UPDATES

സിനിമ

ദംഗല്‍ കൊള്ളാം; പക്ഷേ, ഖാപ് പഞ്ചായത്തുകളുടെ കാരണവശാഠ്യത്തെ കാണാതിരിക്കാനാവില്ല

ദംഗല്‍ മുന്നോട്ട് വെക്കുന്ന വിദ്യാഭ്യാസ സംബന്ധിയായ ആശയം ‘മൂത്തവരുടെ ചൊല്ലും മുതുനെല്ലിക്കയും ആദ്യം കയ്ക്കും, പിന്നെ മധുരിക്കും’ എന്നാണെങ്കില്‍ ആ നെല്ലിക്ക തൊണ്ടതൊടാതെ വിഴുങ്ങാനാവില്ല

ഒരു സാധാരണ പ്രേക്ഷകനെ സംബന്ധിച്ച് സിനിമ എക്കാലവും താരകേന്ദ്രീകൃതമാണ്. അതുകൊണ്ടാണ് അണിയറയില്‍ മറഞ്ഞിരിക്കുന്ന പ്രതിഭകളെ അപ്രസക്തരാക്കി സിനിമകള്‍ മോഹന്‍ലാല്‍ ചിത്രമോ, മമ്മൂട്ടി ചിത്രമോ ഒക്കെ ആയി മാറുന്നത്. ഈ പ്രതിഭാസത്തെ മറികടന്ന് ജനമനസ്സുകളിലിടം നേടുന്ന സംവിധായകരും രചയിതാക്കളും സാങ്കേതിക പ്രവര്‍ത്തകരുമെല്ലാം ഏറിവരുന്ന ഒരു കാലം കൂടിയാണിത്. ഇഷ്ടതാരത്തെ കാണാന്‍ മാത്രം ടിക്കറ്റെടുക്കുന്നവരുടെ എണ്ണവും കുറഞ്ഞുവരുന്നുണ്ട്. പക്ഷേ, ഒരു സിനിമയെ നാം ആമീര്‍ഖാൻ ചിത്രം എന്ന് വിളിക്കുന്നുവെങ്കില്‍ അതിന് നമ്മെ പ്രേരിപ്പിക്കുന്നത് താരാരാധനയുടെ വിപണിമൂല്യം മാത്രമല്ല. നടൻ എന്ന ചതുരവടിവിലൊതുങ്ങാതെ താന്‍ ഭാഗമാകുന്ന ചിത്രത്തിന്റെ പരിപൂര്‍ണ്ണതയ്ക്ക് വേണ്ടി ഏതറ്റം വരെയും പോകുന്ന ഒരു പ്രതിഭയെ അദ്ദേഹത്തില്‍ നാം കാണുന്നതുകൊണ്ടാണ്. ഭഗത്‌സിംഗിന്റെയും സഖാക്കളുടെയും വിപ്ലവവീര്യത്തെ സമകാലിക യുവത്വവുമായി ചേര്‍ത്തു വായിച്ച രംഗ് ദേ ബസന്തി, ഓരോ കുട്ടിയിലും ഉറങ്ങിക്കിടക്കുന്ന സര്‍ഗ്ഗശേഷികളെ കുറിച്ചോര്‍മ്മിപ്പിക്കുകയും അത് കാണാത്ത വിദ്യാഭ്യാസ വ്യവസ്ഥയെ വിമര്‍ശിക്കുകയും ചെയ്ത താരേ സമീന്‍ പർ, ഇതേ ആശയത്തെ അടിവരയിട്ടുറപ്പിച്ച് സ്വന്തം സ്വപ്‌നങ്ങളെ പിന്തുടരാൻ പ്രേരിപ്പിച്ച ത്രി ഇഡിയറ്റ്‌സ്, അന്ധവിശ്വാസങ്ങളെയും ആള്‍ദൈവങ്ങളെയും തൊലിയുരിച്ച് കാണിച്ച പി.കെ…. അങ്ങനെ ആമീര്‍ഖാൻ അഭിനയിക്കുന്ന/നിര്‍മ്മിക്കുന്ന ചിത്രത്തില്‍ അദ്ദേഹത്തിന് സമൂഹവുമായി സംവദിക്കാനുള്ള പ്രസക്തമായ ഒരു ആശയത്തെ നാം പ്രതീക്ഷിക്കുന്നുണ്ട്. ഇതാണ് മറ്റ് ബോളിവുഡ് താരങ്ങളില്‍ നിന്ന് മിസ്റ്റര്‍ പെര്‍ഫെക്ഷനിസ്റ്റിനെ വ്യത്യസ്തനാക്കുന്ന പ്രധാന ഘടകം. സിനിമയുടെ സൗന്ദര്യശാസ്ത്രത്തിനപ്പുറം ദംഗലിനെയും ശ്രദ്ധേയമാക്കുന്നത് അത് മുന്നോട്ട് വയ്ക്കുന്ന സന്ദേശമാണ്.

‘ദംഗല്‍’ ഇന്ത്യ കണ്ട മികച്ച സ്പോര്‍ട്ട്സ് സിനിമകളിലൊന്നായും അതിലുപരി ഒന്നാന്തരമൊരു പ്രചോദനസിനിമയായുമാണ് വിലയിരുത്തപ്പെടുന്നത്. മഹാവീര്‍സിംഗ് ഫോഗട്ടിന്റെയും അദ്ദേഹത്തിന്റെ മക്കളായ ഗീതയുടെയും ബബിതയുടെയും ജീവിതത്തെ ആസ്പദമാക്കിയെടുത്ത ചിത്രമായതിനാല്‍ വിവാദമായതും അല്ലാത്തതുമായ സിനിമാറ്റിക് ട്വിസ്റ്റുകള്‍ ഒഴിച്ചാല്‍ ഇത് കഥയല്ല, ജീവിതം തന്നെയാണ്. അതുകൊണ്ട് തന്നെ സിനിമ മുന്നോട്ട് വയ്ക്കുന്ന സന്ദേശത്തിന്റെ ആഴവും പരപ്പും തേടി നാം പോകേണ്ടത് മഹാവീറിന്റെയും മക്കളുടെയും ജീവിതത്തിലേക്കും അവരുടെ സാമൂഹ്യപരിസരത്തിലേക്കുമാണ്. പുരുഷാധിപത്യവ്യവസ്ഥയുടെ ഈറ്റില്ലമായി അറിയപ്പെടുന്ന ഹരിയാനയുടെ ഗ്രാമീണാന്തരീക്ഷത്തില്‍ മഹാവീര്‍ നടത്തിയത് ഒരു ‘വിപ്ലവം’ തന്നെയാണ്. ലിംഗവിവേചനത്തിലധിഷ്ഠിതമായ മൂല്യബോധത്തിനു മേല്‍ അദ്ദേഹവും മക്കളും ഏല്‍പ്പിച്ച പ്രഹരത്തിന്റെ തോത്. ഒരു പക്ഷേ ഇത് നമുക്ക് മനസ്സിലാക്കാവുന്നതിന്റെ അപ്പുറമായിരിക്കും. ആ ഇച്ഛാശക്തിയും പുരോഗമനബോധവും തികഞ്ഞ ആദരവ് അര്‍ഹിക്കുന്നുണ്ട്. പ്രത്യേകിച്ച് കഥ, അല്ല, ജീവിതം നടക്കുന്നത് ഖാപ് പഞ്ചായത്തുകളുടെ ശക്തിദുര്‍ഗത്തിലാകുമ്പോള്‍. പക്ഷേ, സിനിമയിലൂടെ മഹാവീര്‍ ഒരു മാതൃകാപിതാവായി കൗ ബെല്‍റ്റിന് പുറത്തേക്ക് വളരുമ്പോള്‍ അതിനു പുറത്തുനിന്നുള്ള വിലയിരുത്തലും ആവശ്യമാവുകയാണ്.

ആമീര്‍ഖാന്‍ ചിത്രങ്ങൾ അവതരിപ്പിച്ച ആശയങ്ങളില്‍ ചെറുതല്ലാത്ത സ്വാധീനമാണ് താരേ സമീന്‍ പറും ത്രീ ഇഡിയറ്റ്‌സും മുന്നോട്ടു വച്ച വിദ്യാഭ്യാസ വീക്ഷണത്തിനുള്ളത്. രക്ഷിതാക്കളുടെയോ അധ്യാപകരുടെയോ ഇരകളും ഉപകരണങ്ങളുമല്ല കുട്ടികള്‍/വിദ്യാര്‍ത്ഥികള്‍ എന്നും, ഓരോരുത്തരുടെയും ഉള്ളിലുള്ള കഴിവുകളെയും അഭിരുചികളെയും വളര്‍ത്തിയെടുക്കാനുള്ള പിന്തുണയാണ് മാതാപിതാഗുരുസഖ്യം ചെയ്യേണ്ടതെന്നുമാണ് ഈ ചിത്രങ്ങള്‍ പറഞ്ഞത്. കേരളത്തിലെ വിദ്യാര്‍ത്ഥികളെ പ്രക്ഷോഭത്തിന്റെ തെരുവുകളിലെത്തിച്ച മാനേജ്‌മെന്റ് പീഡകളുടെ കാലത്ത് ഈ ആശയത്തിന്റെ പ്രസക്തിയേറുകയാണ്. ജിഷ്ണുവിന്റെ മരണത്തെത്തുടര്‍ന്ന് മാധ്യമങ്ങളോട് സംസാരിച്ച സഹപാഠികളില്‍ ചിലരെങ്കിലും ത്രി ഇഡിയറ്റ്‌സില്‍ വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്ത രംഗം വേദനയോടെ താരതമ്യപ്പെടുത്തുകയും ചെയ്തു. ആ സിനിമയില്‍ വിദ്യാര്‍ത്ഥി പീഡകനായ സ്ഥാപനമേധാവിയുടെ മകന്‍ ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യചെയ്യുന്നതും ഇംഗ്ലീഷ് സാഹിത്യം പഠിക്കാനാഗ്രഹിച്ചിട്ട് എഞ്ചിനീയറിംഗിലേക്ക് തള്ളിവിടപ്പെടുന്നതുകൊണ്ടാണ്. ആ തിരിച്ചറിവാണ് മേധാവിയില്‍ മനംമാറ്റമുണ്ടാക്കുന്നതും.

എന്നാല്‍ താരേ സമീന്‍ പറും ത്രീ ഇഡിയറ്റ്‌സും ഉയര്‍ത്തിയ കാഴ്ച്ചപ്പാടിനെ മലര്‍ത്തിയടിച്ച് നെഞ്ചില്‍ ചവിട്ടിയാണ് ദംഗല്‍ വിജയമാഘോഷിച്ചത്. ഗീതയ്ക്കും ബബിതയ്ക്കും മറ്റ് അഭിരുചികള്‍ ഉണ്ടായിരുന്നുവോയെന്ന് നമുക്ക് അറിയില്ല. പക്ഷേ, അവര്‍ ഗോദയിലേക്ക് തള്ളിവിടപ്പെടുകയായിരുന്നു. അവരതിനെ ചെറുക്കുകയും ചെയ്തു. പിന്നീട്, വിവാഹത്തിലേക്ക് തള്ളിവിടപ്പെട്ട സമപ്രായക്കാരിയായ കൂട്ടുകാരിയുടെ വാക്കുകളാണ് അവരില്‍ വീണ്ടുവിചാരമുണ്ടാക്കുന്നത്. പെണ്‍മക്കള്‍ പതിനാല് വയസ്സില്‍ കല്യാണം കഴിച്ചുവിടേണ്ടവരല്ലെന്നും അവര്‍ക്ക് സ്വന്തമായി വ്യക്തിത്വവും ഭാവിയും ഉണ്ടെന്നും കരുതുന്ന ഒരച്ഛന്‍ നിങ്ങള്‍ക്കുണ്ടല്ലോയെന്ന ചോദ്യം അവരില്‍ പരിവര്‍ത്തനമുണ്ടാക്കുന്നതായാണ് സിനിമ പറയുന്നത്. അതോടെ അച്ഛനായിരുന്നു ശരിയെന്നും ഗുസ്തിയാണ് തങ്ങളുടെ വഴിയെന്നും മനസ്സിലാക്കുന്ന ഗീതയും ബബിതയും ജീവിതവിജയം നേടുന്നു. ജീവിതത്തിലും സിനിമയിലും കഥ ശുഭപര്യവസായിയാണ്. അതുകൊണ്ട് തന്നെ മഹാവീറിന്റെ തീരുമാനത്തെ ആരും ചോദ്യം ചെയ്യില്ല. പക്ഷേ മക്കളുടെ ഭാവിയെ സംബന്ധിച്ച് ഏകപക്ഷീയ തീരുമാനങ്ങളെടുക്കാനും അതടിച്ചേല്‍പ്പിക്കുവാനുമുള്ള രക്ഷിതാവിന്റെ അധികാരം വാഴ്ത്തപ്പെടുന്നുണ്ടെങ്കില്‍ അതംഗീകരിക്കാനാവില്ല.

രാജ്യത്തിനു വേണ്ടി തനിക്ക് നേടാന്‍ കഴിയാതെ പോയ മെഡല്‍ മക്കളിലൂടെ സാക്ഷാത്ക്കരിക്കാനാണ് മഹാവീര്‍ പ്രയത്‌നിച്ചത്. മക്കള്‍ക്ക് വേണ്ടതെന്താണെന്ന് മനസ്സിലാക്കാന്‍ കഴിയാതെ, തനിക്ക് നേടാന്‍ കഴിയാത്തതെല്ലാം അവരിലൂടെ നേടാനും, നഷ്ടസ്വര്‍ഗ്ഗങ്ങള്‍ വീണ്ടെടുക്കാനും ശ്രമിക്കുന്ന അച്ഛനമ്മമാരാണ് ചൂഷണാധിഷ്ഠിതമായ സമകാലീന വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ സൃഷ്ടാക്കള്‍. വിദ്യാര്‍ത്ഥികളില്‍ വര്‍ദ്ധിച്ചുവരുന്ന ലഹരി ഉപയോഗം പോലും സമ്മര്‍ദ്ദങ്ങള്‍ മാത്രം സമ്മാനിക്കുന്ന പഠനാന്തരീക്ഷത്തോട് ചേര്‍ത്ത് വായിക്കപ്പെടുന്ന കാലം കൂടിയാണിത്. അതുകൊണ്ട്, ദംഗല്‍ മുന്നോട്ട് വെക്കുന്ന വിദ്യാഭ്യാസ സംബന്ധിയായ ആശയം ‘മൂത്തവരുടെ ചൊല്ലും മുതുനെല്ലിക്കയും ആദ്യം കയ്ക്കും, പിന്നെ മധുരിക്കും’ എന്നാണെങ്കില്‍ ആ നെല്ലിക്ക തൊണ്ടതൊടാതെ വിഴുങ്ങാനാവില്ല. മഹാവീര്‍ പിതൃദായകക്രമത്തെ വെല്ലുവിളിച്ച വ്യക്തിയാണെങ്കില്‍ കൂടി, കുട്ടികള്‍/ചെറുപ്പക്കാര്‍ എന്തുചെയ്യണമെന്ന് തങ്ങള്‍ തീരുമാനിക്കുമെന്ന കാരണവ ശാഠ്യമാണ് ഖാപ് പഞ്ചായത്തുകളെ സൃഷ്ടിക്കുന്നതെന്നും കാണാതിരിക്കാനാവില്ല.

(സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകനാണ് ലേഖകന്‍)
(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍