UPDATES

ഉന റാലിയില്‍ പങ്കെടുത്തു മടങ്ങിയവര്‍ക്കെതിരെ ആക്രമണം

അഴിമുഖം പ്രതിനിധി

സ്വാതന്ത്ര്യദിനത്തില്‍ രാജ്യത്തിന്റെ മുഴുവന്‍ ശ്രദ്ധനേടിയ ഉനയിലെ ദളിത് മഹാറാലിയില്‍ പങ്കെടുത്തവര്‍ക്കെതിരെ മേല്‍ജാതിക്കാരുടെ ആക്രമണം. റാലിയില്‍ പതാക ഉയര്‍ത്താന്‍ എത്തിയ രോഹിത് വെമുലയുടെ അമ്മ രാധിക വെമുലയ്ക്കും രോഹിതിന്റെ സഹോദരന്‍ രാജ വെമുലയ്ക്കു നേരെയും അക്രമണത്തിനു ശ്രമം നടന്നു. എന്നാല്‍ ഇവര്‍ കഷ്ടിച്ചു രക്ഷപ്പെടുകയായിരുന്നു.

ഉന-സോമ്‌നാഥ് ദേശിയപാതയില്‍ സമ്മേളന സ്ഥലത്തു നിന്നും 20 കിലോമീറ്റര്‍ മാറിയാണ് രാധികയ്ക്കും രാജയ്ക്കും നേരെ അക്രമണത്തിനു ശ്രമം നടന്നതെന്ന് ഇവര്‍ മാധ്യമങ്ങളോട് പറഞ്ഞു.

തങ്ങളെ തടയാന്‍ ഒരു സംഘം തടിച്ചുകൂടിയിരുന്നു. എന്നാല്‍ ഒരു വിധം അവരെ കടന്നുപോകാന്‍ ഞങ്ങളുടെ വാഹനത്തിനു സാധിച്ചതുകൊണ്ട് രക്ഷപ്പെട്ടെന്നാണ് അവര്‍ പറയുന്നത്. 

ഹരിയാനയില്‍ നിന്നും മഹദളിത് റാലിയില്‍ പങ്കെടുക്കാന്‍ വന്നു മടങ്ങിയവര്‍ക്കെതിരെയും ആക്രമണം ഉണ്ടായി. സമ്തര്‍ ഗ്രാമത്തില്‍വച്ച് ഉയര്‍ന്ന ജാതിയായ ദര്‍ബറില്‍ പെട്ട ഒരു കൂട്ടം ആളുകളാണ് ഇവരെ ആക്രമിച്ചത്. ജില്ലയിലെ പലഭാഗങ്ങളില്‍ നിന്നും ഇത്തരം അക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

അക്രമണം ഭയന്നു പലരും സമീപപ്രദേശങ്ങളിലുള്ള പൊലീസ് സ്റ്റേഷനുകളില്‍ അഭയം പ്രാപിക്കുകയായിരുന്നു. തങ്ങള്‍ക്കു വീടുകളിലേക്കു മടങ്ങിപ്പോകാന്‍ പൊലീസ് സംരക്ഷണം നല്‍കണമെന്നാണ് അവര്‍ ആവശ്യപ്പെടുന്നത്. എന്നാല്‍ റാലിയില്‍ പങ്കെടുത്തവര്‍ക്കു നേരെ അക്രമണം നടന്നിതിനെക്കുറിച്ചുള്ള പ്രതികരണം ആരായാന്‍ പൊലീസിനെ ബന്ധപ്പെടാന്‍ ശ്രമിച്ച മാധ്യമങ്ങളോട് പ്രതികരിക്കാന്‍ അവര്‍ തയ്യാറാകുന്നുമില്ല.

ആയിരക്കണക്കിന് ദളിതരാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ഉനയില്‍ സംഘടിപ്പിച്ച റാലിയില്‍ പങ്കെടുക്കാന്‍ എത്തിയത്. രാജ്യത്ത് ദളിതര്‍ക്കെതിരെ നടക്കുന്ന അടിച്ചമര്‍ത്തലുകള്‍ക്കും പശുക്കളെ കൊന്നുവെന്ന പേരില്‍ നാലു ദളിത് യുവാക്കളെ പരസ്യമായി മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതിഷേധിച്ചുമായിരുന്നു ഉനയിലെ റാലി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍