UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സിനിമകളെ മാത്രമായി മാറ്റിനിര്‍ത്തേണ്ട; ഒളിച്ചുകടത്തുന്നത് ഇന്നും പഴയതൊക്കെത്തന്നെ- അഭിമുഖം/ദീദി ദാമോദരന്‍

Avatar

ദീദി ദാമോദരന്‍ / റോണ്‍ ബാസ്റ്റ്യന്‍

(സദാചാര പോലീസിംഗിനെതിരെ ശക്തമായ പ്രതിഷേധങ്ങളും ചര്‍ച്ചകളും സമൂഹത്തില്‍ ഉയര്‍ന്നുവരുന്നു. വിമത ശബ്ദം ഉയര്‍ത്തുന്നവരെ നിശബ്ദരാക്കാനുള്ള ശ്രമം എമ്പാടും നടക്കുന്നു. കോഴിക്കോട് നടന്ന രണ്ടാം ഘട്ട കിസ് ഓഫ് ലവ് സമരത്തില്‍ ഭര്‍ത്താവും പ്രമുഖ മാധ്യമ പ്രവര്‍ത്തകനുമായ പ്രേംചന്ദിനെ ആലിംഗനം ചെയ്തതിന്റെ പേരില്‍ ദീദി ദാമോദരന്‍ കയ്യേറ്റം ചെയ്യപ്പെട്ടിട്ടുണ്ട്.  പ്രീത ജി പിയുടെയും അരുന്ധതിയുടെയും ഫേസ്ബുക്ക് വാളുകളില്‍ നടക്കുന്ന സൈബര്‍ ആക്രമണം അതിന്റെ പുതിയ മുഖമാണ്. ഈ പശ്ചാത്തലത്തില്‍ പ്രശസ്ത തിരക്കഥാകൃത്തും (നായിക, ഗുല്‍മോഹര്‍) സ്ത്രീ വിമോചന പ്രവര്‍ത്തകയുമായ ദീദി ദാമോദരന്‍ തന്റെ നിലപാടുകള്‍ വ്യക്തമാക്കുന്നു. തയ്യാറാക്കിയത് റോണ്‍ ബാസ്റ്റ്യന്‍) – ആദ്യ ഭാഗം ഇവിടെ വായിക്കാം: ഫെമിനിസ്റ്റാണെന്ന് പറയാന്‍ ആണിന് നല്ല സ്റ്റാമിന വേണം-അഭിമുഖം / ദീദി ദാമോദരന്‍


ഭാഗം 2 
ചോദ്യം: ചിന്താഗതി മാറുന്നതോടെയേ, വ്യവസ്ഥിതി മാറുകയുള്ളൂ. വിദ്യാഭ്യാസ സമ്പ്രദായത്തില്‍ തൊട്ട് ബ്രെയിന്‍ വാഷിംഗ് നടക്കുകയാണ്. എങ്ങനെയാണ് പുതിയ ഒരു സംസ്‌കാരം രൂപപ്പെടുത്തുക?

ഓരോ സ്ത്രീക്കും ആത്മാഭിമാനം ഉണ്ടായാല്‍ മതിയല്ലോ. ഒരടിമ ചെയ്യേണ്ട മുഴുവന്‍ പണിയും ചെയ്തിട്ട് ”എന്നെ ഒരു അടിമയായി കാണരുത്‌”, എന്ന് ഒരു സ്ത്രീ പറഞ്ഞാല്‍ അതെവിടെയാണ് നടക്കുക? വക്കീല്‍ കുപ്പായമിട്ട് വരുന്ന ഒരാളെ വക്കീലെന്നല്ലേ നമുക്ക് വിളിക്കാന്‍ പറ്റൂ. സ്ത്രീ വേഷം കൊണ്ടും, ശരീരഭാഷ കൊണ്ടുമെല്ലാം ഒരു ലൈംഗികവസ്തുവായിട്ടോ, ആണിന് വിധേയപ്പെട്ടുകൊണ്ടോ നടക്കുന്നു. അതിനര്‍ത്ഥം ഷോര്‍ട്ട്‌സിട്ട് നടക്കരുതെന്നല്ല. ഷോര്‍ട്ട്‌സ് തന്നെയാണ് ഇടേണ്ടത്. എന്നിട്ട് പറയേണ്ട സ്റ്റേറ്റ്‌മെന്റ് ”ഇതെന്റെ കാലാണ് താഴെ’, എന്നാണ്. ഞാന്‍ തന്നെ അത് മറച്ചുവെച്ചിട്ട് പറയുകയാണ് എന്റെ കാല് ലൈംഗിക ഉപകരണമാണ് എന്ന്. ഇങ്ങനെ വിരല്‍തുമ്പ് തൊട്ട് താനൊരു ലൈംഗിക ഉപകരണമാണെന്ന മട്ടില്‍ സ്ത്രീ നടന്നിട്ട് താന്‍ അങ്ങനെയല്ല എന്നു പറയുന്നതില്‍ കാര്യമില്ല. ഒരു പെണ്‍കുട്ടി പഠിക്കുന്നതും, മുമ്പോട്ട് പോകുന്നതും അസുഖമില്ലാത്ത ഭര്‍ത്താവിനെ ശുശ്രൂഷിക്കുന്നതിനു വേണ്ടിയാണ്. അതാണവരെ പറഞ്ഞു പഠിപ്പിക്കുന്നത്. ഏതോ ഒരു ദിവസം നമ്മുടെ വീട്ടില്‍ വന്ന് പണം അപഹരിക്കാവുന്ന കള്ളനില്‍ നിന്ന് സംരക്ഷണം കിട്ടാനാണ് എന്നും നമ്മുടെ ശമ്പളം പിടിച്ചുപറിക്കുന്ന ഒരാളെ ‘ഏട്ടാ’ എന്നു വിളിച്ചുകൊണ്ടിരിക്കുന്നത്. എന്നോ ഒരാള്‍ വന്ന് റേപ്പ് ചെയ്യുമെന്ന് ഭയന്ന്, എന്നും മാരിറ്റല്‍ റേപ്പ് നടത്തുന്ന, തനിക്കിഷ്ടമല്ലാത്ത ഒരാളുടെ കൂടെയാണ് പലരും താമസിക്കുന്നത്. അതാണ് സെറ്റപ്പ്. അവിടെ നിന്നാണ് മാറ്റം തുടങ്ങേണ്ടത്. ഫ്രീ സെക്‌സ് കൊണ്ടുവരണമെല്ല ഞാന്‍ പറയുന്നത്. അങ്ങനെ പറയുന്നതില്‍ തെറ്റുമില്ല. അതിനെ എതിര്‍ത്തുകൊണ്ട് സദാചാര നിലപാടെടുക്കുന്നയാളുമല്ല ഞാന്‍. ഞാന്‍ പറയുന്നത്, നമുക്ക് പാകമല്ലാത്ത ഉടുപ്പണിഞ്ഞുകൊണ്ട്- നമുക്കിവിടെ കുടുംബബന്ധങ്ങള്‍ ശക്തമാണ്- വിവാഹമോചനം കുറവാണ് എന്നൊക്കെ പറയുന്നതില്‍ എന്തര്‍ത്ഥമാണുള്ളത്? പല പാര്‍ട്ട്ണര്‍ഷിപ്പുകളും പാകമാകാതെ ആജീവനാന്തം ശ്വാസം മുട്ടിച്ചാവുന്ന രീതിയിലുള്ളതാണ്. അതിനോട് നോ പറയേണ്ടതല്ലേ? ഒരു വ്യക്തി എന്ന നിലയില്‍ ചിന്തിച്ചു തുടങ്ങുകയാണ് സ്ത്രീ ചെയ്യേണ്ടത്. അത് ചെയ്യുമ്പോളാണ് ഫെമിനിസ്റ്റ് എന്ന് പറഞ്ഞ് പലരും കൊഞ്ഞനം കുത്തിക്കാണിക്കുന്നത്.

സ്ത്രീ ആത്മാഭിമാനത്തോടെ ജീവിച്ചു തുടങ്ങിയാല്‍ അവളെ നോക്കി ആജ്ഞാപിക്കാന്‍ ആര്‍ക്കും കഴിയില്ല. രണ്ടുപേരിരുന്ന് രാഷ്ട്രീയ ചര്‍ച്ച നടത്തുമ്പോള്‍ നിര്‍ബന്ധമായും വെള്ളമെടുത്തുകൊണ്ടുവരുന്നത് സ്ത്രീയുടെ ജോലിയാവില്ല. അതുതന്നെ പ്രധാനപ്പെട്ട രാഷ്ട്രീയപ്രവര്‍ത്തിയാണ്.

ചോദ്യം: തേര്‍ഡ് ജെന്‍ഡറിന്റെ പ്രശ്‌നങ്ങള്‍ ഫെമിനിസ്റ്റ് മൂവ്‌മെന്റ് ഏറ്റെടുക്കേണ്ടതുണ്ടോ? കുറേക്കൂടി സജീവമായി ഈ വിഷയം പൊതു സമൂഹം ചര്‍ച്ച ചെയ്യേണ്ട സമയമായില്ലേ?

ഹൈ ടൈം. രണ്ട് ജെന്‍ഡറേയുള്ളൂവെന്ന ധാരണയിലാണ് ഞാനൊക്കെ വളര്‍ന്നു വന്നത്. ഫിലിം ഫെസ്റ്റിവല്‍ കള്‍ച്ചറിന്റെ ഭാഗമായിട്ടാണ് ഇത്തരം പ്രശ്‌നങ്ങളെ എങ്ങനെയാണ് അഭിമുഖീകരിക്കേണ്ടതെന്ന് മനസ്സിലാക്കുന്നത്. തേര്‍ഡ് ജെന്‍ഡര്‍ ആയിട്ടുള്ളവര്‍ മാത്രം പങ്കെടുക്കുന്ന ഒരു ‘‘queer festival’’ ഉണ്ടായിരുന്നു. അവര്‍ക്കിടയിലുള്ള വ്യത്യാസങ്ങള്‍ പോലും എനിക്കറിയില്ലായിരുന്നു. നമ്മളത് ഒരു ചീത്തവാക്കായിട്ട് പോലുമാണ് പറഞ്ഞിരുന്നത്. ആണും പെണ്ണും കെട്ടവന്‍ അല്ലെങ്കില്‍ കെട്ടവള്‍ എന്ന്. ജെന്‍ഡര്‍ സ്റ്റഡീസിന്റെ ഭാഗമായിട്ടാണ് ഞാനത് മനസ്സിലാക്കുന്നത്. അപ്പോള്‍ പോലും ചില യൂണിവേഴ്‌സിറ്റികളിലൊക്കെയുള്ള ഒരു ട്രെന്‍ഡാണിതെന്ന ഭയങ്കര തെറ്റിദ്ധാരണയാണ് എനിക്കുണ്ടായിരുന്നത്. തേര്‍ഡ് ജെന്‍ഡര്‍ ആയി സ്വയം ഐഡന്റിഫൈ ചെയ്യുന്ന നിതിന്‍ എന്ന കുട്ടിയാണ് എന്നെ ‘queer festival’ ലിലേക്ക് ക്ഷണിക്കുന്നത്. ഇത്തരം വിഷയങ്ങള്‍ അഡ്രസ് ചെയ്യുന്ന ചിത്രങ്ങള്‍ മാത്രം വരുന്ന ആറ് ദിവസത്തെ ഒരു ഫെസ്റ്റിവല്‍. ആദ്യത്തെ ദിവസം ഇവരുടെ ക്രോസ് ഡ്രസ്സിങ്ങും മറ്റും റിപ്പള്‍സീവ് ആയിരുന്നു. എതിരേ വരുന്നയാള്‍ ആണാണോ, പെണ്ണാണോ എന്നൊക്കെ ഞാന്‍ തുറിച്ചുനോക്കുമായിരുന്നു. രണ്ടാമത്തേയും, മൂന്നാമത്തേയും ദിവസമാകുമ്പോള്‍ സിനിമകളും, അതിന്റെ ഉള്ളടക്കവും എന്നെ അത്രയധികം സ്വാധീനിച്ചു. അതോട് കൂടിയാണ് എനിക്കും അവര്‍ക്കുമിടയില്‍ ഉണ്ടായിരുന്ന അകലം മാറുതെന്ന് മാത്രമല്ല, എത്ര മനുഷ്യത്വരഹിതമായിട്ടാണ് നമ്മളൊക്കെ കാര്യങ്ങള്‍ മനസ്സിലാക്കുന്നതെന്നും, ആളുകളെപ്പറ്റി ധരിച്ചുവെക്കുന്നതെന്നും, തിരിച്ചറിയുക കൂടി ചെയ്തത്. പിന്നെ ഒരാളേയും എനിക്ക് തുറിച്ചു നോക്കേണ്ടി വന്നില്ല. ഒരാളുടെ ജെന്‍ഡര്‍ പ്രിഫറന്‍സ് തികച്ചും സ്വകാര്യമായ കാര്യമാണെന്ന് ബോദ്ധ്യപ്പെട്ടിട്ടാണ് പിന്നീട് കാര്യങ്ങള്‍ കാണുന്നത്. അതിനെപ്പറ്റി സെന്‍സിറ്റിവായിക്കഴിയുമ്പോള്‍ ആണറിയുന്നത്, ലോകം മുഴുവന്‍ എന്തൊരു വിവേചനമാണ് ഈ ജെന്‍ഡര്‍ മൈനോറിറ്റിയോട് കാണിക്കുന്നതെന്ന്.

ലിംഗവിവേചനമാണ് ഫെമിനിസ്റ്റിന്റെ പ്രശ്‌നമെങ്കില്‍ തീര്‍ച്ചയായും ജെന്‍ഡര്‍ മൈനോറിറ്റിയുടെ പ്രശ്‌നം ഫെമിനിസത്തില്‍പ്പെടും. അതിനെ ഫെമിനിസം എന്നാണോ ക്ലാസിഫൈ ചെയ്യേണ്ടതെന്നുള്ളത് വേറെ കാര്യം. എന്ന് വച്ചാല്‍ ലെസ്ബിയനിസത്തെ ‘it’s a hole in the heart of feminism’ എന്നാണ് തിയറികള്‍ പറയുക. ഋതുപര്‍ണഘോഷ് എന്റെ ഫേവറിറ്റ് ഫിലിം മേക്കറാണ്. താന്‍ പറയുന്ന കാര്യങ്ങള്‍ ജീവിതത്തില്‍ പകര്‍ത്തുകയും, ജീവിതം തന്നെ സിനിമയാക്കുകയും ചെയ്തയാളാണ്.

നമ്മുടെ തെറ്റുകളെപ്പറ്റിയുള്ള ഒരു ബോദ്ധ്യം അദ്ദേഹം നമുക്ക് തരുന്നുണ്ട്. അദ്ദേഹത്തിന്റെ ശരീരഭാഷയില്‍ വരുന്ന മാറ്റങ്ങള്‍ ഓരോ ഫെസ്റ്റിവലുകളിലും അത്ഭുതത്തോടെ ശ്രദ്ധിച്ചിട്ടുണ്ട്. അദ്ദേഹത്തിന് സാഹിത്യത്തോടുള്ള ചായ്‌വും അദ്ദേഹത്തോട് അടുപ്പം തോന്നാന്‍ കാരണമായിട്ടുണ്ട്. ഷേക്‌സ്പിയറിന്റെ രചനകളൊക്കെ ഡയലോഗ് ആയി കേള്‍ക്കുമ്പോള്‍ തോന്നുന്ന ഒരു അടുപ്പമുണ്ട്. ഋതുപര്‍ണഘോഷ് ഒരിടയ്ക്ക് പൂര്‍ണ്ണമായും ഒരു സ്ത്രീയെപ്പോലെയാകുകയും, പിന്നെയങ്ങനെയല്ലാതാകുകയും ചെയ്തു. അതിന്റെയെല്ലാം ഉത്തരം അദ്ദേഹത്തിന്റെ അടുത്ത സിനിമയിലുണ്ടായിരുന്നു. അദ്ദേഹത്തിന്റെ അവസാന സിനിമകളെല്ലാം ഈ വിഷയത്തില്‍ എന്നെ സ്വാധീനിച്ചിട്ടുണ്ട്. കൂടുതല്‍ പക്വതയിലേക്കെത്തുമ്പോള്‍ കൂടുതല്‍ ജനാധിപത്യപരമായി ചിന്തിക്കാനും, സങ്കുചിതത്വങ്ങള്‍ ഒഴിവാക്കാനും കഴിയുന്നുണ്ട്. ‘We don’t belong to the class doesn’t mean that they don’t exist’. തേര്‍ഡ് ജെന്‍ഡറിന് അവരുടേതായ ഇടം ഇവിടെയുണ്ട്.

ചോദ്യം: കേരളത്തിലെ ഫെമിനിസ്റ്റ് മൂവ്‌മെന്റിന്റെ ഇന്നത്തെ അവസ്ഥയെന്താണ്?

ഞാന്‍ ഡിഗ്രി ഫസ്റ്റ് ഇയര്‍ പഠിക്കുമ്പോഴാണ് പാലക്കാട് വിക്‌ടോറിയ കോളേജില്‍ വച്ച് സാറാ ടീച്ചറും സംഘവും ചേര്‍ന്ന് ‘മാനുഷി’ എന്ന പേരില്‍ സംഘടന രൂപീകരിക്കുന്നത്. അതേ സമയത്ത് ഇവിടെ അജിതേച്ചിയും, ഗംഗടീച്ചറും പ്രവര്‍ത്തിക്കുന്നുണ്ട്. എന്നുവെച്ചാല്‍ ഇവര്‍ നേതൃനിരയും പിന്നെ കുറേ ആളുകളും എന്നല്ല; ഇവര്‍ രണ്ടു പേരേയുള്ളൂ. വീട്ടില്‍ ഞങ്ങള്‍ മൂന്നുപേരും പെണ്‍കുട്ടികളായതു കൊണ്ട് കുടുംബം മുഴുവന്‍ ഞങ്ങളെ സഹതാപത്തോടെയാണ് കണ്ടത്. ‘പാവം, ദാമുവിന് മാത്രം മൂന്നു പെണ്‍കുട്ടികളായിപ്പോയി’, എന്നു പറയും. ഞങ്ങള്‍ കാരണം അച്ഛനും അമ്മയ്ക്കും എന്തോ കുറച്ചില്‍ സംഭവിച്ചോ, എന്നു ഞങ്ങള്‍ക്ക് തന്നെ വിഷമം തോന്നുന്ന അവസ്ഥയുണ്ടായിട്ടുണ്ട്. അമ്മ ഒരാണ്‍കുട്ടി വേണമെന്ന് ആഗ്രഹിച്ചിട്ടുണ്ട്. ‘നാളെ എന്റെ കുട്ടികളുടെ പേരില്‍ ഞാന്‍ അറിയപ്പെടും’, എന്ന് പറഞ്ഞ് ആത്മവീര്യം തരികയാണ് അച്ഛന്‍ ചെയ്തത്. ഞങ്ങള്‍ പെണ്‍കുട്ടികളായതിന്റെ പേരില്‍ അച്ഛനും അമ്മയ്ക്കും ഒരു ബുദ്ധിമുട്ടും ഉണ്ടാകരുതെന്ന ചിന്തയോടെയാണ് പ്രീഡിഗ്രിക്ക് ചേരുന്നത്. അല്ലാതെ വേറൊരു തരത്തിലും ആശയപരമായ അടിത്തറയൊന്നുമില്ല. ആ അവസ്ഥയില്‍ നില്‍ക്കുമ്പോഴാണ് അജിതേച്ചിയും, ഗംഗടീച്ചറും കോളേജില്‍ ഒരു ടോക്കിന് വരുന്നത്. ഇവരെന്താണ് പറയുതെന്ന് കേള്‍ക്കാന്‍ ആകാംക്ഷ തോന്നി. പക്ഷേ, കോളേജില്‍ ഒറ്റയാളുപോലും ഈ പരിപാടിക്ക് വരാന്‍ തയ്യാറായിരുന്നില്ല. ഞാനും, ഇന്ദു എന്ന എന്റെ സുഹൃത്തും മാത്രമാണ് മുമ്പോട്ട് വന്നത്. ചിത്രം വരയ്ക്കാനും, പോസ്റ്ററൊട്ടിക്കാനുമെല്ലാം ഞങ്ങള്‍ മാത്രം. പോസ്റ്ററൊട്ടിച്ചാല്‍ അപ്പോള്‍ത്തന്നെ ബോയ്‌സ് അത് കീറും. കീറാന്‍ പറ്റാത്തത്ര ഉയരത്തില്‍ എങ്ങനെ പോസ്റ്ററൊട്ടിക്കുമെന്നായി അടുത്ത വാശി. അതെല്ലാം വളര്‍ച്ചയുടെ ഭാഗമായിരുന്നു. ഗ്രില്ലിന്റെ മുകളില്‍ കയറി അത്ര ഉയരത്തില്‍ പോസ്റ്ററൊട്ടിക്കാന്‍ എനിക്ക് പറ്റുമെന്ന് ഞാന്‍ മനസ്സിലാക്കുന്നത് കയറി നോക്കുമ്പോള്‍ മാത്രമാണ്. അത് വരെ എനിക്കത് സാധിക്കില്ലെന്ന് ഞാന്‍ വിചാരിക്കുകയാണ്. പിന്നെ ‘ചായയും, പരിപ്പുവടയും നല്‍കുന്നതായിരിക്കും’, എന്ന് വാഗ്ദാനം ചെയ്ത് കുറേപ്പേരെ കൊണ്ടുവന്നു. ഗംഗടീച്ചറാണ് ആശയപരമായി ഒരു അടിത്തറയുണ്ടാക്കിത്തരുന്നത്. അജിത ചേച്ചിക്ക് വേറൊരു പശ്ചാത്തലവുമുണ്ടല്ലോ. ഞങ്ങള്‍ രണ്ട് പേര്‍ മാത്രം പ്രചോദിതരാവുകയും, ബാക്കിയുള്ളവര്‍ പിരിഞ്ഞുപോവുകയും ചെയ്തു. അപ്പോഴാണ് മാനുഷിയില്‍ സാറാ ടീച്ചര്‍ക്കൊപ്പമുണ്ടായിരുന്ന സുമംഗലക്കുട്ടി ടീച്ചര്‍ സ്ഥലം മാറി ആര്‍ട്‌സ് കോളേജിലേക്ക് വരുന്നത്. ആ കൂട്ടത്തില്‍ നിന്ന് ഞങ്ങള്‍ രണ്ട് പേരേയും ടീച്ചര്‍ ശരിക്കും പിക്ക് ചെയ്യുകയായിരുന്നു. ടീച്ചറാണ് സാറാടീച്ചറെ ഇങ്ങോട്ട് കൂട്ടിക്കൊണ്ട് വരുന്നത്. ഞങ്ങളുടെ വീട്ടില്‍ വെച്ചാണ് ആലോചന നടന്നത്. സാറാ ടീച്ചറിന്റെ നിര്‍ദ്ദേശ പ്രകാരം ഒരു തെരുവ് നാടകം ഞങ്ങള്‍ പ്ലാന്‍ ചെയ്തു. ഞങ്ങളുടെ വീടിന്റെ ഔട്ട്ഹൗസില്‍ വെച്ചായിരുന്നു റിഹേഴ്‌സല്‍. ആ നാടകത്തിന്റെ അവതരണമായിരുന്നു തുടക്കം. ആ സമയത്ത് അജിതേച്ചി ഇവിടെ ‘ബോധന’ തുടങ്ങുന്നു. ഓരോ മീറ്റിംഗിന്റേയും തുടക്കത്തില്‍ സാറാടീച്ചര്‍ എഴുതിയ ‘അടിമകളല്ലിനി നാം’ എന്ന പാട്ട് പാടും. അങ്ങനെ കൂറേക്കൂടി സംഘടിതമായ ഒരു രൂപം വേണമെന്ന ബോധമുണ്ടായി. ഇവിടെയെല്ലാക്കാര്യത്തിലും അച്ഛന്റെയടുത്ത് ഉപദേശം ചോദിക്കാന്‍ വന്നിരുന്ന എസ്.എഫ്.ഐക്കാര്‍ എന്നോട് തീരെ ഒത്ത് പോകാന്‍ പറ്റാത്ത ആള്‍ക്കാരായി. ‘സ്ത്രീകള്‍ക്കു മാത്രമായി എന്ത് വിമോചനം’ എന്നായിരുന്നു അവരുടെ ചോദ്യം. മാഗസിന്‍ ഇറക്കാനുള്ള ആലോചനക്കടക്കം അച്ഛനെ കാണാന്‍ സ്ഥിരം വീട്ടില്‍ വരും സഖാക്കള്‍. എന്നാല്‍ താത്വികമായി അവര്‍ എന്നോട് കടുത്ത എതിര്‍പ്പ് പുലര്‍ത്തുകയും ചെയ്തു. ഇപ്പോ, നമ്മളത് കൃത്യമായി തിരിച്ചറിയുന്നുണ്ട്, ജെന്‍ഡറായിരുന്നു അവരുടെ പ്രശ്‌നം.

1991-ലാണ് ഇന്ത്യന്‍ നാഷണല്‍ വിമന്‍സ് കോഫറന്‍സ് ദേവഗിരിയില്‍ വച്ച് നടക്കുന്നത്. ഞാനവിടെ പി.ജി.ക്ക് പഠിക്കുകയാണ്. റെസിഡന്‍ഷ്യല്‍ പ്രോഗ്രാമായിരുന്നു. എല്ലാവരും ചേര്‍ന്ന് ലിബറേറ്റഡ് ആയ ഒരു ഡാന്‍സൊക്കെയുണ്ടായിരുന്നു. ജീവിതത്തില്‍ ആദ്യമായി ഡാന്‍സ് ചെയ്ത സ്ത്രീകളുണ്ടായിരുന്നു അതില്‍. അന്നെന്നെ ഏല്‍പ്പിച്ച ഒരു ചുമതല ഇതായിരുന്നു. ഇന്റര്‍നാഷണല്‍ ഓഡിയന്‍സാണ്. 15 വയസ്സില്‍ താഴെയുള്ള റേപ്പ് വിക്ടിംസായ കുറച്ച് കുട്ടികള്‍ കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്നുണ്ട്. അവര്‍ പറയുന്നത് ട്രാന്‍സ്‌ലേറ്റ് ചെയ്യണം. ആ അനുഭവം വലിയ മാറ്റമാണ് എന്നില്‍ ഉണ്ടാക്കിയത്. സിനിമയിലെ റേപ്പാണ് ഞാന്‍ അതുവരെ കണ്ടത്. അതല്ല, യഥാര്‍ത്ഥ റേപ്പെന്ന് തിരിച്ചറിയുന്ന വലിയൊരനുഭവമായിരുന്നു അത്. റേപ്പ് ചെയ്യപ്പെടുന്നതിലും അതിനീചമായ അനുഭവമാണ് അത് പോലീസ് സ്റ്റേഷനില്‍ പോയി പറയുക എന്നത്. ഇന്ന് പലതും നമുക്ക് മീഡിയയില്‍ കൂടി അറിയാന്‍ കഴിയും. അന്ന് അത് ഏറ്റവും പുതിയ അറിവാണ്. പത്രവാര്‍ത്തയില്‍പ്പോലും വിശദാംശങ്ങള്‍ അധികം വരില്ല. ആ ഒരു സമയത്താണ് കുട്ടികള്‍ ഇത് പറയുന്നത്. റേപ്പ് ചെയ്യപ്പെട്ട് കംപ്ലീറ്റ് ബ്ലീഡ് ചെയ്ത് പണിക്കാരായ അച്ഛനും, അമ്മയും സന്ധ്യ കഴിഞ്ഞിട്ട് എത്തുന്നവരെ കാത്തിരിക്കുന്നു. കുറേ ദൂരം നടന്നു വേണം പൊലീസ് സ്റ്റേഷനിലെത്താന്‍. അവിടെപ്പോയിട്ട് റിപ്പോര്‍ട്ട് ചെയ്യുന്നു. ഏറ്റവും വലിയൊരു കുറ്റമാണ് ഇവര്‍ ചെയ്തതെന്ന രീതിയില്‍ പൊലീസിന്റെ തെറിവിളിയുണ്ട്. അത് ട്രാന്‍സ്‌ലേറ്റ് ചെയ്യാന്‍ വലിയ ബുദ്ധിമുട്ടായിരുന്നു. അത്രയും തെറിവിളിച്ചിട്ട് രാത്രി മുഴുവന്‍ അവരെ അവിടെ നിര്‍ത്തും. ഏതു വിധത്തിലും കേസ് രജിസ്റ്റര്‍ ആവാതിരിക്കാനുള്ള കോക്കസാണവിടെ പ്രവര്‍ത്തിക്കുന്നത്. രാവിലെ പോയി കുളിച്ച്, ഭക്ഷണം കഴിച്ചിട്ട് വരാന്‍ പറയും. തെളിവുകള്‍ നശിപ്പിക്കാന്‍ വേണ്ടിയാണ്. എന്നിട്ടാണ് ഡോക്ടര്‍ വന്ന് പരിശോധന നടത്തുന്നത്. റേപ്പ് നടന്നിട്ടില്ലെന്നും, തടഞ്ഞു വീണതാണെും മറ്റുമുള്ള റിപ്പോര്‍ട്ടുകളാവും വരുന്നത്. ഇങ്ങനെയുള്ള അഞ്ചോ, ആറോ കുട്ടികളുടെ അനുഭവങ്ങള്‍ എനിക്ക് തര്‍ജ്ജമ ചെയ്യേണ്ടതായി വന്നു. പുതിയ വെളിച്ചമാണ് ഇതെല്ലാം തന്നത്. ഒരു ട്രാന്‍സ്‌ഫോര്‍മേഷന്‍ അനുഭവപ്പെട്ടു. പിന്നെ ഏതു മാസ്റ്റേഴ്‌സ് എഴുതിയ കൃതികള്‍ വായിച്ചാലും, വിവേചനത്തിന്റെ പാഠങ്ങള്‍ കണ്ണില്‍ തടയും. ചെക്കോവിന്റെ കൃതികളിലൊക്കെ ചോദ്യം ചെയ്യപ്പെടേണ്ടതായ സ്ത്രീ വിരുദ്ധതയുണ്ട്. സിനിമ കാണുമ്പോഴും, സാഹിത്യകൃതികള്‍ വായിക്കുമ്പോഴുമൊക്കെ ജെന്‍ഡര്‍ കോണ്‍ഷ്യസ് ആകാന്‍ തുടങ്ങി. പിന്നെ ഇത്തരം കൂട്ടായ്മകളിലൊക്കെ സജീവമായി പങ്കെടുക്കാന്‍ തുടങ്ങി. അങ്ങനെയാണ് ഐസ്‌ക്രീം പാര്‍ലര്‍ കേസ്സുമായി ബന്ധപ്പെട്ട സമരത്തിലെത്തുന്നത്. ആദ്യം ബോധനയായിട്ടാണ് തുടങ്ങുന്നത്. പിന്നീടാണ് അന്വേഷിയാകുന്നത്.

അന്വേഷി തുടങ്ങുന്ന സമയത്ത്, ഫണ്ടൊന്നും ഇല്ലാതിരുന്നിട്ട് പോലും എല്ലാവരും വളരെ കമ്മിറ്റഡ് ആയിരുന്നു. ഒരു പോസ്റ്റ് കാര്‍ഡ് വാങ്ങണമെങ്കില്‍ പോലും കൈയ്യില്‍ നിന്ന് പൈസയെടുക്കണമായിരുന്നു. സംഘടന സ്ഥാപനവല്‍ക്കരിക്കപ്പെടുമ്പോള്‍ ഒരു പാട് പ്രശ്‌നങ്ങള്‍ വരും. പക്ഷേ, ഫണ്ടില്ലാതെ ഒന്നും ചെയ്യാനും പറ്റില്ല. ബദലുകളൊന്നും എനിക്ക് നിര്‍ദ്ദേശിക്കാനില്ല. കണ്ണൂരിലെ ഒരു വിക്ടിം ഒരു പ്രശ്‌നം വിളിച്ചുപറയുമ്പോള്‍ അങ്ങോട്ട് പോകാനുള്ള ബസ്‌ഫെയര്‍ നമ്മുടെ കൈയ്യിലില്ല. ഫണ്ടിംഗിനെതിരേ സംസാരിച്ചിട്ട് പലരും ഞങ്ങളുടെ കൂട്ടത്തില്‍ നിന്ന് ഇറങ്ങിപ്പോയിട്ടുണ്ട്. ഫണ്ട് സ്വീകരിച്ച് തന്നെ പ്രവര്‍ത്തിക്കുകയും, എന്നാല്‍ ആത്യന്തികമായി യാതൊന്നും പണയം വെക്കാതെയുമിരുന്ന് അതിനുളളില്‍ നിന്ന് ചെയ്യാവുന്ന കാര്യങ്ങള്‍ ചെയ്യണമെന്ന് തോന്നിയിട്ടാണ് ഞാന്‍ ആ മൂവ്‌മെന്റിന്റെ കൂടെ നിന്നത്. അതിന്റെ പേരില്‍ കുറേ ചീത്തപ്പേര് ആ സംഘടനയ്ക്ക് ഉണ്ടാകാം. പക്ഷേ, സംഘടന ചെയ്യുന്നതെന്താണെന്ന് അതിന്റെ ഉള്ളില്‍ നില്‍ക്കുന്നവര്‍ക്കേ അറിയൂ. ആശ്രയമില്ലാത്ത ഒരു സ്ത്രീക്ക് എന്തെങ്കിലും ചെയ്യണമെങ്കില്‍ കൂട്ട് പോകാന്‍ ആങ്ങളമാര്‍ വേണം. അങ്ങനെയാണ് നമ്മള്‍ കണ്ടിട്ടുള്ളത്. അതിന്റെ ഒരു ബദലായിരുന്നു, ‘ഇല്ല ഞാന്‍ അന്വേഷിയില്‍ പോയി പറയും’, എന്നത്. അതൊരു വലിയ സ്റ്റേറ്റ്‌മെന്റായിരുന്നു. എന്റെ ചുറ്റുപാടുമുള്ള പാവപ്പെട്ട സ്ത്രീകള്‍ ഇത് പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. റേപ്പിന്റെ നഷ്ടപരിഹാരം പണമല്ല, എന്നു പറഞ്ഞ് തെറ്റിപ്പിരിഞ്ഞ ന്യൂ ജനറേഷന്‍ റാഡിക്കല്‍ ഫെമിനിസ്റ്റുകള്‍ ആ കൂട്ടത്തില്‍ ഉണ്ടായിരുന്നു. ഇത് ഓള്‍ഡ് സ്‌കൂളാണെ് പറഞ്ഞവര്‍ ഉണ്ടായിരുന്നു. ഈ തര്‍ക്കങ്ങളുടെ നടുവില്‍ നിന്നവരായിരുന്നു ഞങ്ങള്‍. ഓള്‍ഡ് എന്നു പറയുന്നത് അജിതേച്ചി, സാറാ ടീച്ചര്‍ എന്നിവരും ന്യൂ എന്നു പറയുന്നത് ഗാര്‍ഗി, കനി തുടങ്ങിയവരുമാകുമ്പോള്‍, ഈ രണ്ട് അഭിപ്രായങ്ങളും മനസ്സിലാകുന്നവരായിരുന്നു ഞങ്ങളെപ്പോലെ കുറച്ചുപേര്‍. പക്ഷേ, ഈ പവര്‍ പൊളിറ്റിക്‌സ് എന്നു പറഞ്ഞ സാധനം കാന്‍സര്‍ പോലെയാണ്. അത് നമ്മുടെ നിയന്ത്രണത്തിലല്ല. മരണം വരെ ചെറുത്തു നില്‍ക്കാമെയേുള്ളൂ. പല കാര്യങ്ങളും ചൂണ്ടിക്കാണിക്കാന്‍ പോലും പറ്റാത്ത വിധത്തില്‍ അത് ഫെമിനിസ്റ്റ് മൂവ്‌മെന്റിനെ ബാധിക്കുന്നതില്‍ എനിക്ക് ഖേദമുണ്ട്. പക്ഷേ അതിന്റെയെല്ലാം ഉത്തരം എനിക്കിന്ന്‌ കിട്ടുന്നുണ്ട്. 

ഫെമിനിസ്റ്റ് എഴുത്തുകാരിയായ ജൂഡി ബ്രാഡിയെക്കുറിച്ച് ഞാന്‍ കുട്ടികളെ പഠിപ്പിക്കുന്നുണ്ട്. ഞാന്‍ എന്റെ ക്ലാസ്സിലെ പ്രബുദ്ധരായ കുട്ടികളോട് ‘ഫെമിനിസ്റ്റ് മൂവ്‌മെന്റ് എന്താണെറിയാമോ’ എന്ന് ചോദിച്ചു. ആര്‍ക്കും അറിയില്ല. ‘കേരളത്തില്‍ അങ്ങനെയൊരു മൂവ്‌മെന്റുണ്ടോ’ എന്ന്‌ ചോദിച്ചു. ‘അറിഞ്ഞുകൂടാ’, എന്നായിരുന്നു ഉത്തരം. അജിത, സാറാ ജോസഫ് എന്നിവരെക്കുറിച്ച് കേട്ടിട്ടുണ്ടോയെന്ന്‌ ചോദിച്ചപ്പോള്‍, കേട്ടിട്ടുണ്ട്, പക്ഷേ അവര്‍ക്ക് ഫെമിനിസ്റ്റ് മൂവ്‌മെന്റുമായുള്ള ബന്ധമറിയില്ല, എന്നാണ് ഇപ്പോഴത്തെ ഭൂരിഭാഗം കുട്ടികളുടേയും ഉത്തരമെങ്കില്‍ അതെന്നെപ്പോലത്തെ ആളുകള്‍ക്ക് ഒരു ഫീഡ്ബാക്കാണ്. അവരതറിഞ്ഞിരിക്കുക എതാണോ ഏറ്റവും പ്രധാനം എന്നാണ്‌ ചോദിച്ചാല്‍ അല്ല. പക്ഷേ, മൂവ്‌മെന്റിന്റെ അലയൊലികള്‍ അവര്‍ക്കിടയില്‍ എത്തേണ്ടതുണ്ടായിരുന്നു. ഒരുപാട് പേര്‍ക്ക് പ്രത്യാശ കൊടുക്കാന്‍ പറ്റിയത് വലിയ നേട്ടമായിട്ട് തന്നെയാണ് ഞാന്‍ കാണുന്നത്. സാറാ ടീച്ചര്‍ എപ്പോഴും പറയുന്നതുപോലെ അന്ന് ആ ഗ്രൂപ്പിലുണ്ടായിരുന്ന ആരും അപ്രധാനമായ ഒരു ജീവിതമല്ല പിന്നീട് നയിച്ചത്. അന്ന് കൂടെയുണ്ടായിരുവരും, സാറാ ടീച്ചര്‍ സ്വന്തം കുട്ടികളെപ്പോലെ കരുതിയിരുന്നവരുമായ പലരും പുതിയ വഴികള്‍ സൃഷ്ടിച്ചു. പക്ഷേ, കുറച്ചുകൂടി ലൗഡ് ആയ എന്തോ ഒന്നുകൂടി അവശേഷിപ്പിക്കേണ്ടതുണ്ടായിരുന്നു. ഇനിയും സമയമുണ്ട്. ഒന്നും പാഴായിപ്പോയി എന്ന് ഞാന്‍ വിചാരിക്കുന്നില്ല.

ചോദ്യം: ഗുല്‍മോഹറിന്റെ തിരക്കഥ സിനിമയായപ്പോള്‍ മാറ്റത്തിന് വിധേയമായി എന്ന് പറഞ്ഞു. മാറ്റത്തിന്റെ അജണ്ട തീരുമാനിക്കുന്നതാരാണ്?

”നായിക” കഴിഞ്ഞിട്ട് ഞാന്‍ വലിയൊരു ഇടവേള എടുത്തിരിക്കുകയാണ്. നായിക എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഒരു പാഠവുമാണ്. നമ്മുടെ മുന്നില്‍ പലതരം പാഠങ്ങളുണ്ടാകാം. നമ്മള്‍ തുടരേണ്ടതും, തുടരാന്‍ പാടില്ലാത്തതുമായ പലതരം പാഠങ്ങള്‍. എന്റെ ജീവിതത്തിലെ ഏറ്റവും വലിയ തെറ്റും, ദിശാബോധം പകര്‍ന്ന കാര്യവുമാണ്’ ‘നായിക” എന്ന സിനിമയില്‍ എന്റെ പേരുണ്ടാകുന്നത്. ഞാനെഴുതിവെച്ച കഥയല്ല ”നായിക” എന്ന സിനിമയായി പുറത്ത് വന്നത്. ഗുല്‍മോഹറും എനിക്കൊരു പാഠമായിരുന്നു. പക്ഷേ, അതില്‍ ഒരു സീന്‍ പോലും ഞാന്‍ എഴുതാത്തതായി ഉണ്ടായിരുന്നില്ല. എഴുതിവെച്ചതിന്റെ 20% സിനിമയാവുന്നു എന്നേയുള്ളൂ. നമ്മളൊരു നെടുനീളന്‍ വരി പറഞ്ഞിട്ട് ആദ്യവും, അവസാനവുമെടുത്ത് കളഞ്ഞിട്ട് നടുവിലുള്ളതിനെ മാത്രം എടുത്താല്‍ അര്‍ത്ഥം മുഴുവന്‍ മാറിപ്പോകും. അതാണ് ഗുല്‍മോഹറില്‍ സംഭവിച്ചത്. നടുവിലുള്ളത് ഞാന്‍ എഴുതിയതാണെന്ന് ഇപ്പോള്‍ തിരിഞ്ഞുനോക്കുമ്പോള്‍ എനിക്ക് ആശ്വസിക്കാം, നായികയെ വെച്ചു നോക്കുമ്പോള്‍. കാരണം, നായികയിലുള്ള ഒരു വരി പോലും ഞാന്‍ അവകാശപ്പെടുന്നില്ല. ഒരു സീക്വന്‍സും ഞാന്‍ അവകാശപ്പെടുന്നില്ല. തുടക്കത്തില്‍ത്തന്നെ തര്‍ക്കങ്ങളുണ്ടായിരുന്നു. അതിന്റെ സംവിധായകന്‍ ഡെമോക്രാറ്റിക്കാണ്. എന്റെ നല്ല സുഹൃത്താണ്. ആ സൗഹൃദം ഇപ്പോഴും തുടരുന്നുമുണ്ട്. മാക്ടയില്‍ ഒരു സ്ത്രീക്ക് അംഗത്വം ഇല്ല എന്ന അവസ്ഥ തിരുത്തണം എന്ന് ഞാന്‍ ആഗ്രഹിച്ചു. അതിന് എന്റെ പേരില്‍ മൂന്ന് തിരക്കഥകള്‍ വേണം. അതിനുവേണ്ടി ചെയ്ത ഒത്തുതീര്‍പ്പ് ഞാനൊരു ഒത്തുതീര്‍പ്പായി കാണുന്നില്ല. പക്ഷേ, എന്റെ നാലാമത്തെ സിനിമയ്ക്ക് വേണ്ടി ഒരു ഒത്തുതീര്‍പ്പ് ഞാന്‍ നടത്തില്ല. ഒത്തുപോകുന്നില്ലെങ്കില്‍ ഞാന്‍ പല ആളുകള്‍ക്കും അഡ്വാന്‍സ് തിരിച്ചുകൊടുത്തിട്ടുണ്ട്. അഡ്വാന്‍സ് തിരിച്ചു കൊടുക്കാത്ത ഒരു നിര്‍മ്മാതാവേയുള്ളൂ. അദ്ദേഹത്തോട് ഞാന്‍ പറഞ്ഞത്, നിങ്ങള്‍ക്കീ സിനിമയെടുക്കാം. പക്ഷേ, എന്റെ പേര് വെക്കാന്‍ പറ്റില്ലെന്നാണ്. ഗുല്‍മോഹറിന്റെ തിരക്കഥ ഡി.സി. പ്രസിദ്ധീകരിച്ചതുകൊണ്ട് എനിക്ക് പറയാന്‍ പറ്റി, സിനിമയും, തിരക്കഥയും വേറെയാണെന്ന്. പക്ഷേ, നായികയെ സംബന്ധിച്ച് ഞാന്‍ പങ്കെടുക്കുന്ന ഫിലിം സ്റ്റഡീസ് ക്ലാസുകളിലടക്കം നിരന്തരം പറഞ്ഞുകൊണ്ടിരിക്കുകയാണ്. അതെന്റെ പിടിപ്പുകേടിനെയാണ് കാണിക്കുന്നത്. ‘നായിക”ഞാന്‍ പ്രസിദ്ധീകരിച്ചിട്ടില്ല. കാരണം എഴുതിയതല്ല, സിനിമയായി വന്നത്. പ്രസിദ്ധീകരിച്ചാല്‍ തികച്ചും വേറൊരു സിനിമയെടുക്കാന്‍ സാധിക്കും വിധം ഇന്‍ഡിപെന്റന്റാണ് ആ സ്‌ക്രിപ്റ്റ്. ആ പരാതി എന്നും പറഞ്ഞു നടക്കുന്നതില്‍ കാര്യമില്ല. ഇനി മുതല്‍ അങ്ങോട്ട്, എന്റെ ഒരു സിഗ്നേച്ചര്‍ ഫിലിം എന്നു പറയുന്ന ഒന്നല്ലാതെ, എന്റെ പേരില്‍ വരരുത് എന്ന കടുംപിടുത്തമുണ്ട്. ”പോട്ടെ” എന്നു വെച്ചിരുന്നുവെങ്കില്‍ സംഭവിക്കാമായിരുന്ന സിനിമകള്‍ വന്നുപോയിട്ടുണ്ട്. ഞാന്‍ പിന്‍വാങ്ങുകയായിരുന്നു. അതിന്റെ പേരില്‍ ഒരുപാട് പരിഹാസം കേള്‍ക്കേണ്ടി വന്നിട്ടുണ്ട്. എന്നെ സംബന്ധിച്ച് ആ തീരുമാനം ഒരു രാഷ്ട്രീയ പ്രവര്‍ത്തനം തന്നെയാണ്. ‘എന്റെ സിനിമ’ എന്നു പറയാന്‍ കഴിയുന്ന ഒരു സിനിമയേ ഇനി ചെയ്യുകയുള്ളൂ. ഏതെങ്കിലും സംവിധായകനോ, നിര്‍മ്മാതാവിനോ, പ്രധാന നടനോ ഫോര്‍മുല അറിയാമായിരുന്നുവെങ്കില്‍, ഞാന്‍ അവരുടെ കൂടെ അവര്‍ പറയുത് കേട്ട് നില്‍ക്കാന്‍ തയ്യാറായേനേ. ‘ഈ ഫോര്‍മുല ചെയ്താല്‍ സിനിമയോടും’ എന്നവര്‍ പറയുകയാണെങ്കില്‍.’ അങ്ങനെയാണ് ‘നായിക’യുമായി ബന്ധപ്പെട്ട് ഞാന്‍ മിണ്ടാതിരുന്നത്. ഇതാണ് ഫോര്‍മുലയെന്ന് അവര്‍ പറഞ്ഞപ്പോള്‍ ഞാന്‍ ചോദിച്ചു, ‘ഇതോടുമല്ലോ, അല്ലേ’? ഉറപ്പുണ്ടെങ്കില്‍ ചെയ്‌തോളൂ, ഞാന്‍ കാണുന്നില്ല’ എന്ന് പറഞ്ഞു. ഇപ്പോഴും ഞാന്‍ കണ്ടിട്ടില്ല. ഞാന്‍ ഗോവയില്‍ നിന്ന് ഫെസ്റ്റിവല്‍ കഴിഞ്ഞെത്തുമ്പോള്‍ സിനിമ തീയേറ്ററിലില്ല. അപ്പോഴാണ് ഞാന്‍ സംവിധായകനേയും, നിര്‍മ്മാതാവിനേയും വിളിക്കുന്നത്. എന്നിട്ട് ഞാന്‍ ചോദിച്ചത് ‘എങ്ങനെയാണ്, ഞാന്‍ എഴുതിവെച്ച ഒരു സീന്‍ കട്ട് ചെയ്യുകയോ, മാറ്റിയെഴുതുകയോ ചെയ്യുന്നതെന്നാണ്’. കട്ട് ചെയ്തത് സിനിമ ഓടാനായിരുന്നുവെങ്കില്‍ സിനിമ ഓടണമായിരുന്നു.

ജയരാജിന്റെ ബര്‍ത്ത്‌ഡേയ്ക്ക് എല്ലാവരേയും വിളിച്ച് ഒരു കൂടിയാലോചന നടത്തിയിരുന്നു. എല്ലാവരും മാറിനിന്നുകൊണ്ട് അദ്ദേഹത്തെ കുറ്റം പറയുകയും, അടുത്തുചെന്ന് സാര്‍ ഞങ്ങളുടെ ഗുരുവാണ്, ഗുരുവില്ലാതെ ഞങ്ങള്‍ക്കൊന്നും ചെയ്യാന്‍ പറ്റില്ലെന്ന് പറയുകയും ചെയ്തു. ‘രോഗത്തിന് ശേഷമുള്ള എന്റെ അവസ്ഥ എന്നു പറഞ്ഞാല്‍, അയാം നൊട്ടോറിയസ്‌ലി ഹോണസ്റ്റ്.’ ‘സത്യം പറയുന്നതില്‍ യാതൊരു കുഴപ്പവുമില്ല എന്നത് നമുക്കുണ്ടാകുന്ന ഒരു തിരിച്ചറിവാണ്. മരണത്തെ മുഖാമുഖം കണ്ടതിനുശേഷം നമ്മള്‍ തികച്ചും വ്യത്യസ്തയായ ഒരു വ്യക്തിയായിത്തീരും’. ഞാന്‍ അന്ന് ജയരാജിനോട് പറഞ്ഞത്, ‘നിങ്ങള്‍ക്കതറിഞ്ഞു കൂടായെങ്കില്‍ എന്തിനാണ് അത് മാറ്റുന്നത്? പ്രത്യേകിച്ച് തിരക്കഥ?’, എന്നാണ്. തിരക്കഥ അക്ഷരാര്‍ത്ഥത്തില്‍ ഒരു ബ്ലൂ പ്രിന്റാണ്. ഇവിടെ ഒരു പില്ലര്‍ കൊടുത്താലാണ് അങ്ങേയറ്റത്തുള്ളതിനെ താങ്ങി നിര്‍ത്തൂ എന്ന് മനസ്സിലാക്കി രാപ്പകല്‍ ഉറക്കമൊഴിഞ്ഞിട്ടാണ് ഓരോന്നും ചെയ്യുന്നത്. ഇവര്‍ ഓരോ പില്ലറും എന്തിനാണ് വെച്ചതെന്ന് മനസ്സിലാക്കാതെ, ഇതൊന്നും ശരിയല്ലെന്ന് പറഞ്ഞ് ഓരോ കഥാപാത്രങ്ങളെ മാറ്റുമ്പോള്‍, മുഴുവന്‍ തകര്‍ന്ന് വീഴും. ഇതാണ് മിക്ക സിനിമകളിലും സംഭവിക്കുന്നത്. നടന്മാര്‍ക്കും, സംവിധായകനും ഇംപ്രോവൈസ് ചെയ്യാം. തെറ്റില്ല. എന്റേത് അള്‍ട്ടിമേറ്റ് ആയ തിരക്കഥയാണെന്നല്ല പറയുന്നത്. എന്നെ ബോദ്ധ്യപ്പെടുത്തിയിട്ട് മാറ്റങ്ങള്‍ വരുത്തട്ടെ, എന്നാണ് പറയുന്നത്. അങ്ങനെയല്ലാത്ത ഒന്നിനുവേണ്ടി ഞാനെന്തിന് എന്റെ പേര് നഷ്ടപ്പെടുത്തണം? പ്രത്യേകിച്ച് ഞാന്‍ തുടക്കക്കാരിയൊന്നുമല്ല. വേറൊരു തൊഴിലുള്ളപ്പോള്‍ 40+ ആയ ഒരാള്‍ എന്തിനാണ് അത്തരം ഒത്തുതീര്‍പ്പുകള്‍ നടത്തുന്നത്? എനിക്ക് പറയാനുള്ള കാര്യങ്ങള്‍ ഒരു ലേഖനത്തിലൂടെയോ, സിനിമയിലൂടെയോ പറഞ്ഞുവെന്നിരിക്കും. ഏതു പ്ലാറ്റ്‌ഫോം എന്നത് പ്രശ്‌നമല്ല. പക്ഷേ, എനിക്ക് പറയാനുള്ളതല്ല, പുറത്ത് വരുന്നതെങ്കില്‍ പിന്നെ ഞാനെന്തിന് സഫര്‍ ചെയ്യണം?

ഞാന്‍ ഏറ്റവുമൊടുവില്‍ എഴുതിയ തിരക്കഥയുടെ പ്രൊഡ്യൂസര്‍ വന്ന് പറഞ്ഞത്, അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ പറഞ്ഞത്  ‘സ്ത്രീക്ക് സഹനമാണ് ഹീറോയിസം’ എന്നാണത്രേ. ആകാശദൂത് പോലത്തെ ഒന്നാണ് അവര്‍ പ്രതീക്ഷിക്കുന്നതെന്ന്. ഇവള് കരയുന്നില്ല, വെറുതേ വല്യ വല്യ കാര്യങ്ങളൊക്കെ പറഞ്ഞ് ഇങ്ങനെ നടക്കുകയാണ് എന്നൊക്കെയാണവര്‍ പറഞ്ഞതെന്ന്. അങ്ങനെയെഴുതുന്ന ഒരു പാട് പേര്‍ ഉണ്ടല്ലോ, ആരെക്കൊണ്ട് വേണമെങ്കിലും എഴുതിച്ചോളൂ, എന്ന് പറഞ്ഞാണ് ഞാന്‍ പിന്‍മാറിയത്. അടുത്തിടെ നടന്ന കാര്യമാണ്. ഫിലിം ആന്‍ഡ് ഫീമെയില്‍ ആണ് എന്റെ പി.എച്ച്.ഡി. വിഷയം. പ്രൊഡക്ഷന്‍ ഓറിയന്റഡ് ആയി ഒരു ഡെമോ ഫിലിം കൂടി എടുത്ത് പ്രദര്‍ശിപ്പിക്കുമെന്ന് പറഞ്ഞാണ് ഞാന്‍ ഗവേഷണം തുടങ്ങിയത്. സിനിമ ചെയ്യുന്നതിന് മുമ്പാണ് എനിക്ക് സുഖമില്ലാതെയാകുന്നത്. അതിനുവേണ്ടി വേറൊരു ഇരുപത് മിനിറ്റ് സിനിമയെടുക്കണമെന്ന് ഞാന്‍ ആലോചിച്ചു. ഇപ്പോ, ഞാന്‍ ആലോചിക്കുന്നത്, ഗുല്‍മോഹറിനെന്ത് സംഭവിച്ചു, എന്ന് പറഞ്ഞാല്‍ തന്നെ എന്റെ ഡിസര്‍ട്ടേഷന്‍ പൂര്‍ണ്ണമായി എന്നാണ്. ഞാനെഴുതി വച്ചത് എങ്ങനെയാണീ സിനിമയായതെന്നു പറഞ്ഞാല്‍, എന്റെ ഗവേഷണത്തിനുള്ള ഉത്തരമായി.

സ്ത്രീകള്‍ എങ്ങനെയാണ് അതിലെ സംഭവങ്ങളെ ഉള്‍ക്കൊള്ളുന്നതെന്നും, വളരെ പാസീവ് ആയ ഹീറോ എങ്ങനെയാണ് അയാളുടെ പൗരുഷത്തെ അഡ്രസ് ചെയ്യുതെന്നും തുടങ്ങിയ അന്വേഷണങ്ങളായിരുന്നു ഗുല്‍മോഹര്‍. നക്‌സലൈറ്റ് പശ്ചാത്തലം തീര്‍ച്ചയായും എനിക്കാവശ്യമുണ്ടായിരുന്നു. അത് ഒരു അംശം മാത്രമാണ്. അല്ലാതെ ആ മൂവ്‌മെന്റിനേയോ, എഴുപതുകളേയോ കുറിച്ച് പറയാന്‍ വേണ്ടി മാത്രം സിനിമയെടുത്തതല്ല. നക്‌സലൈറ്റ് മൂവ്‌മെന്റിനോടും അതില്‍ പങ്കെടുത്തവരോടും അതിര് കവിഞ്ഞ ബഹുമാനമുണ്ടെനിക്ക്. അവരാണ് എന്റെ ഹീറോസെന്നും, പൗരുഷം കാണിക്കാന്‍ ഏറ്റവും നല്ലത് അവരാണെന്നും തോന്നിയിട്ടുമാണ് ആ സ്ലോട്ട് എടുക്കുന്നത്. പക്ഷേ, അത് മാത്രം സിനിമയാവുകയും, അതിലെ ഒറ്റ സ്ത്രീ പോലും എക്‌സിസ്റ്റ് ചെയ്യാത്തതുമായ അവസ്ഥയാണുണ്ടായത്. അതിലെ മൂന്നു സ്ത്രീകളും എനിക്ക് വളരെ പ്രധാനപ്പെട്ടതായിരുന്നു. കവിയൂര്‍ പൊന്നമ്മ ചെയ്യുന്ന മദര്‍ ഇന്‍ ലോ, ഇയാളുടെ ഭാര്യ, കാമുകി. ആണത്തവും, പെണ്ണത്തവുമൊക്കെ ആട്രിബ്യൂട്ട് ചെയ്യുന്നതാണെന്ന് പറയുവാനാണ് ഞാനുദ്ദേശിച്ചത്. അതിലെ സൂക്ഷ്മമായ അംശങ്ങള്‍ പോലും ജെന്‍ഡര്‍ കോണ്‍ഷ്യസായിട്ടാണ് എഴുതിയത്. അതൊന്നുമല്ല സിനിമയില്‍ വന്നത്. ഏറ്റവും വിഷമം തോന്നിയത് അവസാന രംഗത്തില്‍ മകനോട് കേന്ദ്രകഥാപാത്രം ” ഓ, നീ കരയുകയാണോ, നീയൊരു ആണ്‍കുട്ടിയല്ലേ’, എന്ന് ചോദിക്കുന്നതാണ്. അത് കളിയാക്കി, സര്‍ക്കാസ്റ്റിക്കായിട്ടു ചോദിക്കുന്നതാണ്. അതിന്റെ ആദ്യഭാഗങ്ങള്‍ മുഴുവന്‍ കട്ട് ചെയ്തിട്ട് സിനിമയില്‍ കാണിച്ചപ്പോള്‍, ”ആണ്‍കുട്ടിയായ നീ കരയുന്നതെന്തിന്?’ എന്ന് ചോദിക്കുന്ന രീതിയിലായി. ഞാന്‍ ഇതുവരെ പറഞ്ഞ കാര്യങ്ങളെ മുഴുവന്‍ നിഷേധിച്ചുകൊണ്ട്  ‘ആണ്‍കുട്ടി കരയില്ല’, എന്നു പറഞ്ഞ പോലെയായി. ആണത്തം ആഘോഷിക്കുന്ന മകനെ അച്ഛന്‍ കളിയാക്കുന്ന ഒരു രംഗമായിരുന്നു എഴുതിയത്. സിനിമയില്‍ കണ്ടാല്‍ വിചാരിക്കും ആണ്‍കുട്ടികള്‍ കരയില്ല എന്ന്.

ചോദ്യം: ബോള്‍ഡായ സ്ത്രീ കഥാപാത്രത്തെ അംഗീകരിക്കാതിരിക്കുമ്പോഴും ദ്വയാര്‍ത്ഥ പ്രയോഗങ്ങള്‍ നിറഞ്ഞ സിനിമ വിജയിപ്പിക്കുന്നത് സ്ത്രീകളടക്കമുള്ള കുടുംബ പ്രേക്ഷകരാണ് ഇതിനെ എങ്ങനെ കാണുന്നു?

എന്നെപ്പോലുള്ള ഹെട്രോസെക്ഷ്വല്‍ ആയിട്ടുള്ള സ്ത്രീകള്‍ പോലും, നനഞ്ഞ് കയറി വരുന്ന ഒരു പെണ്ണിനെ സ്‌ക്രീനില്‍ കണ്ടാല്‍, പിന്നെയവള്‍ റേപ്പ് ചെയ്യപ്പെടാന്‍ വേണ്ടി കാത്തിരിക്കുകയാണ്. ആ സീനിലുള്ള ആണിനെ നോക്കി ‘എന്താ ഇയാള്‍ ഒന്നും ചെയ്യാത്തത്’ എന്ന് നാം ആലോചിക്കുകയാണ്. തികച്ചും സ്ത്രീ വിരുദ്ധമായ ഒരു മെഷിനറിയാണ് സിനിമയില്‍ പ്രവര്‍ത്തിക്കുന്നത്. പ്രേക്ഷകരിലെ ഹെട്രോസെക്ഷ്വല്‍ ആയ ഒരു സ്ത്രീയെക്കൊണ്ട് ഒരു ലെസ്ബിയനെപ്പോലെ സിനിമയിലെ സ്ത്രീയെ നോക്കിപ്പിക്കുകയാണ് ഈ മെഷീനറി ചെയ്യുന്നത്. ഇവിടെ നിന്നിട്ടാണ് നാം ഫീമെയില്‍ ഓഡിയന്‍സിനെക്കുറിച്ച് സംസാരിക്കുന്നത്. നമ്മളെന്തു കൊണ്ടാണ് ഒരു പ്രത്യേക വാഷിംഗ് മെഷീന്‍ വാങ്ങിക്കുന്നത്? ആരും പരിശോധിച്ചിട്ട് വാങ്ങുന്നതല്ല. ആ തീരുമാനം അവര്‍ ട്യൂണ്‍ ചെയ്‌തെടുക്കുന്നതാണ്. അത്രയുമുള്ളൂ, നമ്മുടെ അഭിരുചിയുടെ കാര്യവും. ഷാരൂഖ് ഖാന്റെ ശരീരം കാണേണ്ടതുണ്ട്, എന്ന് ഒരു സ്ത്രീ വിചാരിക്കുന്നു പോലുമില്ല. ഹെട്രോസെക്ഷ്വല്‍ ആയ ഒരു സ്ത്രീക്ക് യഥാര്‍ത്ഥത്തില്‍ കരീന കപൂറിന്റെ ശരീരവും കാണേണ്ടതില്ല. അവള്‍ക്കതില്‍ താത്പര്യമില്ല. അവള്‍ക്ക് ആണിനെയാണ് കാണാന്‍ താത്പര്യം. എങ്കിലും മമ്മൂട്ടിയെ ന്യൂഡ് ആയി കാണണമെന്ന് ഒരു സ്ത്രീ ആലോചിക്കുന്നു പോലുമുണ്ടാവില്ല. ഇനി അങ്ങനെ കാണേണ്ടിവന്നാല്‍ കണ്ണ് താഴ്ത്തണമെന്ന് അവളോട് പറഞ്ഞിട്ടുമുണ്ട്. ലൈംഗികതയുടെ കാര്യത്തില്‍ പ്രത്യേകിച്ചും. അങ്ങനെയുള്ള ഒരു സ്ത്രീ ഇഷ്ടപ്പെടേണ്ടതെന്താണെന്ന് അവളോട് പറഞ്ഞതനുസരിച്ചാണ് അവള്‍ ഇഷ്ടപ്പെടുന്നത്. അല്ലാതെ സ്ത്രീവിരുദ്ധമായ സിനിമയെ സ്ത്രീ തള്ളിക്കളയില്ല. അത് സ്ത്രീ വിരുദ്ധമാണെന്നവള്‍ തിരിച്ചറിയുന്നുപോലുമില്ല. അവളെ രസിപ്പിക്കാന്‍, അവള്‍ക്കുവേണ്ടിയെടുത്ത സിനിമ എന്നാവും വിചാരിക്കുക. ഇന്ദ്രന്‍സിന്റെ മുഖത്തടിക്കുന്ന മുതലാളിമാരെ പല സിനിമകളിലും നാം കണ്ടിട്ടുണ്ട്. പക്ഷേ, ജനാര്‍ദ്ദനന്‍ മുതലാളി ഇന്ദ്രന്‍സിനെപ്പോലെയൊരാളെത്തല്ലുന്നുവെന്നതുകൊണ്ട് ഞങ്ങളീ സിനിമ കാണില്ലെന്ന് ഒരു തൊഴിലാളിയും പറഞ്ഞിട്ടില്ല. നേരേമറിച്ച് അവര്‍ ചിരിക്കും. ഇതാണ് ഓപ്പറേഷന്റെ രീതി.

ചോദ്യം:” ഹൗ ഓള്‍ഡ് ആര്‍ യൂ’ സ്വീകരിക്കപ്പെട്ടല്ലോ? സ്ത്രീയുടെ വിമോചനം കാണിക്കുന്നതു കൊണ്ടാണോ അങ്ങനെ സംഭവിച്ചത്?

എത്ര വിധേയപ്പെട്ടിട്ടാണ് ആ സിനിമയെടുത്തിരിക്കുന്നുവെന്നതിന്റെ ഉദാഹരണമാണ് അതിലെ മഞ്ജൂ വാര്യരുടെ സാരിയുടുക്കല്‍ തന്നെ. ഇടയ്ക്ക് അവരോടുന്ന ഒരു സീന്‍ കാണിക്കുന്നുണ്ട്. ആ സീന്‍ എവിടെ കണക്ട് ചെയ്യണമെന്നുപോലും സിനിമക്കറിയാതെ പോയി. ആ രംഗങ്ങളിലാണ് മഞ്ജു വാര്യരെ കാണാന്‍ പോലും ഭംഗി. എന്നിട്ടും ആ ഭാഗം ടേക് അപ് ചെയ്യാന്‍ സിനിമയ്ക്ക് കഴിഞ്ഞില്ല. അത് തന്നെ എടുക്കണമെന്നും, ലിബറേറ്റഡ് വുമണ്‍ ഓടണമെന്നൊന്നും ഞാന്‍ പറയുന്നില്ല. പക്ഷേ, ഇവര്‍ക്കറിയാം, ഏതു ചേരുവ എങ്ങനെ വെച്ചാല്‍ കുഴപ്പമില്ലെന്ന്. ഫെമിനിസ്റ്റാവരുത് നായിക, പകരം ഫെമിനൈന്‍ ആവണമെന്ന നിര്‍ബന്ധമുണ്ടിവര്‍ക്ക്. അതുകൊണ്ടാണ് ഭാര്യയെ/ അമ്മയെ അംഗീകരിക്കുന്ന അച്ഛനും, മകളിലും അവസാനം സിനിമയെ എത്തിക്കുന്നത്. ഡൊമെസ്റ്റിക് വയലന്‍സില്‍ നിന്ന് അവളെ മാറ്റിനിര്‍ത്തിയിട്ടേയില്ല. ബോധപൂര്‍വ്വം ഭര്‍ത്താവിന്റെ വീട്ടുകാരെ പോസിറ്റീവ് ആയിക്കാണിച്ചിരിക്കുന്നു. അവള്‍ പുതിയൊരു കാര്യം ചെയ്യാന്‍ അലോചിക്കുന്നതു പോലും കുടുംബത്തെ ചുറ്റിപ്പറ്റിയാണ്. അതിനാളുകള്‍ക്ക് ബുദ്ധിമുട്ട് തോന്നില്ല. ഇതെ മനോഭാവമുള്‍ക്കൊണ്ടുകൊണ്ടാണ് YWCAയും, മഹിളാ കോഗ്രസ്സും, ജനാധിപത്യ മഹിളാ അസോസിയേഷനുമെല്ലാം നിന്നുപോകുന്നത്. വല്യേട്ടനെ ഞങ്ങള്‍ വെല്ലുവിളിക്കില്ലായെന്ന കൃത്യമായ സന്ദേശം കൊടുത്തിട്ടാണ് അവര്‍ നിലനിന്നുപോകുന്നത്. അതുകൊണ്ടാണിത്തരം സിനിമകളും നിലനിന്നുപോകുന്നത്. ഒരു യഥാര്‍ത്ഥ ഫെമിനിസ്റ്റിക് സിനിമ ഒറ്റയടിക്ക് നിരാകരിക്കപ്പെടും. ”ഹൗ ഓള്‍ഡ് ആര്‍ യൂ’, പോലത്തെ സിനിമകള്‍ അതിനിടയിലുള്ള ഒളിച്ചുകടത്തലുകളായാണ് ഞാന്‍ കാണുന്നത്. അതുപോലും പോസിറ്റീവാണ്. പക്ഷെ, ഇതെല്ലാം പറയുമ്പോഴും ഒരു സ്ത്രീക്ക് ആണിനു തുല്യമായ പ്രതിഫലം വാങ്ങാന്‍ കഴിയുന്ന കാലം മലയാള സിനിമയില്‍ എന്നു വരുമെന്ന് നമുക്കറിയില്ല.

ചോദ്യം: ന്യൂ ജനറേഷന്‍ എന്നു വിളിക്കപ്പെടുന്ന സിനിമകളിലെ സ്ത്രീ കഥാപാത്രങ്ങളെ എങ്ങനെയാണ് കാണുന്നത്?

‘ട്രിവാന്‍ഡ്രം ലോഡ്ജ്’ എന്ന സിനിമയില്‍ കുടുംബത്തെ നിഷേധിച്ചുകൊണ്ട് ഒരു പെണ്ണ് പുറത്തേക്കിറങ്ങുന്നത്‌, തനിക്ക് കുറേ ആണുങ്ങളുമായി ബന്ധം വേണമെന്നു പറഞ്ഞുകൊണ്ടാണ്. പക്ഷേ, ആ സിനിമ അവസാനിക്കുമ്പോഴും അവരത് ചെയ്തിട്ടില്ല, എന്ന് നമുക്ക് പറഞ്ഞു തരുന്നുണ്ട്. ഭര്‍ത്താവിനെ കാണിക്കുന്നതിനുവേണ്ടി ആ കഥാപാത്രം ജയസൂര്യയുടെ കഥാപാത്രത്തോട് പറയുകയാണ്, നമ്മള്‍ സെക്‌സിലേര്‍പ്പെട്ടതുപോലെ കിടന്നാല്‍ മതിയെന്ന്. ആ സ്ത്രീക്ക് അയാളുമായി സെക്‌സ് ആകാമായിരുന്നു. ഭര്‍ത്താവ് വരുമ്പോള്‍ അത് കാണിച്ചു കൊടുക്കാമായിരുന്നു. ന്യൂ ജനറേഷന്‍ സിനിമ ലിബറേറ്റഡ് ആണ്, തെറി പറയും എന്നൊക്കെയാണവര്‍ പറയുന്നത്. തെറി പറയാനേ അവര്‍ക്ക് പറ്റൂ. സ്ത്രീയുടെ കാര്യത്തില്‍ ചില ധാരണകളൊന്നും മാറ്റാന്‍ അവര്‍ റെഡിയല്ല. അതെല്ലാ മേഖലയിലും അങ്ങനെ തന്നെയാണ്.

അടുത്ത കാലം വരെ നമുക്ക് ഒരു വൃന്ദാകാരാട്ട് മാത്രമേ ഉണ്ടായിരുന്നുള്ളൂ പോളിറ്റ് ബ്യൂറോയില്‍. അവിടെ നിന്നിട്ടാണ് നമ്മളീ പുരോഗമനങ്ങളൊക്കെ പറഞ്ഞു കൊണ്ടിരിക്കുന്നത്. നമ്മുടെ ഇടതു പ്രസ്ഥാനങ്ങളുടെ കാര്യം അത്ര ദയനീയമാണെങ്കില്‍ മറ്റൊന്നിനെക്കുറിച്ചും നാം ചര്‍ച്ച ചെയ്യേണ്ടതില്ല. പുതിയ സിനിമകളും ഒളിച്ചു കടത്തുന്നത് പഴയ മൂല്യവ്യവസ്ഥ തന്നെയാണ്. മുന്നറിയിപ്പ് എന്ന സിനിമയില്‍ ഷോവനിസ്റ്റിക് ആയ “ആണത്തം” അറിയാതെ പുറത്ത് വരുന്നുണ്ട്. സ്ത്രീമേധാവിത്വം സഹിക്കാന്‍ പറ്റാത്ത മനോരോഗിയാണതിലെ നായകന്‍. ഇവിടുത്തെ എല്ലാ ആണുങ്ങളേയും പ്രതിനിധീകരിക്കുന്ന മമ്മൂട്ടി തന്നെ ആ റോള്‍ ചെയ്തു. ആണിന്റെ മാതൃകയായ മമ്മൂട്ടിയുടെ കഥാപാത്രം കൊന്നത് മുഴുവന്‍ സ്ത്രീകളെയാണ്. കാരണം, ആ സ്ത്രീകള്‍ അയാള്‍ക്ക് മേല്‍ ആധിപത്യം കാണിച്ചു. പുരുഷന്‍ ഡോമിനേറ്റ് ചെയ്താല്‍ അയാള്‍ക്ക് പ്രശ്‌നമില്ല. ജയിലില്‍ 14 കൊല്ലം അവര്‍ പറഞ്ഞ ആജ്ഞകള്‍ മുഴുവന്‍ അയാള്‍ അനുസരിച്ചിട്ടുണ്ട്. അയാളെക്കൊണ്ട് ചായ കൊടുപ്പിക്കുന്നത് വരെ നമ്മള്‍ കണ്ടു. പക്ഷേ, സ്ത്രീ പറ്റില്ല. ഇതിനുമുമ്പ് അയാള്‍ എത്ര പേരെ ഇക്കാരണം കൊണ്ട് കൊന്നു, എന്നു നമുക്കറിയില്ല. ഡോമിനന്റ് ഫീമെയിലിനെ കൊല്ലേണ്ടതുണ്ടെന്ന് ഒരു നായകന്‍ തീരുമാനിച്ച സിനിമ നമ്മളറിയാതെ ഒരു സ്ലിപ്പായി നമ്മുടെ മുന്നില്‍ വന്ന് വീഴുകയായിരുന്നു. ജയിലില്‍ അയാളുടെ ബോസിന്റെ ഭാഗത്തുനിന്നുള്ള ഏതവഹേളനവും അയാള്‍ സഹിക്കും. എന്നാലും, തിരിച്ച് വന്ന് ഇതുപോലെ കൊന്നുകൊണ്ടിരിക്കും.’ കൊല്ലുക’, എന്നു പറഞ്ഞാല്‍ അക്ഷരാര്‍ത്ഥത്തില്‍ ‘കൊല്ലുക’, എന്നല്ല. എല്ലാ അര്‍ത്ഥത്തിലും സ്ത്രീകളെ കൊല്ലണം എന്ന കാഴ്ചപ്പാടാണത്. അവരുടെ കരിയര്‍ നശിപ്പിക്കാം, പ്രൊഫഷന്‍ ഇല്ലാതാക്കാം. ജയിലില്‍ പോയി കിടന്നാലും സാരമില്ല, അവളെ കൊല്ലേണ്ടതുണ്ട് എന്ന് പറയുന്ന പുരുഷനെപ്പോലെ തന്നെയാണ്, ദാരിദ്ര്യമുണ്ടെങ്കിലും സാരമില്ല, അവള്‍ ജോലിക്ക് പോകേണ്ടെന്ന് പറയുന്ന പുരുഷന്‍. ഇതൊക്കെ ബോധപൂര്‍വ്വമല്ലാതെ കടന്നു വരുന്നതാണ്. അതേ സമയം, സ്ത്രീകളുടെ ദൈന്യതയെക്കുറിച്ച് അത് പറഞ്ഞുതരുന്നുമുണ്ട്.

ചോദ്യം: കുട്ടിസ്രാങ്കില്‍ ക്യാമറയ്ക്ക് പുറകില്‍ ഒരു സ്ത്രീ വന്നപ്പോള്‍ പുതിയ ഒരു മമ്മൂട്ടിയെ കാണാന്‍ കഴിഞ്ഞു എന്നു പറഞ്ഞിട്ടുണ്ട്. കൂടുതല്‍ സ്ത്രീകള്‍ ഈ രംഗത്തേക്ക് വന്നിട്ടുണ്ടെങ്കില്‍ സിനിമയുടെ ഭാഷ മാറുമെന്ന് പറഞ്ഞിട്ടുണ്ട്. അതേക്കുറിച്ച് പറയാമോ?

ഞാന്‍ നോക്കുന്നത് എനിക്കിഷ്ടമുള്ളതാണ്. ക്യാമറയില്‍ എന്തെടുക്കുന്നു എന്നുള്ളത് അതിന് പിന്നില്‍ നില്‍ക്കുന്ന ആളാണ് തീരുമാനിക്കുന്നത്. ഞാന്‍ ആരെ, എവിടെ നോക്കണമെന്നത് എന്റെ താത്പര്യമാണ്. പുരുഷന്‍ ആണ് ഇതുവരെ നമുക്ക് കാഴ്ചകള്‍ കാണിച്ചുതന്നത്. അതുകൊണ്ടാണ് ഞാന്‍ പറഞ്ഞത്, ലെസ്ബിയന്‍ ആയിട്ടേ ഒരു സ്ത്രീക്ക് സിനിമ കാണാന്‍ പറ്റൂ എന്ന്. അങ്ങനെയല്ലാത്ത കാഴ്ചകള്‍ ഒരുപാടുണ്ട്. പകുതിയിലധികം കാര്യങ്ങള്‍ പ്രേക്ഷകരില്‍ നിന്ന് മറച്ച് വെക്കപ്പെടുന്നുണ്ട്. പുരുഷന്‍ ഒരു പാതിയാണ്. ഒരു പാതി കണ്ട ദൃശ്യങ്ങളേ ഇതുവരെ സ്ത്രീകളുള്‍പ്പെടുന്ന ഓഡിയന്‍സ് കണ്ടിട്ടുള്ളൂ. സ്ത്രീകള്‍ എന്തൊക്കെയായിരിക്കും നോക്കിയിട്ടുണ്ടാവുക, എന്തായിരിക്കും അവരുടെ താത്പര്യങ്ങള്‍ എന്നറിയണമെങ്കില്‍ അവര്‍ ക്യാമറയുടെ പിന്നില്‍പ്പോയി നില്‍ക്കണം. അങ്ങനെ ചെയ്യാതിരിക്കുമ്പോള്‍ നമുക്ക് കിട്ടേണ്ട ഒരുപാട് സാധ്യതകളാണ് അടച്ചുകളയുന്നത്. കാരണം, അത്രയ്ക്ക് പുതിയ കാഴ്ചകളും, പുതിയ ലോകവും കീഴടക്കാന്‍ കിടക്കുകയാണ്. പുറകില്‍ നിന്ന് സ്ത്രീയായിട്ട് തന്നെ നോക്കുകയും വേണം. ‘ ‘അശോക” സിനിമയില്‍ സന്തോഷ് ശിവന്‍ നോക്കിയതാണ് നാം കണ്ടത്. അത് കരീന കപൂറായിരുന്നു. ഞാനും, പ്രേംചന്ദും ഇരുന്ന് ആ സിനിമ കാണുമ്പോള്‍ പ്രേംചന്ദ് കരീന കപൂറിനെ കാണുന്നതുപോലെ തന്നെ എനിക്ക് ഷാരൂഖിനെ കാണണമെന്നുണ്ട്. അതിന് ഷാരൂഖിനെ ഞാന്‍ നോക്കുന്ന അതേ മോഹത്തോടെ നോക്കുന്നവര്‍ വേണ്ടേ ക്യാമറയ്ക്ക് പിന്നില്‍. ഇടയ്ക്ക് ആണുങ്ങളുടെ കാഴ്ച കാണാം, ഇടയ്ക്ക് പെണ്ണുങ്ങളുടെ, എന്ന ഒരവസ്ഥ ഇല്ല. നമുക്ക് ആണുങ്ങളുടെ കാഴ്ചയേ ഉള്ളൂ.

(സ്വതന്ത്ര മാധ്യമപ്രവര്‍ത്തകനാണ് റോണ്‍; ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് തയ്യാറാക്കിയതാണ് ഈ അഭിമുഖം)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍