UPDATES

ദളിത് വിദ്യാര്‍ഥികള്‍ സംഘടിക്കാതിരുന്നതല്ല; ഇല്ലാതാക്കിയതാണ്

എസ്എഫ്ഐയുടെ ദളിത് ഭീതി ഇപ്പോഴും തുടരുന്നു. ബി.ജെ.പിയും എ.ബി.വി.പി.യുമെല്ലാം മുന്നോട്ടു വയ്ക്കുന്ന ഫാസിസ്റ്റ് രാഷ്ട്രീയത്തെ ചെറുക്കാന്‍ പറ്റുന്നത് ദളിത്-പിന്നോക്ക രാഷ്ട്രീയത്തിനാണ്.

ദളിത് സംഘടനകള്‍ ഉണ്ടാവാതിരുന്നതല്ല, മറിച്ച് അതിന്റെ തുടര്‍ച്ചകള്‍ ഇല്ലാതെ പോയതാണ് കാമ്പസുകളിലെ ദളിത് അനുഭവങ്ങള്‍ മാറ്റമില്ലാതെ തുടരുന്നതിന് കാരണം. രോഹിത് വെമുലയുടെ മരണത്തിന് ശേഷം ഇന്ത്യയൊട്ടാകെയുണ്ടായ ചലനങ്ങളുടെ ഊര്‍ജ്ജത്തില്‍ നിന്ന് ആര്‍ജ്ജവമുള്‍ക്കൊണ്ട് കേരളത്തിലെ ദളിത് വിദ്യാര്‍ഥികളും പ്രതികരിക്കാന്‍ തയ്യാറായി. പക്ഷെ ഇവരെ നയിക്കാന്‍ ഒരു സംഘടനയുടെ കുറവുണ്ടെന്ന അഭിപ്രായങ്ങളുയരുന്ന സാഹചര്യത്തില്‍ ഒരു കാലത്ത് കാമ്പസുകളില്‍ സജീവമായിരുന്ന ദളിത് സ്റ്റുഡന്റ്‌സ് മൂവ്‌മെന്റ് എന്ന സംഘടനയുടെ നേതൃനിരയിലുണ്ടായിരുന്ന ഒപി രവീന്ദ്രന്‍ കേരളത്തിലുണ്ടായിട്ടുള്ള ദളിത് വിദ്യാര്‍ഥി കൂട്ടായ്മകളെക്കുറിച്ചും അതിന് തുടര്‍ച്ചകളില്ലാതെ പോയതിന്റെ കാരണങ്ങളും വ്യക്തമാക്കുന്നു. കെ.ആര്‍ ധന്യയുമായുള്ള സംസാരത്തില്‍ നിന്ന്‍.

ഇമ്മീഡിയറ്റ് ആയ ഒരു എക്‌സ്പീരിയന്‍സില്‍ നിന്നാണ് ദളിത് സ്റ്റുഡന്റ്‌സ് മൂവ്‌മെന്റ് (ഡി.എസ്.എം) എന്ന സംഘടനയുണ്ടാവുന്നത്. അതിനു മുമ്പ് തന്നെ കേരളത്തില്‍ ദളിത് വിദ്യാര്‍ഥികളുടെ സംഘടനകള്‍ ഉണ്ടായിട്ടുണ്ട്. കെ.എച്ച്.എസ്.എഫ്.(കേരള ഹരിജന്‍ സ്റ്റുഡന്റ്‌സ് ഫെഡറേഷന്‍) എന്ന ഒരു സംഘടനയുണ്ടായിരുന്നു. എഴുപതുകളുടെ അവസാനവും എണ്‍പതുകളുടെ ആദ്യകാലത്തുമായിരുന്നു പ്രവര്‍ത്തനം സജീവമായിരുന്നത്. ജാതീയമായി വിദ്യാര്‍ഥികള്‍ അനുഭവിക്കുന്ന വിഷയങ്ങളെ, അതായത് സ്റ്റൈപ്പന്റ്, വിദ്യാര്‍ഥി പ്രവേശനങ്ങളിലുള്ള പ്രശ്‌നങ്ങള്‍ തുടങ്ങിയ വിഷയങ്ങളേയും അനുഭവങ്ങളേയും അഡ്രസ്സ് ചെയ്തുകൊണ്ടായിരുന്നു അതിന്റെ പ്രവര്‍ത്തനം. തിരുവിതാംകൂര്‍ ആയിരുന്നു അതിന്റെ സെന്റര്‍. അയ്യങ്കാളിയുടേയും അപ്പച്ചന്റേയുമൊക്കെ നേതൃത്വത്തില്‍ നടന്ന സമരങ്ങളുടെ ഊര്‍ജ്ജവും സ്വാധീനവും ഈ സംഘടനയ്ക്കുണ്ടായിട്ടുണ്ട്. അത് കാമ്പസിനകത്തെ ദളിത് വിദ്യാര്‍ഥികളുടെ രാഷ്ട്രീയത്തെ അഡ്രസ്സ് ചെയ്തിട്ടുണ്ട്. കെ.എച്ച്.എസ്.എഫില്‍ വര്‍ക്ക് ചെയ്ത ഒട്ടനവധി പേര്‍ ഇന്ന് ഐ.എ.എസ്. ലെവലിലുള്ള ഔദ്യോഗിക സ്ഥാനങ്ങള്‍ ഉള്‍പ്പെടെ വഹിക്കുന്നുണ്ട്.

ഇത് കഴിഞ്ഞ് കുറേ വര്‍ഷങ്ങള്‍ക്ക് ശേഷം എറണാകുളം മഹാരാജാസ് കോളേജില്‍ ദളിത് വിദ്യാര്‍ഥി ഏകോപന സമിതി എന്ന് പറഞ്ഞ് ഒരു സംഘടന രൂപംകൊണ്ടിരുന്നു. അത് ഏതാണ്ട് 2000-ന്റെ തൊട്ടുമുമ്പുള്ള സമയത്തായിരുന്നു. അതും എറണാകുളമായതു കൊണ്ട് പ്രത്യേകിച്ചും സാമുദായിക രാഷ്ട്രീയവും ഊര്‍ജ്ജവും അംബേദ്കറിന്റെ രാഷ്ട്രീയവും ആര്‍ജ്ജിച്ച് പ്രവര്‍ത്തിക്കുന്ന തലമുറയുടെ കുട്ടികളുമൊക്കെയായിരുന്നു അതില്‍. കെ.എച്ച്. എസ്.എഫില്‍ പ്രവര്‍ത്തിച്ചിരുന്നവരുടെ കുട്ടികളൊക്കെ തന്നെയായിരുന്നു പിന്നീട് ഇങ്ങനെയൊരു സംഘടനയായി വരുന്നത്. എ.കെ വാസുവൊക്കെ അക്കൂട്ടത്തിലുണ്ടായിരുന്നതാണ്. പക്ഷെ മറ്റെല്ലാ വിദ്യാര്‍ഥി സംഘടനകളും സ്വാഭാവികമായി കാമ്പസുകളില്‍ എന്തൊക്കെ ചെയ്യുമോ അത്തരം രീതിയില്‍ തന്നെയാണ് അവരും പ്രവര്‍ത്തിച്ചത്. കാമ്പസിലെ ദളിത് വിദ്യാര്‍ഥികള്‍ക്കുണ്ടാവുന്ന പ്രശ്‌നങ്ങളെയെല്ലാം അവര്‍ അഡ്രസ്സ് ചെയ്തിട്ടുണ്ടെങ്കിലും രാഷ്ട്രീയം എങ്ങനെയാണോ കാമ്പസില്‍ ഫങ്ഷന്‍ ചെയ്യുന്നത് അതേ രീതിയില്‍ തന്നെയായിരുന്നു പ്രവര്‍ത്തനം. കാമ്പസിനകത്തെ ഇവരുടെ അനുഭവങ്ങള്‍ വ്യത്യസ്തമാണെന്നും അത് മുഖ്യധാരാ വിദ്യാര്‍ഥി സംഘടനകളൊന്നും ഡീല്‍ ചെയ്യാത്ത ഒരു വിഷയമാണെന്നതുകൊണ്ടും കൂടിയാണ് ഇവര്‍ സംഘടിക്കപ്പെടേണ്ടിയിരുന്നത്. എ.കെ വാസു അവിടെ ചെയര്‍മാന്‍ സീറ്റിലേക്ക് മത്സരിച്ച് ജയിച്ചിട്ടുണ്ട്.

അന്ന് കോണ്‍ഗ്രസിന്റെ ഒരു വിദ്യാര്‍ഥി സംഘടനയുണ്ടായിരുന്നു; കോണ്‍ഗ്രസ് എസിന്റെ. ആ സംഘടനയുടെ പിന്തുണയോടു കൂടിയാണ് വാസു അവിടെ മത്സരിച്ച് വിജയിക്കുന്നത്. പക്ഷെ അതോടു കൂടി മഹാരാജാസില്‍ വലിയൊരു സംഘര്‍ഷം ഉടലെടുക്കുന്നുണ്ട്. ഒരു ദിവസം എസ്.എഫ്.ഐ.ക്കാര്‍ ഹോസ്റ്റലുകളെല്ലാം കയറി ആക്രമിച്ചു. തിരിച്ചടിക്കാന്‍ പറ്റാത്ത രീതിയില്‍ സംഘര്‍ഷങ്ങളുണ്ടാവുന്നു. പക്ഷേ ഏകോപന സമിതിക്കാര്‍ അതിനെ മറികടന്നത് വേറൊരു രീതിയിലാണ്. തിരുവല്ല ഭാഗത്ത് സഭാരാജ് തിരുമേനിയുണ്ടായിരുന്നു. പൊയ്കയില്‍ അപ്പച്ചന്റെയൊക്കെ സ്ട്രീമില്‍ വരുന്നയാളാണ് സഭാരാജ്. വ്യത്യസ്തമായ രീതിയിലാണ് അദ്ദേഹത്തിന്റെ ഇടപെടല്‍. അവര്‍ക്ക് കേരളത്തില്‍ പ്രത്യേക ഒരു ഏരിയയുണ്ട്. ദളിത് വിഷയങ്ങളാണ് ഡീല്‍ ചെയ്യുന്നതെങ്കിലും അടിക്കുന്നവരെ തിരിച്ചടിക്കുക എന്നതായിരുന്നു അവരുടെ പ്രവര്‍ത്തന രീതി. ദളിത് സംഘടനാ പ്രതിനിധികള്‍ അദ്ദേഹത്തെ പോയി കണ്ടു. സഭാരാജിന്റെ അനുയായികള്‍ കറുത്ത പാന്റ്‌സും ജുബയും ഇട്ട് വാളുമായൊക്കെ നടക്കുന്നവരാണ്. അവര്‍ വാളുമായിട്ട് എറണാകുളത്ത് ഉന്നത പോലീസ് ഉദ്യോഗസ്ഥന്റെ ഓഫീസില്‍ പോയിട്ട് ഞങ്ങളുടെ കുട്ടികള്‍ക്കെന്തെങ്കിലും പറ്റിയാല്‍ നിങ്ങളെ ഇവിടെ വച്ച് ശരിയാക്കുമെന്ന് ഭീഷണിപ്പെടുത്തി. പോലീസ് സ്‌റ്റേഷനില്‍ പോയി അങ്ങനെ പറയാന്‍ കരുത്തുള്ള ആളായിരുന്നു. ദളിത് സംഘടനയിലെ വിദ്യാര്‍ഥികളോട് ചുവന്ന പൊട്ട് തൊടുകയോ അല്ലെങ്കില്‍ എന്തെങ്കിലും തരത്തില്‍ ചുവന്ന ഒരടയാളം ശരീരത്തില്‍ സൂക്ഷിയ്ക്കുകയോ ചെയ്യാനാണ് സഭാരാജ് ആവശ്യപ്പെട്ടത്. അതല്ലാതെ കാണുന്നവരെയെല്ലാം ഞങ്ങള്‍ വെട്ടും എന്ന് പറഞ്ഞായിരുന്നു അവരുടെ വരവ്. എസ്.എഫ്.ഐ.ക്കാര്‍ ‘നിങ്ങളെ അടിച്ച് നിരപ്പാക്കും‘എന്ന് പറഞ്ഞ ദിവസം ഇവരെത്തുമെന്ന കാര്യം എങ്ങനെയോ പുറത്തായി. എന്തായാലും അന്ന് എസ്.എഫ്.ഐക്കാര്‍ ദളിത് സംഘടനയിലെ വിദ്യാര്‍ഥികളെ ഒന്നും ചെയ്തില്ല.

ഒ.പി രവീന്ദ്രന്‍

ഈ സംഘടന മഹാരാജാസ് കോളേജില്‍ കുറച്ച് സജീവമായി. പിന്നീട് അവര്‍ ദളിത് സ്റ്റുഡന്റ് മൂവ്‌മെന്റ് എന്ന സംഘടനയായിട്ട് രൂപം പ്രാപിച്ചു. പക്ഷെ ആ തലമുറ കാമ്പസിന് പുറത്തായതോടെ സംഘടനയും ഇല്ലാതായി. ഇത് 90-കളുടെ അവസാനം നടക്കുന്ന കാര്യമാണ്. പിന്നീട് 2002-ലാണ് ഡി.എസ്.എം. എന്ന സംഘടന രണ്ടാമതായി രൂപപ്പെടുന്നത്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ ഫെലോഷിപ്പ് വിതരണവുമായി ബന്ധപ്പെട്ട ഒരു വിഷയത്തില്‍ നിന്നാണ് അതുണ്ടാവുന്നത്. അവിടെ ദളിത് റിസര്‍ച്ചേഴ്‌സ് സ്റ്റൈപന്റ് ആക്ഷന്‍ ഫോറം എന്നൊരു സമിതിയുണ്ടായിരുന്നു. മറ്റ് സര്‍വ്വകലാശാലകളില്‍ എം.ഫില്‍, പി.എച്ച്.ഡി. ചെയ്യുന്നവര്‍ക്ക് 5000 രൂപയായിരുന്നു അന്ന് ഫെലോഷിപ്പ്. കേരള, കൊച്ചിന്‍, എം.ജി. എന്നീ യൂണിവേഴ്‌സിറ്റികളില്‍ ഇത് ലഭിക്കുകയും കാലടി, കാലിക്കറ്റ്, കണ്ണൂര്‍ യൂണിവേഴ്‌സിറ്റികളിലെ വിദ്യാര്‍ഥികള്‍ക്ക് ലഭിക്കാതിരിക്കുകയും ചെയ്തു. അങ്ങനെ ഒരു ഉത്തരവ് നിലനില്‍ക്കുമ്പോള്‍ തന്നെ അവര്‍ ബോധപൂര്‍വ്വം അത് നല്‍കാതിരിക്കുകയായിരുന്നു. അതിനെതിരെ വലിയ സമരം നടന്നു. കാലിക്കറ്റ്, കണ്ണൂര്‍, കാലടി യൂണിവേഴ്‌സിറ്റികളിലെ വിദ്യാര്‍ഥികള്‍ ചേര്‍ന്നാണ് ഈ സമിതി ഉണ്ടാക്കുന്നത്. സമിതിയുടെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് നാല് ദിവസം നീണ്ടു നില്‍ക്കുന്ന നിരാഹാര സമരം നടത്തി. നാലാം ദിവസം മന്ത്രിയായിരുന്ന എം.എ കുട്ടപ്പന്‍ 5000 രൂപ ഫെലോഷിപ്പ് തന്നെ നല്‍കേണ്ടതാണെന്നും അത് മുന്‍കാല പ്രാബല്യത്തോടെ നല്‍കേണ്ടതാണെന്നും ഒരു ഉത്തരവിറക്കി. അങ്ങനെ സമരം പിന്‍വലിച്ചു.

ഞാനും അനില്‍കുമാര്‍ എന്നയാളും മാത്രമാണ് തിരുവനന്തപുരത്ത് സമരം ചെയ്യാന്‍ ആദ്യം എത്തുന്നത്. പിന്നീട് അവിടെ ചെന്ന് പലരേയും കണ്ടു. പത്രസമ്മേളനം നടത്തി. അങ്ങനെ സമരം തുടങ്ങുമ്പോഴേക്കും ആറ് പേരായി. എന്നാല്‍ സമരം തീരുമ്പോഴേക്കും നാല്‍പ്പതിലധികം പേര്‍ അതിന്റെ ഭാഗമായി. സമരം തീരുന്ന ദിവസം സംസ്ഥാന തലത്തില്‍ ഇത്തരം വിഷയങ്ങള്‍ ഏറ്റെടുക്കാനും സമരം ചെയ്യാനും അവകാശങ്ങള്‍ നേടിയെടുക്കാനും ഒരു സമിതി ഉണ്ടാവണമെന്ന ചര്‍ച്ചയുണ്ടായി. അവിടെ വച്ച് ഒരു താല്‍ക്കാലിക സമിതി രൂപീകരിച്ചു. പിന്നീട് എറണാകുളത്ത് യോഗം ചേര്‍ന്നപ്പോഴാണ് ഒരു സ്ഥിരം സമിതി വേണമെന്ന ആവശ്യമുണ്ടായത്. ഓള്‍ കേരള എസ്.സി, എസ്.ടി ഫോറം എന്നായിരുന്നു ആ സമിതിയുടെ പേര്. എന്നാല്‍ അത് അധികകാലം ഫങ്ഷന്‍ ചെയ്തില്ല. ഈ സമിതിയുടെ നേതൃത്വത്തിലുണ്ടായിരുന്ന ഒരാള്‍ എസ്.എഫ്.ഐ. ആയിരുന്നു. അവരുടെ പിടിവാശിയായിരുന്നു ദളിത് എന്ന പദം ഒഴിവാക്കാന്‍ കാരണം. പക്ഷെ ഇതിന്റെ ഉള്ളുകളികള്‍ മനസ്സിലാവാത്തതിനാല്‍ ആ ആവശ്യത്തിന് മുന്നില്‍ വഴങ്ങുകയായിരുന്നു. നുഴഞ്ഞുകയറി ഈ സമിതിയെ വേറെ തരത്തില്‍ ഡൈവേര്‍ട്ട് ചെയ്യാനായിരുന്നു അവരുടെ ശ്രമമെന്ന് പിന്നീടാണ് മനസ്സിലായത്. പിന്നീട് എറണാകുളത്ത് തന്നെ കൂടിയ ഒരു യോഗത്തിലാണ് ഡി.എസ്.എം. എന്ന ആശയം മുന്നോട്ട് വയ്ക്കുന്നത്. മുന്‍ അനുഭവങ്ങളുടെ വെളിച്ചത്തില്‍ എസ്.എഫ്.ഐ. ഞങ്ങളെ നേരിടും എന്ന മുന്‍ധാരണയില്‍ തന്നെയാണ് സംഘടന രൂപംകൊള്ളുന്നത്.

അവരുടെ നേരിടലില്‍ നിന്ന് എങ്ങനെ മാറി നടക്കാം എന്നതായിരുന്നു ഞങ്ങളുടെ ആലോചന. അവര്‍ ബലം പ്രയോഗിച്ച് ഇല്ലാതാക്കാന്‍ നോക്കും, ഞങ്ങള്‍ അതിനെ എതിരിടും. അതോടെ ഞങ്ങളുടെ രാഷ്ട്രീയ ലക്ഷ്യം ഇല്ലാതാവുമെന്നറിയാമായിരുന്നു. അതുകൊണ്ട് കൊടി, വടി, മത്സരം അങ്ങനെയെല്ലാം ഒഴിവാക്കി. കാരണം ഞങ്ങളുടെ വിഷയം വിദ്യാര്‍ഥി സംഘടനകളോടല്ല, മറിച്ച് സ്‌റ്റേറ്റിനോടായിരുന്നു, യൂണിവേഴ്‌സിറ്റികളോടായിരുന്നു ഞങ്ങള്‍ക്ക് സംവദിക്കേണ്ടിയിരുന്നത്. ഈ നയം മൂലം 2002 മുതല്‍ 2009 വരെ സംഘടനാപരമായി ഇല്ലാതാക്കാന്‍ എസ്.എഫ്.ഐക്ക് കഴിഞ്ഞില്ല. ഒറ്റ തിരിഞ്ഞുള്ള ആക്രമണങ്ങള്‍ ഉണ്ടായില്ലെന്നല്ല. രാഷ്ട്രീയമായോ സംഘടനാപരമായോ ഇല്ലാതാക്കാന്‍ കഴിഞ്ഞില്ലെങ്കിലും അവര്‍ നടത്തിയ മര്‍മറിങ് കാമ്പയിന്‍ വിജയം കണ്ടു. ജാതിവിരുദ്ധ രാഷ്ട്രീയം, അംബേദ്കര്‍ രാഷ്ട്രീയം തന്നെയാണ് ഞങ്ങള്‍ മുന്നോട്ട് വച്ചത്. പക്ഷെ ഒപ്പം നിന്നിരുന്ന പെണ്‍കുട്ടികളടക്കമുള്ള നിരവധി പേര്‍ ഞങ്ങള്‍ ജാതിവാദികളും വിഘടനവാദികളുമാണെന്ന എസ്.എഫ്.ഐയുടെ കാമ്പയിനിലൂടെ ഞങ്ങള്‍ക്കെതിരായി. ഞങ്ങളോട് അനുഭാവം പ്രകടിപ്പിച്ച ഒരു പെണ്‍കുട്ടിയെ അവര്‍ പറഞ്ഞ് മാറ്റി എസ്.എഫ്.ഐയുടെ സ്ഥാനാര്‍ഥിയാക്കി മത്സരിപ്പിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ അന്ന് ആദ്യമായാണ് ഒരു ദളിത് പെണ്‍കുട്ടി ഹോസ്റ്റല്‍ സെക്രട്ടറിയാവുന്നത്.

കെ.എസ്.യു, എസ്.എഫ്.ഐ, എ.ബി.വി.പി. ഏതാണെങ്കിലും അതിന് ഒരു മാതൃ സംഘടനയുണ്ട്. അവരുടെ വിദ്യാര്‍ഥി സംഘടനകളെ അവര്‍ തന്നെ ഉണ്ടാക്കിയെടുക്കുന്നതാണ്. ദളിത് വിദ്യാര്‍ഥി രാഷ്ട്രീയത്തിന് മോഡലുകള്‍ ഇല്ല എന്നതാണ് അതിന്റെ പ്രത്യേകത. ഒരു പ്രത്യേക സാഹചര്യത്തില്‍ ഒരു പ്രത്യേക വിഷയം ഉയര്‍ത്തിക്കാട്ടാന്‍ വേണ്ടി കുറച്ചു പേര്‍ തയ്യാറാവുന്നു. അങ്ങനെയാണ് ദളിത് വിദ്യാര്‍ഥികള്‍ക്കിടയില്‍ സംഘാടനം എപ്പോഴും നടക്കുന്നത്. എ.കെ ആന്റണി പറയുന്ന കാര്യം സ്വാശ്രയ കാമ്പസുകളില്‍ വിദ്യാര്‍ഥി സംഘടനകള്‍ ഇല്ലാത്തതുകൊണ്ടാണ് ഇപ്പോഴത്തെ പ്രശ്‌നങ്ങളെല്ലാം ഉണ്ടായതെന്നാണ്. സ്വാശ്രയ കാമ്പസുകളുടെ കാര്യത്തില്‍ മാത്രമല്ല മറ്റ് കാമ്പസുകളെക്കുറിച്ചും അദ്ദേഹം ഇതിന് മുമ്പ് ഇത്തരത്തില്‍ പറഞ്ഞിട്ടുണ്ട്. ഒരു ഘട്ടത്തില്‍ കാമ്പസില വിദ്യാര്‍ഥി രാഷ്ട്രീയം നിര്‍ത്തണമെന്നാവശ്യപ്പെടുന്നതും ഇവര്‍ തന്നെയായിരുന്നു. സ്വാശ്രയ മാനേജ്‌മെന്റുകളുടെ ഇടപെടല്‍ നിമിത്തമാണ് രാഷ്ട്രീയം വേണ്ടെന്ന ഹൈക്കോടതി വിധിയുണ്ടാവുന്നത്. അക്കാലത്ത് അതിനെ ഈ മുതിര്‍ന്ന സംഘടനകളൊന്നും എതിര്‍ത്തിരുന്നില്ല. അതിലൂടെ സംഭവിച്ചതെന്താണെന്നുവച്ചാല്‍ കെ.എസ്.യു കാമ്പസില്‍ നിര്‍ജ്ജീവമായി. ഈ സാഹചര്യത്തില്‍ എസ്.എഫ്.ഐ. ഇടിച്ചുകയറുകയും ചെയ്തു. ഇക്കാലങ്ങളിലൊന്നും എസ്.എഫ്.ഐ. പുതിയ മുദ്രാവാക്യങ്ങളൊന്നും കാമ്പസിന് സംഭാവന ചെയ്തിട്ടില്ല. കെ.എസ്.യു നിഷ്പ്രഭമായതിനെക്കുറിച്ച്, ഈ ഇല്ലായ്മയെ കുറിച്ചാണ് ആന്റണി പറയുന്നത്. എന്നാല്‍ എസ്.എഫ്.ഐയെ സംബന്ധിച്ച് അവര്‍ എല്ലാ കാമ്പസുകളിലും വിജയിച്ചുകൊണ്ടിരിക്കുകയാണ്. അതിനാല്‍ കാമ്പസുമായി ബന്ധപ്പെട്ട എല്ലാം ഇവരുടെ കൈപ്പിടിയിലായിക്കൊണ്ടിരിക്കുകയാണ്.


ദളിത് സംഘടനകളുണ്ടാവുന്നത് വിദ്യാര്‍ഥികളുടെ സ്വയം ബോധ്യത്തില്‍ നിന്നാണ്. ഡി.എസ്.എം ഉണ്ടാക്കുന്ന സമയത്ത് ദളിത് വിദ്യാര്‍ഥി ഏകോപന സമിതിയില്‍ പ്രവര്‍ത്തിച്ചിരുന്ന മുതിര്‍ന്ന നേതാക്കള്‍ മുന്നോട്ടു വച്ച വാദം നമുക്കൊരു പിതൃസംഘടന വേണമെന്നായിരുന്നു. എന്നാല്‍ അത് പരിശോധിച്ച് നോക്കി. കേരളത്തില്‍ ഒട്ടനവധി ദളിത് സംഘടനകളുണ്ട്, എന്നാല്‍ അതിനകത്ത് ഒരു കോര്‍ഡിനേഷന്‍ ഇതേവരെ വന്നിട്ടില്ല. അന്ന് പ്രവര്‍ത്തകര്‍ മുന്നോട്ട് വച്ചത് പ്രോമിനന്റ് ആയുള്ള നേതാക്കളെയാണ്. കെകെ കൊച്ച്, ഗീതാനന്ദന്‍, സി.കെ. ജാനു… അവരുടെയെല്ലാം രക്ഷാകര്‍തൃത്വം ഉള്ള ഒരു ടീമുണ്ടായിരിക്കണം എന്ന ആശയമാണ് മുന്നോട്ട് വച്ചത്. എന്നാല്‍ അത് ഞങ്ങള്‍ വേണ്ടെന്ന് വച്ചു. ഈ രീതിയില്‍ വന്നാല്‍ അതില്‍ നിന്ന് ഒന്നോ രണ്ടോ ആളുകള്‍ വിട്ടുപോവുകയാണെങ്കില്‍ വിട്ടുപോയവരുടെയല്ലാത്ത, മറ്റുള്ളവരുടെ സംഘടനയായി ഞങ്ങളെ വ്യാഖ്യാനിക്കപ്പെടും എന്നതായിരുന്നു ആ തീരുമാനത്തിന് പിന്നില്‍. ഐക്യം എന്നെങ്കിലും ഉണ്ടാവണമെന്ന് ആഗ്രഹിക്കുകയാണെങ്കില്‍ പോലും പിന്നീടത് അസാധ്യമായിത്തീരും. അങ്ങനെയൊരു പാരന്റിങ്ങോ ഐഡന്റിറ്റിയോ വരാതിരിക്കാന്‍ വേണ്ടിയാണ് പിതൃസംഘടനകള്‍ വേണ്ടെന്ന് തീരുമാനിച്ചത്. പിതൃ സംഘടനകളെ തള്ളുകയും കുറച്ചുകൂടി വിശാലമായ ഐക്യം ഉണ്ടാക്കാനുള്ള എനര്‍ജി മുന്നോട്ട് വയ്ക്കുക എന്ന ഭാവനയുമാണ് വര്‍ക്ക് ചെയ്തത്.

എന്നാല്‍ ഇത്തരം ദളിത് വിദ്യാര്‍ഥി സംഘടനകളുടെ കൂടിച്ചേരലുകള്‍ക്ക് തുടര്‍ച്ചയില്ലാതെ പോയി. ഇത് സംഘാടനത്തിലെ പോരായ്മയായാണ് പലരും ചൂണ്ടിക്കാണിച്ചത്. ആ വാദത്തെ തള്ളിക്കളയുന്നില്ല. എന്നാല്‍ കൂടിച്ചേരലുകളില്‍ നിന്ന് ബോധ്യപ്പെടുന്ന രാഷ്ട്രീയത്തിന്റെ ആര്‍ജ്ജവത്തില്‍ വിദ്യാര്‍ഥികള്‍ നേരിട്ടിറങ്ങിയതാണ് അന്നൊക്കെ കണ്ടത്. അത് തുടര്‍ന്നുകൊണ്ട് പോവണമെങ്കില്‍ അന്ന് സംഘടിച്ചവര്‍ പിന്നീട് വരുന്ന തലമുറയ്ക്ക് പിന്തുണ നല്‍കണം. അങ്ങനെ പിന്തുണ നല്‍കാന്‍ അന്നത്തെ നേതൃത്വം തയ്യാറായിരുന്നു. പക്ഷെ അതിനെ മുന്നോട്ട് നയിക്കാന്‍ കാമ്പസുകളിലെ വിദ്യാര്‍ഥികള്‍ തയ്യാറായില്ല. പലപ്പോഴും എസ്.എഫ്.ഐ.യുടെ നേരിടലുകളെ ഭയപ്പെട്ടിട്ടാണ് ഇതുണ്ടാവാതെ പോയത്. പക്ഷെ ഇനിയുണ്ടാവേണ്ടത് ജീവിതത്തെ സംരക്ഷിച്ചുകൊണ്ടുള്ള സംഘടനാ പ്രവര്‍ത്തനങ്ങളാണ്.

രോഹിത് വെമുലയുടെ മരണത്തിന് ശേഷമുണ്ടായ ചലനങ്ങള്‍ വളരെ വലുതാണ്. പക്ഷെ അങ്ങനെയൊരാള്‍ നഷ്ടമായത് സമൂഹത്തിന്റെ നഷ്ടമാണ്. ഒരേ സമയം കാമ്പസിനുള്ളില്‍ രാഷ്ട്രീയത്തിന് വേണ്ടി നിലകൊള്ളുമ്പോള്‍ തന്നെ സ്വന്തം ജീവിതം നഷ്ടപ്പെടുത്താതെയുള്ള പ്രവര്‍ത്തനങ്ങളും അതിന്റെ തുടര്‍ച്ചകളുമാണ് വേണ്ടത്. എം.ജി.യൂണിവേഴ്‌സിറ്റിയിലുണ്ടായ സംഭവങ്ങള്‍ എസ്.എഫ്.ഐയുടെ ഭീതിയില്‍ നിന്നുണ്ടായതാണ്. ദളിത് വിദ്യാര്‍ഥികള്‍ സംഘടിക്കുകയോ സംഘടന ഉണ്ടാവുകയോ ചെയ്താല്‍ അതവരുടെ കഴിവ് കേടായിട്ടാണ് കണക്കാക്കുന്നത്. ബി.ജെ.പിയും എ.ബി.വി.പി.യുമെല്ലാം മുന്നോട്ടു വയ്ക്കുന്ന ഫാസിസ്റ്റ് രാഷ്ട്രീയത്തെ ചെറുക്കാന്‍ പറ്റുന്നത് ദളിത്-പിന്നോക്ക രാഷ്ട്രീയത്തിനാണ്. കാരണം എസ്.എഫ്.ഐ ബ്രാഹ്മണിക്കല്‍ ഐഡിയോളജിയെ ചോദ്യം ചെയ്യാത്തിടത്തോളം കാലം അതിന് ഡെമോക്രാറ്റിക് ആവാന്‍ കഴിയില്ല.

(മാധ്യമ പ്രവര്‍ത്തകയാണ് ധന്യ)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

 

കെ ആര്‍ ധന്യ

കെ ആര്‍ ധന്യ

ചീഫ് ഓഫ് ബ്യൂറോ

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍