UPDATES

അപര്‍ണ്ണ

കാഴ്ചപ്പാട്

അപര്‍ണ്ണ

സിനിമ

ഡാര്‍വിന്റെ പരിണാമം അഥവാ മാറ്റമില്ലാത്ത മലയാള സിനിമ

അപര്‍ണ്ണ

കൊന്തയും പൂണൂലും എന്ന ആദ്യ ചിത്രത്തിനുശേഷം ജിജോ ആന്റണി ഒരുക്കിയ സിനിമയാണ് ഡാര്‍വിന്റെ പരിണാമം. ഇപ്പോള്‍ ഇറങ്ങുന്ന ഭൂരിഭാഗം സിനിമയ്ക്കും ഉള്ള വന്‍ ഓണ്‍ലൈന്‍ ഹൈപ് ഡാര്‍വിന്റെ പരിണാമത്തിനും കിട്ടി. സമീപകാലത്തായി തൊട്ടതെല്ലാം പൊന്നാക്കുന്ന പൃഥ്വിരാജ് തന്നെയായിരുന്നു ഈ സിനിമയുടെയും തുരുപ്പു ചീട്ട്.

സിനിമ പറയുന്നത് ഗോറില്ല ഡാര്‍വിന്‍ എന്ന ഭീകരന്റെ നന്മയിലേക്കുള്ള പരിണാമത്തിന്റെ കഥയാണ്. കൊച്ചിയെ കിടുകിടാ വിറപ്പിക്കുന്ന ഗുണ്ടയായ ഡാര്‍വിന്റെ ജീവിതത്തിലേക്ക് അനില്‍ ആന്റോ (പൃഥ്വിരാജ്)എന്ന നാട്ടിന്‍പുറത്തുകാരന്‍ യാദൃശ്ചികമായി കയറിവരുന്നതും പിന്നീട് അവര്‍ക്കിടയില്‍ ഉണ്ടാവുന്ന സ്‌നേഹദ്വേഷങ്ങളും ഒക്കെയാണ് കഥ. കുടുംബ വഴക്കുകളില്‍ മനം മടുത്തു കൊട്ടാരക്കരയില്‍ നിന്നും ഗര്‍ഭിണിയായ ഭാര്യ അമല (ചാന്ദിനി)യെയും കൂട്ടി കൊച്ചിയില്‍ എത്തിയതാണ് അനില്‍. അവിടെ വച്ച് നമുക്കെല്ലാം ഊഹിക്കാവുന്ന പോലെ ഡാര്‍വിന്റെ ജീവിതത്തിലേക്ക് അയാളുടെ സസ്‌പെന്‍സ് എന്‍ട്രി. പിന്നെ എല്ലാം പതിവ് പോലെ…

വിശാലമായ അര്‍ത്ഥമുണ്ടാക്കാനാണോ എന്നറിയില്ല യാതൊരു ബന്ധവും ഇല്ലെങ്കിലും അര്‍ഹതയുള്ളവരുടെ അതിജീവിനം എന്ന ഡാര്‍വിന്റെ സിദ്ധാന്തത്തെ വിചിത്രമായ രീതിയില്‍ കൂട്ടുപിടിക്കുന്നുണ്ട് സിനിമ. കൊച്ചിയെ കൈവെള്ളയില്‍ ഒതുക്കിയ ഡാര്‍വിനെ നിഷ്‌കളങ്കനായ അനില്‍ വട്ടം കറക്കുന്നത് കണ്ടാല്‍ ചിരിയും കരച്ചിലും ഒന്നിച്ചു വരും. ആമേന്‍ പോലുള്ള സിനിമകളിലെ മിസ്റ്റിക് അന്തരീക്ഷം കടമെടുത്തും കിരീടം പോലുള്ള സിനിമകളിലെ കഥാഗതി തിരിച്ചും മറിച്ചും എഴുതിയും സിനിമ ഇഴഞ്ഞും വഴുതിയും രണ്ടര മണിക്കൂറിലേറെ മുന്നോട്ട് പോകുന്നു. അനിലിന്റെ ഗാര്‍ഹിക പ്രശ്‌നങ്ങളും സീരിയലിനെതിരെയുള്ള ഉപദേശ കഥകളും അതിവൈകാരികത കൊണ്ട് പ്രേക്ഷകരെ ചിരിപ്പിക്കുക തന്നെ ചെയ്യും. 

മാമുക്കോയയുടെ കഥാപാത്രം പ്രകടമായും മറ്റെല്ലാ കഥാപാത്രങ്ങളും പരോക്ഷമായും ഇതുവരെ ഉണ്ടായ പോപ്പുലര്‍ സിനിമകളില്‍ പല കാലങ്ങളിലായി കണ്ട പല കഥാപാത്രങ്ങളുടെ അനുകരണങ്ങളാണ്. കഥാ സന്ദര്‍ഭങ്ങളും പാട്ടുകളും ഒക്കെ ഏറിയും കുറഞ്ഞും അങ്ങനെ തന്നെ.

വിഗ്രഹമോഷണം പ്രാദേശിക വാര്‍ത്തകളിലും മീശ മാധവനിലും, മാലാഖയും പുണ്യാളനും ആമേനിലും പ്രാഞ്ചിയേട്ടനിലും കണ്ടത് കൊണ്ട് വല്ലാത്ത മുഷിപ്പ് തോന്നി. പൃഥ്വിരാജിന്റെ ഹീറോയിസത്തിനാവട്ടെ യാതൊരു പുതുമയും ഇല്ല. പാവം നായകന്‍ സാന്ദര്‍ഭികമായി ധൈര്യം വരുന്നു, ബുദ്ധിയും ശക്തിയും സമം ചേര്‍ത്ത് അയാള്‍ വില്ലനെ തോല്‍പിക്കുന്നു, പഴയ സ്വന്തം ഡയലോഗുകള്‍ പറഞ്ഞും പറയിപ്പിച്ചും കയ്യടി വാങ്ങിക്കുന്നു, നന്മ നിറഞ്ഞു പൂത്തു പുഷ്പ്പിക്കുന്നു, കൂളിംഗ് ഗ്ലാസ് വച്ച് സ്ലോ മോഷനില്‍ നടന്നു നീങ്ങുന്നു….എല്ലാം ശുഭം…പൃഥ്വിരാജിനും സൗബിനും ചെമ്പന്‍ വിനോദിനും മാത്രമേ സിനിമയില്‍ കാര്യമായി എന്തെങ്കിലും ചെയ്യാനുള്ളൂ. ബാക്കിയുള്ളവര്‍ വരുന്നു, പോകുന്നു, തമാശ പറയുന്നു, കരയുന്നു, അങ്ങനെ സിനിമ തീരുന്നു.

പൃഥ്വിരാജിന്റെ ഇപ്പോഴുള്ള താരമൂല്യത്തെ പരമാവധി മുതലെടുത്ത് എന്തൊക്കെയോ തട്ടിക്കൂട്ടി ഒരു സിനിമ ഉണ്ടാക്കുക മാത്രമായിരുന്നു സംവിധായകന്റെ ലക്ഷ്യം എന്ന് തോന്നും സിനിമ കണ്ടാല്‍. പൃഥ്വിരാജ് തല്ലുന്നതും വമ്പന്‍ ഡയലോഗുകള്‍ പറയുന്നതും കണ്ടാല്‍ കയ്യടിക്കാനും സന്തോഷിക്കാനും പറ്റുമെങ്കില്‍ മാത്രം ഡാര്‍വിന്റെ പരിണാമം കാണാന്‍ പോവുക.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

അപര്‍ണ്ണ

അപര്‍ണ്ണ

ഗവേഷക വിദ്യാര്‍ഥിയാണ് അപര്‍ണ്ണ. സമകാലിക സിനിമയെ വിശകലനം ചെയ്യുന്ന ഓഫ്-ഷോട്സ് എന്ന കോളം അഴിമുഖത്തില്‍ കൈകാര്യം ചെയ്യുന്നു.

More Posts - Website

Follow Author:
TwitterFacebookLinkedInPinterestGoogle Plus

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍