UPDATES

ഇന്ത്യ

ഡിസംബര്‍ ആറ്; ഇന്ന് ചോദിക്കേണ്ട യഥാര്‍ത്ഥ ചോദ്യങ്ങള്‍

എന്തുകൊണ്ടാണ് പാര്‍ലമെന്റിന്റെ പ്രാധാന്യം നമ്മള്‍ മനസിലാക്കാതെ പോകുന്നത്?

16-ആം നൂറ്റാണ്ടില്‍ മിര്‍ ബഖി എന്ന ബാബറിന്റെ ജനറല്‍ അയോധ്യയിലുണ്ടായിരുന്ന ക്ഷേത്രം പൊളിച്ചോ എന്നല്ല ഇപ്പോള്‍ ചോദിക്കേണ്ട യഥാര്‍ഥ ചോദ്യം.\

അവിടുത്തെ ക്ഷേത്രമോ മോസ്‌കോ പൊളിച്ചിട്ടുണ്ടോയെന്ന് ബാബര്‍നാമ എവിടെയെങ്കിലും രേഖപ്പെടുത്താതിരുന്നത് എന്തുകൊണ്ടാണ് എന്നല്ല ഇപ്പോള്‍ ചോദിക്കേണ്ട ചോദ്യം.

രാമന്‍ അയോധ്യയിലാണോ ജനിച്ചത് എന്നല്ല ഇപ്പോള്‍ ചോദിക്കേണ്ടത്. രാമന്‍ ഒരു ചരിത്രപുരുഷനായിരുന്നോ അതോ വിശ്വാസമാണോ എന്നല്ല ഇപ്പോള്‍ ചോദിക്കേണ്ടത്. ഇന്ത്യന്‍ സാമൂഹിക ജീവിതത്തിന്റെയും ചരിത്രത്തിന്റെയും സാംസ്‌കാരികതയുടേയും അഭിവാജ്യഘടകമാണ് രാമന്‍. അത് മതതീവ്രവാദികള്‍ അവകാശപ്പെടുന്നതുപോലെയുള്ളതല്ല, മറിച്ച് ഒരു മത ചട്ടക്കൂടിന്റെ പുറത്താണ് രാമന്‍ എപ്പോഴും ഉണ്ടായിരുന്നത്.

ഹിന്ദുക്കളും മുസ്ലീങ്ങളും എങ്ങനെയാണ് നൂറ്റാണ്ടുകളായി അയോധ്യയില്‍ സമാധാനാപരമായി കഴിഞ്ഞിരുന്നത് എന്നല്ല ഇന്ന് ചോദിക്കേണ്ടത്.

എന്തുകൊണ്ടാണ് രേഖപ്പെടുത്തപ്പെട്ട ആദ്യത്തെ സാമുദായിക ചേരിതിരിവ് 1859-ലേത് മാത്രമായത് എന്നല്ല ചോദ്യം.

1949 വരെ അയോധ്യയില്‍ നിലനിന്നിരുന്ന തത്സ്ഥിതി (status quo) ആരാണ് മാറ്റിയത് എന്നല്ല ഇപ്പോള്‍ ചോദിക്കേണ്ടത്. ഹിന്ദു മഹാസഭ ഗൂഡാലോചന നടത്തി അവിടേക്ക് രാമന്റെ വിഗ്രഹം കടത്തുകയും അത് ഇരുവിഭാഗവും തമ്മിലുള്ള നിയമയുദ്ധത്തിലേക്ക് നയിക്കുകയും ചെയ്തതല്ല നമ്മള്‍ ഇപ്പോള്‍ അന്വേഷിക്കുന്നത്.

1986-ല്‍ ഹിന്ദുക്കള്‍ക്ക് ആരാധനയ്ക്കായി അയോധ്യ തുറന്നു കൊടുക്കുന്നതിന് കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ എന്തുകൊണ്ടാണ് അനുമതി നല്‍കിയത് എന്നല്ല ഇപ്പോള്‍ ചോദിക്കേണ്ടത്. അന്ന് ചെറുപ്പമായിരുന്ന രാജീവ് ഗാന്ധി എന്തുകൊണ്ടാണ് തന്റെ പുരോഗമന ആശയങ്ങള്‍ക്കൊപ്പം ഷാ ബാനു കേസിലെപ്പോലെ തന്നെ ഇത്തരത്തിലുള്ള പിന്തിരിപ്പന്‍ നയങ്ങളും കൂട്ടിക്കലര്‍ത്തിയത് എന്നല്ല ഇപ്പോള്‍ ചോദിക്കേണ്ടത്.

1990 സെപ്റ്റംബറില്‍ തുടങ്ങിയ എല്‍.കെ അദ്വാനിയുടെ രഥയാത്ര സംഘടിപ്പിച്ചതിനെപ്പറ്റിയുമല്ല ഇന്ന്, ഡിസംബര്‍ ആറിന് ചോദിക്കേണ്ട ചോദ്യം. അന്ന് ഇത് സംഘടിപ്പിക്കാന്‍ മുഖ്യപങ്കുവഹിച്ച ചെറുപ്പക്കാരനായ നരേന്ദ്ര ദാമോദര്‍ദാസ് മോദിയെക്കുറിച്ചുമല്ല. ഒരു ചെറിയ ആര്‍എസ്എസ് പ്രചാരകനില്‍ നിന്ന് പ്രധാനമന്ത്രി പദം വരെയെത്തിയതിനെക്കുറിച്ചോ അതിനദ്ദേഹം തെരഞ്ഞെടുത്ത വഴികളെക്കുറിച്ചുമല്ല ഇപ്പോള്‍ ചോദിക്കേണ്ടത്.

 

1992 ഡിസംബര്‍ ആറിന് ഒന്നര ലക്ഷത്തോളം വരുന്ന മതവെറി പൂണ്ട മനുഷ്യര്‍ അയോധ്യയില്‍ തടിച്ചു കൂടിയതിനെക്കുറിച്ചോ ബാബറി മസ്ജിദ് പൊളിച്ചു കളഞ്ഞതിനെക്കുറിച്ചോ അല്ല ഇപ്പോള്‍ ചോദിക്കേണ്ടത്. ആ തണുപ്പുകാലത്ത് ബാബറി പള്ളി പൊളിക്കാന്‍ ഈ ജനക്കൂട്ടത്തെ പ്രേരിപ്പിച്ച അദ്വാനിയുടെയും മറ്റ് നേതാക്കളുടേയും വിദ്വേഷ പ്രസംഗത്തെക്കുറിച്ചുമല്ല ഇപ്പോള്‍ ചോദിക്കേണ്ടത്. അവിടെ മാധ്യമ പ്രവര്‍ത്തകര്‍ ആക്രമിക്കപ്പെട്ടതിനെക്കുറിച്ചുമല്ല ചോദിക്കേണ്ടത്. ഈ പരിപാടികള്‍ക്ക് നേതൃത്വം നല്‍കിയവര്‍ തന്നെ സമാധാനത്തിനായി നടത്തിയ ദുര്‍ബലമായ ആഹ്വാനത്തെക്കുറിച്ചുമല്ല ഇപ്പോള്‍ ചോദിക്കേണ്ടത്.

അന്നത്തെ പ്രധാനമന്ത്രി പി.വി നരസിംഹ റാവു കൂടി ഉള്‍പ്പെട്ടിട്ടുള്ള ഒരു വലിയ ഗൂഡാലോചന അതിനു പിന്നിലുണ്ടായിരുന്നോ എന്നുമല്ല ഇപ്പോള്‍ ചോദിക്കേണ്ടത്.

ബി.ജെ.പിയുടെ മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പെടെ 68 പേരാണ് ബാബറി മസ്ജിദ് പെളിച്ചതിന് ഉത്തരവാദികളെന്ന് സൂചിപ്പിക്കുന്ന ജസ്റ്റിസ് മന്‍മോഹന്‍ സിംഗ് ലിബര്‍ഹാന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന് എന്തു സംഭവിച്ചുവെന്നും ഇനി ചോദിക്കേണ്ടതില്ല. എ.ബി വാജ്‌പേയി, എല്‍.കെ അദ്വാനി, മുരളി മനോഹര്‍ ജോഷി, വിജയരാജെ സിന്ധ്യ തുടങ്ങിയ ആ നേതാക്കള്‍ക്ക് പിന്നീട് എന്തു സംഭവിച്ചു എന്നും ചോദിക്കേണ്ടതില്ല. അന്നത്തെ ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി കല്യാണ്‍ സിംഗിനെക്കുറിച്ചും ചോദിക്കേണ്ടതില്ല.

ബാബറി മസ്ജിദ് പൊളിച്ചതുമായി ബന്ധപ്പെട്ട് റായ്ബറേലി കോടതിയിലുള്ള ക്രിമിനല്‍ കേസ് മുന്നോട്ടു പോകാതെ എങ്ങനെയാണ് ഇപ്പോള്‍ ബിജെപി നേതൃത്വം നല്‍കുന്ന കേന്ദ്ര സര്‍ക്കാര്‍ മാനേജ് ചെയ്യുന്നതെന്നും ചോദിക്കേണ്ടതില്ല.

എന്നാല്‍ ഇന്ന്, ഈ ഡിസംബര്‍ ആറിന്, ബാബറി മസ്ജിദ് തകര്‍ത്തതിനു ശേഷം 24 വര്‍ഷം കഴിയുമ്പോള്‍ ചോദിക്കേണ്ട മറ്റൊരു ചോദ്യമുണ്ട്. എന്താണ് ഇന്ത്യയെക്കുറിച്ചുള്ള സങ്കല്‍പ്പം? നിരവധി ഭാഷകള്‍, വംശങ്ങള്‍, സമുദായങ്ങള്‍ ഒക്കെയുള്ള ഒരു വലിയ ജനക്കൂട്ടം ഇന്ത്യന്‍ ഭരണഘടന എന്ന എഴുതപ്പെട്ടിട്ടുള്ള ഒരു രേഖയുടെ അടിസ്ഥാനത്തില്‍ യോജിച്ചും വിയോജിച്ചുമൊക്കെ സമാധാനത്തോടെ കഴിയുന്ന, മനുഷ്യ ചരിത്രത്തിലെ തന്നെ അപൂര്‍വമായ ഒരു പരീക്ഷണം എന്ന ഇന്ത്യയെക്കുറിച്ചാണ് പറയുന്നത്.

ആ ഭരണഘടനയ്ക്ക് എന്തു സംഭവിച്ചു?

നിങ്ങളിതുവരെ വായിക്കാത്ത ഒരു പുസ്തകം മാത്രമാണോ അത്? അതോ അധികാരമേറ്റെടുക്കുമ്പോള്‍ പ്രതിജ്ഞ ചെയ്യാനായി അലങ്കാരത്തിനു മാത്രമുപയോഗിക്കുന്ന ഒന്ന്? നിങ്ങളുടെ ഷെല്‍ഫുകളില്‍ ഇന്നും വായിക്കപ്പെടാതെ അടുക്കിവച്ചിട്ടുള്ള മറ്റു പുസ്തകങ്ങള്‍ പോലെ ഒന്ന് മാത്രമാണോ ഇതും?

ചോദ്യം ഈ ഭരണഘടന ഈ രാജ്യത്തെ 128 കോടി ജനങ്ങള്‍ക്ക് നല്‍കിയിട്ടുള്ള ഉറപ്പുകള്‍ക്ക് എന്തു സംഭവിച്ചു എന്നാണ്?

ഭരണഘടന വാഗ്ദാനം ചെയ്യുന്ന മൗലികാവകാശങ്ങള്‍ എവിടെയാണ്? അവയ്ക്ക് എന്തുസംഭവിച്ചു? എന്തുകൊണ്ടാണ് നാം ഇത്ര വ്യാജരായ മനുഷ്യരായി സ്വയം മാറുന്നത്? എന്തുകൊണ്ടാണ് പുരോഗമനവാദികളെന്ന് പുറമെ നടിക്കുകയും ഉള്ളില്‍ വര്‍ഗീയ വിഷവും വിഡ്ഡിത്തവും നിറഞ്ഞ ഒരു ജനതയായി മാറുന്നത്?

എന്തുകൊണ്ടാണ് സിനിമാ ഹാളില്‍ വ്യാജ ദേശസ്‌നേഹം പ്രകടിപ്പിക്കാന്‍ സുപ്രീം കോടതി നമ്മോട് ആവശ്യപ്പെടുന്നത്? ഞാന്‍ എന്തു കഴിക്കണം, കഴിക്കാന്‍ പാടില്ലെന്ന് മറ്റൊരാള്‍ എന്തുകൊണ്ടാണ് ആവശ്യപ്പെടുന്നത്?

എന്തുകൊണ്ടാണ് പാര്‍ലമെന്റിന്റെ പ്രാധാന്യം നമ്മള്‍ മനസിലാക്കാതെ പോകുന്നത്? എന്നാണ് അര്‍ഥപൂര്‍ണമായ ചര്‍ച്ചകളും സംവാദങ്ങളും അവിടെ നടക്കുന്നത്? എന്നാണ് ഈ രാജ്യത്തെ ജനങ്ങളുടെ പ്രതിനിധികള്‍ക്ക് പറയാനുള്ളത് കേള്‍ക്കാന്‍ പ്രധാനമന്ത്രി തയാറാവുന്നത്? LinkedIn-ലെ കാര്യമല്ല.

പ്രധാനമന്ത്രി വിശ്വസിക്കുന്നതുപോലെ മോശപ്പെട്ട ആളുകള്‍ അവരുടെ കൊള്ളമുതല്‍ കറന്‍സിയായി സൂക്ഷിച്ചിരിക്കുന്നു എന്ന് പ്രചരിപ്പിച്ച് ഓരോ ദിവസവും പണിയെടുത്ത് മാത്രം ജീവിതം കഴിക്കുന്നവരെ എന്തുകൊണ്ടാണ് ബാങ്ക് ക്യൂകളിലേക്ക് തള്ളിവിട്ടുകൊണ്ട് ഇങ്ങനെ ശിക്ഷിക്കുന്നത്? ഇവിടെ യഥാര്‍ഥ കള്ളന്മാര്‍ പണമായിട്ടല്ല അവരുടെ കൊള്ളമുതല്‍ സുക്ഷിച്ചിരിക്കുന്നതെന്നും അത് വിദേശ രാജ്യങ്ങളിലെ ബാങ്കുകളില്‍ സുരക്ഷിതമാണെന്നുമുള്ള വിവരങ്ങളും തെളിവുകളുമൊക്കെ മുന്നിലുള്ളപ്പോള്‍ പ്രധാനമന്ത്രി എന്തുകൊണ്ടാണ് ഇത്തരത്തില്‍ കാപട്യം കാണിക്കുന്നത്?

ആ ദിവസം 1992 ഡിസംബര്‍ ആറിന് ജീവിതവും പ്രതീക്ഷകളുമൊക്കെ നഷ്ടപ്പെട്ട ആയിരക്കണക്കിന് മനുഷ്യരുടെ പേരില്‍ ഇന്ന് ചോദിക്കേണ്ട ചോദ്യം, എവിടെയാണ് ഞങ്ങളുടെ ഭരണഘടന? എന്നാണ് ആ ഭരണഘടനയുടെ അടിസ്ഥാനത്തില്‍ ഞങ്ങള്‍ക്ക് ജീവിക്കാന്‍ കഴിയുക?

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍