UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഇഷ്രതിന് ലെഷ്‌കര്‍ അംഗത്വം പതിച്ചു നല്‍കേണ്ടത് ആരുടെ ആവശ്യമാണ്?

Avatar

ടീം അഴിമുഖം

2004 പൊതുതെരഞ്ഞെടുപ്പില്‍ ബിജെപിക്ക് നേരിടേണ്ടി വന്ന പരാജയത്തെക്കുറിച്ച് തുറന്നു പറയുമ്പോള്‍ അടല്‍ ബിഹാരി വാജ്‌പേയി മണാലിയില്‍ ആയിരുന്നു. പരാജയ കാരണങ്ങളിലൊന്നായി അദ്ദേഹം 2002-ലെ ഗുജറാത്ത് കലാപത്തേയും എണ്ണി. ഗുജറാത്ത് കാരണം പാര്‍ട്ടി ലോക്‌സഭ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടുവെന്നാണ് അദ്ദേഹം പറഞ്ഞത്. ‘കുറച്ച് പേര്‍ മോദിയെ മാറ്റണമെന്നാവശ്യപ്പെട്ടു. എനിക്കും അതേ അഭിപ്രായമായിരുന്നു’, വാജ്‌പേയി പറഞ്ഞു. അദ്ദേഹം ബിജെപിക്കുമേല്‍ ഈ ബോംബ് പൊട്ടിച്ചതിന് ശേഷം നടന്നത് മാക്യവെല്യന്‍ രാഷ്ട്രീയത്തിന്റെ ഒരു ക്ലാസിക്കല്‍ ഉദാഹരണമായിരുന്നു.

ഗാന്ധിനഗറിലേയും മുംബൈയിലേയും ഡല്‍ഹിയിലേയും ഫോണ്‍ ലൈനുകള്‍ നിര്‍ത്താതെ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നു. 2004 ജൂണ്‍ 15-ന് അഹമ്മദാബാദ് പൊലീസ് ക്രൈം ബ്രാഞ്ച് മൂംബൈയില്‍ കോളേജ് വിദ്യാര്‍ത്ഥിനിയായ ഇഷ്രാത് ജഹാന്‍ ഉള്‍പ്പെടെ ലഷ്‌കര്‍ ഇ തൊയ്ബ പ്രവര്‍ത്തകര്‍ എന്നാരോപിച്ച് നാലുപേരെ വെടിവച്ചു കൊന്നു. കൊല്ലപ്പെട്ടവരില്‍ ജാവേദ് ഗുലാം ഷെയ്ഖ് എന്നറിയപ്പെടുന്ന പ്രാണേഷ് കുമാര്‍ പിള്ളയും ഉണ്ടായിരുന്നു. ഒരാഴ്ച കഴിഞ്ഞ് മുംബൈയില്‍ ബിജെപി ദേശീയ നിര്‍വാഹക സമിതി യോഗം ചേരുമ്പോള്‍ മോദിയെ നീക്കം ചെയ്യുന്നതിനെക്കുറിച്ചുള്ള കോലാഹലങ്ങള്‍ മറ്റു ചര്‍ച്ചകള്‍ക്ക് വഴിമാറിയിരുന്നു.

‘കപട മതേതരത്വത്തിന്റെ അപകടകരമായ സൂചനകള്‍ തീവ്രവാദത്തെ ശക്തിപ്പെടുത്തുന്ന’തിനെക്കുറിച്ചായിരുന്നു പാര്‍ട്ടി അധ്യക്ഷന്‍ വെങ്കയ്യ നായിഡു യോഗത്തില്‍ പറഞ്ഞത്. അഹമ്മദാബാദില്‍ ജൂണ്‍ 15-ന് കൊല്ലപ്പെട്ട ഇഷ്രാത് ജഹാനെ കോണ്‍ഗ്രസ് പിന്തുണച്ചതിനെ സൂചിപ്പിച്ചാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്.

അതിനുശേഷം മോദി ഒരു വിജയിയായി ഗുജറാത്തില്‍ തിരിച്ചെത്തി. എന്നാല്‍ തനിക്കു നേരിട്ട തിരിച്ചടിയില്‍ നിന്ന് വാജ്‌പേയി ഒരിക്കലും മോചിതനായില്ല. അങ്ങനെ ബിജെപി ഒരു പുതിയ പാര്‍ട്ടിയായി മാറി. ഇന്ത്യന്‍ രാഷ്ട്രീയം പുതിയൊരു യുഗത്തിലേക്ക് പ്രവേശിക്കുകയും ചെയ്തു.

2008-ലെ മുംബൈ ഭീകരാക്രമണക്കേസില്‍ നടന്നുവരുന്ന വിചാരണയ്ക്കിടെ 2016 ഫെബ്രുവരി 11-ന് ഒരു വീഡിയോ കോണ്‍ഫറന്‍സിലൂടെ അമേരിക്കന്‍ ജയിലില്‍ കഴിയുന്ന ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലിയില്‍ നിന്നും മൊഴിയെടുക്കവെ പത്മശ്രീ ഉജ്വല്‍ നിഗം അദ്ദേഹത്തെക്കൊണ്ട് ഒരു മറുപടി പറയിപ്പിച്ചു: ‘ഇഷ്രാത് ഒരു ലഷ്‌കര്‍ അംഗമായിരുന്നു.’

ഗുജറാത്തിലെ ഒരു ചെക്ക് പോസ്റ്റില്‍ പൊലീസിനു നേര്‍ക്ക് വെടിയുതിര്‍ത്ത്  ‘പാളിപ്പോയ ഒരു ഭീകരാക്രമണ’ ശ്രമത്തെക്കുറിച്ച് മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ സഖിഉര്‍ റഹ്മാന്‍ ലഖ്‌വി തന്നോട് പറഞ്ഞിട്ടുണ്ടെന്ന് ഹെഡ്‌ലി പറഞ്ഞു. നിഗം മൂന്ന് പേരുകള്‍ നല്‍കി- നൂര്‍ജഹാന്‍ ബീഗം, ഇഷ്രാത് ജഹാന്‍, മുംതാസ് ബീഗം- ഹെഡ്‌ലി വേണ്ട പേര് തന്നെ തിരഞ്ഞെടുത്തു. 

ഹെഡ്‌ലിയുടെ വിചാരണ ശ്രദ്ധിക്കുന്നവര്‍ക്ക് ആര്, ആരൊക്കെയായാണ് വേഷമിടുന്നതെന്ന് മനസ്സിലാക്കാന്‍ ബുദ്ധിമുട്ടേണ്ടി വരും. അമേരിക്കന്‍ ഏജന്‍സികള്‍ ഇന്ത്യയെ കബളിപ്പിക്കുകയാണോ? ഹെഡ്‌ലി ഇന്ത്യന്‍ കോടതികളെ കബളിപ്പിക്കുകയാണോ? അതുമല്ലെങ്കില്‍ ഇന്ത്യ ഹെഡ്‌ലിയെ കബളിപ്പിക്കുകയാണോ? രഹസ്യാന്വേഷണത്തിന്റേയും ചാരവിരുദ്ധ പ്രവര്‍ത്തനങ്ങളുടേയും ഇരുളടഞ്ഞ ലോകത്ത് എല്ലായ്‌പ്പോഴും വ്യക്തമായ ഉത്തരങ്ങള്‍ ഉണ്ടായിരിക്കില്ല. അതുകൊണ്ട് തന്നെ ഇതൊന്നും ആശ്ചര്യപ്പെടുത്തുന്നില്ല.

ഇഷ്രാത് ജഹാനെ സംബന്ധിച്ചുള്ള ചോദ്യങ്ങള്‍ ഇതാണ്: ഇഷ്രതിന് ലെഷ്‌കര്‍ അംഗത്വം പതിച്ചു നല്‍കേണ്ടയാള്‍ ഹെഡ്‌ലിയാണോ? ഇനി ഇഷ്രാത് ലഷ്‌കര്‍ അംഗമാണെങ്കില്‍ത്തന്നെ അത് അവരുടെ ക്രൂരമായ കൊലപാതകത്തിനുള്ള ന്യായീകരണമാണോ? മറ്റെല്ലാ കാര്യങ്ങളും അപ്രസക്തമാണ്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍