UPDATES

സിനിമ

ദംഗല്‍; ഈ ഗ്രാമവാസികള്‍ ആഹ്ലാദത്തിലാണ്, കാരണം ഇതവരുടെ സിനിമ കൂടിയാണ്

ഗുജ്ജര്‍വാല്‍ ഗ്രാമവാസികള്‍ സ്വപ്നം കണ്ടിട്ടുപോലുമില്ലാത്ത കാര്യങ്ങളാണ് നടന്നത്‌

ആമിര്‍ ഖാന്റെ ദംഗല്‍ ഈ വര്‍ഷം ഇറങ്ങിയതില്‍വച്ച് ഏറ്റവും നല്ല ചിത്രം എന്ന അഭിപ്രായം ആദ്യ ഷോ കഴിഞ്ഞപ്പോള്‍ തന്നെ സ്വന്തമാക്കി. 2017 ലും മഹാവിര്‍ ഫോഗട്ടിന്റെയും മക്കളായ ഗീതയുടെയും ബബിതയുടെയും ജീവിതകഥ തന്നെയായിരിക്കും ഹിറ്റ് ചാര്‍ട്ടില്‍ മുന്നിലെന്നതും ഉറപ്പിക്കാം. ചിത്രത്തിന്റെ വിജയത്തില്‍ അണിയറക്കാരും അമീര്‍ ആരാധാകരുമെല്ലാം സന്തോഷിക്കുകയാണെങ്കിലും അതിലെല്ലാമുപരി ഈ ചിത്രത്തെ കുറിച്ചോര്‍ത്ത് അഭിമാനവും ആവേശവും കൊള്ളുന്ന വേറെ ചിലരുണ്ട്. കുറെ സാധാരണക്കാര്‍. ഗുജ്ജര്‍വാല്‍ ഗ്രാമവാസികള്‍. തങ്ങളുടെ നാട് അഭിപ്രാളിയില്‍ കാണുന്നതുമാത്രമല്ല, അവിടെയുള്ള ചിലര്‍ക്ക് സാക്ഷാല്‍ ആമിര്‍ഖാനൊപ്പം വെള്ളിത്തിരയില്‍ പ്രത്യക്ഷപ്പെടാനും കഴിഞ്ഞിരിക്കുന്നു.

മൂന്നു മാസത്തോളമാണ് ലുധിയാനയിലെ ഗ്രാമങ്ങളില്‍ ദംഗലിന്റെ ഷൂട്ടിംഗ് നടന്നത്. ഇതിനിടയില്‍ ആമിര്‍ ഉള്‍പ്പെടെയുള്ള സിനിമാക്കാരെല്ലാം ഗ്രാമവാസികളുമായി നല്ല അടുപ്പത്തിലുമായി. ഫോഗട്ടിന്റെയും പെണ്‍മക്കളുടെ കഥ അതിന്റെ കാമ്പുചോരാതെ അവതരിപ്പിക്കണമെന്നതു സംവിധായകന്‍ നിതേഷ് തിവാരിയുടെയും ആമിറിന്റെയും നിര്‍ബന്ധമായിരുന്നു. സിനിമയില്‍ വരുന്ന കഥാപാത്രങ്ങളില്‍ പലരും ഗ്രാമത്തിലുള്ളവരായി മാറുന്നതും ആ നിര്‍ബന്ധത്തിന്റെ പുറത്താണ്. നിതീഷിന്റെയും ആമിറിന്റെയും ഈ തീരുമാനമാണ് ഗ്രാമവാസികളില്‍ ചിലര്‍ക്ക് ലോട്ടറി ആയി മാറിയത്.

അവരില്‍ ഒരാളാണ് 36 കാരനാ ബല്‍ബിര്‍ സിംഗ്. ഗുജ്ജര്‍വാല്‍ ഗ്രാമത്തിലെ മെക്കാനിക്കായ ബല്‍ബിറിന് സിനിമ നടനാകാനുള്ള ചാന്‍സ് ശരിയാക്കി കൊടുത്തത് ഒരു സ്‌കൂട്ടറാണ്. സിനിമയില്‍ ആമിറിന്റെ കഥാപത്രം സഞ്ചരിക്കുന്ന ഒരു പഴയ സ്‌കൂട്ടര്‍. ആമിറിനൊപ്പം മിക്ക സീനുകളിലും ഉണ്ടാകേണ്ടതുകൊണ്ട് സ്‌കൂട്ടറിന്റെ കണ്ടീഷന്‍ എപ്പോഴും ഒരുപോലെയായിരിക്കണം. അതിനായി നിയോഗിക്കപ്പെട്ടതാണ് ബല്‍ബിര്‍. ഏതാണ്ട് മുഴുവന്‍ സമയം ബല്‍ബിറും ഷൂട്ടിംഗ് സെറ്റില്‍ ഉണ്ടാകണമായിരുന്നു. സ്‌കൂട്ടര്‍ നോക്കാന്‍ നിന്ന ബല്‍ബിറിന് ഒടുവില്‍ ഒരു സെക്യൂരിറ്റി ഗാര്‍ഡിന്റെ വേഷവും കിട്ടി.

ഒരു ചെറികിട വര്‍ക് ഷോപ്പ് നടത്തിപ്പുകാരനായ ബല്‍ബിര്‍ തന്റെ ഭാഗ്യത്തെ കുറിച്ച് പറഞ്ഞതിങ്ങനെയാണ്; സ്‌ക്രീനില്‍ എന്നെ കാണുന്നതില്‍ സന്തോഷമുണ്ട്, എന്നാല്‍ അതിലുപരി എന്നെ ആഹ്ലാദിപ്പിക്കുന്നത് എന്റെ ഗ്രാമം സിനിമയില്‍ കാണിക്കുന്നതാണ്.

ഗ്രോസറി ഷോപ്പ് ഉടമയായ നവ്ദീപ് സിംഗിന്റെ സിനിമാപ്രവേശം മറ്റൊരു തരത്തിലാണ്. ഈ നാപ്പത്തിയഞ്ചുകാരന്‍ ഒരു ദിവസം പതിവുവേഷമായ പൈജമായും കുര്‍ത്തയുമൊക്കെ ധരിച്ച് അലസമായി നടന്നുപോവുകയായിരുന്നു. ഈ സമയത്താണ് ആമിറിന്റെ വാഹനം നവ്ദീപിനെ കടന്നുപോയത്. കുറച്ചു സമയം കഴിഞ്ഞ്, ഷൂട്ടിംഗ് സെറ്റില്‍ നിന്നും ഒരാള്‍ നവ്ദീപിനെ തിരക്കിയെത്തി. ആമീറിന് താങ്കളോട് സംസാരിക്കണം, ഒന്നു വരൂ– താനേതോ സ്വപ്‌നം കണ്ടുകൊണ്ടിരിക്കുകയാണെന്നാണ് നവ്ദീപിന് ആദ്യം തോന്നിയത്. ആമിര്‍ വിളിപ്പിച്ചത് വെറുതെയായിരുന്നില്ല. സിനിമയില്‍ ഒരു സീനില്‍ ട്രാക്ടര്‍ ഒടിക്കുന്ന അമീറിന് അരികില്‍ ഇരിക്കുന്നയാള്‍ നവ്ദീപ് സിംഗാണ്. ഇപ്പോള്‍ അയല്‍ ഗ്രാമത്തിലുള്ളവര്‍ പോലും എന്നെ അറിയുന്നുണ്ട്; ഒരു സിനിമാനടന്റെ ഗമയോടെ നവ്ദീപ് പറയുന്നു.

dangal

മധുരപലഹാര കട നടത്തുകയാണ് കുക്കു ഫൗജിയെന്നു നാട്ടുകാര്‍ വിളിക്കുന്ന 60കാരനായ രാകേഷ് കുമാര്‍. കുക്കു ഫൗജി ഇതുവരെ ഹല്‍വായി(ഹല്‍വ വില്‍പ്പനക്കാരന്‍) ആയിരുന്നെങ്കില്‍ ഇന്നുമുതല്‍ ഒരു സിനിമാനടന്‍ എന്നുകൂടി അറിയപ്പെടും(ആ ഗ്രാമത്തിലെങ്കിലും). ഒരു സലൂണിലെ കസ്റ്റമര്‍ ആയാണ് കുക്കു ഫൗജി ദംഗലില്‍ വേഷമിടുന്നത്.

എന്നെ സിനിമയില്‍ കാണിക്കുകയോ കാണിക്കാതിരിക്കുകയോ ചെയ്യട്ടെ. എനിക്കതില്‍ നിരാശയില്ല. എന്നെ സംബന്ധിച്ച് സന്തോഷം വേറെയുണ്ട്. കിരണ്‍ റാവു എന്റെ വീട്ടില്‍ നിന്നും ഭക്ഷണം കഴിച്ചു. ദീപാവലിക്ക് വീട്ടിലെത്തിയ അവര്‍ എന്റെ ലഡുവും ബര്‍ഫിയും കഴിച്ചു. എനിക്കതു മതി- കുക്കു ഫൗജിയുടെ വാക്കുകളില്‍ ആഹ്ലാദമാണ്.

ലക്‌വീന്ദര്‍ സിംഗിന്റെ ബാര്‍ബര്‍ഷോപ്പ് ഇപ്പോള്‍ അയല്‍ഗ്രാമങ്ങളില്‍ പോലും പ്രശസ്തമാണ്. അവിടെ നിന്നെല്ലാം ലക് വീന്ദറിനെ കൊണ്ടു മുടിവെട്ടിക്കാന്‍ പലരും എത്താറുമുണ്ട്. അതിനു കാരണവും ദംഗല്‍ തന്നെ. ആമീറിനൊപ്പം മോട്ടോര്‍ സൈക്കിളില്‍ പോകുന്നയാള്‍ തങ്ങളുടെ ലക്‌വീന്ദറാണെന്ന് ആ നാട്ടുകാര്‍ക്കെല്ലാം അറിയാം. പോരാത്തതിന് അയാളുടെ ബാര്‍ബര്‍ഷോപ്പും സിനിമയില്‍ കാണിക്കുന്നുണ്ട്. എന്നെപ്പോലൊരു ക്ഷുരകന് സ്വപ്‌നത്തില്‍ പോലും ആഗ്രഹിക്കാത്ത കാര്യമാണ് ആമിര്‍ ഖാനെ നേരില്‍ കാണുകയെന്നത്. ആ സിനിമയില്‍ യഥാര്‍ത്ഥ ഗ്രാമവാസികള്‍ വേണമെന്ന തീരുമാനമായിരിക്കാം എനിക്കീ ഭാഗ്യം ഉണ്ടാക്കി തന്നത്. ചെറിയൊരു സീന്‍ ആയിരുന്നൂവെങ്കിലും അഞ്ചോ ആറോ റീടേക്കുകള്‍ വേണ്ടീവന്നെന്നു സമ്മതിക്കാനും ഈ 45 കാരനിലെ ഗ്രാമീണനന്മ തയ്യാറാകുന്നുണ്ട്.

എന്റെ ജീവിതത്തിന്റെ അവസാനമായി. ആ സമയത്താണ് ഞാന്‍ ആദരിക്കപ്പെട്ടിരിക്കുന്നത്; പഞ്ചാബ് സ്റ്റേറ്റ് പവര്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡില്‍ നിന്നും വിരമിച്ച മോഹന്‍ലാല്‍ ശര്‍മ ഇങ്ങനെ പറഞ്ഞത് ദംഗലില്‍ ഒരു ഗ്രാമമുഖ്യനായി വേഷം ഇട്ടതിനുശേഷമായിരുന്നു. ചെറുപ്പകാലത്ത് നാടകങ്ങളില്‍ അഭിനയിച്ചിരന്നതുകൊണ്ട് മറ്റുള്ളവരെപോലെ ക്യാമറയ്ക്കു മുന്നില്‍ അത്രകണ്ട് പതറിയില്ല ശര്‍മ്മ.

64 കാരനായ ധരംപാലിനെ ദംഗലിന്റെ ഭാഗമാക്കിയതിന് ഒറ്റക്കാരണമേയുള്ളൂ. അദ്ദേഹത്തിന്റെ പൊക്കം. പക്ഷ ധരംപാലും പറയുന്നത്, തന്നെ സ്‌ക്രീനില്‍ കാണുന്നതിനുള്ള ആവേശമല്ല, മൂന്നുമാസത്തോളം ഈ ഗ്രാമത്തില്‍ ഷൂട്ട് ചെയ്ത സിനിമയില്‍ തങ്ങളുടെ ഗ്രാമം എങ്ങനെയാണ് ചിത്രീകരിക്കപ്പെട്ടിരിക്കുന്നതെന്ന ആകാംക്ഷയാണ് എല്ലാവരുടെയും ഉള്ളിലെന്നാണ്.

ഗ്രാമവാസികളെല്ലാം തങ്ങള്‍ക്ക് കിട്ടിയ ഭാഗ്യത്തെ കുറിച്ച് സംസാരിക്കുമ്പോള്‍ സംവിധായകന്‍ നിതീഷ് തിവാരി പങ്കുവയ്ക്കുന്നത് ഈ ഗ്രാമത്തിലെ കഴിവുള്ളവരില്‍ ചിലര്‍ക്കെങ്കിലും ഒരുവസരം കൊടുക്കാന്‍ കഴിഞ്ഞതിലുള്ള സന്തോഷമാണ്. ഇവിടെയുള്ളവരില്‍ ഭൂരിഭാഗത്തിനും അവരവരെ സ്‌ക്രീനില്‍ കാണാന്‍ കഴിയുമെന്നും തിവാരി ഉറപ്പിച്ചു പറയുന്നു. അതിനെല്ലാമുപരി നിതീഷ് തിവാരി മറ്റൊരു കാര്യം കൂടി ഊട്ടിയുറപ്പിച്ചു പറയുന്നു; ആഥിത്യമര്യാദയില്‍ പഞ്ചാബികളോട് ഉപമിക്കാന്‍ മറ്റാരുമില്ല.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍