UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ചാരന്‍മാരുടെ ലോകത്ത് ഹെഡ്ലിയുടെ വില വലുതാണ്; അയാള്‍ സംരക്ഷിക്കപ്പെടും

Avatar

അഴിമുഖം പ്രതിനിധി

26/11 മുംബൈ ഭീകരാക്രമണത്തെ തുടര്‍ന്ന്‍ യു.എസില്‍ 35 വര്‍ഷത്തെ തടവുശിക്ഷ അനുഭവിക്കുന്ന ഡേവിഡ് കോള്‍മാന്‍ ഹെഡ്ലി എന്ന യു. എസ് പൌരന്‍ തിങ്കളാഴ്ച്ച വീഡിയോ വഴി മുംബൈ കോടതിയില്‍ മൊഴി നല്കിയിരുന്നു. ഹെഡ്ലിയുടെ മൊഴി നിരവധി സാധ്യതകള്‍ തുറക്കുന്നുണ്ട്: ലെഷ്കര്‍-ഇ-തൊയ്ബയും മറ്റ് ഇന്ത്യ വിരുദ്ധ സംഘടനകളും പാകിസ്ഥാനില്‍ നിന്നും പ്രവര്‍ത്തിക്കുന്നതിനെക്കുറിച്ച് കൂടുതല്‍ വ്യക്തത ലഭിക്കും. പാകിസ്ഥാന്‍ ഭരണകൂടം ഭീകരവാദത്തിന് നല്‍കുന്ന പിന്തുണ, ഇന്ത്യയുടെ വാണിജ്യ തലസ്ഥാനത്തേക്ക് 10 ഭീകരവാദികള്‍ വന്ന വഴി, ഇവയെല്ലാം ഹെഡ്ലിയുടെ മൊഴിയിലെ സൂചനകള്‍ വഴി കണ്ടെത്താനായേക്കും.

പക്ഷേ ഒരുകാര്യം ഉറപ്പാണ്: മുംബൈ ഭീകരാക്രമണത്തിലെ ആക്രമണലക്ഷ്യങ്ങള്‍ തെരഞ്ഞെടുക്കുന്നതിലും ആസൂത്രണത്തിലും നടപ്പാക്കുന്നതിലും നിര്‍ണായക പങ്കുവഹിച്ച അയാള്‍ ഒരിക്കലും ഇന്ത്യയില്‍ വിചാരണ നേരിടാന്‍ പോകുന്നില്ല. ഹെഡ്ലി എല്ലാക്കാലത്തും യു എസ് തടവറയിലെ താരതമ്യേന സൌകര്യപ്രദമായ അന്തരീക്ഷത്തില്‍ കഴിയും. തങ്ങളുടെ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട ആയിരങ്ങള്‍ക്ക് വീഡിയോ വഴി അയാളെ ശപിക്കാനെ കഴിയൂ.

ദാവൂദ് സയിദ് ഗിലാനി എന്ന ഹെഡ്ലി ഒരു ഇരട്ട ചാരനായിരുന്നു. ലെഷ്കര്‍-ഇ-തൊയ്ബ അംഗമായിട്ടും യു എസ് മയക്കുമരുന്നു വിരുദ്ധ ഏജന്‍സിക്ക് വിവരങ്ങള്‍ നല്‍കുന്ന ഒരാളായി തുടര്‍ന്നിരുന്നു ഹെഡ്ലി. എന്നാല്‍, ഏറെക്കാലമായി ഉയരുന്ന സംശയം തെക്കനേഷ്യയില്‍ യു എസ് ഏജന്‍സികളുടെ ഇരട്ട ചാരനായിരുന്ന ഹെഡ്ലിക്ക് ഇക്കാര്യങ്ങളില്‍ കൂടുതല്‍ പങ്കുണ്ട് എന്നതാണ്.

അതും മറ്റ് പല കാരണങ്ങളും ചേര്‍ന്ന് ഹെഡ്ലിയെ ഒരിക്കലും ഇന്ത്യക്ക് കൈമാറ്റം ചെയ്യപ്പെടില്ല. അയാള്‍ കുറ്റം ചെയ്ത രാജ്യത്ത് അവയുടെ പേരില്‍ അയാള്‍ ഒരിക്കലും ശിക്ഷിക്കപ്പെടില്ല. ആധുനിക-ദേശരാഷ്ട്രങ്ങള്‍ നീതിവ്യവഹാരത്തില്‍ അസ്വാഭാവികമായ പരിധികള്‍ നിശ്ചയിക്കുന്നതിന്റെ ഒരു ഉദാഹരണം കൂടിയാണ് ഹെഡ്ലിയുടെ കേസ്. ലോകത്ത് ഏറ്റവുമധികം വളര്‍ച്ചയുള്ള ഒരു വ്യവസായത്തിലെ അംഗം കൂടിയാണ് അയാള്‍: രഹസ്യാന്വേഷണം. ചാരന്മാരുടെ ലോകത്തെക്കുറിച്ച് ഏറെയൊന്നും പുറത്തറിയില്ല. പക്ഷേ ലോകത്തെ ഏറ്റവും ലാഭകരമായ വ്യവസായം അതാണെന്ന് ഊഹിക്കാം. ഏതെങ്കിലും ഏജന്‍സിക്ക് വേണ്ടി ജോലിചെയ്യാന്‍ ഒരാള്‍ തയ്യാറായാല്‍ അതിന്റെ ഗുണഫലങ്ങള്‍ അത്യധികമാണ്; പക്ഷേ പിന്നെ തിരിച്ചുപോക്കില്ല.

രാഷ്ട്രീയ, സൈനിക രഹസ്യങ്ങള്‍ തൊട്ട് വാണിജ്യ രഹസ്യങ്ങള്‍ വരെ ശേഖരിക്കുന്ന ചാരവൃത്തി ശതകോടികളുടെ വ്യാപാരം നടക്കുന്ന ബഹുമുഖ വ്യവസായമായി മാറിയിരിക്കുന്നു. രഹസ്യാന്വേഷത്തിനായി ബ്രിട്ടീഷ് ചാരന്മാര്‍ ടിബറ്റില്‍ മലകയറിയിറങ്ങിയ തെക്കനേഷ്യയിലാണ് ആധുനിക ചാരവൃത്തി ഉയര്‍ന്നുവന്നത്. തങ്ങളുടെ രഹസ്യങ്ങളും വിവരങ്ങളും സൂക്ഷിക്കാന്‍ ബുദ്ധമതക്കാരുടെ പ്രാര്‍ത്ഥനാമണികളും മാലകളും പോലുള്ള രീതികളാണ് അവരന്ന് ഉപയോഗിച്ചത്.

ഇന്നിപ്പോള്‍ രഹസ്യാന്വേഷണത്തിന് മാത്രമായി രൂപംകൊടുത്ത കമ്പനികളുണ്ട്. ചില രാജ്യങ്ങളില്‍ രഹസ്യാന്വേഷണ വിഭാഗങ്ങള്‍ നടത്തുന്ന പത്രങ്ങളുണ്ട്. ആയിരക്കണക്കിന് കമ്പ്യൂട്ടര്‍ ഹാക്കര്‍മാര്‍, ലക്ഷക്കണക്കിന് ടെലിഫോണുകള്‍ ചോര്‍ത്തുന്നവര്‍, വിദേശശക്തികള്‍ പ്രതിഷ്ഠിക്കുന്ന രാഷ്ട്രീയക്കാര്‍ എന്നിങ്ങനെ പട്ടിക നീളുകയാണ്.

അര്‍ജന്റീനയില്‍ നിന്നുള്ള ഒരു ധനിക സിറിയന്‍ വ്യവസായി എന്ന വ്യാജേന സിറിയന്‍ സര്‍ക്കാരിന്റെ ഉന്നതങ്ങളില്‍ വരെ കയറിപ്പറ്റിയ എലി കൊഹാന്‍ എന്ന മൊസാദ് ചാരനാണ് ഏറ്റവും അറിയപ്പെട്ട ആധുനിക ചാരന്‍. സിറിയന്‍ പ്രതിരോധ മന്ത്രാലയത്തിലെ മുഖ്യ ഉപദേഷ്ടാവായി മാറിയ അയാള്‍ ആറ് ദിവസത്തെ യുദ്ധത്തില്‍ ഇസ്രയേലിന്റെ വിജയത്തിന് ആവശ്യമായ നിര്‍ണായകവിവരങ്ങള്‍ കൈമാറി. ഒടുവില്‍ അയാള്‍ പിടിയിലായപ്പോള്‍ കോഹന്റെ മോചനത്തിനായി ഉന്നതരായ ഇസ്രയേല്‍ രാഷ്ട്രീയ നേതാക്കള്‍ ആഗോള പ്രചരണം വരെ നടത്തി. പക്ഷേ 1965 മെയ് 18-ന് സിറിയ അയാളെ പരസ്യമായി തൂക്കിക്കൊന്നു.

നിരവധി കോഹന്‍മാരുണ്ടാകാം. പക്ഷേ നമുക്കവരെക്കുറിച്ച് അധികമൊന്നും അറിയില്ല.

ഹെഡ്ലി യു എസില്‍ നിന്നും വീഡിയോ ബന്ധം വഴി മൊഴി നല്കുമ്പോള്‍ ഈ ഭീകരവാദി, ഇന്ത്യ കണ്ട ഏറ്റവും മാരകമായ ഭീകരാക്രമണത്തിന്റെ വിചാരണയില്‍ വെറും പ്രതീക സാന്നിധ്യം മാത്രമായിരിക്കും എന്നോര്‍മ്മിക്കാം. ഇന്ത്യയിലെ ഏജന്‍സികളേക്കാള്‍ ശക്തരായ ആളുകള്‍ അയാളെ സംരക്ഷിക്കാന്‍ ആഗ്രഹിക്കുന്നുണ്ട്. അയാള്‍ സംരക്ഷിക്കപ്പെടുകയും ചെയ്യും.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍