UPDATES

ന്യൂസ് അപ്ഡേറ്റ്സ്

വെടിക്കെട്ട് തര്‍ക്കത്തിന് വീണ്ടും തീപിടിക്കുമ്പോള്‍

ദീവാലിക്ക് ശേഷം നവംബര്‍ ആദ്യം ഡല്‍ഹിയെ മൂടിയ പുകമഞ്ഞിന്റെ പശ്ചാത്തലത്തില്‍ വെടിക്കെട്ട് സാമഗ്രികളുടെ വില്‍പ്പന കോടതി താത്ക്കാലികമായി തടഞ്ഞിരുന്നു. തലസ്ഥാന പ്രദേശത്ത് അവയുടെ വില്‍പ്പനക്കുള്ള എല്ലാ അനുമതികളും റദ്ദാക്കുകയും പുതിയ അനുമതികള്‍ നല്‍കുന്നത് തടയുകയും ചെയ്തു. ഉത്തരവില്‍ വ്യക്തമാക്കിയതു പോലെ ഇത് ദേശീയ തലസ്ഥാന പ്രദേശത്തെ ആശങ്കാജനകമായ അന്തരീക്ഷ മലിനീകരണത്തിന്റെ പശ്ചാത്തലത്തില്‍ എടുത്ത നടപടിയാണ്.

വെടിക്കെട്ട് നിരോധിക്കുന്നത്തൂം നിയന്ത്രിക്കുന്നതും സംബന്ധിച്ച സംവാദങ്ങള്‍ ഇതാദ്യമല്ല. ഇന്ത്യയില്‍ വെടിക്കെട്ടുകള്‍, 1984-ലെ സ്ഫോടകവസ്തു നിയമം, സ്ഫോടകവസ്തു ചട്ടങ്ങള്‍, 2008 പെട്രോളിയം, സ്ഫോടകവസ്തു സുരക്ഷാ സംഘടന (അനുമതി സമിതി) എന്നിവക്കെല്ലാം കീഴില്‍ നിയന്ത്രിച്ചിരിക്കുന്നു. രാജ്യത്തെ കോടതികള്‍ പുറപ്പെടുവിച്ച നിരവധി വിധികളും ദീവാലിക്കാലത്തെ ഇടക്കാല ഉത്തരവുകളും വേറെയുമുണ്ട്. ഇവയില്‍ 2005-ലെ സുപ്രീം കോടതി വിധി നിര്‍ണായകമാണ്. രാത്രി 10 മണിക്കും രാവിലെ 6 മണിക്കും ഇടയില്‍ ശബ്ദം ഉണ്ടാക്കുന്ന പടക്കങ്ങള്‍ പൊട്ടിക്കുന്നത് അത് പൂര്‍ണമായും തടയുന്നു. മത, സാമൂഹ്യ പരിപാടികള്‍ക്കായി ഇളവ് നല്‍കരുതെന്നും അത് പ്രത്യേകം പറയുന്നു. നിര്‍മ്മാണത്തിന് ശേഷമുള്ള ശബ്ദത്തിന്റെയും രാസമലിനീകരണത്തിന്റെയും അടിസ്ഥാനത്തിലല്ലാതെ നിര്‍മ്മാണത്തിന് മുമ്പുള്ള ഘട്ടത്തില്‍ രാസ സംയുക്തങ്ങള്‍, വലിപ്പം, ഭാരം എന്നിവയെ അടിസ്ഥാനമാക്കി നിയന്ത്രിക്കുന്നതാണ് കാര്യക്ഷമം എന്നു തെളിഞ്ഞിട്ടുണ്ട്. 2005-ലെ വിധിക്ക് 11 വര്‍ഷത്തിന് ശേഷം ഇപ്പോഴാണ് കോടതിയുടെ ഇടക്കാല ഉത്തരവില്‍ കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിനോട് വെടിക്കെട്ടിനുപയോഗിക്കുന്ന വസ്തുക്കളുടെ ദോഷകരമായ ഫലങ്ങള്‍ എന്തൊക്കെ എന്നത് സംബന്ധിച്ച് ഒരു റിപ്പോര്‍ട് നല്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത് എന്നത് കാണേണ്ടതുണ്ട്.

കുറെക്കാലമായി ചട്ടങ്ങള്‍ക്കും മാര്‍ഗനിര്‍ദേശങ്ങള്‍ക്കും കുറവൊന്നുമില്ലെന്ന് വ്യക്തമാണ്. 2008-ല്‍ ബോംബെ ഹൈക്കോടതിയില്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ നല്കിയ ഒരു സത്യവാങ്മൂലത്തില്‍-ബോംബെ വെടിക്കെട്ട് ചട്ടങ്ങള്‍ നിരോധനവും നിയന്ത്രണവും, 2008- പൊതുവിടങ്ങള്‍, നിശബ്ദത പാലിക്കേണ്ട സ്ഥലങ്ങള്‍ തുടങ്ങിയ പ്രദേശങ്ങളില്‍ പടക്കം പൊട്ടിക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നു. എന്നാല്‍ ആ കരട് നിയമം പ്രാവര്‍ത്തികമാക്കിയില്ല. ഈ ചട്ടങ്ങളെല്ലാം ഉണ്ടായിട്ടും വെടിക്കെട്ട് വ്യവസായം പ്രായോഗികമായി വേണ്ടത്ര നിയന്ത്രണങ്ങളും മേല്‍നോട്ടവും -നിര്‍മ്മാണവും തൊഴില്‍ രീതികളും, സംഭരണവും, കടത്തും, ചില്ലറ വില്‍പനയും എല്ലാം- ഇല്ലാതെയാണ് പ്രവര്‍ത്തിക്കുന്നത്. വില്‍പ്പനക്കുള്ള അനുമതി, ആര്, ആര്‍ക്ക്, എപ്പോള്‍ വില്‍ക്കണം, എവിടെ, ആര്‍ക്ക് ഉപയോഗിക്കാം, എന്നതിലെല്ലാം ഈ മേല്‍നോട്ടക്കുറവുണ്ട്.

വെടിക്കെട്ട് സാമഗ്രികളെ ‘സ്ഫോടക വസ്തുക്കള്‍’ എന്ന ഗണത്തിലാണ് പെടുത്തിയിരിക്കുന്നത് എന്നതും അവ വലിയ തീപിടിത്ത സാധ്യതകള്‍ ഉണ്ടാക്കുന്നു എന്നതും പ്രധാനപ്പെട്ട കാര്യമാണ്. ഈ വര്‍ഷം മുംബൈയില്‍ “മെയ്ക്ക് ഇന്‍ ഇന്ത്യ’ പരിപാടിക്കിടെ, ഏപ്രിലില്‍ കേരളത്തിലെ ക്ഷേത്രത്തില്‍, മുംബൈയില്‍ ഈ ദീവാലിക്കിടെ ഉണ്ടായ 42 തീപിടിത്തങ്ങളും (ഇതെല്ലാ കൊല്ലവും പതിവാണ്) ഏറ്റവും അടുത്ത് ഡിസംബര്‍ 1-നു തമിഴ്നാട്ടിലെ പടക്കനിര്‍മ്മാണ ശാലയിലെ സ്ഫോടനവും എല്ലാം ഇതിന് ഉദാഹരണങ്ങളാണ്. ഈ വസ്തുത അംഗീകരിച്ചില്ലെങ്കില്‍ ഇത്തരം അപകടങ്ങള്‍ ഇനിയും ആവര്‍ത്തിക്കും.

വെടിക്കെട്ട് സംബന്ധിച്ച നിലവിലെ നിയന്ത്രണങ്ങളും ചട്ടങ്ങളും നടപ്പാക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. രാസ സംയുക്ത പരിശോധനയ്ക്കും തീപിടുത്ത സുരക്ഷാ പരിശോധനയ്ക്കും ശേഷം മാത്രമേ പടക്കനിര്‍മ്മാണ അനുമതി നല്‍കൂ എന്നതാണു ഇതില്‍ ആദ്യം കൈക്കൊള്ളേണ്ട നടപടി. വില്‍പ്പനയിലുള്ള കര്‍ശന നിയന്ത്രണങ്ങളാണ് തുല്യ പ്രാധാന്യമുള്ള മറ്റൊന്ന്. തീപിടിത്ത നിയന്ത്രണ പരിശോധനയ്ക്ക് ശേഷമേ വില്‍പ്പനക്കുള്ള അനുമതി നല്‍കാവൂ. വില്‍പ്പന ദിവസങ്ങള്‍  നിയന്ത്രിക്കുന്നതും (ഉത്സവ കാലത്ത്) വ്യക്തിപരമായ ആവശ്യത്തിനുള്ള പടക്കങ്ങള്‍ വില്‍ക്കുന്നതില്‍ ഏതൊക്കെ തരം ആകാമെന്നതിലെ നിയന്ത്രണങ്ങളും (ഉദാഹരണത്തിന് നിലത്തുനിന്നും പൊങ്ങാത്തതും പൊട്ടിത്തെറിക്കാത്തതുമായവ മാത്രം വില്‍ക്കുക) ആരോഗ്യ, പാരിസ്ഥിതിക പ്രശ്നങ്ങള്‍ മാത്രമല്ല, തീപിടിത്ത അപകടങ്ങളും ഏറെക്കുറയ്ക്കും.

മലിനീകരണത്തിനും പരിസ്ഥിതി പ്രശ്നങ്ങള്‍ക്കും ചൈനാ പടക്കങ്ങളെ സ്ഥിരമായി പഴിക്കുന്നുണ്ടെങ്കിലും നാം വിസ്മരിക്കുന്ന ഒരു കാര്യം ചൈനയിലെ 138-ലേറെ നഗരങ്ങളില്‍ വെടിക്കെട്ട് നിരോധിച്ചിരിക്കുന്നുവെന്നും 536 നഗരങ്ങളില്‍ അവയുടെ വില്‍പ്പനയ്ക്കും ഉപയോഗത്തിനും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നു എന്നുമാണ്. വാസ്തവത്തില്‍ ലോകത്തിലെ നിരവധി രാജ്യങ്ങളില്‍ വെടിക്കെട്ട് പൂര്‍ണമായോ ഭാഗികമായോ നിരോധിച്ചിരിക്കുന്നു. അവയുടെ വില്‍പ്പനയ്ക്കും ഉപയോഗത്തിനും കര്‍ശനമായ നിയന്ത്രണങ്ങളുണ്ട്. എപ്പോഴൊക്കെ, എവിടെയൊക്കെ, ഏതൊക്കെ തരം പടക്കങ്ങള്‍ ഉപയോഗിക്കണം എന്നതിനും മിക്കയിടത്തും നിയന്ത്രണങ്ങളുണ്ട്.

പടക്കങ്ങളുടെ വ്യക്തിപരമായ അനിയന്ത്രിത ഉപയോഗവും തുടര്‍ന്നുള്ള അപകട സാധ്യതയും കുറയ്ക്കാന്‍ നമ്മള്‍ സാമൂഹ്യാടിസ്ഥാനത്തില്‍ ഒരു പ്രത്യേക സ്ഥലത്തും സമയത്തും ആളുകള്‍ കൂട്ടായി വന്നു വെടിക്കെട്ട് ആസ്വദിക്കുന്ന രീതി ഉണ്ടാകണമെന്നും 2005-ലെ സുപ്രീം കോടതി വിധിയില്‍ നിര്‍ദ്ദേശിക്കുന്നുണ്ട്. അപകടങ്ങളും മരണങ്ങളും വരുത്തിവെക്കുന്ന ആഘോഷങ്ങളെ ഒരു മതവും ആചാരവും നിഷ്കര്‍ഷിക്കുന്നില്ല. എങ്കിലും ഇന്ത്യയില്‍ ആളുകള്‍ കരുതുന്നത് ഇങ്ങനെ ആഘോഷിക്കുന്നത് തങ്ങളുടെ അവകാശമാണെന്നാണ്. ഇടക്കാല ഉത്തരവുകള്‍ക്ക് പകരം 2005-ലെ കോടതി വിധിയില്‍ പറഞ്ഞപോലുള്ള ‘പൊതു അപായവും’ മൌലികാവകാശങ്ങളുടെ ലംഘനവും തടയാന്‍ നിയന്ത്രണങ്ങളും പരിധികളും നടപ്പാക്കാനുതകുന്ന വ്യക്തമായ ഉത്തരവുകള്‍ ആവശ്യമാണ്.

 

(എക്കണോമിക് ആന്‍ഡ് പൊളിറ്റിക്കല്‍ വീക്കിലിയുടെ അനുമതിയോടെ പ്രസിദ്ധീകരിക്കുന്നത്)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍