UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കുലീന മരുമകളാകാന്‍ 5 യോഗ്യതകള്‍

Avatar

ഭവ്യ വേലായുധന്‍

സ്വതന്ത്ര കാഴ്ചപ്പാടോടെ എല്ലാ വിധ സ്വാതന്ത്ര്യവും നല്‍കി മകളെ വളര്‍ത്തിയൊരച്ഛന്‍. സ്‌നേഹിക്കുകയും ലാളിക്കുകയും ചെയ്യുന്നതോടൊപ്പം മകളെടുക്കുന്ന തീരുമാനങ്ങള്‍ക്ക് വേണ്ട പിന്തുണയും ശക്തിയും നല്‍കിയൊരച്ഛന്‍. ഏതു മകളും കൊതിച്ചു പോകുന്ന, അങ്ങനെയുള്ളൊരച്ഛനെ കഴിഞ്ഞ 10 വര്‍ഷമായി എനിക്കറിയാം. അദ്ദേഹത്തിന്റെ മകള്‍ എന്നെക്കാള്‍ 6 വയസ്സ് മൂത്തതാണ്. കേരളത്തിലെ ഒരു യാഥാസ്ഥിതിക കുടുംബത്തിന് ചിന്തിക്കാവുന്നതിനുമപ്പുറത്തെ രീതിയിലാണ് അദ്ദേഹം അവളെ വളര്‍ത്തിയത്. തികഞ്ഞ ഉത്സാഹിയായ അവള്‍ നിശ്ചയദാര്‍ഢ്യത്തോടെയും തന്റേടത്തോടേയും കാര്യങ്ങളില്‍ ഇടപെട്ടു. തനിച്ചും തനിക്കിഷ്ടമുള്ളവര്‍ക്കൊപ്പവും യാത്രകള്‍ ചെയ്തു. ഒരു ഇംഗ്ലീഷുകാരനെ കല്ല്യാണം കഴിച്ച് ലണ്ടനില്‍ താമസമാക്കിയിരിക്കുകയാണിപ്പോളവള്‍.

വല്ലാത്തൊരാദരവ് എനിക്കാ അച്ഛനോടുണ്ടായിരുന്നു. എന്നെ സംബന്ധിച്ച കാര്യങ്ങളില്‍ തീരുമാനങ്ങളെടുക്കേണ്ടി വരുമ്പോള്‍ എന്റച്ഛനു പോലും പലപ്പോഴും അദ്ദേഹമായിരുന്നു പ്രചോദനമെന്നെനിക്കു തോന്നിയിട്ടുണ്ട്.

എന്നാല്‍ നിര്‍ഭാഗ്യകരമെന്നു പറയട്ടെ. ഈ അച്ഛനോട് എനിക്കുണ്ടായിരുന്ന ആദരവില്‍ കാര്യമായ ഇടിവുണ്ടാക്കുന്ന സംഭവങ്ങളാണ് കുറച്ചാഴ്ച്ചകള്‍ക്കു മുമ്പ് ഇദ്ദേഹത്തിന്റെ മകനുമായി സംസാരിച്ചപ്പോള്‍ അറിയാന്‍ കഴിഞ്ഞത്. ഈ കുടുംബവുമായി പരിചയത്തിലായതു മുതല്‍ അവനേയും എനിക്കറിയാം. ഇന്ത്യയിലെ തന്നെ മുന്‍നിര മാനേജ്‌മെന്റ് സ്ഥാപനങ്ങളിലൊന്നില്‍ നല്ല നിലയില്‍ പ്ലെയ്‌സ്ഡ് ആയ, സ്മാര്‍ട്ടായ ചെറുപ്പക്കാരന്‍. അതേ സ്ഥാപനത്തില്‍ അവന്റെയൊപ്പം പ്രവര്‍ത്തിക്കുന്ന അവനിഷ്ടപ്പെടുന്നൊരു പെണ്‍ സുഹൃത്തിനെ വിവാഹം ചെയ്യണമെന്നു പറഞ്ഞപ്പോള്‍ ആദര്‍ശവാനായ ആ അച്ഛന്‍ പൊടുന്നനെ വില്ലനായി മാറി. 

വിവരവും, വിദ്യാഭ്യാസവും, സ്വാതന്ത്ര കാഴ്ച്ചപ്പാടുകളെല്ലാമുള്ളവള്‍ തന്നെയായിരുന്നു മകന്‍ പറഞ്ഞ ആ പെണ്‍സുഹൃത്ത്. തന്റെ മകളുടെ എല്ലാ സ്വഭാവ സവിശേഷതകളുമുള്ള അവളെ പക്ഷേ മരുമകളായി സ്വീകരിക്കാന്‍ ആ അച്ഛന്‍ തയ്യാറായിരുന്നില്ല. പാചകം അറിയാത്തതും, പയ്യനെ പോലെ തന്നെ നല്ല ശമ്പളമുള്ള ജോലിയുള്ളതുമൊക്കെ മരുമകളുടെ മൈനസ് പോയിന്റുകളായാണ് അദ്ദേഹം വിലയിരുത്തിയത്. വിശേഷ അവസരങ്ങളില്‍ അല്‍പ്പസ്വല്‍പ്പം മദ്യപിക്കുന്നതും, അവള്‍ മലയാളി അല്ലെന്നതുമൊക്കെ വലിയ പോരായ്മകളായി. 

കല്ല്യാണം നിരസിക്കാന്‍ അദ്ദേഹം കണ്ടെത്തിയ കാരണങ്ങള്‍ എന്നെ ശരിക്കും ഞെട്ടിപ്പിക്കുകയും നിരാശപ്പെടുത്തുകയും ചെയ്തു. മകളുടേതില്‍ നിന്നും വ്യത്യസ്ഥമായി മരുമകളുടെ കാര്യത്തില്‍ അദ്ദേഹം ഇത്തരമൊരു ഇരട്ടത്താപ്പ് സ്വീകരിക്കുമെന്നു ഞാന്‍ കരുതിയിരുന്നില്ല. മരുമകളെക്കുറിച്ച് അദ്ദേഹത്തിനുള്ള സങ്കല്‍പ്പം താഴെ പറയും പോലെയൊക്കെ പിന്തിരിപ്പനായിരുന്നു.

1) മരുമകളധികം തന്റേടിയാവരുത്. ഒരുപാട് വിവരവും വേണ്ട (മകള്‍ അങ്ങനെയൊക്കെയായതില്‍ അഭിമാനം കൊള്ളുന്ന അച്ഛന് മരുമകളുടെ കാര്യം വരുമ്പോള്‍ അതൊക്കെ മോശം സംഗതിയാവുന്നു).

2) നല്ല പാചകക്കാരിയാവണം (ഇദ്ദേഹത്തിന്റെ മകള്‍ക്കും പാചകം വലിയ പിടിയില്ല. അതൊരു പാതകവുമല്ല. എന്നാല്‍ മരുമകളുടെ കാര്യത്തില്‍ അതൊരു നിര്‍ബന്ധമാവുന്നു). 

3) മരുമകള്‍ ദൈവ ഭയമുള്ളവളും പരമ്പരാഗത മൂല്യങ്ങള്‍ മുറുകെ പിടിക്കുന്നവളുമാകണം (മരുമകളുടെ മതപരമായ കാഴ്ചപ്പാടുകളില്‍ അമ്മായി അച്ഛനെന്താണ് കാര്യം? പരമ്പരാഗത മൂല്യങ്ങള്‍ എന്നതു കൊണ്ട് ഉദ്ദേശിക്കുന്നത് സീരിയല്‍ നായികയെ പോലെ പെരുമാറുകയും, ഉടുത്തൊരുങ്ങി വീടിനുള്ളില്‍ (മാത്രം) അങ്ങോട്ടുമിങ്ങോട്ടും നടക്കണമെന്നുമൊക്കെയാണോ?).

4) മദ്യപിക്കരുത് (മദ്യം ആരോഗ്യത്തിന് ഹാനികരമെന്ന ബോധ്യത്തില്‍ അവളുടെ ആരോഗ്യത്തെ കരുതിയാണോ ഇത്തരമൊരു നിബന്ധന. തന്റെ ഏറ്റവും പ്രിയപ്പെട്ട മകളുടെ കാര്യത്തില്‍ കാണിക്കാത്ത ആരോഗ്യ ശ്രദ്ധ മരുമകളുടെ കാര്യത്തില്‍ ഉണ്ടാവുന്നത് അതിശയകരം തന്നെ).

5) ജോലിയുള്ള മരുമകള്‍ക്ക് വീട്ടുകാര്യങ്ങള്‍ നോക്കാന്‍ സമയം ഉണ്ടാവില്ല (ലോക പ്രശസ്തമായൊരു മള്‍ട്ടി നാഷണല്‍ കമ്പനിയില്‍ ഉയര്‍ന്ന പദവി വഹിക്കുന്ന പെണ്‍കുട്ടിയുടെ അച്ഛനാണിതു പറയുന്നതെന്നോര്‍ക്കണം. മറ്റുള്ളവരെ പോലെ ഇദ്ദേഹത്തിന്റെയും കാഴ്ചപ്പാടില്‍ ആണ്‍പിള്ളേരെ കല്ല്യാണം കഴിപ്പിക്കുന്നതിന്റെ ഉദ്ദേശം ശമ്പളമില്ലാതെ പണിയെടുക്കുന്ന ഒരു വേലക്കാരിയെ സംഘടിപ്പിക്കുക എന്നതാണ്).

തന്റെ ചേച്ചിയുടെ കാര്യത്തില്‍ അച്ഛന്‍ സ്വീകരിച്ചിട്ടുള്ള വ്യത്യസ്തമായ സമീപനം ചൂണ്ടിക്കാണിച്ച് തര്‍ക്കിച്ചപ്പോള്‍ അവനോട് അദ്ദേഹമുന്നയിച്ച മറു ചോദ്യമിതായിരുന്നു;

മകളെ പോലെയാണോ മരുമകള്‍?

‘മകള്‍/മരുമകള്‍’ പൊതുവായി വരുന്ന ഈ രണ്ടു വാക്കുകള്‍ തമ്മില്‍ വലിയ വ്യത്യാസമൊന്നും കാണാന്‍ കഴിയില്ലെങ്കിലും പ്രായോഗിക തലത്തില്‍ ഇവ തമ്മില്‍ വലിയ അന്തരമുണ്ടെന്നു ഞാനും തിരിച്ചറിയുകയായിരുന്നു.

പാവം പയ്യന്‍…

പയ്യനെ സംബന്ധിച്ച ഏറ്റവും പുതിയ വാര്‍ത്ത. വീട്ടില്‍ നിന്നും കുടുംബത്തില്‍ നിന്നുമുണ്ടായ കടുത്ത വൈകാരിക സമ്മര്‍ദ്ധങ്ങളെ തുടര്‍ന്ന് അവന്‍ വീട്ടുകാര്‍ കണ്ടെത്തിയ മറ്റൊരു കുലീന യുവതിയെ കല്ല്യാണം കഴിക്കാന്‍ നിര്‍ബന്ധിതനായിരിക്കുകയാണ്. 

(ബ്ലോഗെഴുത്തുകാരിയാണ് ഭവ്യ-https://heyithinkthisway.wordpress.com)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍