UPDATES

പ്രളയം 2019

ഇന്ന് മാത്രം ഒമ്പത് മരണം, കനത്ത മഴ അഞ്ചു ദിവസം കൂടി

രക്ഷാ പ്രവർത്തനത്തിന് സൈന്യത്തിൻ്റ സേവനവും.

സംസ്ഥാനത്തെമ്പാടും തുടരുന്ന കനത്ത മഴയില്‍ ഇന്ന് മരിച്ചവരുടെ എണ്ണം ഒമ്പതായി. വയനാട്, മലപ്പുറം, കണ്ണൂര്‍ ജില്ലകളിലാണ് കെടുതി ഏറ്റവും തീവ്രമായത്.

വയനാട് പുത്തുമലയില്‍ രണ്ട് പേരെ  മരിച്ച നിലയില്‍ കണ്ടെത്തി. ഇവിടെ കൂടുതല്‍ പേര്‍ മണ്ണിനടയില്‍ കുടുങ്ങി കിടക്കുന്നുവെന്ന സംശയമുണ്ട്. രക്ഷാ പ്രവര്‍ത്തനം രാവിലെ പുനരാരംഭിച്ചിട്ടുണ്ട്.

മലപ്പുറത്ത് എടവണ്ണയില്‍ ഒതാനിയില്‍ വീട് തകര്‍ന്ന് മണ്ണിനിടയില്‍ കുടുങ്ങിയ നാല് പേരും മരിച്ചു. അച്ഛനും അമ്മയും രണ്ട് കുട്ടികളുമാണ് മരിച്ചത്.

കുറ്റ്യാടി പുഴയില്‍ കാണാതായ രണ്ട് പേരും മരിച്ചതായും സ്ഥീരികരിച്ചു. മാക്കൂര്‍ മുഹമ്മദ് ഹാജി, ഷരീഫ് സഖാഫി എന്നിവരാണ് മരിച്ചത്.

വടകര വിലങ്ങാട് മലയോരത്ത് ഉരുള്‍പ്പൊട്ടലില്‍ മൂന്ന് പേരെ കാണാതായി. കണ്ണൂര്‍ ജില്ലയിലെ കിഴക്കന്‍ മേഖലയില്‍ ചില പ്രദേശങ്ങളില്‍ ഉരുള്‍പ്പൊട്ടലുണ്ടായതായാണ് റിപ്പോര്‍ട്ട്. കണ്ണൂര്‍ ജില്ലയില്‍ കിളിയന്തറയില്‍ ഒരാളുടെ മൃതദേഹം കിട്ടി.

വയനാട്ടില്‍നിന്ന് കണ്ണൂര്‍ തലശ്ശേരി ഭാഗത്തേക്കും കോഴിക്കോട്ടെക്കും ഉളള ഗതാഗതം തടസ്സപ്പെട്ടിരിക്കയാണ്

പറമ്പിക്കുളത്ത് നിന്ന് ആളിയാറിലേക്ക് വെള്ളം തുറന്നു വിടുന്ന കനാലില്‍ തടസം നേരിട്ട സാഹചര്യത്തില്‍, തുറന്നു വിട്ട വെള്ളം പൊരിങ്ങല്‍കുത്ത് ഡാമിലേക്ക് എത്തും. 400 ക്യുസക്‌സ് വെള്ളം 2 മണിക്കൂറിനുള്ളില്‍ പൊരിങ്ങല്‍കുത്തിലും മൂന്നര മണിക്കൂറിനുള്ളില്‍ ചാലക്കുടിയിലും എത്തും. തീരവാസികള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

പാലക്കാട് നഗരത്തിലും വെള്ളം കയറുകയാണ്. താഴ്ന പ്രദേശങ്ങളിലാണ് കൂടുതൽ ആഘാതം ഉണ്ടായിട്ടുള്ളത്. നഗരത്തിനോട് ചേർന്ന് കിടക്കുന്ന സ്ഥലങ്ങളിൽനിന്നും ആളുകളെ മാറ്റുകയാണ്.

പാലക്കാട്ട് കരിമ്പയില്‍ ഉരുള്‍പ്പൊട്ടലുണ്ടായി. പട്ടാമ്പി പാലത്തില്‍ വെള്ളം കയറിയതിനാല്‍ ഗതാഗതം നിരോധിച്ചു.

സംസ്ഥാനത്തെ വിവിധ ഭാഗങ്ങളില്‍ ട്രെയിന്‍ ഗതാഗതവും തടസ്സപ്പെട്ടു. ട്രാക്കില്‍ മരങ്ങള്‍ വീണതാണ് തടസ്സത്തിന് കാരണമായത്.

ചിലയിടങ്ങളില്‍ മിന്നല്‍ ചുഴലിക്ക് സമാനമായ രീതിയിലാണ് കാറ്റും മഴയുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. തെക്കൻ ജില്ലകളിലും നല്ല മഴ ലഭിക്കുന്നുണ്ടെങ്കിലും താരതമ്യേന തീവ്രത കുറവാണ്. അഞ്ച് ദിവസം കൂടി കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്. ബംഗാൾ ഉൾക്കടലിൽ ന്യൂനമർദത്തിനു പിന്നാലെയുണ്ടായ ശാന്തസമുദ്രത്തിലെ രണ്ട് ചുഴലികളാണ് കാറ്റിന്റെയും മഴയുടെയും തീവ്രത ഇരട്ടിയാക്കിയത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍