UPDATES

വിപണി/സാമ്പത്തികം

നോട്ട് നിരോധനത്തിന് ശേഷം സ്വകാര്യ നിക്ഷേപങ്ങളില്‍ 60 ശതമാനത്തിന്റെ കുറവ് കണ്ടെത്തി, ആദായ നികുതി പരിഷ്‌കാരത്തിനുള്ള കമ്മിറ്റി റിപ്പോര്‍ട്ട് പൂഴ്ത്തി

നോട്ടു നിരോധനം പരാജയമെന്ന് തെളിയിക്കുന്ന കണക്കുകള്‍

അരനൂറ്റാണ്ട് പഴക്കമുള്ള ആദായ- കോര്‍പ്പറേറ്റ് നികുതി നിയമങ്ങള്‍ പരിഷ്‌ക്കരിക്കുന്നതിന് വേണ്ടി നിയമിച്ച കര്‍മ്മ സമിതിയുടെ റിപ്പോര്‍ട്ട് സര്‍ക്കാര്‍ മറച്ചുവെച്ചതായി റിപ്പോര്‍ട്ട്. നോട്ടുനിരോധനത്തിന് ശേഷം കോര്‍പ്പറേറ്റ് നിക്ഷേപങ്ങളില്‍ 60 ശതമാനത്തിന്റെ കുറവുണ്ടായെന്ന സമിതി കണ്ടെത്തിയതിനെ തുടര്‍ന്നാണ് റിപ്പോര്‍ട്ട് മരവിപ്പിച്ചതെന്നാണ് സൂചന. ‘ദി ഹിന്ദു’ പത്രമാണ് ഇത് സംബന്ധിച്ച റിപ്പോർട്ട്  പ്രസിദ്ധീകരിച്ചത്.

2017 ല്‍ ടാക്‌സ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ പങ്കെടുത്തുകൊണ്ടാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി അമ്പത് വര്‍ഷമായുള്ള നികുതി നിയമം പരിഷ്‌ക്കരിക്കരണമെന്ന നിര്‍ദ്ദേശം മുന്നോട്ടുവെച്ചത്. തുടർന്ന് ഇന്ത്യയുടെ വര്‍ത്തമാനകാല സാമ്പത്തിക ആവശ്യങ്ങള്‍ പരിഗണിച്ച് നിയമ പരിഷ്‌ക്കാരത്തിനുള്ള പഠനങ്ങള്‍ക്കായി ധന മന്ത്രാലയം കര്‍മ സമിതിയെ നിയമിച്ചു. ആറ് അംഗ കര്‍മ സമിതിയെയാണ് നിയമിച്ചത്. 2017 നവംബര്‍ 22 നായിരുന്നു കര്‍മ സമിതിയെ നിയമിച്ചത്.

എന്നാല്‍ 2018 സെപ്റ്റംബര്‍ 26 ന് ധനമന്ത്രിയുടെ അംഗീകാരത്തോടെ കര്‍മ സമിതിയുടെ കണ്‍വീനര്‍ക്ക് ഔദ്യോഗികമായ നിര്‍ദ്ദേശം ലഭിച്ചു. സര്‍ക്കാരിന് ഔദ്യോഗികമായി റിപ്പോര്‍ട്ട് നല്‍കുന്നതിന് മുമ്പ് അതിലെ ഓരോ കണ്ടെത്തലുകളും നിര്‍ദ്ദേശങ്ങളും സമിതിയിലെ എല്ലാ അംഗങ്ങളുമായി ചര്‍ച്ച നടത്തുകയും ഭൂരിപക്ഷം അംഗങ്ങളുടെയും അഭിപ്രായത്തോടെയും നടത്തണമെന്നുമായിരുന്നു നിര്‍ദ്ദേശം.

ഐആര്‍എസ് ഉദ്യോഗസ്ഥനും സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്‌സേഷന്‍ അംഗവുമായ അര്‍ബിന്ദ് മോദിയായിരുന്നു കര്‍മസമിതിയുടെ കണ്‍വീനര്‍. നികുതി പരിഷ്‌ക്കാരത്തിന് എ ബി വാജ്‌പേയ്, മന്‍മോഹന്‍സിങ് എന്നീ സര്‍ക്കാരുകള്‍ ഇദ്ദേഹത്തിന്റെ സേവനം നികുതി സംബന്ധമായ കാര്യങ്ങള്‍ക്കുപയോഗിച്ചിരുന്നുവെന്നും ഹിന്ദുവിലെ ലേഖനത്തില്‍ പറയുന്നു.
മറിച്ച് നിര്‍ദ്ദേശങ്ങള്‍ ഉണ്ടായിരുന്നുവെങ്കിലും ഇദ്ദേഹം കര്‍മസമിതിയുടെ ശുപാര്‍ശകള്‍ നാല് വോള്യങ്ങളായി ധനമന്ത്രാലയത്തിന് സമര്‍പ്പിച്ചു. കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 28 നാണ് റിപ്പോര്‍ട്ട് നല്‍കിയത്. ഇതിനിടെ ഇദ്ദേഹത്തിന്റെ കാലവധി കഴിഞ്ഞു. സര്‍ക്കാര്‍ കാലാവധി നീട്ടി നല്‍കിയതുമില്ല. അഖിലേഷ് രാജന്‍ എന്ന ഉദ്യോഗസ്ഥനെ കണ്‍വീനറായി സര്‍ക്കാര്‍ നിയമിക്കുകയും ചെയ്തു.

വിവിധ കമ്പനികള്‍ സമർപ്പിച്ച കമ്പനി രേഖകളുടെ ആധാരത്തില്‍ തയ്യറാക്കിയ റിപ്പോര്‍ട്ടില്‍ നോട്ടുനിരോധനം കമ്പനികളെ എങ്ങനെയാണ് ബാധിച്ചത് എന്നതിലേക്ക് വിരല്‍ ചൂണ്ടുന്ന കണക്കുകളാണുള്ളത്. 2017-18 കാലത്ത് കോര്‍പ്പേറേറ്റ് നിക്ഷേപത്തിൽ  മുന്‍വര്‍ഷങ്ങളില്‍നിന്ന് അപേക്ഷിച്ച് 60 ശതമാനത്തിന്റെ കുറവാണുണ്ടായത്. ആകെ പുതിയ നിക്ഷേപം 17-18 കാലത്ത് 4,25,051 കോടിയുടെതായിരുന്നു. മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ 2.7 ശതമാനമായിട്ടാണ് നിക്ഷേപത്തിന്റെ തോത് കുറഞ്ഞത്.  2010 ല്‍ ഇത് 15 ശതമാനമായിരുന്നു. 7, 80, 216 കമ്പനികളാണ് റിട്ടേണ്‍സ് ഫയല്‍ ചെയ്തത്. ഇതില്‍ 45.94 ശതമാനവും ഈ കാലയളവലില്‍ നഷ്ടമായിരുന്നു.

നോട്ട് നിരോധനം വലിയ പരാജയമാണെന്ന് തെളിയിക്കുന്ന രേഖകള്‍ ഉള്ളതിനാലാവും നികുതി നിയമ പരിഷ്‌ക്കാരത്തിന് കഴിഞ്ഞ വര്‍ഷം റിപ്പോര്‍ട്ട് പുറത്തുവിടാതിരുന്നതെന്നാണ് സൂചന.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍