UPDATES

പി കെ ശ്രീനിവാസന്‍

കാഴ്ചപ്പാട്

പി കെ ശ്രീനിവാസന്‍

ന്യൂസ് അപ്ഡേറ്റ്സ്

ദയാനിധി മാരന്‍ അഴികള്‍ക്കുള്ളിലേക്കോ?

2006 -ല്‍ ദയാനിധിമാരന്‍ ടെലികോം മന്ത്രിയായിരിക്കുമ്പോള്‍ ചെന്നൈയിലെ ബോട്ട്ക്ലബ് വീട്ടില്‍ 323 ഹൈസ്പീഡ് ഐഎസ്ഡിഎന്‍ ടെലിഫോണുളുള്ള എക്‌ചേഞ്ച് സ്ഥാപിച്ചെന്നും അതുവഴി ബിഎസ്എന്‍എല്ലിനു 1.78 കോടി രൂപയുടെ നഷ്ടമുണ്ടാക്കിയെന്നും കാണിച്ച് സിബിഐ രജിസ്റ്റര്‍ ചെയ്ത കേസ് പുതിയ വഴിത്തിരിവില്‍ എത്തിയിരിക്കുന്നു. ചോദ്യം ചെയ്യുന്നതില്‍ ദയാനിധിമാരന്‍ സഹകരിക്കുന്നില്ലെന്നും അദ്ദേഹത്തെ അറസ്റ്റ് ചെയ്യാന്‍ അനുവദിക്കണമെന്നും സി ബി ഐ സുപ്രീം കോടതിയില്‍ അറിയിച്ചതോടെ സണ്‍ നെറ്റ്‌വര്‍ക്കിന്റേയും മാരന്‍ കുടുംബത്തിന്റേയും അടിത്തറ ഉലയാന്‍ തുടങ്ങിയിരിക്കുന്നു. രാഷ്ട്രീയ ബന്ധങ്ങളും പണക്കൊഴുപ്പുംകൊണ്ട് കേസ് തേച്ചുമാച്ചുകളയാന്‍ മാരന്‍ കുടുംബം ഏറെ പരിശ്രമിച്ചിരുന്നു. കോണ്‍ഗ്രസ് സഖ്യത്തിലുള്ള കേന്ദ്രമന്ത്രിസഭയിലും ഡിഎംകെയിലും മാരനുണ്ടായിരുന്ന സ്വാധീനമാണ് ഫയലുകള്‍ മുക്കാനും അന്വേഷണം മരവിപ്പിക്കാനും സഹായിച്ചിരുന്നത്.

മാരന്റെ അടയാറിലെ പോഷ്ബംഗ്ലാവില്‍ സ്ഥാപിച്ച 323 ഹൈസ്പീഡ് ഐഎസ്ഡിഎന്‍ ലൈനുകള്‍ സണ്‍നെറ്റ്‌വര്‍ക്കിനുവേണ്ടി കലാനിധിമാരന്‍ ഉപയോഗിച്ചെന്നും സിബിഐ കണ്ടെത്തിയിരിക്കുന്നു. ദയാനിധിമാരന്‍, കലാനിധിമാരന്‍, ബിഎസ്എന്‍എല്ലിന്റെ അന്നത്തെ ചീഫ്ജനറല്‍ മാനേജര്‍മാരായ (സിജിഎം) കെ ബ്രഹ്മദത്തന്‍, എന്‍ പി വേലുസ്വാമി തുടങ്ങിയവരൊക്കെ സിബിഐ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പ്രതികളാണ്. വളരെ രഹസ്യമായി നടന്ന ഈ ബിഎസ്എന്‍എല്‍ കൊള്ളയടി പുറത്തുകൊണ്ടുവന്നത് സംഘപരിവാറിന്റെ സഹയാത്രികനും ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് കോളമിസ്റ്റുമായ എസ് ഗുരുമൂര്‍ത്തിയാണ്.  ദയാനിധിമാരന്റെ വീട്ടില്‍ സ്ഥാപിച്ച 323 ലൈനുകളെപ്പറ്റി അദ്ദേഹം ഇന്ത്യന്‍ എക്‌സപ്രസില്‍ 2011 ല്‍ എഴുതിയ ‘മന്ത്രി ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് മോഷ്ടിച്ചു, ബിഎസ്എന്‍എല്ലിനെ കൊള്ളയടിച്ചു’  എന്ന ലേഖനത്തിന്റെ അടിസ്ഥാനത്തിലാണ് സിബിഐ കേസെടുത്തത്. എന്നാല്‍ ഗുരുമൂര്‍ത്തിയുടെ വെളിപ്പെടുത്തലുകള്‍ ദയാനിധിമാരനെ ചൊടിപ്പിക്കുകയാണുണ്ടായത്. വീട്ടിലെ അനധികൃത ലൈനുകളെപ്പറ്റിയുള്ള വാര്‍ത്ത നിഷേധിച്ച മാരന്‍, ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനെതിരെ പത്തുകോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടുകൊണ്ട് വക്കീല്‍ നോട്ടീസയച്ചു. ക്ഷമാപണം പ്രസിദ്ധീകരിച്ചില്ലെങ്കില്‍ കോടതികയറ്റുമെന്നും മാരന്‍ മുന്നറിയിപ്പു നല്‍കിയിരുന്നു. 

44 മാസം ഫ്രീസറിലായ കേസ് അതോടെ തലപൊക്കിവന്നു. സിബിഐയില്‍ നിന്നും ബിഎസ്എന്‍എല്ലില്‍ നിന്നും വിശദീകരണം ആവശ്യപ്പെട്ടത് ഗുരുമൂര്‍ത്തി നല്‍കിയ പൊതുതാല്‍പ്പര്യഹര്‍ജിയുടെ അടിസ്ഥാനത്തിലായിരുന്നു. 323 ഹൈസ്പീഡ് ഐഎസ്ഡിഎന്‍ ടെലിഫോണുകളുള്ള എക്‌ചേഞ്ച് വീട്ടില്‍ സ്ഥാപിച്ചത് 2007 ല്‍ മാരന്‍ ടെലികോം മന്ത്രിയായിരിക്കുമ്പോഴാണെന്ന് സിബിഐ കോടതിയെ അറിയിച്ചു. ഇത്രയും ഹെവി ഡ്യൂട്ടിലൈനുകള്‍ പ്രോഗ്രാമിംഗ്, സിനിമകള്‍, വീഡിയോ കോണ്‍ഫറന്‍സിങ് തുടങ്ങിയ വന്‍തോതലുള്ള ഡിജിറ്റല്‍ ഡേറ്റകള്‍ ട്രാന്‍സ്മിറ്റ് ചെയ്യാന്‍ പോരുന്ന വിധത്തിലുള്ളതായിരുന്നെന്ന് ബിഎസ്എന്‍എല്ലും അറിയിച്ചു. ഈ ലൈനുകള്‍ 3.4 കിലോമീറ്റര്‍ അണ്ടര്‍ഗ്രൗണ്ട് നെറ്റുവര്‍ക്ക്‌ കേബിള്‍ വഴി ഡിഎംകെ ആസ്ഥാനമായ അണ്ണാ അറിവാലയത്തില്‍ സ്ഥിതിചെയ്യുന്ന സണ്‍ടിവി ഓഫീസിലാണ് ബന്ധിപ്പിച്ചിരുന്നത്. എന്നാല്‍ ഈ എക്‌ചേഞ്ച് ബിഎസ്എന്‍എല്‍ ജനറല്‍ മാനേജരുടെ പേരിലായിരുന്നു. ബിസിനസിസ് ബുദ്ധിസാമര്‍ത്ഥ്യം കാണിക്കുന്ന മാരന്മാര്‍ ഇവിടെയും അതു പ്രകടിപ്പിച്ചു.

ഒട്ടുമിക്ക ബിസിനസ് സാമ്രാജ്യങ്ങളും കെട്ടിപ്പൊക്കിയിരിക്കുന്നത് രക്തക്കറകളുടെ കൂമ്പാരത്തിലാണ്. അവയുടെ വര്‍ണ്ണപ്പകിട്ടില്‍ രക്തസാക്ഷികളുടെ കണ്ണുനീര്‍ അപ്രസക്തമാകുന്നു. തമിഴകത്തെ മുടിചൂടാമന്നന്മാരായ മാരന്‍ സഹോദരന്മാരുടെ ബിസിനസ് സാമ്രാജ്യങ്ങള്‍ ഉയര്‍ന്നതും പാപക്കറയിലാണ്. പതിനെട്ടാം വയസ്സില്‍ അണ്ണാദുരെയുടെ ആശീര്‍വാദത്തോടെ രാഷ്ട്രീയജീവിതം ആരംഭിക്കുകയും ആദര്‍ശരാഷ്ട്രീയത്തിന്റെ തലതൊട്ടപ്പനെന്ന പെരുമ ഏറ്റുവാങ്ങുകയും ചെയ്ത ദ്രാവിഡ മുന്നേറ്റകഴകത്തിന്റെ (ഡിഎംകെ) സര്‍വസ്വവുമായ കലൈഞ്ജര്‍ മുത്തുവേല്‍ കരുണാനിധിയുടെ കണ്‍മുന്നിലാണ് അഴിമതിയുടെ സാമ്രാജ്യങ്ങള്‍ മാരന്‍ സഹോദരന്മാര്‍ കെട്ടിപ്പൊക്കിയത്. ബിസിനസ്സിന്റെ വളര്‍ച്ചക്കുവേണ്ടി ഏതു നീചകര്‍മ്മവും ചെയ്യാമെന്നതാണ് അവരുടെ തത്വശാസ്ത്രം. അതിനു ചെറിയൊരു ഉദാഹരണം മാത്രമാണ് ദയാനിധിമാരന്‍ അധികാരത്തിന്റെ പിന്‍ബലത്തില്‍ അനധികൃതമായി ചെന്നൈയിലെ പോഷ്ബംഗ്ലാവില്‍ സ്ഥാപിച്ച ടെലിഫോണ്‍ എക്‌ചേഞ്ചിനെപ്പറ്റിയുള്ള സിബിഐയുടെ വെളിപ്പെടുത്തലുകള്‍.

2007 സെപ്തംബറില്‍ ദയാനിധിമാരനെതിരെ കേസെടുക്കാന്‍ ടെലികോം സെക്രട്ടറിക്ക് സിബിഐ നിര്‍ദ്ദേശം കൊടുത്തെങ്കിലും നടപടിയൊന്നുമുണ്ടായില്ല. സിബിഐയുടെ ‘സാമ്പിള്‍സ്റ്റഡി’ പ്രകാരം വന്‍തോതിലുള്ള അട്ടിമറിയാണ് നടന്നിരിക്കുന്നത്. 24371515 എന്ന നമ്പരില്‍ നിന്നുമാത്രം 2007 മാര്‍ച്ചില്‍  48,72,027 യൂണിറ്റ് കോളുകളാണ് പോയത്. അതായത് പ്രതിമാസം ഏതാണ്ട് 49 ലക്ഷം യൂണിറ്റ് മള്‍ട്ടിമീഡിയ ട്രാന്‍സ്ഫര്‍ നടത്തിയിരിക്കുന്നു. അപ്പോള്‍ 323 ഫോണുകളില്‍ നിന്നുള്ള മള്‍ട്ടിമീഡിയ ട്രാന്‍സ്ഫര്‍ ഊഹിക്കാവുന്നതേയുള്ളു. 2007 ജനുവരി മുതല്‍ ഏപ്രില്‍ വരെ ബിഎസ്എന്‍എല്ലിനെ കൊള്ളയടിച്ചത് 629.5 കോടി യൂണിറ്റാണ്. കോള്‍ യൂണിറ്റിനു 70 പൈസ റേറ്റ് കണക്കാക്കിയാലും ബിഎസ്എന്‍എല്ലിന്റെ നഷ്ടം 440 കോടിക്കുമേല്‍ ഉയരാമെന്നാണ് അന്ന് സിബിഐ കണക്കാക്കിയിരുന്നത്. സണ്‍ ടിവി മാത്രമല്ല ഈ നേട്ടം കൊയ്തത്. ഗ്രൂപ്പിന്റെ പത്രമായ ദിനകരന്റെ മധുര യൂണിറ്റിനുവേണ്ടിയും ബിഎസ്എന്‍എല്ലിന്റെ ലൈനുകള്‍ ഉപയോഗിച്ചതായി സിബിഐ പറയുന്നു.

2004 ജൂണ്‍ മുതല്‍ 2007 മേയ്‌ വരെയായിരുന്നു ദയാനിധിമാരന്‍ ടെലികോം മന്ത്രിയായിരുന്നത്. ഹിന്ദി അറിയാവുന്ന എംപി എന്ന നിലയ്ക്ക് ദയാനിധിമാരന് ദല്‍ഹിയില്‍ പ്രത്യേക സ്ഥാനമായിരുന്നു. കരുണാനിധിയുടെ അനന്തിരവന്റെ മകനായ മാരനായിരുന്നു കോണ്‍ഗ്രസിലുള്ള ഉന്നതരുമായി ആശയവിനിമയങ്ങള്‍ നടത്തിയിരുന്നത്. അതിനാല്‍ സോണിയ ഗാന്ധി സോണിയ ആന്റിയും, മന്‍മോഹന്‍സിങ് മന്‍മോഹന്‍ അങ്കിളുമൊക്കെയായത് കരുണാനിധിയുടെ അസാധാരണമായ രാഷ്ട്രീയ സ്വാധീനം മൂലമായിരുന്നു. ടെലികോം മന്ത്രിയായിരിക്കുമ്പോള്‍ നടത്തിയ ഇടപാടുകള്‍ മാരന്റെ സ്വഭാവം വ്യക്തമാക്കി. ടാറ്റാ ഡിടിഎച്ചിന്റെ മൂന്നിലൊന്നു ഷെയര്‍ കൊടുത്തില്ലെങ്കില്‍ അനുമതികൊടുക്കില്ലെന്ന് രത്തന്‍ ടാറ്റയോടുപോലും പറയാന്‍ മാരന്‍ മടികാണിച്ചില്ല. പുറത്തു പറഞ്ഞാല്‍ രത്തന്‍ ടാറ്റയെ പാഠംപഠിപ്പിക്കുമെന്നും മാരന്‍ ഭീഷണിപ്പെടുത്തിയിരുന്നു. എന്നാല്‍ എല്ലാം കീഴ്‌മേല്‍ മറിഞ്ഞത് പെട്ടെന്നായിരുന്നു.

മാരന്‍ ഗ്രൂപ്പിന്റെ കീഴിലുള്ള ദിനകരന്‍പത്രം 2007 മേയ് അഞ്ചിനു പ്രസിദ്ധീകരിച്ച അഭിപ്രായസര്‍വേ ആയിരുന്നു പ്രശ്‌നങ്ങള്‍ ഗുരുതരമാക്കിയത്. തമിഴ്‌നാട് രാഷ്ട്രീയത്തില്‍ കരുണാനിധിയുടെ മൂത്തമകന്‍ അഴഗിരിയേക്കാള്‍ മുന്‍തൂക്കം ഇളയമകന്‍ സ്റ്റാലിനാണെന്നായിരുന്നു പത്രം കണ്ടെത്തിയിരുന്നത്. കോപാകുലരായ അഴഗിരി അണികള്‍ ദിനകരന്റെ മധുര ഓഫീസ് അടിച്ചുതകര്‍ത്തു. പാവപ്പെട്ട മൂന്നു ജീവനക്കാരെ നിര്‍ദ്ദയം ചുട്ടെരിച്ചുകൊന്നു. കലൈഞ്ജറുടെ കോപത്തിനു പാത്രമായ കലാനിധിമാരന്‍ പാര്‍ട്ടിയില്‍നിന്നു പുറത്തായെന്നുമാത്രമല്ല, കേന്ദ്രമന്ത്രിസഭയില്‍നിന്ന് രാജിവക്കേണ്ടിയുംവന്നു. അത്തരത്തിലൊരു സര്‍വേഫലം പ്രസിദ്ധീകരിച്ചാല്‍ ഇടഞ്ഞുനില്‍ക്കുന്ന അഴഗിരി പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്നും അതു പാര്‍ട്ടിക്ക് കനത്തതിരിച്ചടിയാകുമെന്നും കരുണാനിധി മുന്നറിയിപ്പു നല്‍കിയിരുന്നു. പക്ഷേ ബിസിനസ്സിന്റെ ഉച്ചകോടിയില്‍ നില്‍ക്കുന്ന കലാനിധിമാരനും സംഘത്തിനും ആ മുന്നറിയിപ്പൊന്നും ബാധകമായിരുന്നില്ല. കരുണാനിധി മാരന്മാരുമായി  അകന്നു.

പക്ഷേ ബിസിനസ് താല്‍പ്പര്യങ്ങള്‍ക്ക് മാത്രം രാഷ്ട്രീയബന്ധങ്ങള്‍ സംരക്ഷിക്കുന്ന മാരന്‍മാര്‍ 2009 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുമ്പ് കരുണാനിധി കുടുംബവുമായി രമ്യതയിലായി. കരുണാനിധിയും ഡിഎംകെയുമില്ലാതെ സണ്‍നെറ്റുവര്‍ക്ക് സ്ഥാപനത്തിനു കുറുക്കുവഴികള്‍ സ്വീകരിക്കാനാവില്ലെന്ന് മനസ്സിലായപ്പോഴാണ് അത്തരത്തിലൊരു ഒത്തുതീര്‍പ്പിനു മാരന്‍മാര്‍ മുന്നോട്ടുവന്നത്. ചെന്നൈ സെന്‍ട്രലില്‍നിന്ന് ദയാനിധിമാരന്‍ വീണ്ടും ലോക്‌സഭയിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടു. പക്ഷേ രണ്ടാം യുപിഎ സര്‍ക്കാരില്‍ ടെലികമ്യൂണിക്കേഷനുപകരം മാരനു ലഭിച്ചത് ടെക്സ്റ്റൈല്‍സായിരുന്നു. താമസിയാതെ 2 ജി സ്‌പെട്രത്തിന്റെ കരിനിഴലില്‍ രാജയെപ്പോലെ മാരനും മന്ത്രിസ്ഥാനം ഒഴിയേണ്ടിവന്നു.

ദയനിധിമാരന്‍ രാഷ്ട്രീയത്തിന്റെ പടവുകള്‍ കയറാന്‍ തീരുമാനിക്കുന്നത് അച്ഛന്‍ മുരശൊലിമാരന്‍ 2003 ല്‍ അന്തരിച്ചതിനുശേഷമാണ്. 1990 ല്‍ ചെന്നൈയിലെ നുങ്കംപാക്കത്ത് ദയാനിധിമാരന്‍  യുവാക്കള്‍ക്കു വേണ്ടി ആരംഭിച്ച നിശാകാല നൃത്തസ്ഥാപനമായ ഡിസ്‌കോതെക്ക് 2001 ല്‍ ജയലളിതസര്‍ക്കാര്‍ അടച്ചുപൂട്ടിച്ചു. ചെന്നൈയിലെ കേബിള്‍ടിവിയുടെ കുത്തക കൈയടക്കാനായി ഹാത്ത്‌വേ പോലുള്ള കമ്പനികളെ കേബിളുകള്‍ വെട്ടിമുറിച്ച് ആട്ടിപ്പായിക്കാന്‍ കലാനിധിമാരനു കൂട്ടുനിന്നതും അനുജന്‍ ദയാനിധിമാരനായിരുന്നു. തമിഴ് നിര്‍മ്മാതാക്കളുടെ സിനിമകള്‍ ഗുണ്ടകളെവച്ച് ഭീഷണിപ്പെടുത്തി സണ്‍നെറ്റുവര്‍ക്കിനു വേണ്ടി അവകാശം വാങ്ങിയെന്ന കേസുകളും നിരവധിയാണ്. ഇന്നു കോടിക്കണക്കിനു ആസ്തിയുള്ള കുടുംബമാണ് സണ്‍നെറ്റ്‌വര്‍ക്ക്. കലാനിധിമാരനും ഭാര്യയും കൂടി സണ്‍ടിവിയില്‍നിന്ന് എഴുതിയെടുക്കുന്ന ശമ്പളം 135 കോടിയാണെന്നത് ദേശീയ മാധ്യമങ്ങളില്‍ വാര്‍ത്തയായിരുന്നു. (അംബാനിമാരെയും കടത്തിവെട്ടിയെന്നു സാരം).

ഏതാനും മാസങ്ങള്‍ക്ക് മുമ്പ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) മാരന്‍ സംഘത്തിന്റെ 742.58 കോടി രൂപ വിലവരുന്ന സ്വത്തുക്കള്‍ കണ്ടുകെട്ടിയിരുന്നു. ദ്രാവിഡ മുന്നേറ്റ കഴകത്തിന്റെ (ഡിഎംകെ) രാഷ്ട്രീയ ഭാവി തകര്‍ത്തതില്‍ മാരന്‍ സഹോദരന്മാര്‍ക്കുള്ള പങ്ക് ചില്ലറയല്ലെന്ന് ഏവര്‍ക്കുമറിയാം. എയര്‍സെല്‍ -മാക്‌സിസ് ഇടപാടിലൂടെ നേടിയ തുകയാണ് ഇപ്പോള്‍ ഇഡി കണ്ടുകെട്ടിയിരിക്കുന്നത്. കള്ളപ്പണം വെളുപ്പിക്കലിന്റെ പേരിലാണ് എന്‍ഫോഴ്‌സ്‌മെന്റ് മാരന്‍ ജന്മികളെ കുടുക്കി കേസെടുത്തത്. വിവിധ ബാങ്കുകളില്‍ കലാനിധി മാരന്റെ പേരില്‍ നിക്ഷേപിച്ചിരിക്കുന്ന 100 കോടിയും 266 കോടി വിലമതിക്കുന്ന സണ്‍ ടിവിയുടെ ചെന്നൈ ആസ്ഥാനവും, കല്‍ കമ്മ്യൂണിക്കേഷന്റെ 171.55 കോടി വിലമതിക്കുന്ന ഭൂമിയും വസ്തുക്കളും ഇതില്‍പ്പെടുന്നു.

ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് തട്ടിപ്പുക്കേസില്‍ ദയാനിധിമാന്‍ ശിക്ഷിക്കപ്പെടുമെന്ന കാര്യം ഉറപ്പാണെന്ന് സിബിഐ പറഞ്ഞിരുന്നു. മാരനെതിരേയുള്ള തെളിവുകള്‍ അതിശക്തമാണ്. സ്വന്തം കുടുംബത്തിന്റെ സാമ്പത്തികബലമൊന്നും മാരനെ രക്ഷിക്കുമെന്നു തോന്നുന്നില്ല. പാര്‍ട്ടികളുടെ പിന്‍ബലമുണ്ടെങ്കില്‍ ഏതുതരത്തിലുള്ള അഴിമതിയും നടത്താനാവുമെന്നതിനു തെളിവാണ് ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് കംഭകോണം. അഴിമതിക്കു കൂട്ടുനിന്നതുകൊണ്ടാണ് കരുണാനിധിയേയും അദ്ദേഹത്തിന്റെ പാര്‍ട്ടിയേയും ജനം കൈയൊഴിഞ്ഞത്. ആ ഭീമമായ തകര്‍ച്ച ലോക്‌സഭാതെരഞ്ഞെടുപ്പിലും പ്രകടമായി.

2016 ല്‍ അരങ്ങേറുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ തേരൊലി കേള്‍ക്കുമ്പോള്‍ ഏറ്റവും കൂടുതല്‍ ആനന്ദിക്കുന്നത് മുഖ്യമന്ത്രി പുരട്ശ്ചിത്തലൈവി ജയലളിതയാണ്. അഴിമതിയില്‍ കുളിച്ചു നില്‍ക്കുന്ന കരുണാനിധിയാകട്ടെ ഗോപാലപുരത്ത് വീല്‍ച്ചെയറിലിരുന്നു വിഷാദിക്കുകയാണ്. സി ബി ഐയുടെ പുതിയ നീക്കങ്ങള്‍ ഡിഎംകെയുടെ ശവപ്പെട്ടിയിലെ അവസാനത്തെ ആണിയാണെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍