UPDATES

വിദേശം

അഫ്ഗാനിസ്ഥാനിലെ സ്ത്രീകള്‍

Avatar

അഫ്ഗാനിസ്ഥാനിലെ സ്ത്രീകള്‍ ജയിലിലാകുന്നത് പല നടുക്കുന്ന കാരണങ്ങളുടെ പേരിലുമാകാം. നിര്‍ബന്ധിച്ചുനടത്തിയ വിവാഹത്തില്‍നിന്ന് രക്ഷപെട്ടുവരുന്നതാകാം, ബലാല്‍സംഗത്തിന്റെ ഇരയായവരാകാം, വേശ്യാവൃത്തിയിലേയ്ക്ക് വില്‍ക്കപ്പെട്ടവരാകാം. നാലുവര്‍ഷം അഫ്ഗാനിസ്ഥാനിലെ സ്ത്രീതടവറകളില്‍ ചെലവഴിച്ചു സ്ത്രീകളുടെ കഥകള്‍ കേട്ട ഗബ്രിയേല മാജ് പറയുന്നത് അവര്‍ ജീവിതത്തില്‍ ഇതിലധികം ദുരിതം അനുഭവിച്ച ആളുകളെ കണ്ടിട്ടില്ലെന്നാണ്. ആല്‍മണ്ട് ഗാര്‍ഡന്‍ എന്നാ അവരുടെ പുസ്തകത്തില്‍ ഇത്തരം അമ്പതുസ്ത്രീകളുടെ കഥകളാണ് പറയുന്നത്. ഒപ്പം അവരുടെ ജീവിതങ്ങള്‍ കാമറയില്‍ പകര്‍ത്തിയ ചിത്രങ്ങളും.
‘ഇവര്‍ അതിജീവിച്ച ദുരിതങ്ങളെ ചിത്രീകരിക്കുന്നതിനെക്കാള്‍ ഈ സ്ത്രീകളെ ആദരിക്കലായിരുന്നു എന്റെ ലക്ഷ്യം’, അവര്‍ ഇമെയിലില്‍ പറഞ്ഞു.
ഒരു തടവുമുറിയില്‍ കയറുംമുന്‍പ് മാജ് ആദ്യം അവരുടെ ചെരിപ്പ് അഴിച്ചുവയ്ക്കും. പിന്നീട് മുറിയിലുള്ള സ്ത്രീകള്‍ക്ക് സ്വയം പരിചയപ്പെടുത്തി താന്‍ വന്നതിന്റെ ഉദ്ദേശം വ്യക്തമാക്കും. പിന്നീട് ആര്‍ക്കെങ്കിലും അവനവന്റെ കഥ പങ്കുവയ്ക്കാന്‍ താല്‍പ്പര്യമുണ്ടോ എന്ന് ചോദിക്കും. ആദ്യം മുതല്‍ തന്നെ അനുവദിച്ച സമയത്തെക്കാള്‍ കൂടുതല്‍ സമയം സംസാരിക്കാന്‍ തയ്യാറായ സ്ത്രീകളെ മാജ് കണ്ടിരുന്നു.
‘ഞാന്‍ കണ്ട സ്ത്രീകളില്‍ ചിലര്‍ വളരെ കുപിതരായിരുന്നു. അവര്‍ക്ക് അവരുടെ വികാരങ്ങള്‍ പങ്കുവയ്ക്കണമെന്നുണ്ടായിരുന്നു. ഞാന്‍ കേള്‍ക്കാന്‍ തയ്യാറുള്ള ആളുമായിരുന്നു. ഇവരുടെ കഥകള്‍ കേട്ടപ്പോള്‍ തോന്നിയത് ഇതേ വരെ അവരുടെ കഥയെന്ത് എന്ന് ആരും അവരോടു ചോദിച്ചിരുന്നില്ല എന്നാണ്. അവരുടെ കുടുംബങ്ങള്‍ പോലും, ഭര്‍ത്താക്കന്മാരോ പോലീസോ അവരെ വിധിച്ച ജഡ്ജിമാരോ ആരും അവരുടെ കഥ തിരക്കിയിരുന്നില്ല.’ അവര്‍ പറഞ്ഞു.
വിഷാദമുള്ള ചില സ്ത്രീകളെ കുടുംബങ്ങള്‍ക്ക് ഒഴിവാക്കേണ്ടിയിരുന്നതുകൊണ്ട് ജയിലിലായ ചിലരുണ്ട്. മറ്റുചിലര്‍ വീടുകളിലെ പീഡനങ്ങളില്‍ നിന്ന് രക്ഷപെടാനാണ് അനിശ്ചിതകാലത്തോളം തടവില്‍ കഴിയാന്‍ തീരുമാനിച്ചത്.
എന്നാല്‍ അഫ്ഗാന്‍ തടവറകള്‍ ഒരു സുരക്ഷിതസ്വര്‍ഗ്ഗമൊന്നുമല്ല. ‘കുടുംബങ്ങള്‍ ഉപേക്ഷിച്ച സ്ത്രീകളും കുടുംബങ്ങള്‍ക്ക് ശരിയായ കൈക്കൂലി കൊടുക്കാന്‍ കഴിവില്ലാത്ത സ്ത്രീകളും ഒക്കെ പൂര്‍ണ്ണമായി തന്നെ നിസഹായരും അധികാരമില്ലാത്തവരുമാണ്.’ മാജ് പറയുന്നു. ‘തടവ് സ്ത്രീകളും ജയില്‍ കാവല്‍ക്കാരും ഞാന്‍ യാത്രകള്‍ക്കിടെ കണ്ടുമുട്ടുന്ന അഫ്ഗാന്‍കാരും ഒക്കെ സ്ഥിരമായി സ്ത്രീതടവുകാര്‍ അനുഭവിക്കുന്ന ലൈംഗികപീഡനങ്ങളെപ്പറ്റി പറയാറുണ്ട്.’
മാജിന്റെ ഫോട്ടോകളില്‍ നിങ്ങള്‍ സാധാരണ തടവറച്ചിത്രങ്ങളില്‍ കാണുന്ന തരം കാവല്‍ക്കാരെയോ അഴികളോ മറ്റു ജയില്‍ ചിഹ്നങ്ങളോ ഒന്നും കാണില്ല. സ്ത്രീകള്‍ പലപ്പോഴും ഒറ്റയ്‌ക്കോ അവരുടെ കുട്ടികളുടെ ഒപ്പമോ ഇരിക്കുന്നതാണ് കാണുക. ഈ കുട്ടികള്‍ അമ്മയോടൊപ്പം ജയിലിലടയ്ക്കപ്പെട്ടവരോ ജയില്‍ വെച്ച് ജനിച്ചവരോ ആകും.സ്ത്രീകളെ തടവുകാരായി കാണുന്നതിനുപകരം വ്യക്തികളായി കാണാന്‍ വേണ്ടിയാണ് ഇങ്ങനെയൊരു രീതി അവലംബിച്ചതെന്ന് മാജ് പറയുന്നു. അവര്‍ അനുഭവിച്ച പീഡകള്‍ക്കും ദൈനംദിന അനീതികള്‍ക്കും ശേഷവും ഈ സ്ത്രീകള്‍ അവരുടെ ദൈനംദിനജീവിതങ്ങളോട് ബന്ധപ്പെടുന്നതാണ് മാജിനെ ആകര്‍ഷിച്ചത്.
‘ഞങ്ങള്‍ ശൈശവവിവാഹത്തെപ്പറ്റിയും റേപ്പിനെപ്പറ്റിയും പണത്തെപ്പറ്റിയും മൊബൈല്‍ഫോണുകളെപ്പറ്റിയും ഒക്കെ സംസാരിച്ചു. ഇടയ്ക്കിടെ ചില സംഭാഷണശകലങ്ങള്‍ എനിക്ക് ഏറെ പരിചിതമായി തോന്നി. ഞങ്ങള്‍ തമ്മില്‍ വളരെ വലിയ വ്യത്യാസങ്ങള്‍ ഉണ്ടായിരുന്നെങ്കിലും ഞങ്ങളുടെ ജീവിതങ്ങളെ മറ്റുള്ളവര്‍ പരിഗണിച്ച രീതി എത്ര ഒരേപോലെയാണ് എന്ന് അത്ഭുതം തോന്നി.’

 

Avatar

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍