UPDATES

വിദേശം

വിന്‍സ്റ്റന്‍ ചര്‍ച്ചില്‍: മറക്കരുതാത്ത ഇരുണ്ട വശങ്ങള്‍-ഇഷാന്‍ തരൂര്‍ എഴുതുന്നു

Avatar

ഇഷാന്‍ തരൂര്‍
(വാഷിംഗ്ടണ്‍ പോസ്റ്റ്)

പാശ്ചാത്യ ലോകത്ത്-ചുരുങ്ങിയത് ഇംഗ്ലീഷ് സംസാരിക്കുന്ന ഭാഗത്തെങ്കിലും-വിന്‍സ്റ്റന്‍ ചര്‍ച്ചിലിനെ പോലെ വീരകേസരിയായി ആഘോഷിക്കപ്പെട്ട മറ്റൊരു രാഷ്ട്രനേതാവില്ല. ചര്‍ച്ചിലിന്റെ ശവസംസ്കാരം കഴിഞ്ഞ് അമ്പതു വര്‍ഷം പിന്നിടുന്ന കഴിഞ്ഞ ജനുവരി 30-നു രണ്ടാം ലോക മഹായുദ്ധത്തില്‍ ബ്രിട്ടനെ മുന്നോട്ടുനയിച്ച ബ്രിട്ടീഷ് ബുള്‍ഡോഗിന്റെ  ധാര്‍മിക ധീരതയേയും രാജ്യസ്നേഹത്തെയും കുറിച്ച് അനുസ്മരണങ്ങളും വാഴ്ത്തുകളും  നിരവധി വന്നു.

എക്കാലത്തെയും മഹാനായ ബ്രിട്ടീഷുകാരനായി ചര്‍ച്ചിലിനെ അദ്ദേഹത്തിന്റെ മരണാനന്തരം ബ്രിട്ടീഷുകാര്‍ തെരഞ്ഞെടുത്തിരുന്നു. വൈറ്റ്ഹൌസിലെ അദ്ദേഹത്തിന്റെ അര്‍ദ്ധകായപ്രതിമ രാഷ്ട്രീയ വിവാദങ്ങളുയര്‍ത്താന്‍ പ്രാപ്തമായിരുന്നു. ആ പേരൊന്നുമതി ആയിരം ഉദ്ധരണികള്‍ നിരക്കാന്‍, പലതും കെട്ടിച്ചമച്ചതാണെങ്കിലും. ധീരതയ്ക്കും നേതൃപാടവത്തിനുമുള്ള ഒരുക്കിവെച്ച അലങ്കാരമാണ് ചര്‍ച്ചിലെന്ന മിഥ്യയുടെ കാതല്‍; ആ അലങ്കാരം വിന്യസിച്ച പശ്ചാത്തലം എത്ര പൊള്ളയാണെങ്കിലും.

ഉദാഹരണത്തിന്, 2013-ല്‍ ഏറെ പഴിക്കപ്പെട്ട ഇറാക്ക് യുദ്ധത്തിലേക്ക് രാജ്യത്തെ വലിച്ചിഴച്ചതിനുശേഷം മുന്‍ പ്രധാനമന്ത്രിയായ ടോണി ബ്ലെയര്‍ ചര്‍ച്ചിലിനോടു ഉപമിക്കപ്പെടുകയുണ്ടായി. ഇറാന്റെ ആണവ പദ്ധതിക്കെതിരെ കര്‍ശനമായ നിലപാടെടുത്ത ഇസ്രയേലി പ്രധാനമന്ത്രി ബെഞ്ചമിന്‍ നെഥന്യാഹൂവിനെയും ഇതേ രീതിയില്‍ ചര്‍ച്ചില്‍ മാതൃകയിലെ ധീരനാക്കി. അമേരിക്കന്‍ പ്രസിഡണ്ട് ബരാക് ഒബാമയുടെ ‘പ്രീണന നടപടികള്‍ക്കെതിരാണ്’ ഇസ്രയേല്‍ പ്രധാനമന്ത്രിയുടെ വിട്ടുവീഴ്ച്ചയില്ലാത്ത നിലപാടെന്നാണ് വെപ്പ്.

പടിഞ്ഞാറന്‍ ലോകത്ത് ചര്‍ച്ചില്‍ ഒരു സ്വാതന്ത്ര്യ പോരാളിയാണ്. നാസിസത്തെ എതിര്‍ത്തുനിന്നു. പടിഞ്ഞാറന്‍ ഉദാര ജനാധിപത്യത്തെ രക്ഷിച്ച പോരാളി. ദശാബ്ദങ്ങളായി സൃഷ്ടിച്ച ഒരു പ്രതിച്ഛായ. ‘ചര്‍ച്ചില്‍ ജീവന്‍രക്ഷാ ബോട്ടുകളിറക്കി,’ 1950-ല്‍ തങ്ങളുടെ മുഖാചിത്രത്തില്‍ ബ്രിട്ടീഷ് നേതാവിനെ ‘അര്‍ദ്ധശതകത്തിന്റെ മാനവനായി’ പ്രഖ്യാപിക്കവേ ടൈം മാസിക എഴുതി.

നിലക്കാത്ത പുകഴ്ത്തലുകള്‍ക്കിടക്കും മറക്കാന്‍ പാടില്ലാത്ത ചില വശങ്ങളുണ്ട് ചര്‍ച്ചിലിന്റെ രാഷ്ട്രീയത്തിലും ജീവിതത്തിലും. പാശ്ചാത്യ ലോകത്തിന് പുറത്തുള്ള പലര്‍ക്കും അയാള്‍ ഒരു മിനുക്കുമില്ലാത്ത വംശവെറിയനും, കടുത്ത സാമ്രാജ്യവാദിയുമാണ്; എക്കാലവും ചരിത്രത്തിന്റെ തെറ്റായ വശത്ത്.

കടുത്ത പുച്ഛത്തോടും അവഗണനയോടുംകൂടി പറഞ്ഞ നിരവധി മുന്‍വിധി നിറഞ്ഞ പ്രസ്താവങ്ങള്‍ എടുത്തു കാണിക്കുന്നു ചര്‍ച്ചില്‍ വിമര്‍ശകര്‍. “ഞാന്‍ ഇന്ത്യക്കാരെ വെറുക്കുന്നു,” ഒരിക്കല്‍ അയാള്‍ ഘോഷിച്ചു. “ഒരു ആസുരമായ മതമുള്ള അസുര ജനതയാണ് അവര്‍.”

“ഒട്ടകത്തിന്‍റെ ചാണകമല്ലാതെ മറ്റൊന്നും തിന്നാത്ത പ്രാകൃതരായ കൂട്ടം,” എന്നാണ് പലസ്തീന്‍കാരെകുറിച്ചു പറഞ്ഞത്. സുഡാനിലെ കലാപകാരികളെ അമര്‍ച്ചചെയ്ത കാലത്ത് മൂന്നു ‘കാടന്‍മാരേ’ കൊന്നതിനെക്കുറിച്ച് ചര്‍ച്ചില്‍ വീമ്പിളക്കി. വടക്കുപടിഞ്ഞാറന്‍ ഏഷ്യയിലെ അസ്വസ്ഥരായ ജനതകളെ പരാമര്‍ശിക്കവേ,“സംസ്കാരശൂന്യരായ ഗോത്രങ്ങള്‍ക്കെതിരെ വിഷവാതകം ഉപയോഗിക്കുന്നതിനെ അനുകൂലിക്കാത്ത” തന്റെ സഹപ്രവര്‍ത്തകരുടെ ‘ഭീരുത്വത്തെ’ അയാള്‍ കളിയാക്കി.

ഇപ്പോള്‍ നിങ്ങള്‍ പറഞ്ഞേക്കാം, അതുകൊണ്ടെന്താണെന്ന്? ചര്‍ച്ചിലിന്റെ നിലപാടുകള്‍ അക്കാലത്ത് അത്ര ഒറ്റപ്പെട്ടതായിരുന്നില്ല. എല്ലാ മഹാന്മാര്‍ക്കും കുറ്റങ്ങളും കുറവുകളുമുണ്ടാകും-സ്വാതന്ത്ര്യത്തിന്റെ കാവല്‍ മാലാഖമാരായിരുന്ന അമേരിക്കയുടെ സംസ്ഥാപകര്‍ അടിമകളുടെ ഉടമകളായിരുന്നു. നാസി അധിനിവേശത്തില്‍ നിന്നും ബ്രിട്ടനെരക്ഷിച്ചതുമായി താരതമ്യം ചെയ്താല്‍ വിന്‍സ്റ്റന്‍ ചര്‍ച്ചിലിന്റെ എല്ലാ കുറവുകളും അപ്രധാനമാണെന്ന്  ചര്‍ച്ചിലിന്റെ ഒരു ജീവചരിത്രകാരന്‍ പറയുന്നു.

പക്ഷേ അത് അദ്ദേഹത്തിന്റെ ലോകവീക്ഷണത്തിലെ അപകടങ്ങളെ മായ്ച്ചുകളയുന്നില്ല. ചര്‍ച്ചിലിന്റെ വര്‍ണവെറി സാമ്രാജ്യത്വ ദുരയുടെ ടോറി (Tory) ബോധത്തില്‍ നിന്നായിരുന്നു. അത് യുദ്ധകാല സഖ്യകക്ഷിയായിരുന്ന അമേരിക്കന്‍ പ്രസിഡണ്ട് ഫ്രാങ്ക്ലിന്‍ റൂസ്വെല്‍റ്റിനെ വരെ അലോസരപ്പെടുത്തി. “ആര്യവംശം വിജയിക്കാന്‍ വിധിക്കപ്പെട്ടവരാണ്” എന്ന് ആവര്‍ത്തിച്ചുകൊണ്ട് പാര്‍ലമെന്റിലെ തന്റെ ആദ്യകാലത്ത് ചര്‍ച്ചില്‍ ബ്രിട്ടന്റെ കൂടുതല്‍ അധിനിവേശങ്ങള്‍ക്കുള്ള പദ്ധതികളെ അനുകൂലിച്ചു. ഹിറ്റ്ലറുടെ യുദ്ധയന്ത്രത്തിന്റെ മുന്നില്‍ അയാളുടെ ധീരതയെ ആഘോഷിക്കുകയും ലോകത്തിന്റെ മറ്റ് ഭാഗങ്ങളെക്കുറിച്ചുള്ള വിചാരങ്ങളെ അവഗണിക്കുകയും ചെയ്യുന്നത് വിചിത്രമാണ്. എന്തൊക്കെയായാലും, യൂറോപ്പും പടിഞാറന്‍ ലോകവും  പോലെ ചര്‍ച്ചിലിന്റെയും ബ്രിട്ടന്റെയും അക്കാലത്തെ നടപടികളുടെ പാടുകള്‍ പേരില്‍ക്കൊണ്ട് ജീവിക്കുന്ന സ്ഥലങ്ങളാണ് ഇവയെല്ലാം.

ബ്രിട്ടന്റെ ഏറ്റവും വിലപ്പെട്ട കോളനി സ്വത്തായിരുന്ന ഇന്ത്യ ചര്‍ച്ചിലിനെ തികച്ചും അലോസരപ്പെടുത്തിയിരുന്നു. അതിന്റെ സ്വാതന്ത്ര്യ സമരത്തെയും, ആ സമരത്തിന്റെ നേതാവായിരുന്ന അയാള്‍ ‘അര്‍ദ്ധ നഗ്നനായ ഫക്കീര്‍’ എന്നുവിളിച്ച മഹാത്മാഗാന്ധിയെയും ചര്‍ച്ചില്‍ തീര്‍ത്തും വെറുത്തിരുന്നു. ബ്രിട്ടീഷ് ഭരണത്തിന്റെ അവഗണനയും കെടുകാര്യസ്ഥതയും കൊണ്ടുമാത്രം 3 ദശലക്ഷത്തിലേറെ പേര്‍ മരിച്ച 1943-ലെ ബംഗാള്‍ ക്ഷാമകാലത്തിന് മേല്‍നോട്ടം വഹിച്ചയാളാണ് ചര്‍ച്ചില്‍. ഇന്ത്യയുടെ ദുരിതത്തെയും ലക്ഷക്കണക്കിനാളുകളുടെ ദാരിദ്ര്യത്തെയും അവജ്ഞയോടെയാണ് അയാള്‍ കണ്ടത്. ‘മുയലുകളെപ്പോലെ’ പെറ്റുപെരുകുന്ന ഒരു ജനതയുടെ വെട്ടിക്കുറക്കലായി അപഹസിച്ചു.

ഇന്ത്യയുടെ പ്രശ്നങ്ങളെ കുറിച്ചുള്ള തന്റെ നേതാവിന്റെ ധാരണ അമേരിക്കയുടെ നേരെ ജോര്‍ജ് രാജാവു മൂന്നാമന്‍ കാണിച്ച അവഗണന പോലെയാണെന്ന് ചര്‍ച്ചിലിന്റെ ഇന്ത്യന്‍ കാര്യങ്ങള്‍ക്കായുള്ള സെക്രട്ടറി ലിയോപള്‍ഡ് അമേരി വിശേഷിപ്പിച്ചിരുന്നു. “ഇന്ത്യന്‍ വിഷയത്തില്‍ വിന്‍സ്റ്റന്‍ ഒട്ടും വിവേകമതിയല്ല,” എന്നും തനിക്ക് “ ഈ വീക്ഷണവും ഹിറ്റ്ലറുടെതും തമ്മില്‍ കാര്യമായ വ്യത്യാസമൊന്നും കാണാന്‍” ആയില്ലെന്നും തന്റെ സ്വകാര്യ കുറിപ്പുകളില്‍ അമേരി എഴുതി.

ഉപഭൂഖണ്ഡത്തിലേക്ക് ചര്‍ച്ചില്‍ തന്റെ ശ്രദ്ധ തിരിച്ചപ്പോള്‍ അതിനു അപകടകരമായ പരിണതികളാണുണ്ടായത്. 1947-ല്‍ സ്വാതന്ത്ര്യം ലഭിക്കുമ്പോള്‍ രാജ്യത്തിന്റെ ക്രൂരമായ വിഭജനത്തിലേക്ക് നയിച്ച വിധത്തില്‍ ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തില്‍ ഹിന്ദുക്കളും മുസ്ലീംങ്ങളും തമ്മില്‍ ഭിന്നിപ്പുണ്ടാക്കിയ സാരാജ്യ ഭരണാധികാരികളുടെ സംഘത്തിന്റെ ഭാഗമായിരുന്നു ചര്‍ച്ചിലെന്ന് പങ്കജ് മിശ്ര ന്യൂ യോര്‍കറില്‍ എഴുതുന്നു. മേഖലയിലെ സംഘര്‍ഷമായ രാഷ്ട്രീയത്തില്‍ ഇന്നും അസ്വാസ്ഥ്യജനകമായ അലയൊലികള്‍ ഉണ്ടാക്കുന്ന വിധത്തില്‍ ദശാലക്ഷക്കണക്കിനാളുകളുടെ കൊലയിലേക്കും അഭയാര്‍ത്ഥി പ്രവാഹത്തിലേക്കും നയിച്ചു അന്നത്.

“ബ്രിട്ടീഷ് സാമ്രാജ്യം ഉണ്ടാക്കിയെടുത്ത ശത്രുതാ ദേശീയതകളും രാഷ്ട്രീയവത്കരിക്കപ്പെട്ട മതങ്ങളും കൂടുതല്‍ വിപുലമായ ഭൌമരാഷ്ട്രീയ തട്ടകത്തില്‍ ഇന്ന് പോരടിക്കുന്നു,” പശ്ചിമേഷ്യയിലും തെക്കനേഷ്യയിലും വ്യാപിച്ച രാഷ്ട്രീയ ഇസ്ലാമിനെ സൂചിപ്പിച്ച് മിശ്ര എഴുതുന്നു. “സാമ്രാജ്യ മോഹങ്ങള്‍ക്ക് നല്കിയ മാനവഹത്യകള്‍ക്ക് വരാനിരിക്കുന്ന ഒട്ടേറെ ദശാബ്ദങ്ങളിലും അന്ത്യമുണ്ടാകാന്‍ ഇടയില്ല.”

ചര്‍ച്ചിലിന്റെ ശേഷിപ്പുകളെക്കുറിച്ച് പറയുമ്പോള്‍ ആ കണക്കുകൂടി പരിഗണിക്കണം.

 

      

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍