UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ജിഷയുടെ അച്ഛന് വധഭീഷണി

അഴിമുഖം പ്രതിനിധി

പെരുമ്പാവൂരില്‍ കൊല്ലപ്പെട്ട ജിഷയുടെ അച്ഛന്‍ പാപ്പുവിന് വധഭീഷണി. മകളുടെ കൊലപാതകത്തിന് പിന്നില്‍ വന്‍ശക്തികളുണ്ടെന്ന് സംശയിക്കുന്നതായി പാപ്പു വെളിപ്പെടുത്തി. ഒരു സംഘം തന്നെ ഭീഷണിപ്പെടുത്തിയെന്നും പാപ്പു പറഞ്ഞു. പാപ്പു എറണാകളും ജനറല്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്.

ജിഷയുടെ കൊലപാതകത്തിന് പിന്നല്‍ കോണ്‍ഗ്രസിലെ ഒരു ഉന്നത നേതാവിന് പങ്കുണ്ടെന്നും അക്കാര്യം അന്വേഷിക്കണമെന്നും ചൂണ്ടിക്കാണിച്ച് മനുഷ്യാവകാശ പ്രവര്‍ത്തകനായ ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു. ഈ നേതാവിന്റെ വീട്ടില്‍ ജിഷയുടെ അമ്മ ജോലിക്ക് നിന്നിരുന്നുവെന്നും ജിഷ ഈ നേതാവിന്റെ മകളാണെന്നും നിവേദനത്തില്‍ പറഞ്ഞിരുന്നു. ജിഷ സ്വത്തിന്റെ ഭാഗം ചോദിച്ച് ഈ നേതാവിനെ സമീപിക്കുകയും ഡിഎന്‍എ പരിശോധന നടത്തുമെന്നും പറയുകയും ചെയ്തിരുന്നു. ഇതേതുടര്‍ന്ന് യുഡിഎഫ് കണ്‍വീനറും മുതിര്‍ന്ന നേതാവുമായ പിപി തങ്കച്ചന്‍ തനിക്ക് ജിഷയുമായി ബന്ധമില്ലെന്നുള്ള വിശദീകരണവുമായി രംഗത്തെത്തിയിരുന്നു. ജിഷയുടെ അമ്മയും ആരോപണം നിഷേധിച്ചിരുന്നു.

അതിന് പിന്നാലെ ജോമോനെതിരെ പാപ്പു കേസ് കൊടുക്കുന്ന സംഭവമുണ്ടായി. എന്നാല്‍ ഒരു കോണ്‍ഗ്രസ് നേതാവ് ഒരു പേപ്പറില്‍ ഒപ്പ് ഇടീച്ച് കൊണ്ടുപോയെന്നും പരാതി താന്‍ അറിഞ്ഞല്ല നല്‍കിയതെന്നും പറഞ്ഞിരുന്നു.

അതേസമയം കേസിന്റെ അന്വേഷണം പുതിയ സംഘം ഏറ്റെടുത്ത ശേഷം പ്രതിയുടേതെന്ന് സംശയിക്കുന്ന രണ്ട് രേഖാ ചിത്രങ്ങള്‍ തയ്യാറാക്കിയെന്നും അന്വേഷണത്തിന് നേരിട്ട് നേതൃത്വം നല്‍കുമെന്നും ഡിജിപി ലോക്‌നാഥ് ബെഹ്‌റ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കൊലപാതകിയുടേതെന്ന് സംശയിക്കുന്ന ആളുടെ രണ്ടാമത്തെ ഡിഎന്‍എ പരിശോധന ഫലവും കഴിഞ്ഞദിവസം പുറത്തു വന്നിരുന്നു. ജിഷയുടെ കൈവിരല്‍ നഖത്തിനടിയില്‍ നിന്നും ലഭിച്ച ത്വക്കില്‍ നിന്നാണ് ഡിഎന്‍എയുടെ പരിശോധന ഫലമാണ് പുറത്തുവന്നത്. നേരത്തെ പരിശോധിച്ചിരുന്ന ഉമിനീരിലെ ഡിഎന്‍എ ഫലത്തോട് സാമ്യമുള്ളതാണ് പുതിയ ഫലമെന്ന് റിപ്പോര്‍ട്ടുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍