മദ്ധ്യപ്രദേശിലെ വ്യാപാം അഴിമതിയുമായി ബന്ധമുള്ള കോളെജിന്റെ ഡീനിനെ ദല്‍ഹിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ജബല്‍പൂരിലെ എന്‍എസ് മെഡിക്കല്‍ കോളെജിലെ ഡീന്‍ ആയ ഡോക്ടര്‍ അരുണ്‍ ശര്‍മയെയാണ് ഇന്ന് ദല്‍ഹിയിലെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.അഗര്‍ത്തലയിലേക്ക് ഒരു പരിശോധനയ്ക്ക് പോകുകയായിരുന്ന മെഡിക്കല്‍ കൗണ്‍സില്‍ സംഘത്തോടൊപ്പമായിരുന്നു അദ്ദേഹം.
സര്‍ക്കാര്‍ ജോലികള്‍ക്കും കോളെജ് അഡ്മിഷനും വേണ്ടി 2009-ല്‍ നടത്തിയ പ്രവേശനപരീക്ഷയില്‍ മദ്ധ്യപ്രദേശിലെ ഉന്നത രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും ഒക്കെ കൈക്കൂലി വാങ്ങി തിരിമറി നടത്തിയെന്നതായിരുന്നു വ്യാപാം അഴിമതി. നിലവില്‍ ഈ കേസുമായി ബന്ധപ്പെട്ട 30-ല്‍ അധികം പേര്‍ കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ ദുരൂഹ സാഹചര്യത്തില്‍ മരിച്ചു കഴിഞ്ഞു. ഈ കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘവുമായി സഹകരിച്ചു പ്രവര്‍ത്തിച്ചു വരികയായിരുന്നു ഡോക്ടര്‍ അരുണ്‍ ശര്‍മ്മ. അദ്ദേഹത്തിന്റെ കിടയ്ക്ക് സമീപത്തു നിന്ന് വിസ്‌കിയും ചില മരുന്നുകളും കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. അദ്ദേഹത്തിന്റെ മകന്‍ ദല്‍ഹിയില്‍ എത്തിയശേഷം മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്യുന്നമെന്ന് പൊലീസ് അറിയിച്ചു.
ഈ അഴിമതി കേസില്‍ ആരോപണവിധേയാകുകയും ദുരൂഹസാഹചര്യത്തില്‍ മരിക്കുകയും ചെയ്ത് നമ്രതയെന്ന പെണ്‍കുട്ടിയുടെ മാതാപിതാക്കളുമായി അഭിമുഖം നടത്തിയ മാധ്യമപ്രവര്‍ത്തകനും കഴിഞ്ഞ ദിവസം മരിച്ചിരുന്നു. നമ്രതയെ റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. വ്യാപാം അഴിമതിയില്‍ സിബിഐ അന്വേഷണം വേണമെന്ന് സംസ്ഥാനത്തെ പ്രതിപക്ഷമായ കോണ്‍ഗ്രസ് ആവശ്യപ്പെട്ടിട്ടിരുന്നു. എന്നാല്‍ സിബിഐ അന്വേഷണ ആവശ്യം ബിജെപി സര്‍ക്കാര്‍ തള്ളിക്കളഞ്ഞു.