UPDATES

എഡിറ്റര്‍

സുനാമിയായി വന്ന് കല്ലാറിനെ മുക്കിയ മലവെളളപ്പാച്ചില്‍

Avatar

എഴുത്തും വിഡിയൊയും / വി വിനയകുമാര്‍

അടിത്തട്ടുവരെ തെളിഞ്ഞുകാണുന്ന വെള്ളവും ശാന്തമായ ഒഴുക്കും ആണ് കല്ലാറിനെ വിനോദ സഞ്ചാരികളുടെ പ്രിയങ്കരിയാക്കുന്നത്. എന്നാല്‍ മലമുകളിലോ കാട്ടിനുള്ളിലോ മഴ പെയ്താലോ ചെറിയ ഉരുള്‍പൊട്ടലുകളുണ്ടായാലോ ആറിന്റെ സ്വഭാവമാകെ മാറും. സാധാരണയായി ക്രമേണയാണ് വെള്ളത്തിന്റെ അളവ് ഉയരുക. ഇത് നാട്ടുകാര്‍ക്ക് മുന്‍കൂട്ടി തിരിച്ചറിയാനാകും. എന്നാല്‍ ചിലപ്പോളത് ഒറ്റപ്പാച്ചിലുമാകും. സുനാമിയെന്നോ മിന്നല്‍ പ്രളയമെന്നോ വിശേഷിപ്പിക്കാവുന്ന വിധം പേടിപ്പെടുത്തുന്ന വരവാണത്. 2015 ഏപ്രില്‍ 17 ന് സംഭവിച്ചത് അങ്ങനെയൊരു വരവായിരുന്നു.

ബോണക്കാടിനടുത്ത് ചെമ്മുഞ്ചി മലയിലെ പുല്‍മേടുകളില്‍ നിന്ന് ഉത്ഭവിക്കുന്ന മീന്‍മുട്ടി ആറാണ് കല്ലാറിന്റെ പ്രധാന സ്രോതസ്. കല്ലാര്‍ പാലത്തിന് കുറച്ചു താഴെവച്ച് പൊന്മുടിയാറും ഗോള്‍ഡന്‍വാലി ആറും മീന്‍മുട്ടിയാറുമായി ചേരുന്നതോടെയാണ് കല്ലാര്‍ ആയി മാറുന്നത്. ഈ മൂന്നു കൈവഴികളുടെ ഉറവിടങ്ങളില്‍ എവിടെ മഴ പെയ്താലും കല്ലാറില്‍ വെള്ളമുയരാം. ഇത്തവണ ചെമ്മുഞ്ചി മലയില്‍ ഉച്ചയ്ക്ക് രണ്ടരയോടെ പെയ്ത കനത്ത മഴയാണ് മീന്‍മുട്ടിയാറിലൂടെ പാഞ്ഞെത്തി വൈകിട്ട് അഞ്ചരയോടെ കല്ലാറിനെ നിറച്ചത്. കാട്ടിനുള്ളിലുണ്ടായിരുന്ന വനപാലകരും കാണിക്കാരും ഉടനെതന്നെ വിവരം നാട്ടുകാരിലെത്തിച്ചു. ആറ്റില്‍ കുളിയും നനയ്ക്കലുമൊക്കെയായി നിന്നിരുന്ന നാട്ടുകാരും വിനോദസഞ്ചാരികളുമൊക്കെ കരയ്ക്കു കയറി.

വെള്ളത്തിന്റെ ഇത്തരത്തിലുള്ള സുനാമിവരവിനെക്കുറിച്ച് ബോധ്യമില്ലാത്ത വിനോദസഞ്ചാരികളില്‍ ചിലരെങ്കിലും പ്രദേശവാസികളുടെ വാക്കുകളെ മുഖവിലയ്‌ക്കെടുക്കാറില്ല. അത് പല ദുരന്തങ്ങള്‍ക്കും വഴിവച്ചിട്ടുമുണ്ട്. 1991 ഒക്ടോബര്‍ 13 ന് ഇതുപോലൊരു വെള്ളപ്പാച്ചിലില്‍ നഷ്ടപ്പെട്ടത് തിരുവനന്തപുരം ഡെന്റല്‍ കോളേജിലെ എട്ട് വിദ്യാര്‍ഥികളെയാണ്.
 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍