UPDATES

ദാവൂദിന്റെ സുരക്ഷ പാക് സൈന്യം ഏറ്റെടുത്തു

അഴിമുഖം പ്രതിനിധി

1993-ലെ മുംബയ് സ്‌ഫോടന പരമ്പരയുടെ ബുദ്ധികേന്ദ്രവും അധോലോക നായകനുമായ ദാവൂദ് ഇബ്രാഹിമിന്റെ സുരക്ഷ പാകിസ്താന്‍ വര്‍ദ്ധിപ്പിച്ചുവെന്ന് ഇന്ത്യയുടെ ഇന്റലിജന്‍സ് വൃത്തങ്ങള്‍. പാകിസ്താനിലെ കറാച്ചിയില്‍ വസിക്കുന്ന ദാവൂദിന്റെ സുരക്ഷാകാര്യങ്ങള്‍ പാകിസ്താന്‍ സൈന്യം നേരിട്ടാണ് കൈകാര്യം ചെയ്യുന്നത്. കറാച്ചിയിലേയും ഇസ്ലാമാബാദിലേയും ദാവൂദിന്റെ വീടുകളുടെ സുരക്ഷയ്ക്കായി ജോലി പാക് സൈന്യത്തിലെ പ്രത്യേക കമാന്‍ഡോകളെ നിയോഗിച്ചിട്ടുണ്ട്. ദാവൂദിന്റെ എതിരാളിയായ ഛോട്ടാ രാജനെ ഇന്തോനേഷ്യയില്‍ വച്ച് ഇന്റര്‍പോള്‍ പിടികൂടിയതിന് പിന്നാലെയാണ് സുരക്ഷ വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. ഏറെക്കാലമായി ഇന്ത്യ ദാവൂദിനെ പിടികൂടാന്‍ ശ്രമിക്കുന്നുണ്ട്. ഛോട്ടാ രാജന്‍ പിടിയിലായതിനെ തുടര്‍ന്ന് അടുത്ത് പിടിയിലാകുക ദാവൂദ് ആകുമെന്ന നിരീക്ഷണം ഇന്റലിജന്‍സ് നിരീക്ഷകര്‍ പങ്കുവയ്ക്കുന്നുണ്ട്. ഇതേ തുടര്‍ന്നാണ് കഴിഞ്ഞ ഒരാഴ്ചയായി പാകിസ്താന്‍ ദാവൂദിന്റെ സുരക്ഷ വര്‍ദ്ധിപ്പിച്ചത്. ദാവൂദിന്റെ പാകിസ്താനിലെ ബിസിനസ് താല്‍പര്യങ്ങളേയും ദാവൂദിന്റെ വിലാസവും മറ്റും ഇന്ത്യ പാകിസ്താന് കൈമാറിയിരുന്നു. അതേസമയം ദാവൂദ് പാകിസ്താനില്‍ ഉണ്ടെന്ന് രാജന്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. രാജനെ അടുത്ത ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ഇന്ത്യയിലേക്ക് കൊണ്ടുവന്നേക്കും. രാജനെ ചോദ്യം ചെയ്യുന്നതിലൂടെ മുന്‍ സുഹൃത്തായ ദാവൂദിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഇന്ത്യയ്ക്ക് ലഭിക്കുമെന്നും ഇത് ദാവൂദിന് ഭീഷണിയാകുമെന്നും പാകിസ്താന്‍ കരുതുന്നുണ്ട്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍