പോഴും അടിസ്ഥാന ആവശ്യങ്ങള്‍ പോലും പരിഹരിക്കപ്പെടാത്ത ഒരു സാമൂഹ്യവിഭാഗത്തെ നോക്കി കക്കൂസ്, ശിങ്കാരിമേളം, കോഴിക്കുഞ്ഞ്, ചീരവിത്ത് എന്നൊക്കെ പറയാന്‍ ഇവര്‍ ധൈര്യപ്പെടുന്നത്.

കേരളത്തില്‍ 12,500 ദളിത് കോളനികളും 4,082 ആദിവാസി കോളനികളുമുണ്ടെന്നാണ് സര്‍ക്കാര്‍ കണക്ക്. സര്‍ക്കാര്‍ കണക്കില്‍പ്പെടാത്ത കോളനികളിലും ചേരികളിലും റോഡ്, തോട്, പുറമ്പോക്കുകളിലുമായി ലക്ഷക്കണക്കിന് ഭൂരഹിതരാണ് ഇന്ന് കേരളത്തിലുള്ളത്. എന്നാല്‍ കേരളത്തിന്റെ സാമൂഹ്യ, സാമ്പത്തിക വളര്‍ച്ചയുടെ അസമമായ ഈ വികസന പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച സമഗ്രവും ശാസ്ത്രീയവുമായ ഒരു പഠനം സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഇതുവരേയ്ക്കും നടന്നിട്ടില്ല. 1957-ലെ ഭൂപരിഷ്‌കരണത്തിനുശേഷം, കേരളത്തെ സംബന്ധിച്ച ഒരു ശാസ്ത്രീയ പഠനം നടക്കുന്നത് 2006-ല്‍ കേരള ശാസ്ത്ര സാഹിത്യപരിഷത്തിന്റെ നേതൃത്വത്തിലാണ്.

‘കേരള പഠനം: കേരളം എങ്ങന ജീവിക്കുന്നു. കേരളം എങ്ങനെ ചിന്തിക്കുന്നു.’ എന്ന ആ റിപ്പോര്‍ട്ട് (പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിക്കപ്പെട്ടു) ‘കേരള വികസന മോഡല്‍’ എന്ന് കൊട്ടിഘോഷിക്കപ്പെട്ട വ്യാജസ്തുതികളെ ചോദ്യം ചെയ്യുന്നുമുണ്ട്. ഇതു കൂടാതെ കില (കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കല്‍ അഡ്മിനിസ്‌ട്രേഷന്‍)യും തദ്ദേശസ്വയംഭരണവകുപ്പും ചേര്‍ന്ന് 2009-2010-ല്‍ നടത്തിയ പഠനത്തില്‍ 26,000 പട്ടികജാതി കോളനികള്‍ കേരളത്തില്‍ ഉണ്ടെന്ന് വെളിപ്പെടുത്തുന്നുണ്ട്. കോളനികളിലെ മനുഷ്യരുടെ ജീവിത അസൗകര്യങ്ങളെകുറിച്ചും വിദ്യാര്‍ത്ഥികളുടെ പഠനസംബന്ധമായ പ്രശ്‌നങ്ങളും ശുദ്ധജലദൗര്‍ലഭ്യതയും ഇതില്‍ വിഷയമായി വന്നിരുന്നു. 2009-2011 കാലഘട്ടത്തില്‍ റൈറ്റ്‌സ് എന്ന മനുഷ്യാവകാശ സംഘടന നടത്തിയ പഠനങ്ങളും ‘മെട്രോ സിറ്റിയായി ഉയര്‍ത്തപ്പെട്ട കൊച്ചിയിലെ ദളിത് ജീവിതാവസ്ഥ’ എന്ന വിഷയത്തില്‍ ഡി.എസ്.എസ. എന്ന സംഘടനയും ഇതേ കാലയളവില്‍ തന്നെ പഠനം നടത്തിയിരുന്നു. ഇതെല്ലാം വിരല്‍ ചൂണ്ടുന്നത് ഭൂരാഹിത്യം ചില സാമൂഹ്യവിഭാഗങ്ങളെ ഏതെല്ലാം വിധങ്ങളിലാണ് പിന്നാക്കമാക്കിയിരിക്കുന്നത് എന്നാണ്. ഇതില്‍ ഉള്‍പ്പെടുന്നവര്‍ 90 ശതമാനത്തോളം ദളിതരും/ആദിവാസികളുമാണ് എന്നതാണ് ഇതിന്റെ പ്രത്യേകത.

എന്നാല്‍ മറ്റു സാമൂഹ്യവിഭാഗങ്ങളെ പരിഗണിക്കുമ്പോള്‍ അതായത് ഈഴവ, നായര്‍, മുസ്ലിം, ക്രിസ്ത്യന്‍ കമ്മ്യൂണിറ്റികള്‍ സംഘടിതശക്തിയായി നിന്നുകൊണ്ട് ദേവസ്വം, ബ്രഹ്മസ്വം, പണ്ടാരവക പാട്ടമൊഴിഞ്ഞത് എന്നിവ പോലുള്ള ഭൂസ്വത്ത് കൈക്കലാക്കുകയും രാഷ്ട്രീയ, സാമൂഹിക, സാമ്പത്തിക ശക്തിയായി മാറാന്‍ അതവരെ സഹായിക്കുകയും ചെയ്തു. പിന്നീടുണ്ടായ മലയാളി മെമ്മോറിയലും ഈഴവ മെമ്മോറിയലും നിവര്‍ത്തന പ്രക്ഷോഭവുമൊക്കെ പൊതുസ്ഥാപനങ്ങളിലും ഇവര്‍ക്ക് സംവരണ പ്രാതിനിധ്യം നേടിക്കൊടുത്തു. എന്നാല്‍ ഇത്തരം കാര്യങ്ങളെ മറയ്ക്കുകയോ മറക്കുകയോ ചെയ്യുന്നൊരു സാങ്കേതികവിദ്യ ചരിത്രത്തിലുടനീളം പ്രയോഗിക്കപ്പെടുകയും മുഴുവന്‍ സംവരണാനുകൂല്യങ്ങളും കൈപ്പറ്റുന്നത് ദളിതരും ആദിവാസികളുമാണെന്ന ഒരു വ്യാജപ്രചരണം നടത്താനും ഇവര്‍ക്കു കഴിഞ്ഞു. എന്നാല്‍ ഇതിന്റെ നേരെ വിപരീതമാണ് മറുവശത്ത് കാണാന്‍ കഴിയുന്നത്. ജനിച്ചു വീഴുമ്പോള്‍ മുതല്‍ മരിക്കുന്നതുവരെ ജീവിക്കാന്‍ വേണ്ടി നിരന്തരം സമരം ചെയ്യേണ്ടിവരുന്നവരാണ് ദളിതരും ആദിവാസികളും. എന്നിട്ടും വര്‍ഗവിപ്ലവത്തിന്റെ മധുരമുദ്രാവാക്യം മുഴക്കുന്നൊരു മുഖ്യമന്ത്രി പറയുന്നതു നോക്കൂ. അഞ്ചുവര്‍ഷം കൊണ്ട് കേരളത്തെ മാലിന്യമുക്തമാക്കുമെന്ന്! മാലിന്യമാണോ കേരളത്തിന്റെ പ്രധാന പ്രശ്‌നം?

സദാചാരം എന്ന് പറയുമ്പോള്‍ ഭൂരിഭാഗം പേരും ലൈംഗികതയുമായിട്ടാണ് സദാചാരത്തെ കൂട്ടിക്കെട്ടുന്നത്, വ്യാഖ്യാനിക്കുന്നത്. എന്നാല്‍ ചവിട്ടിനില്‍ക്കാന്‍ ഒരു തുണ്ടു ഭൂമിയില്ലാതെ ലക്ഷക്കണക്കിനാളുകള്‍ നിരാലംബരും നിരാശ്രയരുമാകുമ്പോള്‍ ഏക്കറുകണക്കിന് ഭൂമി കൈവശം വയ്ക്കുന്നതും അത് തരിശിടുന്നതും സദാചാരവിരുദ്ധമായ കാര്യമല്ലേ? അങ്ങനെ എത്രയെത്ര കാര്യങ്ങള്‍… ഭക്ഷണം, വെള്ളം, ധാന്യങ്ങള്‍, വൈദ്യുതി ഇതൊക്കെ പാഴാക്കാന്‍ നമുക്കാരാണ് അധികാരം തന്നത്? ഇതൊക്കെ സദാചാരവിരുദ്ധമാണൈന്ന് എന്താണ് സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് പോലും മനസിലാവാത്തത്?

ഇന്ത്യന്‍ കായികരംഗം ഇതുവരെയും ദളിതരെയും ആദിവാസികളെയും സവിശേഷമായും ഉള്‍ച്ചേര്‍ക്കേണ്ടതുണ്ടെന്നു ചിന്തിച്ചുകൂടിയില്ല. കായികശക്തിയിലും ഐക്യൂവിലും ലോകരാജ്യങ്ങളോട് കിടപിടിക്കുന്ന കുട്ടികളെ പട്ടികജാതി കോളനികളിലും ആദിവാസികോളനികളിലുമൊക്കെ പട്ടിണിക്കിട്ട് ആരെങ്കിലുമൊക്കെ ഒളിമ്പിക്‌സില്‍ പോയാല്‍ ഇന്ത്യയ്ക്ക് സ്വര്‍ണം കിട്ടുമെന്ന്‍ കായികമന്ത്രി വെറുതെ സ്വപ്‌നം കാണരുത്.

സ്ത്രീസുരക്ഷ എന്ന പേരില്‍ നടത്തുന്ന സ്‌പോണ്‍സേഡ് പ്രോഗ്രാമുകള്‍ സത്യത്തില്‍ എന്തു റിസള്‍ട്ടാണു നമുക്ക് തരുന്നത്. ആണുങ്ങളെ ശത്രുപക്ഷത്ത് നിര്‍ത്തുക എന്നതല്ല, പകരം കുടുംബങ്ങളിലും നഴ്‌സറി ക്ലാസുകളില്‍ മുതല്‍ ആണ്‍, പെണ്‍, ട്രാന്‍സ് ഭേദമില്ലാതെ (ജാതി, മത, നിറ, സാമൂഹ്യ അസമത്വങ്ങള്‍ വേറെ) കുട്ടികളെ വളര്‍ത്തുന്നതില്‍ എന്ത് സാമൂഹ്യസുരക്ഷയാണ് സര്‍ക്കാര്‍ ജനങ്ങള്‍ക്കു കൊടുക്കുന്നത്? മതപരമായ ആചാരങ്ങള്‍ക്കും അനുഷ്ഠാനങ്ങള്‍ക്കും ഫണ്ട് അനുവദിക്കുന്ന സര്‍ക്കാര്‍ മതേതരബോധവത്കരണത്തിന്, അതായത് ‘ഇന്ത്യന്‍ ഭരണഘടന’യും അതിന്റെ അവകാശങ്ങളെയും കടമകളെയും പ്രചരിപ്പിക്കുന്നതിന് എത്ര ഫണ്ട് വിനിയോഗിക്കുന്നുണ്ട്?

അടച്ചുപൂട്ടാന്‍ തീരുമാനമായ നാല് സ്‌കൂളുകള്‍ സര്‍ക്കാര്‍ ഏറ്റെടുത്ത് സംരക്ഷിച്ച കാര്യം ആവര്‍ത്തിച്ചു പറയുമ്പോള്‍ തന്നെ നമ്മള്‍ ഓര്‍ക്കേണ്ട ഒരു കാര്യം ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ കേരളത്തില്‍ ഏറ്റവും കൂടുതല്‍ (54 ശതമാനം) സ്വകാര്യ എയ്ഡഡ് സ്‌കൂള്‍ എന്നാണ്. 46 ശതമാനം മാത്രമാണ് സര്‍ക്കാര്‍ സ്‌കൂളുകള്‍. അതില്‍ എത്ര സ്‌കൂളുകള്‍ നല്ല നിലവാരത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്? ഇപ്പോഴും പാഠപുസ്തകങ്ങള്‍ ലഭ്യമാക്കാതെ വിദ്യാര്‍ത്ഥികളെ വലയ്ക്കുന്ന ഒരു സര്‍ക്കാരിന് എന്ത് ഉത്തരവാദിത്തമാണ് ഭാവി തലമുറയോടുള്ളത്?

ഇനി എയ്ഡഡ് മേഖല നിയമനങ്ങള്‍ എങ്ങനെയാണ് നടക്കുന്നത്? ചില സാമൂഹ്യവിഭാഗങ്ങള്‍ക്ക് മാത്രമായി 100 ശതമാനം സംവരണം ചെയ്യാന്‍ മാനേജ്‌മെന്റുകള്‍ക്ക് അധികാരം കൊടുത്തുകൊണ്ട്, സര്‍ക്കാര്‍ ശമ്പളം കൊടുക്കുന്ന പരിപാടിയാണ് എയ്ഡഡ് മേഖല നിയമനങ്ങള്‍. പ്രൈമറി മുതല്‍ ഹയര്‍ സെക്കന്‍ഡറിതലം വരെ ഇന്നു നടക്കുന്ന വിദ്യാഭ്യാസ ചര്‍ച്ചകളുടെ ഔദ്യോഗിക അടിത്തറ 2005-ല്‍ പുറത്തുവന്ന ദേശീയ പാഠ്യപദ്ധതി ചട്ടക്കൂട് (നാഷണല്‍ കരിക്കുലം ഫ്രെയിം- എന്‍സിഎഫ്) ആണ്. എന്നാല്‍ ഒരു ജനതയുടെ വിമോചന സങ്കല്‍പ്പങ്ങള്‍ക്ക് ഉതകും വിധത്തിലുള്ള ഒരു ആസൂത്രിത പദ്ധതി എന്ന നിലയില്‍ പാഠ്യപദ്ധതിയുടെ എല്ലാ ഘട്ടത്തിലും, അതായത് നിര്‍മാണത്തിന്റെയും പ്രയോഗത്തിന്റെയും വിനിമയത്തിന്റെയും പ്രക്രിയ ഘട്ടങ്ങളില്‍ വരേണ്യമൂല്യങ്ങളെയാണ് പരിപാലിക്കുകയും പുന:രുത്പാദിപ്പിക്കുകയും ചെയ്തുപോരുന്നത്. കീഴാള ജ്ഞാനവ്യവസ്ഥയെയോ അതിന്റെ സൗന്ദര്യശാസ്ത്രത്തെയോ പ്രതിനിധാന സ്വഭാവത്തോടെയെങ്കിലും ഉള്‍ച്ചേര്‍ക്കാനോ വിനിമയം ചെയ്യാനോ ഇതുവരെ ഒരു നടപടിയും ഉണ്ടായിട്ടില്ല. (ഇത് 1980-കളില്‍ തന്നെ പ്രൊഫ. കൃഷ്ണകുമാര്‍ നിരീക്ഷിച്ചിട്ടുണ്ട്). അതായത് കരിക്കുലം സാമഗ്രികളില്‍ ദളിത്ജ്ഞാനവും അനുഭവവും സമര്‍ത്ഥമായി അദൃശ്യമാക്കപ്പെടുമ്പോള്‍ ചരിത്രത്തില്‍ നിന്ന് തന്നെ ദളിതരെ അദൃശ്യരാക്കുക എന്ന വരേണ്യ താത്പര്യം വിദ്യാഭ്യാസരംഗത്തും ഏറ്റെടുത്തു എന്നര്‍ത്ഥം.

(ദളിത് ആക്ടിവിസ്റ്റും സാമൂഹ്യപ്രവര്‍ത്തകയുമാണ് സതി അങ്കമാലി)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍