ടീം അഴിമുഖം/എഡിറ്റോറിയല്‍
ഗുജറാത്തില്‍ നാലു ദളിത് യുവാക്കളെ ഗോ സംരക്ഷകര്‍ എന്നവകാശപ്പെടുന്നവര്‍ മര്‍ദ്ദിച്ചതോടെ രാഷ്ട്രീയ പാര്‍ട്ടികള്‍ തമ്മിലുള്ള വടംവലി വീണ്ടും ആരംഭിച്ചിരിക്കുകയാണ്. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ വോട്ട് ബാങ്കുകളെ ആകര്‍ഷിക്കുകയാണ് എല്ലാവരുടെയും ലക്ഷ്യം.
കേന്ദ്രത്തിലും സംസ്ഥാനത്തും ഭരണത്തിലിരിക്കുന്ന ബിജെപി ഗവണ്‍മെന്‍റുകള്‍ക്കു നേരേ പ്രതിപക്ഷം വിമര്‍ശനമുയര്‍ത്തിയിട്ടുണ്ട്. ആക്രമണങ്ങളിലുള്ള പ്രതിഷേധം മൂലം രാജ്യസഭ നിര്‍ത്തി വയ്ക്കേണ്ടി വന്നു. ഈ വിഷയം അടുത്ത കുറച്ചു മാസങ്ങളിലെ തെരഞ്ഞെടുപ്പ് സംബന്ധമായ എല്ലാ ചര്‍ച്ചകളിലും ഉയര്‍ന്നു കേള്‍ക്കും.
പക്ഷേ ദളിത് സമുദായക്കാര്‍ ഇത്തരം പ്രതിഷേധങ്ങള്‍ മുന്‍പും കണ്ടവരാണ്; അതിന്‍റെ കയ്പ്പുള്ള ഓര്‍മകള്‍ ഉണര്‍ത്താം എന്നു മാത്രമേ ഇതുകൊണ്ടു സാധിക്കൂ. ഇന്ത്യയിലെ ജനസംഖ്യയുടെ ഏതാണ്ട് അഞ്ചിലൊന്നോളം വരുന്ന പട്ടികജാതി വിഭാഗക്കാര്‍ കഴിഞ്ഞ രണ്ടു ദശകങ്ങളിലായി അനേകം കൂട്ടക്കൊലകള്‍ക്കും പീഡനങ്ങള്‍ക്കും ഇരയായിട്ടുണ്ട്.
2006ല്‍ മഹാരാഷ്ട്രയിലെ ഖൈര്‍ലാഞ്ചി, 2010ല്‍ ഹരിയാനയിലെ മിര്‍ച്ച്പുര്‍, 1997ല്‍ ലക്ഷ്മണ്‍പുര്‍ ബാത്തെ, കഴിഞ്ഞ വര്‍ഷം രാജസ്ഥാനിലെ ഡംഗവാസ്, ഇന്ത്യ ഭരിച്ച ഓരോ പാര്‍ട്ടിയുടെ കീഴിലും ദളിതര്‍ക്കു നേരെ അക്രമങ്ങള്‍ ഉണ്ടായിട്ടുണ്ട്.
മിക്ക സംഭവങ്ങളിലും അന്വേഷണ കമ്മിറ്റിയെ നിയമിക്കും, ഗവണ്‍മെന്‍റ് ആശ്വാസവാക്കുകള്‍ പറയും, നഷ്ടപരിഹാരം പ്രഖ്യാപിക്കും. ഗുജറാത്തിലും ഇതൊക്കെ നടന്നു കഴിഞ്ഞു.
എന്നാല്‍ അക്രമങ്ങളുടെ ഓര്‍മ്മ ജനങ്ങളുടെ മനസ്സില്‍ നിന്ന് മാഞ്ഞു തുടങ്ങുന്നതോടെ കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കാന്‍ ഗവണ്‍മെന്‍റിനു മേലുള്ള സമ്മര്‍ദ്ദവും കുറയുന്നു.
ഇത്തരം സംഭവങ്ങളിലെ പ്രതികള്‍ മിക്കവാറും സ്വാധീനമുള്ള വിഭാഗങ്ങളില്‍ നിന്നാവാറുണ്ട്. ഗുജറാത്ത് സംഭവത്തില്‍ ഉള്‍പ്പെട്ട ഗോസംരക്ഷകര്‍ക്ക് ഹിന്ദു ഗ്രൂപ്പുകളുടെ പിന്തുണയുണ്ടെന്ന് പറയപ്പെടുന്നു. നിര്‍മ്മാണത്തിലിരിക്കുന്ന എന്തിനെങ്കിലും ബി ആര്‍ അംബേദ്ക്കറിന്‍റെ പേരു നല്‍കുന്നതോ ഒരു പാക്കേജ് അനുവദിക്കുന്നതോ പോലെയുള്ള സമാശ്വാസ പ്രവര്‍ത്തികളിലൂടെ കാര്യങ്ങള്‍ ഒതുക്കി തീര്‍ക്കുന്നത് കുറ്റക്കാരെ ശിക്ഷിക്കാന്‍ ശ്രമിക്കുന്നതിലും എളുപ്പമാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക്.
ദളിതര്‍ക്കു നേരേ ആക്രമണങ്ങള്‍ നടന്ന ഓരോ കേസിലും തെളിവുകള്‍ ഇല്ലാതെ പ്രതികള്‍ എന്നു സംശയിച്ചവരെ കുറ്റവിമുക്തരാക്കുന്ന പ്രതിഭാസം കാണാം. ഇതില്‍ പാര്‍ട്ടിഭേദമില്ല.
കോണ്‍ഗ്രസ്സ് ഭരിച്ചിരുന്ന ഹരിയാനയിലെ മിര്‍ച്ച്പൂരില്‍ 70 വയസ്സുള്ള ഒരു ദളിത് വൃദ്ധനെയും അയാളുടെ വികലാംഗയായ മകളെയും തീയിട്ടു കൊന്നതും ദളിതരുടെ 18 വീടുകള്‍ കത്തിച്ചതുമായ കേസില്‍ ആരും ശിക്ഷിക്കപ്പെട്ടില്ല; 2010ലായിരുന്നു ഇത്.
1997ല്‍ ബീഹാറിലെ ലക്ഷ്മണ്‍പൂര്‍ ബാത്തെയില്‍ ഗ്രാമവാസികളായ 58 ദളിതരെ കൂട്ടക്കൊല ചെയ്ത കേസിലും എല്ലാ പ്രതികളെയും വെറുതെ വിട്ടു. ആര്‍ജെഡിയും തുടര്‍ന്നു ജനതാദള്‍ (യുണൈറ്റഡ്)-ബിജെപി സഖ്യവും ആയിരുന്നു അവിടെ ഭരണത്തില്‍.
AIADMK ഭരണത്തിലായിരുന്ന തമിഴ്നാട്ടിലെ ധര്‍മപുരിയില്‍ ഒരു വിജാതീയ വിവാഹത്തെ തുടര്‍ന്നു പ്രകോപിതരായ പ്രബല സമുദായാംഗങ്ങള്‍ ദളിത്-ഭവനങ്ങള്‍ അഗ്നിക്കിരയാക്കി. 2012ല്‍ നടന്ന ഈ സംഭവത്തിലും ആരും ശിക്ഷിക്കപ്പെട്ടില്ല.
ദളിതര്‍ക്കെതിരെയുള്ള കുറ്റങ്ങള്‍ക്ക് ശിക്ഷയുണ്ടാവില്ലെന്ന ധൈര്യമാണ് ഈ കൂട്ടക്കൊലകള്‍ക്കു പിന്നില്‍. ഇന്ത്യയില്‍ രേഖപ്പെടുത്തുന്ന കുറ്റകൃത്യങ്ങളുടെ കാല്‍ ഭാഗവും ദളിതര്‍ക്കു നേരെ ഉള്ളവയാണെന്നും ഇവയില്‍ ശിക്ഷ ലഭിക്കാതെ പോകുന്നവ ഏതാണ്ട് 80 ശതമാനത്തോളമാണെന്നും നാഷണല്‍ ക്രൈം റെക്കോഡ്സ് ബ്യൂറോയില്‍ നിന്നുള്ള വിവരങ്ങള്‍ കാണിക്കുന്നു.
ഒരു ലക്ഷത്തിലധികം കേസുകള്‍ ഇപ്പോഴും കോടതിയുടെ മുന്‍പിലാണ്; കെട്ടിക്കിടക്കുന്നവ ഏതാണ്ട് 85% വരും. ഈ കണക്കുകള്‍ മെച്ചപ്പെടുത്താന്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയും ശ്രമിച്ചിട്ടില്ല.
ഇന്ത്യയില്‍ ജാതി എങ്ങനെ പൊതുജീവിതത്തെ സ്വാധീനിക്കുന്നു എന്നതിന്‍റെയും ദളിതരെ നമ്മള്‍ സമൂഹത്തില്‍ ഒറ്റപ്പെടുത്തുന്നതിന്‍റെയും പ്രതിഫലനമാണ് വര്‍ദ്ധിച്ചു വരുന്ന കുറ്റകൃത്യങ്ങളും ശിക്ഷിക്കപ്പെടുന്നവയുടെ എണ്ണക്കുറവും. മാധ്യമങ്ങളിലെയോ എഴുത്തുകാര്‍ക്കിടയിലേയോ സ്വകാര്യ മേഖലയിലോ സ്വാധീനമുള്ള സ്ഥാനങ്ങളില്‍ ഒന്നും ദളിതര്‍ ഇല്ലെന്നു തന്നെ പറയാം. ഈ ജാതീയതയ്ക്ക് പറയുന്ന കാരണങ്ങള്‍ “വേണ്ടത്ര യോഗ്യത ഇല്ലെ”ന്നതോ പട്ടികജാതിയില്‍ നിന്ന് അനുയോജ്യരായ ഉദ്യോഗാര്‍ത്ഥികള്‍ ഇല്ലെന്നോ ഒക്കെയാണ്.
ഭരണഘടനാപരമായ സംരക്ഷണം നിലനില്‍ക്കേ തന്നെ ഈ വിഷയത്തിലെ ഗവണ്‍മെന്‍റുകളുടെ പ്രവര്‍ത്തനങ്ങളും പരിതാപകരമാണ്. ഇന്ത്യയിലെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ദളിതരായ അദ്ധ്യാപകരുടെ എണ്ണം വെറും 7% മാത്രമാണെന്ന് കഴിഞ്ഞ വര്‍ഷം നടന്ന ഒരു ഗവണ്‍മെന്‍റ് സര്‍വ്വേ കണ്ടെത്തി. ഗുജറാത്തില്‍ ഇത് 5% മാത്രമാണ്.
ജനസംഖ്യയ്ക്ക് ആനുപാതികമായി പട്ടികജാതി വിഭാഗക്കാര്‍ക്കു പ്രാതിനിധ്യം ഉള്ളത് രണ്ടു വിഭാഗങ്ങളിലാണെന്ന് പറയാം. ഒന്ന് ശുചീകരണതൊഴിലാളികള്‍- പരമ്പരാഗതമായി ഇന്ത്യയിലെ ജാതി സമ്പ്രദായം ദളിതരുടെ മേല്‍ അടിച്ചേല്‍പ്പിച്ച തൊഴിലാണിത്. മറ്റൊന്ന് തടവുകാര്‍.
ആര്‍ക്കൊക്കെ വിദ്യാഭ്യാസമാകാം, ദാരിദ്യത്തില്‍ നിന്ന് ആര്‍ക്കൊക്കെ മോചനമാകാം, ആര്‍ക്ക് ഒരു നേതാവായി ഉയരാം, മരണശേഷം ആരൊക്കെ സ്മരിക്കപ്പെടണം എന്നൊക്കെ തീരുമാനിക്കുന്ന ജാതി വ്യവസ്ഥ തങ്ങളുടെ നേരേ നടത്തുന്ന അടിച്ചമര്‍ത്തലുകളുടെയും ഏല്‍പ്പിക്കുന്ന ആഘാതങ്ങളുടെയും ഓര്‍മ്മകള്‍ പേറുന്നവരാണ് ഇന്ത്യയിലെ ദളിതര്‍.
ആധുനിക ഡിജിറ്റല്‍ യുഗമെന്ന് നമ്മള്‍ വിളിക്കുന്ന ഈ കാലഘട്ടത്തിലും ഇത് നിലനില്‍ക്കുന്നു. ദളിതര്‍ നടത്തുന്ന വന്‍പിച്ച പൊതു റാലികള്‍ ദേശീയ ടെലിവിഷന്‍ ചാനലുകളില്‍ വാര്‍ത്തയാവാറില്ല. നമ്മുടെ സാഹിത്യം മേലേക്കിടയിലുള്ള പുസ്തക ശാലകളില്‍ ഒതുങ്ങുന്നു. പ്രത്യേകം തെരഞ്ഞെടുത്തതായാണ് നമ്മുടെ സംസ്കാരങ്ങള്‍, അല്ലാത്തവയെ മായ്ച്ചു കളയുന്നു. മര്‍ദ്ദിക്കപ്പെടുമ്പോഴോ കൊല്ലപ്പെടുമ്പോഴോ മാത്രമാണ് ദളിതനായ ഒരു വ്യക്തി വാര്‍ത്തയാവുന്നത്.
ഇത് മാറിയേ തീരൂ. ഗുജറാത്തിലെ ദളിത് വിഭാഗക്കാര്‍ നടത്തുന്ന ധീരമായ പ്രതിരോധം ഇന്ത്യയിലങ്ങോളം നടക്കുന്ന അനേകം പ്രതിഷേധ പ്രകടനങ്ങളില്‍ ഒന്നു മാത്രമാണ്.
പണി മുടക്കിയും സ്ഥാപനങ്ങള്‍ അടച്ചിട്ടും ചത്ത പശുക്കളുടെ ശവങ്ങള്‍ ഗവണ്‍മെന്‍റ് ഓഫീസുകളുടെ മുന്‍പില്‍ ഉപേക്ഷിച്ചും ജാതീയമായ അടിച്ചമര്‍ത്തലുകളെ ദളിതര്‍ വെല്ലുവിളിക്കുകയാണ്. താണതെന്ന് കരുതപ്പെടുന്ന ജോലികള്‍ ദളിതരുടെ മേല്‍ അടിച്ചേല്‍പ്പിക്കുകയും അതേസമയം അവരെ നിന്ദിക്കുകയും ചെയ്യുന്ന വ്യവസ്ഥയോടുള്ള വെല്ലുവിളിയാണത്.
കഴിഞ്ഞ രണ്ടു വര്‍ഷങ്ങളായി ദളിതരുടെ പ്രതിഷേധങ്ങള്‍ പ്രധാനമായും ബിജെപിയുടെ നേര്‍ക്കാണ്; രോഹിത് വെമുലയുടെ ആത്മത്യയിലും ഹരിയാനയില്‍ ദളിത് കുട്ടികള്‍ കൊല്ലപ്പെട്ട സംഭവത്തിലുമൊക്കെ. ഒട്ടുമിക്ക രാഷ്ട്രീയ പാര്‍ട്ടികളും ബിജെപിയും തമ്മില്‍ വലിയ വ്യത്യാസമില്ലെന്നതാണ് യാഥാര്‍ത്ഥ്യം. ജാതീയതയ്ക്കെതിരായ സമരങ്ങളില്‍ പങ്കു ചേര്‍ന്ന ചരിത്രം വലുതായൊന്നും ഇവര്‍ക്ക് അവകാശപ്പെടാനില്ല. ബഹുജന്‍ സമാജ് പാര്‍ട്ടിക്കൊഴികെ ആര്‍ക്കും നേതൃസ്ഥാനത്തു ദളിത് വ്യക്തികളെ ചൂണ്ടിക്കാണിക്കാനുമില്ല.
ഇവരുടെ വോട്ടുകള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ആവശ്യമുണ്ടെങ്കില്‍ അതിന് വെറും വാഗ്ദാനങ്ങള്‍ മതിയാവില്ല. ഇവര്‍ക്കെതിരേയുള്ള അതിക്രമങ്ങളില്‍ കുറ്റക്കാരെ യഥാസമയം ശിക്ഷിക്കുന്നുണ്ടെന്നും നിങ്ങളുടെ ഭരണം നിലനില്‍ക്കുന്ന ഇടങ്ങളില്‍ ജാതീയതയില്ലെന്നും പൊതുജീവിതത്തിലെ എല്ലാ മേഖലകളിലും ദളിത് പ്രാതിനിധ്യം ഉണ്ടെന്നും ഉറപ്പു വരുത്തുക. സ്വന്തം അവകാശങ്ങള്‍ക്കായി ദളിതരുടെ പോരാട്ടം ആരംഭിച്ച ഈ സമയത്ത് വെറും വാക്കുകള്‍ക്കും ജാഥകള്‍ക്കും അര്‍ത്ഥമില്ലെന്ന് മനസിലാക്കുക.