UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ചരിത്രത്തില്‍ ഇന്ന്: ലെനിന് വെടിയേല്‍ക്കുന്നു, ദാര ഷികോ വധിക്കപ്പെടുന്നു

Avatar

1659 ആഗസ്ത് 30
ദാര ഷികോ കൊല്ലപ്പെട്ടു

ഷാജഹാന്‍ ചക്രവര്‍ത്തി തന്റെ അനന്തരാവകാശിയാക്കാന്‍ തിരഞ്ഞെടുത്തിരുന്നത് മൂത്തപുത്രന്‍ ദാര ഷികോയെ ആയിരുന്നു. എന്നാല്‍ ഷാജഹാന്റെ ആഗ്രഹം നടന്നില്ല. ചക്രവര്‍ത്തിയുടെ മറ്റൊരു പുത്രനായ മൊഹ്യുദീന്റെ കിങ്കരന്മാര്‍ ദാരയെ വധിച്ചു. അങ്ങിനെ മൊഹ്‌യിദൂന്‍ അടുത്ത ചക്രവര്‍ത്തിയായി. ഈ മൊഹ്യുദീനാണ് പിന്നീട് ഔറംഗസേബ് ചക്രവര്‍ത്തിയായി അറിയപ്പെട്ടത്. ജൂലിയന്‍ കലണ്ടര്‍ പ്രകാരം 1659 ആഗസ്ത് 30നാണ് ദാര ഷികോയ് കൊല്ലപ്പെടുന്നത്.

1657 സെപ്തംബര്‍ മാസം ഷാജഹാന്‍ അസുഖബാധിതനായി കിടപ്പിലാകുന്നതോടെയാണ് അദ്ദേഹത്തിന്റെ മക്കള്‍ തമ്മില്‍ കിരീടാവകാശത്തിനുള്ള പോര് തുടങ്ങുന്നത്. പണ്ഡിതനായ ദാരയിലാരുന്നു ഷാജഹാന് താല്‍പര്യമെങ്കിലും മറ്റ് മക്കളായ ഷുജ, മുറാദ്, ഔറംഗസേബ് എന്നിവരും സിംഹാസത്തില്‍ അവകാശം ഉന്നയിച്ചു.

ഷുജയും മുറാദും മുഗള്‍ സാമ്രാജ്യത്തിന്റെ തലസ്ഥാനമായ ആഗ്രയിലേക്ക് ആദ്യമാായി സൈനിക നീക്കം നടത്തി. എന്നാല്‍ 1658 ഫെബ്രുവരി 24 ന് ഷുജ പരാജയപ്പെട്ടു. മുറാദ് ആകട്ടെ ഔറംഗസേബിന്റെ കൂടെ കൂടി. 1658 ഏപ്രില്‍ 25ന് ഔറംഗസേബിനും മുറാദിനും ദാരയെ പരാജയപ്പെടുത്താന്‍ സാധിച്ചു. യുദ്ധത്തില്‍ പതിനായിരത്തോളം സൈനികരെ നഷ്ടമായ ദാരയെ എതിരാളികള്‍ പിടികൂടി. 1659 ആഗസ്ത് 30ന് അവര്‍ ദാരയെ വധിച്ചു.

ദാരയുടെ വധത്തിന് പിന്നാലെ തന്റെ മറ്റു രണ്ടു സഹോദരന്മാരായ ഷുജയെയും മുറാദിനെയും ഔറംഗസേബ് കൊന്നു. ഉപഭൂഖണ്ഡത്തെ സംബന്ധിച്ച് ദാര ഷികോയുടെ വധം വലിയൊരു മാറ്റത്തിലേക്കുള്ള കാരണമാവുകയായിരുന്നു.

1918 ആഗസ്ത് 30
ലെനിന് വെടിയേല്‍ക്കുന്നു

സോവിയറ്റ് നേതാവ് വ്ലാദിമിര്‍ ലെനിന് 1918 ആഗസ്ത് 30 ന് വെടിയേറ്റു. സോഷ്യല്‍ റെവല്യൂഷണറി പാര്‍ട്ടിയംഗം ഫാന്യ കാപ്ലാനാണ് രണ്ടുവട്ടം ലെനിനു നേരെ നിറയൊഴിച്ചത്. ഗുരുതരമായി പരുക്കേറ്റെങ്കിലും മരണത്തിന് കീഴടങ്ങാതെ തിരിച്ചെത്താന്‍ കമ്യൂണിസ്റ്റ് നേതാവിന് കഴിഞ്ഞു. ഇതോടെ ബോള്‍ഷെവിക്കുകള്‍ സോഷ്യലിസ്റ്റ് റെവല്യൂഷണറി പാര്‍ട്ടിയോടും തങ്ങളുടെ മറ്റ് എതിരാളികളോടും പ്രതികാര നടപടികള്‍ ആരംഭിച്ചു.


സാര്‍ ചക്രവര്‍ത്തി അലക്‌സാണ്ടര്‍ മൂന്നാമനെതിരെ നടന്ന കലാപത്തില്‍ തന്റെ സഹോദരന്‍ രക്തസാക്ഷിയായതിനെ തുടര്‍ന്നാണ് ഒരു വിപ്ലവകാരിയുടെ ജീവിതത്തിലേക്ക് ലെനിന്‍ മാറുന്നത്. 1902 ല്‍ ലെനിന്‍ ഒരു ലഘുലേഖ പ്രസിദ്ധീകരിച്ചു. എന്താണ് ചെയ്യേണ്ടത്? എന്നായിരുന്നു ആ ലഘുലേഖയിലൂടെ അദ്ദേഹം ജനങ്ങളോട് ചോദിച്ചത്. റഷ്യയില്‍ സോഷ്യലിസം കൊണ്ടുവരണമെങ്കില്‍ അത് അച്ചടക്കമുള്ള ഒരു വിപ്ലവപാര്‍ട്ടിയിലൂടെ മാത്രമെ സാധ്യമാകൂ എന്ന് ലെനിന്‍ ആഹ്വാനം നടത്തി. അടുത്ത വര്‍ഷം അദ്ദേഹം റഷ്യന്‍ സോഷ്യല്‍-ഡമോക്രാറ്റിക് വര്‍ക്കേഴ്‌സ് പാര്‍ട്ടി രൂപീകരിച്ചു. എന്നാല്‍ വൈകാതെ ഈ പാര്‍ട്ടി രണ്ടായി പിരിയുന്നതിന്റെ ലക്ഷണങ്ങള്‍ കാണിച്ചു തുടങ്ങി. ലെനിന്റെ ബോള്‍ഷെവിക് നയങ്ങള്‍ സൈനിക ചിട്ടയില്‍ പാര്‍ട്ടിയെ നയിച്ചപ്പോള്‍, മെന്‍ഷിവികുകള്‍ ജാനാധിപത്യരീതി അവലംബിക്കാനാണ് ശ്രമിച്ചത്. എന്നാല്‍ ഭൂരിപക്ഷവും ലെനിന്റെ ഭാഗത്തായിരുന്നു. 1912 ല്‍ ഔദ്യോഗികകമായി തന്നെ പാര്‍ട്ടി പിളര്‍ന്നു.

ഒന്നാം ലോകമഹായുദ്ധത്തിനെതിരായിരുന്നു ലെനിന്റെ നിലപാടുകള്‍. സാമ്രാജ്യത്വങ്ങള്‍ തമ്മിലുള്ള തര്‍ക്കങ്ങളാണ് ലോകമഹായുദ്ധത്തിന് കാരണമെന്നും തൊഴിലാളികളായ സൈനികരോട് തങ്ങളുടെ തോക്ക് മുതലാളിത്വത്തിനു നേരെ തിരിക്കാനും ലെനിന്‍ ആവശ്യപ്പെട്ടു. ലോകമഹായുദ്ധം റഷ്യക്ക് വന്‍ ദുരിതമാണ് നല്‍കിയത്. അനേകായിരങ്ങള്‍ക്ക് ജീവഹാനിയും അംഗവൈകല്യങ്ങളും സംഭവിച്ചു. യുദ്ധാനന്തരം രാജ്യത്ത് കടുത്ത ഭക്ഷ്യക്ഷാമം ഉണ്ടായി. 1917 ല്‍ റഷ്യയില്‍ കലാപം പൊട്ടിപ്പുറപ്പെട്ടു. സൈന്യവും തൊഴിലാളികള്‍ക്കൊപ്പം കൂടി. കലാപങ്ങളുടെയും പോരാട്ടങ്ങളുടെയും ബാക്കിപത്രമായി ലെനിന്‍ രാജ്യത്തിന്റെ നേതൃത്വത്തിലേക്ക് എത്തപ്പെട്ടു. വൈകാതെ ലോകത്തിലെ ആദ്യത്തെ കമ്യൂണിസ്റ്റ് ഏകാധിപതിയെന്ന പട്ടത്തിലേക്കും  ലെനിന്റെ പേര് എഴുതിച്ചേര്‍ക്കപ്പെട്ടു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍