UPDATES

ന്യൂസ് അപ്ഡേറ്റ്സ്

asd

Avatar

റോഷന്‍ തോമസ്

അഴിമുഖത്തില്‍ പ്രസിദ്ധീകരിച്ച അല്‍ഗരിതംകാരും ആക്റ്റിവിസ്റ്റുകളും അറിയാന്‍ എന്ന ലേഖനത്തിനൊരു മറുകുറിപ്പ്.

പ്രസ്തുത ലേഖനത്തിലെ വാദങ്ങളിലെ സാങ്കേതിക പിഴവുകള്‍ തുറന്നു കാട്ടുകയാണ് ഈ ലേഖനത്തിന്റെ പ്രധാന ഉദ്ദേശം എങ്കിലും ഈ ചര്‍ച്ചയുടെ ആരംഭം എങ്ങനെ എന്നതിനെ കുറിച്ചുകൂടി ചിലത് ചേര്‍ക്കുവാന്‍ ആഗ്രഹിക്കുന്നു. പ്രീത ജി പി യുടെ ഫേസ്ബുക്ക് പ്രൊഫൈലിനു നേരെ ചിലര്‍ ‘പൊങ്കാല’ എന്നാ ഓമനപ്പേരില്‍ അറിയപ്പെടുന്ന തെറിയാക്രമണം അഴിച്ചു വിടുകയും പ്രീതയെ വ്യക്തിഹത്യ ചെയ്ത് തുടരെ തുടരെ പേജുകള്‍ നിര്‍മ്മിക്കുകയും ചെയ്തതാണ് തുടക്കം. ഈ വ്യക്തിഹത്യക്കെതിരെ ഒട്ടനേകം പേര്‍ ഫേസ്ബുക്കിലൂടെ തന്നെ പ്രതികരിക്കുകയും ഈ പേജുകള്‍ നീക്കം ചെയ്യാനും മറ്റുമായി പരിശ്രമിക്കുകയും ചെയ്തിരുന്നു. പ്രീതയ്ക്കെതിരെ നടന്ന ഈ അക്രമത്തിനെതിരേ ഒരു വികാരം ഉരുത്തിരിയുകയും ചെയ്തു. സ്വാഭാവികമായും ആ പൊതുവികാരം, പ്രീതയെ ആക്രമിച്ചവരെ വെളിച്ചത്ത് കൊണ്ടുവരാനും നിയമനടപടികള്‍ക്ക് അനുകൂലമായ സാഹചര്യം ഒരുക്കാനുമായുള്ള പിന്തുണയ്ക്കായി ഉപയോഗിക്കെണ്ടിയിരുന്നു. അത്തരം ഒരു നിയമനടപടി 66A പോലെയുള്ള കരി നിയമങ്ങള്‍ ഇല്ലാതെ തന്നെ സൈബര്‍ സ്പെയിസിലെ ആക്രമണങ്ങളെ ചെറുക്കുവാന്‍ ഉതകുന്ന ഒരു കീഴ്വഴക്കം തന്നെ സൃഷ്ടിക്കുമായിരുന്നു. എന്നാല്‍ ഈ പൊതുവികാരത്തെ ‘പ്രീതയ്ക്കെതിരെ ഉള്ള ആക്രമണത്തിനെതിരെ പ്രതികരിച്ചതിനാല്‍ തന്നെ തന്റെ pseudonym ഉപയോഗിക്കാന്‍ ഫേസ്ബുക്ക് അനുവദിക്കുന്നില്ല’ എന്നാ ഒരു വ്യക്തിയുടെ അവകാശ വാദത്തെ ന്യായീകരിക്കുന്നതിലെക്ക് ഒതുക്കി കളയാന്‍ ചില കേന്ദ്രങ്ങളില്‍ നിന്നും ശ്രമം ഉണ്ടായി. ഈ ശ്രമത്തിന്റെ ഭാഗമായി വന്ന ‘ഫേസ്ബുക്കിനെന്റെ പത്ത് ചോദ്യങ്ങള്‍’, ‘Facebook has taken down’ ‘ginger garlic paste’… തുടങ്ങിയ ഉപന്യാസങ്ങള്‍ ചിലരെങ്കിലും ഓര്‍ക്കുന്നുണ്ടാകാം. തത്ഫലമായി ഫോക്കസ് നഷ്ടപ്പെട്ട പൊതുവികാരത്തിന്റെ ആത്മാവ് ഗതി കിട്ടാതെ അലയുന്നത് ശ്രദ്ധയില്‍പ്പെട്ടപ്പോഴാണ് ആ ആത്മാവിനെ ആവാഹിച്ചു കുടിയിരുത്താനായി Eli Pariserന്റെ ഫില്‍ട്ടര്‍ ബബിള്‍ വിശദീകരണം ഉള്‍പ്പെടുന്ന, അല്‍ഗോരിതത്താല്‍ ജഡ്ജ് ചെയ്യപ്പെടുന്ന റിപ്പോര്‍ട്ടിംഗ് മെക്കാനിസത്തെ സ്ത്രീവിരുദ്ധം എന്ന് വിളിക്കുന്നതിലെ യുക്തിരാഹിത്യം ചൂണ്ടിക്കാട്ടിയ ഈ പോസ്റ്റ്‌ (https://www.facebook.com/roshanpty/posts/10206336775092648 ) എഴുതി ഇടുന്നത്. 

 

ഒരേ സമയം ആവിഷ്കാര സ്വാതന്ത്ര്യത്തിനായും ഇന്റര്‍നെറ്റ്‌ സെന്‍സര്‍ഷിപ്പിനായും പോരാടുന്ന അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ വിരോധാഭാസമായ പ്രസ്തുത പ്രതിഷേധത്തിലെ വഴിത്തിരിവ് എതിര്‍ക്കപ്പെടേണ്ടതാകുന്നത് ഇതേ കാരണങ്ങള്‍ കൊണ്ടുതന്നെയാണ്. സോഷ്യല്‍ മീഡിയ സെന്‍സര്‍ഷിപ്പിനെ അതിന്റെ വക്താക്കള്‍ എക്കാലവും ന്യായീകരിച്ചിരിക്കുന്നത് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെയുള്ള ആക്രമണങ്ങള്‍ തടയാന്‍ എന്ന വ്യാജേനയാണ്. “We have to take care of the sensibilities of our people,’’എന്ന കപില്‍ സിബലിയന്‍ സെന്‍സര്‍ഷിപ്പ് ന്യായീകരണങ്ങള്‍ വന്നുപോയിട്ടധികം കാലമായില്ല എന്നത് മറക്കാതെയിരിക്കാം. [http://india.blogs.nytimes.com/2011/12/06/any-normal-human-being-would-be-offended/?_r=0 ]

സാമൂഹിക മാധ്യമങ്ങളിലെ റിപ്പോര്‍ട്ടിംഗ് മെക്കാനിസത്ത്തിന്റെ തീരുമാനങ്ങള്‍ എന്തുകൊണ്ട് Appeal to Popularity (Argumentum ad populum –https://en.wikipedia.org/wiki/Argumentum_ad_populum) എന്ന അബദ്ധ സിദ്ധാന്തത്തില്‍ അധിഷ്ഠിതമാണ് എന്നതിനെ അപഗ്രഥിക്കുന്നു എന്നവകാശപ്പെടുന്ന ലേഖനം മാനുഷിക ഇടപെടല്‍ ഉണ്ട് എന്നും ഇല്ല എന്നും ഉള്ള രണ്ടു വാദങ്ങളെ ആണ് പരിഗണിച്ചിരിക്കുന്നത്. 

 

മാനുഷിക ഇടപെടല്‍
“Not an algorithm, but a human reviews the report”എന്ന ഫേസ്ബുക്ക് ഗ്ലോബല്‍ പോളിസി മാനെജ്മെന്റിന്റെ ഹെഡ് മോണിക്ക ബിക്കര്‍ട്ടിന്റെ ഒരഭിമുഖത്തിലെ അവകാശവാദത്തെ ചുറ്റിപ്പറ്റി ആണ് ലേഖനം മുഴുവന്‍ ഇഴഞ്ഞുനീങ്ങുന്നത് എന്നതിനാല്‍ അവിടെനിന്ന് തന്നെ തുടങ്ങാം. Appeal to authority എന്ന് വാദിച്ച് ഒറ്റയടിക്ക് തള്ളിക്കളയാന്‍ കഴിയില്ല. കാരണം മോണിക്ക ഒരു expert authority തന്നെയാണ് ഈ വിഷയത്തില്‍. ആയതിനാല്‍ ഇത് തെറ്റാണ് എന്ന് തെളിയിക്കുക തന്നെ വേണം. അതിലേക്കായി ഒരു പരീക്ഷണം ഞാന്‍ നിര്‍ദ്ദേശിക്കാം. ഈ പരീക്ഷണം വിജയിച്ചാല്‍ നരേന്ദ്ര മോദിയുടെ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് കിട്ടിയ മാര്‍ക്കണ്ഡേയ ഖട്ജു ആകാന്‍ തയ്യാറാണെന്ന് അറിയിക്കുന്നു.

 

Experiment
Step 1: ഈ പരീക്ഷണത്തിന്‌ വോളന്റിയര്‍ ചെയ്യാന്‍ തയ്യാറുള്ള ഒരു സുഹൃത്തിനെ കണ്ടു പിടിക്കുക.

Step 2: സ്വന്തം വാളില്‍ മലയാളത്തിലെയോ ഇംഗ്ലീഷിലെയോ, തമിഴിലെയോ തെലുങ്കിലെയോ ഫ്രെഞ്ചിലെയോ വംശീയ പരാമര്‍ശം മറ്റേ സുഹൃത്തിനെ ടാഗ് ചെയ്ത് പോസ്റ്റ്‌ ചെയ്യുക (തെറ്റിദ്ധാരണകള്‍ ഒഴിവാക്കാന്‍ ആ പോസ്റ്റ്‌ വേണമെങ്കില്‍ രണ്ടു പേര്‍ക്ക് മാത്രം വിസിബിള്‍ ആകുന്ന വിധം പ്രൈവസി സെറ്റ് ചെയ്താലും മതിയാകും.)

Step 3: സുഹൃത്തിന്റെ പ്രൊഫൈലില്‍ നിന്നും ആ പോസ്റ്റ്‌ സ്ക്രീന്‍ഷോട്ടില്‍ കാണിച്ചിരിക്കുന്നത് പോലെ റിപ്പോര്‍ട്ട് ചെയ്യുക. 

Step 4: മോണിക്ക പറഞ്ഞിരിക്കുന്നത് പോലെ മലയാളം അറിയാവുന്ന വംശീയതയിലെ വിഷയ വിദഗ്ദന്‍ വന്നു പോസ്റ്റ്‌ നീക്കം ചെയ്യുന്നത് വരെ കാത്തിരിക്കുക. (അതിനു മുന്‍പ് കെ എം മാണി ചിലപ്പോള്‍ രാജി വെച്ചെന്ന് ഇരിക്കും.)

 

<തലയ്ക്ക് വെളിവില്ലാത്ത, ടെക്നോളജി പഠിച്ച് ഡിഗ്രി എടുക്കാത്ത ഒരുകൂട്ടം ഫെമിനിസ്റ്റുകള്‍ നടത്തുന്ന ജല്‍പ്പനം അല്ല ഇത്.>

തലയ്ക്ക് വെളിവില്ലാത്തവര്‍ക്കും വളരെയെളുപ്പം പരീക്ഷിച്ചു നോക്കാവുന്ന ഒരു സീറോബജറ്റ് പരീക്ഷണം ആണ് മുകളിലുത്തേത് എന്നതിനാല്‍ അവരെയും നിരുല്‍സാഹപ്പെടുത്തുന്നില്ല.

 

[On a different note: If there is manual intervention for content review on a status update with custom privacy settings, It can be regarded as privacy violation of a kind. ഈ ലേഖനത്തില്‍ അതിന്റെ വിശദാംശങ്ങളിലേക്ക് കടക്കാന്‍ ഉദ്ദേശിക്കുന്നില്ല.]

 

ഇതില്‍ നിന്നുതന്നെ ഫേസ്ബുക്കിന്റെ പോളിസികള്‍ അല്ല, മറിച്ച് പോളിസി എന്‍ഫോഴ്സിംഗ് മെക്കാനിസമായ ‘Abuse Reports feature’ കാര്യക്ഷമമല്ല എന്ന നിഗമനത്തിലാണ് നമ്മള്‍ എത്തിച്ചേരുക. ‘വെടി’, ‘വേശ്യ’, ‘ശിഖണ്ടി’ ഇത്യാദി പദങ്ങള്‍ അനുവദിക്കുന്ന ആ ‘Facebook Expert’നെതിരെയുള്ള തുടര്‍ രോഷ പ്രകടനങ്ങള്‍ അതോടെ അപ്രസക്തമാവുകയാണ്.

 

<കോടിക്കണക്കിന് വരുന്ന റിപ്പോര്‍ട്ടുകള്‍ പരിശോധിക്കാന്‍ അത്രയധികം ആളുകളും വേണമല്ലോ എന്ന ന്യായമായ സംശയത്തിനും മോണിക്ക തന്നെ മറുപടി പറയുന്നുണ്ട്, ലോകത്തിലേയ്ക്കും വച്ച് ഏറ്റവും വലിയ community watchഅവരുടേതാണെന്നും അതുപോലെ തന്നെ അത്രയധികം ആളുകള്‍ അവര്‍ക്ക് വേണ്ടി തൊഴിലെടുക്കുന്നുണ്ടെന്നും.>

 

ഈ പരാമര്‍ശത്തിലും കാര്യമായ പിഴവുകള്‍ കടന്നു കൂടിയിട്ടുണ്ട്. മോണിക്ക പറയുന്നത് 1.3 ബില്ല്യന്‍ ആക്ടിവ് യൂസേഴ്സ് ഉള്ള കമ്യൂണിറ്റിയെ ലോകത്തിലെ ഏറ്റവും വലിയ Neighbourhood Watch Program ആയി കരുതാമെന്നാണ്. അതായത് ഞാനും നിങ്ങളും അടങ്ങുന്ന ഫേസ്ബുക്ക് അംഗങ്ങള്‍ ആണ് ആ Neighbourhood Watch Program- ന്റെയും ഭാഗം. ഒരു പോസ്റ്റ്‌ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ അതിന്റെ ഭാഗമായ കടമകള്‍ ചെയ്യുകയാണ് നമ്മളും. (ലേഖകന്‍ ഉപയോഗിക്കുന്ന ‘Community Watch’ എന്ന ഫ്രെയിസ് എനിക്ക് പരിചയമില്ലാത്തതും അത് എവിടെ നിന്ന് ലഭിച്ചു എന്നതോ പോലും അവ്യക്തമാണ്.) 2015 ജൂണ്‍ 30-ലെ കണക്ക് പ്രകാരം ഫേസ്ബുക്കില്‍ 10955 ആളുകളാണ് തൊഴിലെടുക്കുന്നത്, (Source: http://newsroom.fb.com/Company-Info/ ) അതിനെ ‘അത്രയധികം’ എന്ന് വിളിക്കാന്‍ കഴിയില്ല എന്നത് ഓര്‍മ്മിപ്പിക്കുന്നു. പോളിസി മാനേജ്മെന്റിന് മാത്രമായി ഫേസ്ബുക്ക് തൊഴിലുറപ്പ് പദ്ധതി പ്രകാരം ആളെ കൂട്ടിയിട്ടുണ്ടോ എന്ന് ഏതായാലും അറിവില്ല. 

 

പോളിസിയുടെ പ്രശ്നം അല്ല എന്നത് ആവര്‍ത്തിക്കാനുള്ള കാരണം ഒന്ന് കൂടെ വ്യക്തമാക്കാന്‍ പോളിസിയിലെക്കുള്ള ഡയറക്റ്റ് ലിങ്ക് കൊടുക്കുന്നു. അതില്‍ Encouraging respectful behavior എന്ന സെക്ഷനില്‍ Hate Speech എന്ന ഹെഡിങ്ങിനു കീഴെ ഹേറ്റ് സ്പീച്ചിനെ പറ്റി ഉള്ള പോളിസികള്‍ വയ്ക്കാം. https://www.facebook.com/communitystandards . ഇതിലെ ഏത് കാര്യത്തിനെതിരെ ആണ് ഇത്തരത്തിലൊരു ക്യാമ്പയിന്‍ ആരംഭിച്ചത് എന്നത് ഇന്നും അവ്യക്തമാണ്.  

 

അല്‍ഗരിതമിക് ഇടപെടല്‍
<ഇൻഡിവിഡ്വൽ മെഷീനുകൾ അല്ല, സിസ്റ്റമാണ് (സിസ്റ്റം ലോകത്തുള്ള എല്ലാ ഫേസ്ബുക്ക് ഉപയോഗിക്കുന്ന കമ്പ്യൂട്ടറുകളും എന്ന് മനസ്സിലാക്കുക) എങ്ങനെ / എന്ത് പ്രവർത്തിക്കണമെന്ന് തീരുമാനിക്കുന്നത്. (ഡിസ്ട്രിബ്യൂട്ടിഡ് കമ്പ്യൂട്ടിങ്ങ്) സിസ്റ്റം സ്വയം പഠിക്കാൻ കഴിവുള്ളതാണ്. സിസ്റ്റത്തിലെ നോഡുകൾ, എന്നു വച്ചാൽ നമ്മുടെ ഓരോരുത്തരുടെയും കമ്പ്യൂട്ടർ/പ്രൊഫൈലിന്റെ പ്രവർത്തനങ്ങളിലൂടെയാണ് സിസ്റ്റം പഠിക്കുന്നത്.>

ഫേസ്ബുക്ക് ഉപയോക്താക്കളുടെ മെഷീനുകളെ Distributed Computing Nodes എന്നൊക്കെ വിളിക്കുന്നതിലെ Technical Illiteracy അത്ഭുതാവാഹമാണ്! (https://en.wikipedia.org/wiki/Distributed_computing#Examples ). ഫേസ്ബുക്കെന്നല്ല ഏതൊരു ആര്‍ക്കിട്ടെക്ച്ചറിലെയും ക്ലയന്റ് മെഷീനുകള്‍ അല്ല സെര്‍വര്‍ സൈഡ് ലോജിക്ക് തീരുമാനിക്കുന്നത്. ഫേസ്ബുക്ക് ഡാറ്റാസെന്‍ററുകള്‍ ഒരു ഡിസ്ട്രിബ്യൂട്ടഡ് സിസ്റ്റം ആയേക്കാം എങ്കില്‍ കൂടെ അതിലേക്ക് കണക്റ്റ് ചെയ്യപ്പെടുന്ന ക്ലയന്റ് മെഷീനുകളെ അതിന്റെ nodes എന്ന് വിളിക്കാനാകില്ല എന്നാണ് ഈ വിഷയത്തിലെ അറിവ്. വായിച്ചതില്‍ നിന്നും അനിരുദ്ധന്‍ Distributed Computing അല്ല മറിച്ച് Cognitive Computing ആണ് ഉദ്ദേശിക്കുന്നത് എന്ന് കരുതുന്നു. സിസ്റ്റം സ്വയം പഠിക്കാന്‍ ഉപയോഗിക്കുന്ന കൊഗ്നിടിവ് കമ്പ്യൂട്ടിംഗ് രീതികള്‍ ഒരു സമൂഹത്തില്‍ നിലനില്‍ക്കുന്ന പ്രതിലോമകരമായ ആശയങ്ങളെ കൂടെ ഉള്‍ക്കൊള്ളുന്നു എന്ന ഊഹാപോഹത്തെ കണ്ണടച്ച് വിശ്വസിച്ചാല്‍ കൂടെ അത് Algorithmic Incapability ആണ്. ഒരു ഇമ്പെര്‍ഫെക്റ്റ് അല്‍ഗരിതത്തിനു മുകളില്‍ സ്ത്രീ വിരുദ്ധത ആരോപിക്കുന്നത് കല്ല്‌ മഴ പെയ്തു കാക്ക ചത്താല്‍ , കല്ല്‌ കാക്ക വിരുദ്ധം ആണെന്ന് പറയുന്നത് പോലെയാണ്. കോഗ്നിറ്റീവ് അല്‍ഗരിതം ആണെങ്കില്‍ക്കൂടി അവ കണ്ടന്റിന്റെ പോളിറ്റിക്കല്‍ കറക്ട്നെസ് വെരിഫൈ ചെയ്യുക എന്ന ഉദ്ദേശത്തോടുകൂടി നിമ്മിച്ചതാകില്ല എന്നത് തന്നെയാണ് മോണിക്ക ബിക്കാര്‍ട്ടിന്റെ ‘A person reviews all reports’എന്ന അവകാശവാദവും വിരല്‍ ചൂണ്ടുന്നത്.

 

റിപ്പോര്‍ട്ടിംഗ് എന്നതിലെ ലോജിക്ക് ഇത്ര മാത്രം. ഒരു കണ്ടന്ടിനെതിരെ ഉള്ള റിപ്പോര്‍ട്ട് അംഗീകരിക്കപ്പെടാന്‍ ഒരു Quantity Threshold ഉണ്ട്. അതായത് ഇത്ര എണ്ണത്തില്‍ കൂടുതല്‍ റിപ്പോര്‍ട്ടുകള്‍ വന്നാല്‍ കണ്ടന്റ് നീക്കം ചെയ്യപ്പെടാം. ആ സത്യം ക്യാംപയിന്‍ നടത്തുന്നവരും മനസ്സിലാക്കുന്നു എന്നത് തന്നെയാണ് പേജുകള്‍ റിപ്പോര്‍ട്ട് ചെയ്ത് പൂട്ടിക്കാന്‍ പലയാവര്‍ത്തി നടത്തിയ ആഹ്വാനങ്ങളിലൂടെ മനസ്സിലാകുന്നത്. റിപ്പോര്‍ട്ട് സ്വീകരിക്കപ്പെടാന്‍ ആവശ്യമായ Quantity Threshold ഡൈനാമിക് ആണ്. നിര്‍ണ്ണയം target ഉള്ളടക്കത്തിന്റെ/പ്രൊഫൈലിന്റെ സ്വീകാര്യത/ആക്ടിവിറ്റി തുടങ്ങിയവയെ ആശ്രയിച്ചിരിക്കും. അതിനു കൊഗ്നിടിവ് കമ്പ്യൂട്ടിംഗ് തന്നെ ആകാം ഉപയോഗിക്കുന്നത്. ഇതും വേണമെങ്കില്‍ പരീക്ഷിച്ചു നോക്കാവുന്നതെയുള്ളൂ.

 

< വേശ്യ, വെടി മുതലായ വാക്കുകള്‍ പാസ്സായി വരാന്‍ ഒന്നുകില്‍ എന്തൊക്കെ പദങ്ങളാണ് അബ്യൂസീവ് എന്നൊരു ഡാറ്റ ബേസ് ഉണ്ടായിരിക്കണം, അത് വച്ച് മെഷീന്‍ ക്രോസ് ചെക്ക്‌ ചെയ്യണം.> 

വെടി, വേശ്യ, ശിഖണ്ടി തുടങ്ങിയ വാക്കുകള്‍ അനുവദിക്കുന്ന ഫേസ്ബുക്ക് അല്‍ഗരിതത്തിനെതിരെ ലേഖകന്‍ തുടര്‍ന്നും രോഷാകുലനാകുകയാണ്. ഈ വാക്കുകള്‍ ഒക്കെ  contextual തെറികള്‍ ആണെന്നത് അറിവില്ലാത്തത്‌ കൊണ്ടാവില്ല ഇതെന്ന് കരുതിക്കൊള്ളട്ടെ. അതായത് ഈ പ്രത്യേക സാഹചര്യത്തില്‍ അല്ലാതെ ഈ വാക്കുകള്‍ ഉപയോഗിച്ചാല്‍ ഇവ തെറി പോലും ആയെന്നു വരില്ല! വെടി എന്ന വാക്ക് ബ്ലോക്ക് ചെയ്യുന്ന Profanity Filter ‘വെടിയും പുകയും’ എന്നെഴുതുമ്പോള്‍ പുക മാത്രമേ തരൂ എന്നത് മറക്കരുത്. ആയതിനാല്‍ word blacklisting ഒരു മെത്തേഡ് ആയി പോലും പരിഗണിക്കാന്‍ കഴിയില്ല. മാത്രമല്ല അത് ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ കടയ്ക്കല്‍ വെക്കുന്ന കത്തിയാണ്. ഇതേ കപില്‍ സിബലിയന്‍ മുട്ടാപ്പോക്ക് ന്യായം ആണ് ഇന്റര്‍നെറ്റ് സെന്‍സര്‍ഷിപ്പ് എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്.

 

<വെറും അക്കങ്ങളുടെ കളി ആണെങ്കില്‍ എടാദൈവമേ എന്ന് വിളിച്ചാലും അത് നൂറുപേര്‍ ചേര്‍ന്ന് റിപ്പോര്‍ട്ട് ചെയ്‌താല്‍ പൂട്ടിപ്പോകണം.> 

പോകില്ല എന്നാരാണ് പറഞ്ഞത്. പോകും. ആറ് തവണ സ്വതന്ത്ര ചിന്തകരുടെ ഫേസ്ബുക്ക് ഗ്രൂപ്പും, ഒരു തവണ എതീസ്റ്റ് റിപ്പബ്ലിക്ക് പേജും, കിസ്സ്‌ ഓഫ് ലവ് പേജും ഒക്കെ പോയത് മാസ് റിപ്പോര്‍ട്ടിങ്ങിന്റെ തന്നെ ഫലമാണ്. ഈ നൂറ് എന്ന എണ്ണം എങ്ങനെ തീരുമാനിക്കുന്നു എന്ന കാര്യത്തിലാണ് അഭിപ്രായ വ്യത്യാസം.

 

<വെറും അക്കങ്ങളുടെ കളി ആണെങ്കില്‍ ഹേറ്റ് സ്പീച്ച് എന്നവിഭാഗത്തില്‍ ആയിരം പേര്‍ വിവിധ രാജ്യങ്ങളില്‍ നിന്ന് പ്രധാനമന്ത്രിയുടെഅക്കൗണ്ട്‌ റിപ്പോര്‍ട്ട് ചെയ്‌താല്‍ ബോധവും cognitionഉം രാഷ്ട്രീയവുംഭയവും ഇല്ലാത്ത മെഷീന്‍ അത് പൂട്ടുക തന്നെ വേണം. നിങ്ങള്‍ പറയണം, അങ്ങനെ ഒരു സാധ്യത നിലനില്‍ക്കുന്നുണ്ടോ ഇല്ലയോ എന്നത്?>

പേജുകളുടെ കാര്യത്തില്‍ ഫേസ്ബുക്ക് ഒരു വൈറ്റ് ലിസ്റ്റ് സൂക്ഷിക്കുന്നുണ്ട്. പ്രധാനമന്ത്രിയുടെയും മറ്റു ഒഫിഷ്യല്‍ ഗവന്മേന്റ് പേജുകളും ഒക്കെ സ്വാഭാവികമായും ഈ വൈറ്റ് ലിസ്റ്റിലാകും വരിക. ഇവയ്ക്കെതിരെ ഉള്ള റിപ്പോര്‍ട്ടുകള്‍ക്ക് മുകളില്‍ ഉന്നതതല റിവ്യൂവും ഇടപെടലുകളും ഒക്കെ ഉണ്ടാകും. ഒന്നര ബില്ല്യന്‍ വരുന്ന എല്ലാ ഫേസ്ബുക്ക് ഉപയോക്താക്കള്‍ക്കും ഒരേ നീതി നടപ്പിലാക്കുന്ന ഉട്ടോപ്പിയന്‍ സംസ്ഥാനം ആണ് ഫേസ്ബുക്ക് എന്ന പ്രതീക്ഷ പുലര്‍ത്തുന്ന ലേഖകന് മുന്‍പില്‍ എഴുന്നേറ്റു നിന്ന് തല കുനിക്കുന്നു.

 

വൈറ്റ് ലിസ്റ്റ്, റിവ്യൂ മെക്കാനിസം എന്നിവയെ പറ്റി ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന കാര്യങ്ങള്‍ KOL, International Chalu Union തുടങ്ങിയ പേജുകള്‍ പല വിഷയങ്ങളിലായി ഫേസ്ബുക്ക് താല്‍ക്കാലികമായി നീക്കം ചെയ്തപ്പോള്‍ ഫേസ്ബുക്ക് അധികൃതറില്‍ നിന്നും തന്നെ ലഭിച്ച വിവരങ്ങളാണ്.

 

<നൂറു തവണ ഇന്ന സാധനം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടാല്‍ അത് പൂട്ടിപ്പോകും എന്നതാണ് ഫെസ്ബുക്കിന്റെ അല്‍ഗോരിതംഎങ്കില്‍ അതില്‍ യാതൊരു രീതിയിലും ഉള്ള ന്യായവും യുക്തിയും നീതിയും ഇല്ല.> 

എന്റെയും ചേട്ടന്റെയും ശബ്ദം ഒരേ പോലെ ഇരിക്കുന്നു എന്ന പ്രസിദ്ധമായ സിനിമാ ഡയലോഗ് ആണിപ്പോള്‍ ഓര്‍മ്മ വരുന്നത്. എങ്കിലും മുകളില്‍ പരാമര്‍ശിച്ചത് പോലെ നൂറ് അല്ലെങ്കില്‍ ഇരുന്നൂറ് എന്ന ഒരു fixed threshold അല്ല ഉള്ളത്, മറിച്ച് ഒരു dynamic threshold ആണ്. പ്രൊഫൈല്‍ വിസിറ്റ്, റിപ്പോര്‍ട്ടിംഗ് ഫ്രീക്വന്‍സി, റിപ്പോര്‍ട്ട് വരുന്ന ജ്യോഗ്രഫിക്ക് ലോക്കെഷനുകളിലെ വൈവിധ്യം ഒക്കെ ഈ threshold നെ ബാധിക്കുന്നുണ്ടാകാം.

 

ആയതിനാല്‍ ഞാന്‍ പ്രീതയ്ക്ക് വേണ്ടി സംസാരിച്ചതുകൊണ്ട്  എന്‍റെ ഐഡി ‘സ്ത്രീവിരുദ്ധ’ ഫേസ്ബുക്ക് പൂട്ടിക്കൊണ്ടുപോയി. സോ ഇത്തരത്തില്‍ ഉള്ള ക്യാംപയിനുകള്‍ ചിലര്‍ക്ക് പ്രശസ്തി ഉണ്ടാക്കാന്‍ ഉപകരിക്കും എങ്കിലും യഥാര്‍ത്ഥ വിഷയത്തില്‍ നിന്നുമുള്ള വ്യതിചലനം, കുറ്റവാളികള്‍ ശിക്ഷിക്കപ്പെടാതെയിരിക്കല്‍, കരിനിയമങ്ങളുടെ ന്യായീകരണം എന്നിവയ്ക്കൊക്കെ കാരണമാകും. ID ചോദിച്ചു എങ്കില്‍ റിയല്‍ നെയിം പോളിസിക്കെതിരെ പ്രക്ഷോഭമാകാം, അതിനെ സ്ത്രീവിരുദ്ധത എന്ന ഒറ്റ വരിയില്‍ കെട്ടി ഇടുന്നത് എന്ത് സ്വാര്‍ഥലാഭത്തിനായാലും ഒരു വലിയ ക്യാന്‍വാസില്‍ നിന്ന് നോക്കുമ്പോള്‍ pseudonymityഎന്ന അവകാശത്തിനായുള്ള പോരാട്ടങ്ങളെ വല്ലാതെ sideline ചെയ്യുകയാണ്. കെ ബുദ്ധിജീവിയുടെയും, കുഞ്ഞി തത്തയുടെയും , ചത്ത്‌ പൊങ്ങിയ പിലോപ്പിയുടെയും, ബ്ലോക്ക് ചെയ്യപ്പെട്ട യുവാവിന്റെയും, ടൈലര്‍ഡര്‍ഡന്‍റെയും ഒക്കെ ഐഡികള്‍ ഫേസ്ബുക്ക് മുക്കിയത് സ്ത്രീവിരുദ്ധതകൊണ്ടാണെന്നും കരുതാന്‍ നിര്‍വാഹമില്ല. ഇവരില്‍ പലരും ഇവരുടെ സെക്ഷ്വല്‍, ജെൻഡർ ഐഡന്റിറ്റി വ്യക്തമാക്കിയിരുന്നില്ല എന്നത് കൂടെ ആലോചിക്കണം. Real Name Policy എന്ഫോഴ്സ് ചെയ്യുന്ന ഒരു പ്ലാറ്റ്ഫോമില്‍ Pseudonym ഉപയോഗിക്കുന്നത് ഒരു വിപ്ലവമാണ്. ക്ഷണനേരത്തെങ്കിലും നിലനില്‍ക്കുന്ന പുതുപ്രൊഫൈലുകള്‍ ആയിട്ടാണെങ്കില്‍ പോലും ആ വിപ്ലവം ചെയ്യുകയെന്നതും അങ്ങനെ തന്നെ. പിടിക്കാന്‍ ഫേസ്ബുക്കും പിടിക്കപ്പെടാതിരിക്കാന്‍ ഞങ്ങളും ശ്രമിക്കും എന്ന വിപ്ലവാശയമാണ് ഇത്തരം ഓരോ ഫേക്കും മുന്നോട്ടു വെക്കുന്നത്. ഈ പ്രതിഷേധത്തില്‍ pseudonymity ന്യായീകരണങ്ങള്‍ ഒരു ട്രോജന്‍ കുതിരയാണ്. ഉള്ളില്‍ ഒളിച്ചിരിക്കുന്നതോ ഇന്റര്‍നെറ്റ് സെന്‍സര്‍ഷിപ്പ് വാദവും.

 

(ബാംഗ്ലൂരില്‍ ഫ്രീലാന്‍സ് ഇന്‍ഫോ സെക്യൂരിറ്റി കണ്‍സള്‍ട്ടന്‍റാണ് ലേഖകന്‍).

 

ഈ വിഷയത്തില്‍ അഴിമുഖം പ്രസിദ്ധീകരിച്ച മറ്റൊരു ലേഖനം: ഫേസ്ബുക്കിനെ തിരുത്താന്‍ ഫേസ്ബുക്ക് കൊണ്ടുതന്നെ കഴിയുമോന്ന് ഞങ്ങളൊന്നു നോക്കട്ടെ

 

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍