UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ദളിത് യുവാവിന്റെ കസ്റ്റഡി മരണം; പൊലീസുകാര്‍ക്കെതിരെ കൊലക്കുറ്റം

അഴിമുഖം പ്രതിനിധി

ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ പൊലീസ് കസ്റ്റഡിയില്‍ ദലിത് യുവാവ് മരിച്ച സംഭവത്തില്‍ അഞ്ചു പൊലീസുകാര്‍ക്കെതിരെ കൊലപാതകക്കുറ്റം ചുമത്തി. യുവാവിനെ കസ്റ്റഡിയിലെടുത്ത സ്‌റ്റേഷനിലെ മുഴുവന്‍ പൊലീസുകാരെയും സസ്‌പെന്‍ഡ് ചെയ്തിട്ടുമുണ്ട്.

26 കാരനായ കമല്‍ വാല്‍മീകിയാണ് കസ്റ്റഡി മരണത്തിനു വിധേയനായത്. കമലിന്റെ മരണത്തെ തുടര്‍ന്ന് പൊലീസ് സ്റ്റേഷന്‍ സ്ഥിതി ചെയ്യുന്ന ചക്കേരിയില്‍ വലിയ പ്രതിഷേധം ഉടലെടുത്തിരിക്കുകയാണ്.

രണ്ടു ദിവസം മുമ്പാണ് കമല്‍ വാത്മീകിയെ സമീപപ്രദേശത്ത് നടന്ന മോഷണകേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യുന്നതിന് വേണ്ടി കസ്റ്റഡിയിലെടുത്തത്. വ്യാഴാഴ്ച രാത്രി വാത്മീകിയെ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്തെിയതായി വീട്ടുകാരെ അറിയിക്കുകയായിരുന്നു. യുവാവ് ആത്മഹത്യ ചെയ്തതല്ലെന്നും പൊലീസ് മര്‍ദനത്തില്‍ കൊല്ലപ്പെട്ടതാണെന്നും മറ്റൊരു പേരു നല്‍കി മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചത് കസ്റ്റഡിമരണം മറച്ചുവെക്കാനാണെന്നും കുടുംബാംഗങ്ങള്‍ ആരോപിച്ചു.

കുടുംബാംഗങ്ങളുടെ പരാതിയിന്‍മേല്‍ കൊലകുറ്റത്തിന് കേസെടുത്തതായും അന്വേഷണത്തിന്‍ന്റെ ഭാഗമായി പൊലീസ്സ്‌റ്റേഷനില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന 12 പേരെ സസ്‌പെന്‍ഡ് ചെയ്തതായും സിറ്റി പൊലീസ് സീനിയര്‍ ഉദ്യോഗസ്ഥന്‍ ശലഭ് മാഥുര്‍ അറിയിച്ചു. കേസില്‍ കൂടുതല്‍ പൊലീസുകാര്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ അവര്‍ക്കെതിരെയും കര്‍ശന നടപടിയുണ്ടാകുമെന്ന് അദ്ദേഹം അറിയിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍