‘ദ നക്‌സലൈറ്റ്‌സ്: ഇന്ത്യാസ് എക്സ്ട്രീം ലെഫ്റ്റ്-വിംഗ് കമ്മ്യൂണിസ്റ്റ്‌സ്’ ; ഇന്ത്യയിലെ തീവ്ര കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ സൂക്ഷ്മമായി നിരീക്ഷിക്കുന്ന സിഐഎ കേബിള്‍
ലോകത്തെമ്പാടും നടത്തിയ തങ്ങള്‍ നടത്തിയ ചാരപ്രവര്‍ത്തനങ്ങളുടെ 13 ദശലക്ഷം പേജുകള്‍ വരുന്ന രേഖകള്‍ ജനുവരി 18-ന് അമേരിക്കന്‍ ചാരസംഘടനയായ സിഐഎ അവരുടെ ഓണ്‍ലൈനില്‍ ലഭ്യമാക്കിയിട്ടുണ്ട്. മറ്റ് രാജ്യങ്ങള്‍ക്കൊപ്പം ഇന്ത്യയിലെ രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ അടക്കം സൂക്ഷ്മമായി അവര്‍ നിരീക്ഷിച്ചിരുന്നെങ്കിലും ഇതില്‍ പ്രധാനമായിരുന്നു രാജ്യത്ത് ആദ്യമായി ഒരു കമ്യൂണിസ്റ്റ് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന കേരളത്തിലെ സംഭവവികാസങ്ങള്‍. ഇന്ത്യയില്‍ നിന്നു പോയ ഒട്ടുമിക്ക റിപ്പോര്‍ട്ടിലും കേരളം ഒരു പ്രധാന വിഷയമായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകളില്‍ നിന്ന് മനസിലാകുന്നത്. ആ രേഖകളിലൂടെ.
ആദ്യ റിപ്പോര്‍ട്ട് ഇവിടെ വായിക്കാം: (അമേരിക്കയുടെ കേരള കമ്യൂണിസ്റ്റ് പേടി: തെളിവുകളുമായി രഹസ്യ രേഖകള്‍ പുറത്ത്)
ഇന്ത്യയില്‍ നക്‌സലൈറ്റ് പ്രസ്ഥാനങ്ങളുടെ ആവിര്‍ഭാവം സിഐഎയ്ക്ക് ആശങ്ക സൃഷ്ടിച്ചിരുന്നു എന്നുവേണം പുറത്തുവന്ന രേഖകളില്‍ നിന്നും മനസിലാക്കാന്‍. 1950-കളുടെ അവസാനം, പ്രത്യേകിച്ചും കേരളത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി തിരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തിയ അപൂര്‍വ സാഹചര്യത്തില്‍, വലതുപക്ഷ ഭരണകക്ഷിയായ കോണ്‍ഗ്രസിന് വലിയ വെല്ലുവിളിയാകും ഇന്ത്യയില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ സാന്നിധ്യം എന്നായിരുന്നു അവരുടെ കണക്കൂകൂട്ടലെന്ന് അക്കാലത്ത് ഇവിടെ നിന്നും പോയിട്ടുള്ള പല റിപ്പോര്‍ട്ടുകളും സൂചിപ്പിക്കുന്നു. എന്നാല്‍, ഈ ആശങ്ക 1964-ലെ പിളര്‍പ്പോടെ അവസാനിച്ചതായി അവര്‍ കണക്കുകൂട്ടി.
അതേ സമയം, കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പിളര്‍പ്പിന് ശേഷം പശ്ചിമ ബംഗാളില്‍ ഉയര്‍ന്നുവരികയും ഇന്ത്യയിലെ പരമ്പരാഗത കമ്മ്യൂണിസ്റ്റ് മേഖലകളിലേക്ക് വ്യാപിക്കുകയും ചെയ്ത തീവ്ര ഇടതുവാദികളുടെ വളര്‍ച്ച അമേരിക്കയ്ക്ക് പുതിയ ആശങ്കകള്‍ സൃഷ്ടിച്ചു. അതുകൊണ്ടുതന്നെ നക്‌സലൈറ്റുകളുടെ ഓരോ നീക്കങ്ങളും വളരെ സൂക്ഷ്മതയോടെയാണ് സിഐഎ പിന്തുടര്‍ന്നിരുന്നത്. നക്‌സലൈറ്റുകളുടെ പ്രവര്‍ത്തനപദ്ധതികളും പ്രത്യയശാസ്ത്ര അടിത്തറയുമൊക്കെ അവര്‍ മനസിലാക്കിയിരുന്നു എന്നുവേണം 1970 ഒക്ടോബര്‍ 26ന് തയ്യാറാക്കിയിരിക്കുന്ന അവലോകന റിപ്പോര്‍ട്ടില്‍ നിന്നും മനസിലാക്കാന്‍. ‘ദ നക്‌സലൈറ്റ്‌സ്: ഇന്ത്യാസ് എക്ട്രീം ലെഫ്റ്റ്-വിംഗ് കമ്മ്യൂണിസ്റ്റ്‌സ്’ എന്നാണ് റിപ്പോര്‍ട്ടിന്റെ തലക്കെട്ട്.
നക്‌സലൈറ്റ് പ്രസ്ഥാനത്തിന്റെ വളര്‍ച്ച ഇന്ത്യന്‍ വലതു-ഭരണവര്‍ഗ്ഗത്തിന് സൃഷ്ടിക്കുന്ന ഭീഷണികളെ കുറിച്ചുള്ള ആമുഖത്തോടെയാണ് റിപ്പോര്‍ട്ട് ആരംഭിക്കുന്നത്. കഴിഞ്ഞ നാലുവര്‍ഷമായി സ്വയം പ്രഖ്യാപിത ‘മാവോയിസ്റ്റുകള്‍’ നക്‌സലൈറ്റുകള്‍ എന്ന പേരില്‍ സായുധ കലാപത്തിലൂടെ നിലവിലുള്ള സര്‍ക്കാര്‍ സംവിധാനത്തെ അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്ന് 1972ല്‍ നടക്കാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പിന് (ബാങ്കുകളുടെ ദേശസാല്‍ക്കരണം പോലെയുള്ള അനുകൂലഘടകങ്ങള്‍ സൃഷ്ടിച്ച മേല്‍ക്കൈയുടെ പശ്ചാത്തലത്തില്‍ ഇന്ദിര ഗാന്ധി ഈ തെരഞ്ഞെടുപ്പ് 1971-ല്‍ നടത്തുകയായിരുന്നു) മുന്നോടിയായി തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇവരുടെ ആക്രമപ്രവര്‍ത്തനങ്ങള്‍ സുരക്ഷ സേനയുടെ വിഭവങ്ങളില്‍ വലിയ ചോര്‍ച്ചയുണ്ടാക്കിയിട്ടുണ്ടെന്ന് റിപ്പോര്‍ട്ട് പറയുന്നു.

“നാട്ടിന്‍പുറങ്ങളില്‍ മാത്രം ഒതുങ്ങിനിന്ന കലാപങ്ങള്‍ ഇപ്പോള്‍ നഗരങ്ങളിലേക്കും വ്യാപിച്ചിട്ടുണ്ട്. കൊല്‍ക്കത്തയില്‍ നടന്ന പ്രവര്‍ത്തനങ്ങള്‍ ദേശീയശ്രദ്ധ ആകര്‍ഷിച്ചിട്ടുണ്ട്. സംസ്ഥാനത്ത് നിലവിലുള്ള ക്രമസമാധാന വീഴ്ചകള്‍ മുതലെടുത്തുകൊണ്ടാണ് ഇവര്‍ പ്രവര്‍ത്തിക്കുന്നത്” എന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. “1970 ഓഗസ്റ്റില്‍ മുതിര്‍ന്ന നക്‌സലൈറ്റ് നേതാവ് കനു സന്യാല്‍ അറസ്റ്റ് ചെയ്യപ്പെട്ടപ്പോള്‍ കൊല്‍ക്കത്ത തെരുവുകള്‍ വലിയ പ്രതിഷേധങ്ങള്‍ക്കാണ് സാക്ഷ്യം വഹിച്ചത്. ഇന്ത്യയില്‍ നിലവിലുള്ള സര്‍ക്കാര്‍, സാമൂഹിക സംവിധാനങ്ങളെ നിഷേധിക്കുന്ന വിവിധ സംഘടനങ്ങള്‍ ചേര്‍ന്നുള്ള ഒരു മുന്നണിയാണ് നക്‌സലൈറ്റ് പ്രസ്ഥാനം. കര്‍ഷകരുടെയും തൊഴിലാളികളുടെയും മുന്നണി എന്ന് വിശേഷിപ്പിക്കാവുന്ന കൂട്ടത്തിലെ ഏറ്റവും പ്രബല സംഘടനയായ സിപിഐ (എംഎല്‍) സായുധ വിപ്ലവത്തിലൂടെ കര്‍ഷകരുടെയും തൊഴിലാളികളുടെയും ചില മധ്യവര്‍ഗ്ഗ വിഭാഗങ്ങളുടെയും സര്‍വാധിപത്യം സൃഷ്ടിക്കുക എന്ന മുദ്രാവാക്യം ഉയര്‍ത്തുന്നവരാണ്. ജനകീയ വിമോചന സേന സൃഷ്ടിക്കാനും ദേശീയതലത്തില്‍ ഒളിപ്പോരിന് തയ്യാറാവാനും സംഘടന ആഹ്വാനം നല്‍കുന്നു. പരമദരിദ്രരെയും ഭൂരഹിതരെയും സായുധമായി സംഘടിപ്പിച്ച് വന്‍ഭൂവുടമകളില്‍ നിന്നും ഭൂമി ബലമായി പിടിച്ചെടുക്കുന്നതാണ് ഇവരുടെ പ്രവര്‍ത്തനരീതി. വര്‍ഗ്ഗശത്രുക്കളെ ‘ഉന്മൂലനം’ ചെയ്യാനും ഇവര്‍ അണികളെ പ്രചോദിപ്പിക്കുന്നു. മറ്റ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളെപ്പോലെ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഇവര്‍ തയ്യാറാവുന്നില്ല. യുഎസ് സാമ്രാജ്യത്വം, സോവിയറ്റ് സാമൂഹിക സാമ്രാജ്യത്വം, അവരുടെ ഉദ്യോഗസ്ഥ, ബൂര്‍ഷ്വ ചട്ടുകങ്ങള്‍, ഭൂഉടമകള്‍ എന്നീ നാലു വര്‍ഗ്ഗങ്ങളെയാണ് ഇവര്‍ മുഖ്യശത്രുക്കളായി കാണുന്നത്. വര്‍ദ്ധിച്ചുവരുന്ന തൊഴിലില്ലായ്മയെ ചൂഷണം ചെയ്തുകൊണ്ട് വലിയ വിധ്വംസക പ്രവര്‍ത്തനങ്ങളാണ് ഇവര്‍ ആവിഷ്‌കരിക്കുന്നതെ”ന്നും ആമുഖത്തില്‍ പറയുന്നു.
കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചരിത്രം പറഞ്ഞുകൊണ്ടു തുടങ്ങുന്ന മുഖ്യപ്രതിപാദനത്തില്‍ നക്‌സലൈറ്റുകളുടെ രൂപീകരണവും വളര്‍ച്ചയും സ്വാധീനമുള്ള സംസ്ഥാനങ്ങളില്‍ അവര്‍ക്കുള്ള ശക്തിയും വിലയിരുത്തപ്പെടുന്നു. റിപ്പോര്‍ട്ടിന്റെ വിശദാംശങ്ങളിലേക്ക്:
1964ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ പിളര്‍പ്പിന് ശേഷം ഇടതു-വലതു വിഭാഗങ്ങള്‍ പാര്‍ലമെന്ററി ജനാധിപത്യ പ്രക്രിയയിലേക്ക് കടന്നുവന്നിട്ടുണ്ട്. യഥാര്‍ത്ഥ വിപ്ലവമൂല്യങ്ങളിലേക്ക് പാര്‍ട്ടിയെ മടക്കിക്കൊണ്ടുപോവുക എന്ന ആശയം മുന്‍നിറുത്തിയാണ് സിപിഐ(എം), സിപിഐയില്‍ നിന്നും വിട്ടുപോയതെങ്കിലും ഇന്ത്യന്‍ സംവിധാനത്തില്‍ ഏതെങ്കിലും തരത്തിലുള്ള സ്വാധീനം സൃഷ്ടിക്കാന്‍ അവര്‍ക്ക് സാധിച്ചിട്ടില്ല. 1967-ല്‍ ബംഗാള്‍ ഭരണമുന്നണിയിലെ പ്രധാന പാര്‍ട്ടിയായി അവര്‍ മാറിയതോടെ അവര്‍ സംവിധാനത്തിന്റെ ഭാഗമായി മാറുകയും ചെയ്തു. ഇതോടെ നേരത്തെ ചൈനയില്‍ നിന്നും അവര്‍ക്ക് ലഭിച്ചിരുന്ന പിന്തുണ നഷ്ടമായി.

1967ലെ വസന്തകാലത്താണ് പശ്ചിമ ബംഗാളിലെ പിന്നോക്ക ഡാര്‍ജിലിംഗ് ജില്ലയില്‍ നക്‌സല്‍ബാരി കലാപം പൊട്ടിപ്പുറപ്പെടുന്നത്. പെട്ടെന്ന് അത് സമീപ ജില്ലകളിലേക്കും വ്യാപിച്ചു. സിപിഎമ്മിലെ തീവ്ര ഇടതുപക്ഷക്കാര്‍ ഇവിടെയെത്തി ഭൂരഹിതര്‍ക്കും സാന്താള്‍ ആദിവാസികള്‍ക്കുമിടയില്‍ പ്രചാരണം നടത്തുകയും ഭൂഉടമകള്‍ക്കെതിരെ കലാപത്തിന് പ്രേരിപ്പിക്കുകയുമായിരുന്നു. മേയ് അവസാനത്തോടെ നക്‌സല്‍ബാരിയിലെ സ്ഥിതിഗതികള്‍ പൂര്‍ണമായും കൈവിട്ടുപോയി. ഭൂഉടമകള്‍ക്ക് തങ്ങളുടെ ഭൂമി നഷ്ടപ്പെടുകയും നക്‌സ്‌ലെറ്റുകളുടെ കൊടിയ മര്‍ദ്ദനത്തിന് ഇരയാവുകയും ചെയ്തു. എന്നാല്‍ സിപിഎം നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാര്‍ കലാപം അടിച്ചമര്‍ത്താന്‍ ഒന്നും ചെയ്തില്ല. ഒടുവില്‍ കേന്ദ്ര സര്‍ക്കാര്‍ സമ്മര്‍ദ്ദം ചെലുത്തിയതിനെ തുടര്‍ന്ന് പോലീസ് ഇടപെടുകയും ആയിരത്തിലേറെ പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. തുടക്കം മുതല്‍ വിജയിക്കാന്‍ യാതൊരു സാധ്യതയുമില്ലാതിരുന്ന സമരത്തിന് അങ്ങനെ അഖിലേന്ത്യ ശ്രദ്ധ പിടിച്ചുപറ്റാന്‍ സാധിച്ചു. പ്രദേശത്തിന്റെ പേരില്‍ അറിയപ്പെടാന്‍ തുടങ്ങിയ പ്രസ്ഥാനം രാജ്യത്തെമ്പാടുമുള്ള തീവ്ര ഇടതുപക്ഷത്തിന്റെ സാമൂഹിക നീതിക്കായി പോരാടുന്നവരുടെയും ആവേശമായി മാറി. തുടര്‍ന്ന് പല ഭാഗങ്ങളിലും നക്‌സല്‍ബാരി മാതൃകയിലുള്ള ചെറിയ സമരങ്ങള്‍ പൊട്ടിപ്പുറപ്പെട്ടു.
നക്‌സലൈറ്റുകള്‍ തുടക്കം മുതല്‍ വിവിധ സംഘങ്ങളായി പ്രവര്‍ത്തിക്കുന്നതിനാല്‍ ഇവര്‍ക്ക് അഖിലേന്ത്യ തലത്തില്‍ സംഘടിക്കാന്‍ സാധിച്ചിട്ടില്ല. ദേശീയ അടിസ്ഥാനത്തില്‍ യോജിച്ച് പ്രവര്‍ത്തിക്കുന്നതിനായി അഖിലേന്ത്യ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി ഓഫ് കമ്മ്യൂണിസ്റ്റ് റെവലൂഷണറീസ് (എഐസിസിആര്‍) രൂപീകരിക്കുകയും 1967-68 വര്‍ഷങ്ങളിലുടനീളം സംഘടനയുടെ തന്ത്രങ്ങളും പ്രവര്‍ത്തനരീതികളും ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്തു. നേതൃത്വത്തിലേക്ക് കനു സന്യാല്‍ എന്ന യുവവിപ്ലവകാരി വരണമെന്ന് ബംഗാള്‍ നക്‌സലൈറ്റുകള്‍ ആഗ്രഹിച്ചിരുന്നെങ്കിലും കേരളത്തില്‍ നിന്നും ആന്ധ്രപ്രദേശില്‍ നിന്നുമുള്ളവര്‍ക്ക് ഇത് സ്വീകാര്യമായിരുന്നില്ല. തുടര്‍ന്ന് പശ്ചിമ ബംഗാള്‍ വിഭാഗം സിപിഐ (എംഎല്‍) എന്ന പേരില്‍ പ്രത്യേക പാര്‍ട്ടിയുണ്ടാക്കാന്‍ തീരുമാനിച്ചു. അവരാണ് ഇപ്പോഴും പ്രമുഖ ശക്തിയായി തുടരുന്നത്.
എന്നാല്‍ ഇന്ത്യന്‍ വിപ്ലവപ്രസ്ഥാനത്തിന് എക്കാലത്തും ഉണ്ടായിട്ടുള്ള ബാലാരിഷ്ടത സിപിഐ (എംഎല്‍) നെയും പിന്തുടരുന്നുണ്ട്. മറ്റ് കമ്മ്യൂണിസ്റ്റു പാര്‍ട്ടികളെ സംബന്ധിച്ചിടത്തോളം ചെറുപ്പക്കാരാണ് അവരുടെ നേതാക്കള്‍. നക്‌സല്‍ബാരി പ്രസ്ഥാനം സംഘടപ്പിച്ച ചാരു മജുംദാറാണ് അവരുടെ തന്ത്രജ്ഞനം ചെയര്‍മാനും. അമ്പതുകാരനായ ചാരുംമജുദാറും കനു സന്യാലുമാണ് അവരെ നയിക്കുന്നത്. 1970 മേയ് മാസത്തില്‍ അവര്‍ തങ്ങളുടെ ആദ്യ കോണ്‍ഗ്രസ് സംഘടിപ്പിച്ചെങ്കിലും ചാരും മജുംദാറിന്റെ നയങ്ങളെ മൂന്നിലൊന്ന് വിഭാഗവും എതിര്‍ത്തു. വിപ്ലവത്തിന് പകരം ഭീകരത വളര്‍ത്താനാണ് അദ്ദേഹം ശ്രമിക്കുന്നതെന്നാണ് ആരോപണം. സിനിമശാലകള്‍, സ്‌കൂളുകള്‍ തുടങ്ങിയ ബൂര്‍ഷ്വാ സ്ഥാപനങ്ങള്‍ ആക്രമിക്കാന്‍ അദ്ദേഹം തന്റെ അനുയായികള്‍ക്ക് നിര്‍ദ്ദേശം നല്‍കുന്നു. ഇത് വലിയ വിഭാഗീയതയ്ക്ക് വഴി വെച്ചിട്ടുണ്ട്. 1968-69 വര്‍ഷത്തില്‍ ആറുമാസം തടവിലായിരുന്ന കനുസന്യാലിനെ വീണ്ടും 1970 ഓഗസ്റ്റില്‍ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇത് അണികളില്‍ നിരാശയും പാര്‍ട്ടിയില്‍ കൂടുതല്‍ വിഭാഗീയതയും സൃഷ്ടിച്ചിട്ടുണ്ട്. മറ്റ് പാര്‍ട്ടികളെല്ലാം ചെറുകിട സംഘങ്ങള്‍ മാത്രമാണ്.
കൊല്‍ക്കത്തിയില്‍ ഇപ്പോള്‍ 4,000 നക്‌സലൈറ്റ് അനുഭാവികള്‍ ഉണ്ടാവും എന്നാണ് കണക്കാക്കപ്പെടുന്നത്. ഇവരില്‍ 200 പേര്‍ തീവ്രവാദികളാണ്. നഗരങ്ങളില്‍ ചുവപ്പുസേന ഗാര്‍ഡുകളും ഗ്രാമങ്ങളില്‍ ചെറു ഒളിപ്പോര്‍ സംഘങ്ങളും രൂപീകരിക്കണമെന്ന് ഒരു വിഭാഗം ആവശ്യപ്പെടുമ്പോള്‍ ജനകീയ പ്രക്ഷോഭങ്ങള്‍ നടത്തണമെന്ന് മറുവിഭാഗം ആവശ്യപ്പെടുന്നു. 1970ല്‍ സിപിഐ (എംഎല്‍) ലും മറ്റ് ചില സംസ്ഥാനങ്ങളിലെ പാര്‍ട്ടികളും ലയിക്കാന്‍ ഒരു ശ്രമം നടന്നു. തുടര്‍ന്ന് പീപ്പിള്‍സ് പ്രിപ്പറേറ്ററി സ്ട്രഗിള്‍ കമ്മിറ്റി (പിപിഎസ്‌സി) എന്ന സംഘടനയ്ക്ക് രൂപം നല്‍കി. പക്ഷെ അതൊരു അയഞ്ഞ സംഘടനയായി നിലനില്‍ക്കുന്നു.
ഏറ്റവും സമീപകാല നക്‌സലൈറ്റ് പ്രവര്‍ത്തനവും തിരിച്ചടിയും കണ്ട സംസ്ഥാനമാണ് ആന്ധ്രപ്രദേശ്. വേമ്പടപ്പ് സത്യനാരായണയുടെ നേതൃത്വത്തിലുള്ള ആദിവാസി സംഘം 1969ല്‍ സംസ്ഥാനത്തിന്റെ വടക്കു ഭാഗത്തുള്ള പിന്നോക്ക ശ്രീകാകുളം ജില്ലയില്‍ സുരക്ഷിത താവളം കണ്ടെത്തി. അവര്‍ ജനകീയ കോടതികള്‍ സംഘടിപ്പിക്കുകയും തിരിച്ചുപിടിച്ച ഭൂമിയില്‍ കൃഷി ചെയ്യാന്‍ ആരംഭിക്കുകയും ചെയ്തു. അനുസരിക്കാന്‍ തയ്യാറാവാതിരുന്ന ഭൂഉടമകളെ നിഷ്‌കരുണം കൊലചെയ്തതോടെ ശ്രീകാകുളം രാജ്യശ്രദ്ധ നേടി. എന്നാല്‍ 1969 ഒക്ടോബറോടെ പോലീസ് വിപ്ലവം അടിച്ചമര്‍ത്തി. സര്‍ക്കാരിന്റെ വര്‍ദ്ധിച്ച ആശയവിനിമയങ്ങളും ഭൂപരിഷ്‌കരണനയങ്ങളും തീവ്രവാദികളുടെ സ്വാധീനം കുറച്ചിട്ടുണ്ട്. 1970 ജൂലൈയില്‍ സത്യനാരായണയെ പോലീസ് വെടിവെച്ചുകൊന്നു.
ആഭ്യന്തര വിഭാഗീയതയായിരുന്നു ആന്ധ്രയിലേയും നക്‌സലൈറ്റ് പ്രസ്ഥാനത്തിന്റെ പരാജയത്തിന് പിന്നില്‍ എന്ന് വിലയിരുത്താം. സിപിഐ(എംഎല്‍) പാര്‍ട്ടിയെ അനുകൂലിക്കുന്ന സത്യനാരായണയുടെ സംഘവും തരിമേല നാഗി റെഡ്ഢിയുടെ നേതൃത്വത്തിലുള്ള റവല്യൂഷണറി സോഷ്യലിസ്റ്റ് പാര്‍ട്ടിയും തമ്മിലുള്ള ആശയ സംഘര്‍ഷം രൂക്ഷമായിരുന്നു. ഒളിപ്പോര്‍ ആരംഭിക്കുന്നതിന് മുമ്പ് രാജ്യത്ത് ഒരു ശക്തമായ അടിത്തറ കെട്ടിപ്പൊക്കുന്നതില്‍ മജുംദാറിന്റെ പ്രസ്ഥാനം പരാജയപ്പെട്ടു എന്ന് ആരോപിക്കുന്ന നാഗി റെഡ്ഢി ഗ്രൂപ്പ്, മാവോയിസത്തിന്റെ ഇന്ത്യന്‍വല്‍ക്കരണം എന്ന മുദ്രാവാക്യമാണ് ഉയര്‍ത്തിക്കൊണ്ടുവരാന്‍ ശ്രമിക്കുന്നത്. അന്തപൂര്‍ ജില്ലയില്‍ കുറച്ചു ഭൂമി പിടിച്ചെടുക്കാന്‍ റെഡ്ഢി ഗ്രൂപ്പിന് സാധിച്ചെങ്കിലും 1969 സെപ്തംബറില്‍ അദ്ദേഹം അറസ്റ്റ് ചെയ്യപ്പെട്ടു. 1970 ജൂണ്‍ വരെ ഏകദേശം 1,400 നക്‌സലൈറ്റുകള്‍ ആന്ധ്രയില്‍ അറസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. നിലവില്‍ ശ്രീകാകുളം നക്‌സലൈറ്റുകള്‍ 2,000വും നാഗി റെഡ്ഢിയെ അനുകൂലിക്കുന്നവര്‍ 1,000 ഉം വരും. ആന്ധ്രയില്‍ നക്‌സലൈറ്റ് പ്രവര്‍ത്തനങ്ങള്‍ ഇപ്പോഴും സജീവമാണ്. പോലീസ് സേനകളെ ചിതറിക്കുന്നതിനായി അവര്‍ പ്രവര്‍ത്തന മേഖല വ്യാപിപ്പിച്ചിരിക്കുന്നു. നക്‌സലൈറ്റ് ആശയങ്ങള്‍ പ്രചരിപ്പിക്കുന്നതിനായി ഇന്ത്യന്‍ ലിബറേഷന്‍ റേഡിയോ 1970 ജൂണ്‍ മുതല്‍ ശ്രീകാകുളത്തുനിന്നും പ്രക്ഷേപണം ചെയ്തുവരുന്നു.
ബിഹാറില്‍ സിപിഐ(എംഎല്‍) നാണ് പ്രമുഖ്യം. പാര്‍ട്ടി പ്രചാരണത്തിനായി ബംഗാളില്‍ നിന്നും 1968 മുതല്‍ കടന്നുവന്നവര്‍ ആണ് ഇവിടെ പ്രസ്ഥാനത്തിന് വഴിമരുന്നിട്ടത്. 20 കാര്‍ഷിക കലാപങ്ങള്‍ അക്കാലത്ത് റിപ്പോര്‍ട്ട് ചെയ്തിരുന്നെങ്കില്‍ ഇപ്പോഴത് 46 ആയി വര്‍ദ്ധിച്ചിട്ടുണ്ട്. ഗ്രാമീണ മേഖലയിലെ അടിച്ചമര്‍ത്തപ്പെട്ട ആദിവാസികള്‍ക്കിടയിലും വ്യാവസായിക പ്രദേശങ്ങളിലും സര്‍വകലാശാലകളിലുമാണ് നകസലൈറ്റുകള്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. 1970 മധ്യത്തോടെ ബിഹാര്‍ മിലിട്ടറി പോലീസ് രൂപീകരിക്കുകയും ചില പ്രധാന നേതാക്കളെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. ആയിരത്തിലേറെ നക്‌സലൈറ്റ് പ്രവര്‍ത്തകര്‍ സംസ്ഥാനത്ത് ഉണ്ടാവും എന്നാണ് വിലയിരുത്തപ്പെടുന്നത്. എന്നാല്‍ ബിഹാര്‍ ശാന്തമല്ല. അക്രമപ്രവര്‍ത്തനങ്ങള്‍ നടക്കുന്നതായി പല ജില്ലകളില്‍ നിന്നും പത്ര റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്.
അഭിപ്രായഭിന്നതയുടെയും വിഭാഗീയതയുടെയും ചരിത്രമാണ് കേരളത്തിലെ നക്‌സലൈറ്റ് പ്രസ്ഥാനത്തിനുള്ളത്. നിലവില്‍ അഞ്ച് വിഭാഗങ്ങളെങ്കിലും സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. ഇവരെ ഒന്നിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ചാരും മജുംദാര്‍ സംസ്ഥാനം സന്ദര്‍ശിച്ചിരുന്നെങ്കിലും അദ്ദേഹത്തിന്റെ ശ്രമങ്ങള്‍ വിജയിച്ചില്ല. 1970 മേയിലെ കണക്കുകള്‍ പ്രകാരം ഏകദേശം 4000 സജീവ പ്രവര്‍ത്തകര്‍ ഉണ്ടെന്നാണ് കണക്ക്. ഇവര്‍ നടത്തിയ ചില പ്രവര്‍ത്തനങ്ങള്‍ ക്രൂരമായി എന്ന അഭിപ്രായം ജനങ്ങള്‍ക്കിടയിലുണ്ട്. ഭൂപരിഷ്‌കരണനയങ്ങളില്‍ ഊന്നിയുള്ള സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ പ്രസ്ഥാനത്തിന്റെ അടിത്തറ ഇളക്കിയിട്ടുണ്ട്. വടക്കന്‍ കേരളത്തിലെ വയനാട്ടില്‍ ചില ചിതറിയ സംഘങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത് എന്നാണ് പോലീസ് പറയുന്നത്. എന്നാല്‍ മജുംദാറിനെ പോലെയുള്ള നേതാക്കള്‍ സംസ്ഥാനത്തെ സാധ്യതകളെ പൂര്‍ണമായും തള്ളിക്കളഞ്ഞിട്ടില്ല. അഞ്ചു മുതല്‍ ഏഴ് വരെ പ്രവര്‍ത്തകര്‍ ഗ്രാമങ്ങളിലേക്ക് പോകാനും ഭൂഉടമകള്‍ക്കെതിരെ ഗ്രാമവാസികള്‍ക്കിടയില്‍ പ്രചാരണം നടത്താനും അനുകൂലമായ സമയത്ത് ഭൂമി പിടിച്ചടക്കാനും ഉതകുന്ന തരത്തില്‍ അണികള്‍ക്ക് പരിശീലനം നല്‍കാനുള്ള ഒരു പദ്ധതി 1969ല്‍ ആവിഷ്‌കരിച്ചിരുന്നു. 1970ല്‍ കനു സന്യാല്‍ കേരളത്തില്‍ പത്തുദിവസത്തെ സന്ദര്‍ശനം നടത്തി. കേരളത്തില്‍ സിപിഐ(എംഎല്‍) ഇപ്പോഴും പരാജയപ്പെട്ടിട്ടില്ലെന്നാണ് അദ്ദേഹം റിപ്പോര്‍ട്ട് ചെയ്തത്. പോലീസിനും വര്‍ഗശത്രുക്കള്‍ക്കും നേരെ ആക്രമണങ്ങള്‍ നടത്തുന്നതിനായി പ്രവര്‍ത്തകര്‍ രഹസ്യ തയ്യാറെടുപ്പുകള്‍ നടത്തുകയാണെന്നും അദ്ദേഹം റിപ്പോര്‍ട്ട് ചെയ്തു. സര്‍കലാശാല വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ പ്രസ്ഥാനം വേരുപിടിച്ചിട്ടുണ്ട്. 1970 ജൂലൈ-ഓഗസ്റ്റ് മാസങ്ങളില്‍ ക്രൂരമായ നിരവധി കൊലപാതകങ്ങള്‍ നടത്തിയ ചില സംഘങ്ങളെങ്കിലും സന്യാലിന്റെ പദ്ധതികള്‍ പിന്തുടരാന്‍ ശ്രമിക്കുന്നു എന്ന് വേണം വിലയിരുത്താന്‍ എന്നും സിഐഎ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
സമാനമായ വിലയിരുത്തലുകള്‍ ഉത്തര്‍പ്രദേശ്, അസം, ജമ്മുകാശ്മീര്‍, ഡല്‍ഹി സംസ്ഥാനങ്ങളെ കുറിച്ചും അവര്‍ നടത്തിയിട്ടുണ്ട്. ചൈനയാണ് ഇന്ത്യയിലെ നക്‌സലൈറ്റുകള്‍ക്ക് പ്രധാന സഹായം നല്‍കുന്ന വിദേശശക്തിയെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ നക്‌സലൈറ്റ് പ്രസ്ഥാനത്തെ പ്രത്യയശാസ്ത്രപരമായി എതിര്‍ക്കാനാണ് ശ്രമിക്കുന്നത്. തെറ്റായ പ്രത്യയശാസ്ത്രമാണ് നക്‌സലൈറ്റുകളുടേതെന്ന് അവര്‍ വാദിക്കുന്നു. സിപിഎം ആണ് നക്‌സലൈറ്റുകളോട് കൂടുതല്‍ എതിര്‍പ്പ് പ്രകടിപ്പിക്കുന്നത്. നക്‌സലൈറ്റുകള്‍ ആവിര്‍ഭവിച്ചിരുന്നില്ലെങ്കില്‍ രാജ്യത്തെ തീവ്ര കമ്മ്യൂണിസത്തിന്റെ മേധാവിത്വം തങ്ങള്‍ക്ക് ലഭിക്കുമായിരുന്നു എന്നാണ് അവരുടെ വിലയിരുത്തല്‍. നക്‌സലൈറ്റുകളെ നേരിടാനുള്ള പല പദ്ധതികളും ഇരുകക്ഷികളും ആവിഷ്‌കരിക്കുന്നുണ്ട്.
പ്രസ്ഥാനത്തെ സായുധമായി നേരിടാനുള്ള കേന്ദ്ര സര്‍ക്കാര്‍ തന്ത്രങ്ങള്‍ ഏറെക്കുറെ വിജയിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നു. മുകളില്‍ പറഞ്ഞ സംസ്ഥാനങ്ങള്‍ക്ക് അപ്പുറം വലിയ സ്വാധീനമുണ്ടാക്കാന്‍ നക്‌സലൈറ്റുകള്‍ക്ക് കഴിഞ്ഞിട്ടില്ല എന്ന വിലയിരുത്തലാണ് റിപ്പോര്‍ട്ടിലുള്ളത്. എന്നാല്‍ കഴിഞ്ഞ മൂന്നു വര്‍ഷങ്ങളില്‍, അഴിമതി ശക്തമാവുകയും ഗ്രാമീണ-നഗര ദാരിദ്ര്യം രൂക്ഷമാവുകയും തൊഴിലില്ലായ്മ വര്‍ദ്ധിക്കുകയും പ്രദേശിക ആവശ്യങ്ങള്‍ നേരിടാന്‍ പ്രദേശിക കക്ഷികള്‍ക്ക് ശക്തമായ സംഘടനകള്‍ ഉണ്ടാക്കാന്‍ സാധിക്കാതിരിക്കുകയും ചെയ്ത പ്രദേശങ്ങളില്‍ നക്‌സലൈറ്റ് പ്രസ്ഥാനം നുഴഞ്ഞു കയറിയിട്ടുണ്ട്. നിലവില്‍ നക്‌സലൈറ്റ് പ്രസ്ഥാനങ്ങളെ തുടച്ചുനീക്കാന്‍ സാധിച്ചില്ലെങ്കിലും നിയന്ത്രിക്കാന്‍ കഴിഞ്ഞിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ട് അവസാന ഖണ്ഡികയില്‍ പറയുന്നത്.
പല നക്‌സലൈറ്റ് ആക്രമണങ്ങളും പ്രത്യയശാസ്ത്ര പ്രേരിതമല്ലെന്നും ഗുണ്ടായിസത്തിന്റെ ഭാഗമാണെന്നും പത്രവാര്‍ത്തകളെ ഉദ്ധരിച്ചുകൊണ്ട് റിപ്പോര്‍ട്ട് പറയുന്നു. തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ നഗരപ്രദേശങ്ങളില്‍ പ്രത്യേകിച്ചും കലാപങ്ങള്‍ ഉണ്ടായേക്കാമെങ്കിലും അത് അഖിലേന്ത്യാതലത്തില്‍ ഏകോപിപ്പിക്കാന്‍ സംഘടനയ്ക്ക് കഴിയില്ലെന്നാണ് റിപ്പോര്‍ട്ട് വിലയിരുത്തുന്നത്. വിഭജിക്കപ്പെട്ടിരിക്കുന്ന ഭൂമിശാസ്ത്ര തുരുത്തുകളിലുള്ള നക്‌സലൈറ്റുകള്‍ക്ക് സമീപകാലത്തൊന്നും വിപ്ലവം നടത്താന്‍ സാധിക്കില്ലെന്നും എന്നാല്‍ സ്വാധീനശക്തിയുള്ള ചില നേതാക്കള്‍ ഉയര്‍ന്നുവന്നേക്കാമെന്നും പറഞ്ഞാണ് സിഐഎ റിപ്പോര്‍ട്ട് അവസാനിപ്പിക്കുന്നത്.