UPDATES

ന്യൂസ് അപ്ഡേറ്റ്സ്

നെയ്യാറിലെ മണലൂറ്റുകാരെ വെല്ലുവിളിച്ച ഡാര്‍ളി അമ്മൂമ്മ എവിടെ?

Avatar

നീതു ദാസ്

നെയ്യാറിലെ അനധികൃത മണലെടുപ്പിനെതിരെ ഒറ്റയാള്‍ പോരാട്ടം നടത്തിയതിന്‍റെ പേരില്‍ വാര്‍ത്തയില്‍ നിറഞ്ഞു നിന്ന ഡാര്‍ളി അമ്മൂമ്മ ഇന്നെവിടെയാണുള്ളത്?

വാര്‍ത്താ പ്രാധാന്യം നേടുന്ന സംഭവങ്ങളും വ്യക്തികളും ഒരു നിശ്ചിത സമയത്തിനപ്പുറം മാധ്യമങ്ങള്‍ക്ക് അപ്രസക്തമാകാറുണ്ട്. ധീരമായി പ്രതികരിക്കുന്നവരെയും അവസരവാദികളല്ലാത്തവരെയും നിസ്സഹായരും കാഴ്ചക്കാരുമായി മാറ്റിനിര്‍ത്തുന്നത് സര്‍വ്വസാധാരണം. നിയമങ്ങള്‍ നിര്‍മിക്കുന്നവരും, നടപ്പിലാക്കേണ്ടവരും, അതിന്റെ ആനുകൂല്യങ്ങള്‍ പറ്റുന്നവരും അടങ്ങുന്ന നമ്മുടെ വ്യവസ്ഥിതിക്ക് ഈ ഒറ്റപ്പെടുത്തല്‍ വളരെ എളുപ്പത്തില്‍ സാധിക്കാറുമുണ്ട്. തങ്ങള്‍ക്ക് മേലുള്ള കടന്നുകയറ്റത്തിനെതിരെ മനുഷ്യര്‍ പ്രതികരിക്കുന്നത് വളരെ സ്വാഭാവികവും ന്യായവുമാണ്. പ്രതികൂല സാഹചര്യങ്ങളില്‍ കൂടുതല്‍ ശക്തിപ്പെടുന്ന ചെറുത്തുനില്‍പ്പ് കൊണ്ട് മാത്രം ചില പ്രതിഷേധങ്ങള്‍ ശ്രദ്ധനേടും.

നെയ്യാറിലെ മണല്‍ മാഫിയയെ ശക്തമായി പ്രതിരോധിച്ച വ്യക്തിയാണ് ഡാര്‍ളി അമ്മൂമ്മ. നെയ്യാറിന്റെ തീരത്തെ സ്വന്തം മണ്ണില്‍ സമാധാനമായി ജീവിക്കണമെന്ന അവരുടെ ആഗ്രഹത്തെ നമ്മുടെ ഭരണ സംവിധാനങ്ങള്‍ മണല്‍ മാഫിയയുടെ ഔദാര്യം പറ്റി കൂട്ടം ചേര്‍ന്ന് തോല്‍പ്പിച്ചതാണ്. അനധികൃതമായ മണലെടുപ്പിനെതിരെ ഡാര്‍ളി അമ്മൂമ്മ നല്‍കിയ പരാതികളില്‍ ആത്മാര്‍ഥമായ നടപടികള്‍ ഉണ്ടായിരുന്നെങ്കില്‍ ഈ ദുര്‍ഗതി നെയ്യാറിനും ആ നാടിനും ഉണ്ടാകുമായിരുന്നില്ല. മണലെടുപ്പ് മൂലം രൂപപ്പെട്ട തുരുത്തുകള്‍ക്കിടെ ഗതിതെറ്റി, ഒഴുക്ക് നിലച്ച് കുടുങ്ങികിടക്കുന്ന നെയ്യാറിനെ നോക്കി സഹതപിക്കാനെ ഇപ്പോള്‍ അവര്‍ക്ക് കഴിയുന്നുള്ളു. തളര്‍ന്ന മനസുമായി എന്തൊക്കെയോ പരിതപിച്ചും ആരെയൊക്കെയോ ശപിച്ചും കാലം കഴിക്കുന്ന ഡാര്‍ളി അമ്മൂമ്മക്ക് അവകാശപ്പെട്ടത് അനുവദിച്ച് കൊടുക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ കാലതാമസമെടുക്കുന്നത് തികഞ്ഞ അനീതിയാണ്. സര്‍ക്കാര്‍ ചെലവില്‍ വീട് കിട്ടുന്നതും കാത്ത് ശ്രീജ നെയ്യാറ്റിന്‍കരയെന്ന പൊതുപ്രവര്‍ത്തകയുടെ വീട്ടിലാണ് അവരിന്ന് താമസിക്കുന്നത്. പ്രായാധിക്യത്തിന്‍റെ തളര്‍ച്ചയും ഓര്‍മ്മക്കുറവും ഉണ്ടെങ്കിലും നെയ്യാറിനെയും അതിന്റെ തീരത്തെ തന്റെ ജീവിതത്തെയും നശിപ്പിച്ച അധികാരികളോടുള്ള അമര്‍ഷം ഡാര്‍ളി അമ്മൂമ്മയുടെ ഓരോ വാക്കിലും നോട്ടത്തിലും ഇന്നും പ്രകടമാണ്.  

1983 മുതലാണ് നെയ്യാറിന്റെ തീരങ്ങളില്‍ മണല്‍ ഖനനം തുടങ്ങുന്നത്. പ്രദേശവാസികള്‍ സ്വകാര്യ ആവശ്യത്തിനായും നാട്ടിലെ ഇഷ്ടിക കളങ്ങളിലേക്കുമായി തുടങ്ങിയ മണല്‍ഖനനം ക്രമേണ തമിഴ്‌നാട്ടില്‍ നിന്നുള്ള മാഫിയകള്‍ കൈയ്യടക്കാന്‍ തുടങ്ങുകയായിരുന്നു. തമിഴ്‌നാട്ടിലെ വന്‍കിട ഫാക്ടറികളിലേക്ക് മണല്‍ക്കടത്താന്‍ തുടങ്ങിയതോടെയാണ് നെയ്യാറും തീരവും നശിക്കാന്‍ തുടങ്ങിയത്. ജനിച്ചപ്പോള്‍ മുതല്‍ കണ്ടുകൊണ്ടിരിക്കുന്ന നെയ്യാറും തീരവും ചിലരുടെ ആര്‍ത്തിക്ക് ഇരയായിക്കൊണ്ടിരിക്കുകയാണെന്ന ബോധ്യമാണ് ഡാര്‍ലി അമ്മൂമ്മയെ ഇവര്‍ക്കെതിരാക്കിയത്. ജനപ്രതിനിധികളും പൊലീസും മണല്‍മാഫിയയുമായി അവിശുദ്ധ ബന്ധം പുലര്‍ത്തിയതിന്റെ ഫലമായി മണലെടുപ്പ് നിയന്ത്രണാതീതമായി നടന്നു. ഇവര്‍ക്കെതിരെ ജനങ്ങളുടെ ഭാഗത്ത്‌ നിന്ന് കൂട്ടായ ശബ്ദങ്ങളൊന്നും തന്നെ ഉയര്‍ന്നില്ല. ജനങ്ങള്‍ സംഘടിക്കുന്നതിന് മുന്നെ തന്നെ പണവും ചാരായവും യുവാക്കളെ ഈ തൊഴിലിലേക്ക് ആകര്‍ഷിച്ച് കഴിഞ്ഞിരുന്നു. സെന്റിന് ലക്ഷങ്ങള്‍ വിലകൊടുത്ത് നാട്ടുകാരെ ഓരോരുത്തരെയായി പ്രദേശത്ത് നിന്ന് മണല്‍ മാഫിയ പറഞ്ഞയച്ചു. പ്രദേശവാസികള്‍ തങ്ങള്‍ക്കെതിരാകാതിരിക്കാന്‍ മൂലധനശക്തികള്‍ പ്രയോഗിക്കുന്ന പതിവ് തന്ത്രങ്ങള്‍ തന്നെയാണ് നെയ്യാറ്റിന്‍കരയില്‍ മണല്‍മാഫിയയും പ്രയോഗിച്ചത്. ഒരു ജനകീയ പ്രക്ഷോഭത്തിന് സാധ്യതയില്ലാത്ത പ്രദേശമായി നെയ്യാറിന്റെ തീരങ്ങള്‍ മാറിക്കഴിഞ്ഞുവെന്ന സത്യം പരിസ്ഥിതി പ്രവര്‍ത്തകരും തിരിച്ചറിഞ്ഞതുകൊണ്ടായിരിക്കാം, ശക്തമായ പരിസ്ഥിതി സമരങ്ങളൊന്നും തന്നെ ഇവിടെ ഉണ്ടായില്ല.

കൂട്ടമായി പ്രതികരിക്കാന്‍ അവസരമില്ലാത്തിടത്ത് ഒറ്റപ്പെട്ട എതിര്‍ ശബ്ദമായി മാറി ഡാര്‍ളി അമ്മൂമ്മ.  കാരണം നെയ്യാറിനൊപ്പം താളം തെറ്റുന്നത് തന്റെ കൂടി ജീവിതമാണെന്ന തിരിച്ചറിവ് അവര്‍ക്കുണ്ടായിരുന്നു. നെയ്യാറ്റിന്‍കര ആയുര്‍വേദ ആശുപത്രിയിലെ ജോലിയില്‍ നിന്ന് വിരമിച്ചതിന്റെ പെന്‍ഷനുമായി തന്റെ പതിനെട്ട് സെന്റിലെ കുഞ്ഞ് വീട്ടിലെ ജീവിതത്തില്‍ മറ്റ് അല്ലലുകളൊന്നും അവര്‍ക്ക് ഉണ്ടായിരുന്നില്ല. പുഴയോട് മനുഷ്യരോടെന്നതിനെക്കാള്‍ കൂട്ടും വര്‍ത്തമാനം പറച്ചിലുമായി ജീവിച്ച ഡാര്‍ളി അമ്മൂമ്മ സ്വയം രക്ഷക്കായി ഇടുപ്പില്‍ വെട്ടുകത്തി സൂക്ഷിച്ചു. വീടിനടുത്തുള്ള പുലിമുട്ടത്ത് കടവില്‍ മണലൂറ്റ് സജീവമായതോടെ പുലര്‍ച്ചെ മണലൂറ്റാന്‍ എത്തുന്നവര്‍ക്കെതിരെ തെറിവിളിച്ച് ദിവസം തുടങ്ങേണ്ട ഗതികേടിലായി അവര്‍. അതുകൊണ്ടും തീരാതെ രാവിലെയായാല്‍ പൊലീസ് സ്റ്റേഷനുകളില്‍ പരാതിയുമായി കയറി നടന്നു. കലക്ടര്‍ക്കും മന്ത്രിമാര്‍ക്കും മുഖ്യമന്ത്രിയുടെ സുതാര്യകേരളം പരിപാടിയിലും മാറിമാറി പരാതികള്‍ നല്‍കി. പ്രകൃതി ചൂഷണത്തിനെതിരെ നില്‍ക്കേണ്ടവര്‍ സ്വാര്‍ഥ ലാഭത്തിനായി നിലയുറപ്പിച്ചതോടെ ഒരാളുടെ മാത്രം പ്രതികരണം ഭ്രാന്തായി ചിത്രീകരിക്കാന്‍ അധികാരികള്‍ക്കും നാട്ടുകാര്‍ക്കും അധികം ബുദ്ധിമുട്ടുണ്ടായില്ല. ആരെയും കൂസാത്ത, ശക്തമായ രീതിയില്‍ പ്രതികരിച്ചു കൊണ്ടിരുന്ന ഡാര്‍ളി അമ്മൂമ്മയുടെ വാക്കുകള്‍ കേവലം ഭ്രാന്തായി ചിത്രീകരിക്കാന്‍ ശ്രമിച്ചത് ആ നാടിന്റെ ദുര്‍വിധിയാണ്. അവര്‍ ഉന്നയിച്ച പ്രസക്തമായ വിഷയങ്ങള്‍ കണ്ടില്ലെന്ന് നടിച്ചത്, നെയ്യാറിന്റെ തീരങ്ങള്‍ ഇനി വീണ്ടെടുക്കാനാകാത്ത വിധം നശിക്കുന്നതിനാണ് കാരണമായത്.

എതിരാളികള്‍ എത്ര ശക്തരാണങ്കിലും തന്റെ സ്വര്‍ഗമായിരുന്ന പുഴയും വീടും വിട്ട് പോകാന്‍ അവര്‍ തയ്യാറായില്ല. പ്രലോഭനങ്ങള്‍ക്കും ഭീഷണികള്‍ക്കും ഡാര്‍ളി അമ്മൂമ്മയെ പിന്തിരിപ്പിക്കാനായില്ല. സെന്റിന് 5 ലക്ഷം രൂപയും തിരുവനന്തപുരത്ത് ഫ്‌ളാറ്റുമാണ് അവിടം വിട്ടുപോകുന്നതിന്റെ വിലയായി ഡാര്‍ളി അമ്മൂമ്മക്ക് മുന്നില്‍ വെച്ച് നീട്ടിയത്. ഒരു പക്ഷെ സ്ഥിര ബുദ്ധിയുള്ള ഒരാളും ഇത്തരത്തിലൊരു അവസരം നിരസിക്കില്ലെന്ന പൊതുബോധവും അവരെ ഒരു ഭ്രാന്തിയായി മുദ്രകുത്താന്‍ നാട്ടുകാരെ പ്രേരിപ്പിച്ചിരിക്കും. 1999ല്‍ വീട് കത്തിക്കാനുള്ള ശ്രമവും 2012ല്‍ ബൈക്കിടിച്ച് പരിക്കേല്‍പ്പിക്കാനുള്ള ശ്രമങ്ങളുംഉണ്ടായി. ഈ രണ്ട് സംഭവങ്ങളിലും അവര്‍ക്ക് അനുകൂലമായ രീതിയില്‍ ഒരു നിയമനടപടിയും ഉണ്ടായിട്ടില്ല. ഇതിനൊക്കെ പുറമെ വീട്ടിലെത്തിയുള്ള ഭീഷണിപ്പെടുത്തലുകളും വെല്ലുവിളികളും അവര്‍ക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. ഡാര്‍ളി അമ്മൂമ്മയെ അനുകൂലിക്കുന്നവരെ പ്രലോഭനങ്ങളിലൂടെയും ഭീഷണികളിലൂടെയും അവരില്‍ നിന്നും അകറ്റാന്‍ മണല്‍ മാഫിയക്ക് കഴിഞ്ഞു. സമാനമനസ്‌കരായ ചിലരെങ്കിലും ഇടപെട്ടില്ലായിരുന്നുവെങ്കില്‍ ഡാര്‍ളി അമ്മൂമ്മയുടെ ചെറുത്ത് നില്‍പ്പ് ഒരു വാര്‍ത്തപോലും ആകുമായിരുന്നില്ല. 

2013ല്‍ തുലാവര്‍ഷം കനത്തപ്പോള്‍, നെയ്യാറിന്റെ ഒഴുക്കില്‍ പിടിച്ചു നില്‍ക്കാനുള്ള ശക്തി ഡാര്‍ളി അമ്മൂമ്മയുടെ മണ്ണിന് ഉണ്ടായിരുന്നില്ല. വീടും അതിനെ താങ്ങിനിര്‍ത്തുന്ന മണ്ണും പൂര്‍ണമായും പുഴയിലേക്ക് ഇടിഞ്ഞുവീഴാന്‍ തുടങ്ങുമ്പോഴും അവിടം വിടാന്‍ ഡാര്‍ളി അമ്മൂമ്മ കൂട്ടാക്കിയില്ല. ബലപ്രയോഗത്തിലൂടെ മാത്രമെ പൊലീസിനും ഫയര്‍ഫോഴ്‌സിനും അവരെ അവിടെ നിന്ന് മാറ്റാന്‍ കഴിഞ്ഞുള്ളു. അപ്പോഴും ധീരമായി ചെറുത്തിനില്‍ക്കുകയായിരുന്നു ഡാര്‍ളി അമ്മൂമ്മ. ഞാന്‍ ചത്താലും ഇവിടം വിട്ട് വരില്ലെന്ന് അവര്‍ അലറി. സ്വന്തമായി ആകെയുണ്ടായിരുന്നതും നഷ്ടപ്പെടുമ്പോഴുണ്ടാകുന്ന അവസാനത്തെ ചെറുത്തുനില്പ്.പൊലീസ് സ്റ്റേഷനില്‍ എത്തിച്ച ഡാര്‍ളി അമ്മൂമ്മ വാവിട്ട് കരഞ്ഞുകൊണ്ടാണ് വഴുതക്കാടുള്ള വര്‍ക്കിങ് വുമണ്‍സ് അസോസിയേഷന്‍ ഹോസ്റ്റലിലേക്ക് മാറുന്നത്. ഡാര്‍ളി അമ്മൂമ്മയെ പുറത്ത് പോകുന്നത് വിലക്കികൊണ്ട് ഹോസ്റ്റല്‍ വാര്‍ഡന് പൊലീസ് നിര്‍ദേശം നല്‍കിയിരുന്നു. മണല്‍മാഫിയക്കെതിരെ സമരമായോ നിയമനടപടികളുമായോ അവര്‍ മുന്നിട്ടിറങ്ങുമെന്ന പേടിയില്‍ നിന്നുണ്ടായ മുന്‍കരുതലായിരുന്നു ഈ നിയന്ത്രണത്തിന് പിന്നില്‍. വിഷയത്തില്‍ ഇടപെട്ട് കൊണ്ടിരുന്ന ശ്രീജ നെയ്യാറ്റിന്‍കരയുടെ ശ്രമത്തിന്റെ ഫലമായാണ് ഡാര്‍ളി അമ്മൂമ്മക്ക്  പുറത്തിറങ്ങാന്‍ സാധിച്ചത്. ജീവിക്കാന്‍ വീടും സ്ഥലവും നഷ്ടപരിഹാരവും ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റ് പടിക്കല്‍ ഡാര്‍ളി അമ്മൂമ്മ നടത്തിയ സമരത്തിന് മികച്ച മാധ്യമ ശ്രദ്ധയാണ് കിട്ടിയത്. അടുത്ത ദിവസം തന്നെ സമരത്തിന്റെ ആവശ്യങ്ങള്‍ അംഗീകരിച്ചുകൊണ്ട് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രഖ്യാപനം നടത്തി. എന്നാല്‍ മാസങ്ങള്‍ക്ക് ശേഷം പ്രഖ്യാപനത്തിന്റെ പുരോഗതി അന്വഷിച്ച് ചെന്ന ഡാര്‍ളി അമ്മൂമ്മക്കും ശ്രീജ നെയ്യാറ്റിന്‍കരക്കും മുന്നില്‍ കൈമലര്‍ത്തി താനങ്ങനെ പറഞ്ഞിരുന്നുവോ എന്ന് അമ്പരക്കുകയാണ് മുഖ്യമന്ത്രി ചെയ്തത്. 

ബെസ്റ്റ് ഓഫ് അഴിമുഖം

കേരള വികസനം ഏത് വഴിയില്‍
ജസീറ ചോദിക്കുന്നു – പരിസ്ഥിതി സംരക്ഷിക്കണമെന്ന് പറയുന്നതു തെറ്റാണോ?
മിസ്റ്റര്‍ മുഖ്യമന്ത്രി… ഈ ജീവിതങ്ങള്‍ക്ക് നിങ്ങള്‍ മറുപടി പറയേണ്ടി വരും
കടലുണ്ടിപ്പുഴയെ വീണ്ടെടുക്കേണ്ടതുണ്ട്
വയനാട്ടിലെ ഓര്‍ക്കിഡുകള്‍ക്ക് വേണ്ടി ആര് ഹര്‍ത്താല്‍ നടത്തും?

 

ഫയലുകള്‍ പൂഴ്ത്താനുള്ള ശ്രമം തിരുവനന്തപുരം മുന്‍ ജില്ലാ കലക്ടറായിരുന്ന സതീഷ് കുമാറിന്റെ ഭാഗത്ത് നിന്ന് ഉണ്ടായതായി ശ്രീജ നെയ്യാറ്റിന്‍കര സാക്ഷ്യപ്പെടുത്തുന്നു. തുടര്‍ന്ന് വിഷയത്തില്‍ കെപിസിസി പ്രസിഡന്റ് വി എം സുധീരന്റെ ഇടപെടല്‍ ഉണ്ടായതിന് ശേഷമാണ് ഡാര്‍ളി അമ്മൂമ്മയുടെ ആവശ്യം സര്‍ക്കാര്‍ ഉത്തരവായി ഇറങ്ങുന്നത്. ഉത്തരവിന്റെ പശ്ചാത്തലത്തില്‍, ജില്ലാ കലക്ടര്‍ ബിജു പ്രഭാകറിന്റെ നിര്‍ദേശ പ്രകാരം നെയ്യാറ്റിന്‍കര തഹസില്‍ദാര്‍ 3 സെന്റ് സ്ഥലം ഡാര്‍ളി അമ്മൂമ്മയുടെ വീട് പണിയാനായി കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ സ്ഥലം വാങ്ങിക്കാനും വീട് പണിയാനുമായുള്ള ഫണ്ട് ഇതുവരെയും അനുവദിച്ച് കിട്ടിയിട്ടില്ല. ഫണ്ട് അനുവദിച്ചു കിട്ടിയാല്‍ ആറ് മാസത്തിനകം വീട് വെച്ചുകൊടുക്കാമെന്ന ഉറപ്പാണ് കലക്ടര്‍ക്ക് ഇപ്പോള്‍ നല്‍കാന്‍ കഴിയുന്നത്. നെയ്യാറിനെ ഊറ്റി ലാഭം കൊയ്തവര്‍ക്കെതിരെ കേസെടുത്ത് ഇവരില്‍ നിന്ന് പിഴ ഈടാക്കി ഡാര്‍ളി അമ്മൂമ്മക്ക് നഷ്ടപരിഹാരമായി നല്‍കണമെന്ന് ശ്രീജ നെയ്യാറ്റിന്‍കര ആവശ്യപ്പെടുന്നു. വേരുകള്‍ നഷ്ടപ്പെട്ട ഡാര്‍ളി അമ്മൂമ്മയെ ആരോരുമില്ലാത്തവളാക്കാന്‍ ഒരുക്കമല്ല ശ്രീജ. സര്‍ക്കാര്‍ പുതിയ വീട് പണിത് കൊടുത്താലും മാനസികമായി തളര്‍ന്ന ഡാര്‍ളി അമ്മൂമ്മയെ ഒറ്റക്കാക്കില്ലെന്നും ശ്രീജ ഉറപ്പിച്ച് പറയുന്നു.

സര്‍ക്കാര്‍ എവിടെ വീട് വെച്ച് തരാമെന്ന് പറഞ്ഞാലും ഓലത്താന്നിയില്‍ പുഴ മിച്ചംവെച്ച തന്റെ സ്ഥലത്ത് ഓലക്കൂരകെട്ടി താമസിക്കുന്നത് സ്വപ്നം കാണുകയാണ് ഡാര്‍ളി അമ്മൂമ്മ. ഇനിയൊരു മഴവെള്ളപ്പാച്ചിലിനെ അതിജീവിക്കേണ്ട ശക്തി, കുഞ്ഞ് തുരുത്തായി മാറിക്കഴിഞ്ഞ ആ ശിഷ്ട ഭൂമിക്കില്ല എന്ന യാഥാര്‍ഥ്യം ഉള്‍ക്കൊള്ളാന്‍ ഡാര്‍ളി അമ്മൂമ്മയുടെ മനസ് ഇന്നും ഒരുക്കമല്ല.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍