UPDATES

ചരിത്രത്തില്‍ ഇന്ന്

1996 ഫെബ്രുവരി 10: ചെസ് കളിക്കുന്ന കംപ്യൂട്ടര്‍ ഡീപ് ബ്ലൂ ഗാരി കാസ്പറോവിനെ തോല്‍പിച്ചു

ചെസ് ടൂര്‍ണമെന്റുകളിലെ സമയ നിയന്ത്രണ നിലവാരങ്ങള്‍ക്ക് അനുസരിച്ച് നിലവിലുള്ള ലോക ചാമ്പ്യനെ തോല്‍പ്പിക്കുന്ന ആദ്യ കമ്പ്യൂട്ടറാണ് ഡീപ് ബ്ലൂ

ഐബിഎം വികസിപ്പിച്ചെടുത്ത ചെസ് കളിക്കുന്ന കമ്പ്യൂട്ടറാണ് ഡീപ് ബ്ലൂ. 1996 ഫെബ്രുവരി പത്തിന്, ആറ് മത്സരങ്ങളുള്ള പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഗാരി കാസ്പറോവിനെ തോല്‍പിച്ചുകൊണ്ട് ആദ്യമായി ഒരു ലോക ചാമ്പ്യനെതിരെ വിജയിക്കുക എന്ന നേട്ടം ഡീപ് ബ്ലൂ കരസ്ഥമാക്കി. എന്നാല്‍ തുടര്‍ന്നുള്ള മൂന്ന് കളികളില്‍ ജയിക്കുകയും രണ്ടെണ്ണത്തില്‍ സമനില പാലിക്കുകയും ചെയ്തുകൊണ്ട് പരമ്പര 4-2ന് കാസ്പറോവ് കൈക്കലാക്കി. ഡീപ് ബ്ലൂവിനെ വീണ്ടും നവീകരിച്ച ശേഷം 1997 മേയില്‍ വീണ്ടും കാസ്പറോവുമായി മത്സരിക്കാന്‍ ഇറക്കി. അവസാനത്തെതും ആറാമത്തെതുമായ മത്സരം ജയിച്ചുകൊണ്ട് 3.5-2.5 എന്ന സ്‌കോറില്‍ പരമ്പര ഡീപ് ബ്ലൂ കരസ്ഥമാക്കി. ഇതോടെ ചെസ് ടൂര്‍ണമെന്റുകളിലെ സമയ നിയന്ത്രണ നിലവാരങ്ങള്‍ക്ക് അനുസരിച്ച് നിലവിലുള്ള ലോക ചാമ്പ്യനെ തോല്‍പ്പിക്കുന്ന ആദ്യ കമ്പ്യൂട്ടറായി ഡീപ് ബ്ലൂ മാറി. എന്നാല്‍ ഐബിഎം തന്നെ ചതിക്കുകയായിരുന്നു എന്ന ആരോപണം ഉന്നയിച്ച കാസ്പറോവ്, വീണ്ടും കളിക്കണം എന്ന ആവശ്യം ഉന്നയിച്ചു. ഐബിഎം അത് നിഷേധിച്ചു എന്ന് മാത്രമല്ല, ഡീപ് ബ്ലൂവിനെ പിന്‍വലിക്കുകയും ചെയ്തു.

കാര്‍ണേജ് മെല്ലണ്‍ സര്‍വകലാശാലയിലെ ചിപ് ടെസ്റ്റ് പദ്ധതി 1985ലാണ് ഡീപ് ബ്ലൂ വികസിപ്പിക്കാന്‍ ആരംഭിച്ചത്. ഒരു ലോക ചാമ്പ്യനെ തോല്‍പ്പിക്കാന്‍ ശേഷിയുള്ള ഒരു ചെസ് യന്ത്രം നിര്‍മ്മിക്കുക എന്ന തങ്ങളുടെ അന്വേഷണത്തിന്റെ തുടര്‍ച്ചയെന്ന നിലയില്‍ ഐബിഎം വികസന ടീമിനെ വാടകയ്ക്ക് എടുത്തതോടെ പദ്ധതി ഡീപ് തോട്ട് ആയി മാറി. 1989ല്‍ പദ്ധതി ഡീപ് ബ്ലൂ എന്ന് വീണ്ടും നാമകരണം ചെയ്യപ്പെട്ടു. ഡീപ് ബ്ലൂവിന്റെ ശേഷി കുറഞ്ഞ മാതൃകയായ ഡീപ് ബ്ലൂ ജൂനിയര്‍, ഗ്രാന്റ് മാസ്റ്റര്‍ ജോയല്‍ ബെഞ്ചമിനുമായി മത്സരിച്ചു. ഇതോടെ, ഡീപ് ബ്ലൂവിന്റെ ഓപ്പണിംഗ് ബുക്ക് വികസിപ്പിക്കുന്നതിനായി തങ്ങള്‍ അന്വേഷിച്ചു കൊണ്ടിരുന്ന വിദഗ്ധന്‍ ബഞ്ചമിനാണെന്ന് ഹ്‌സുവും കാംബെലും ഉറപ്പിച്ചു. ഗാരി കാസ്പറോവുമായുള്ള മത്സരങ്ങള്‍ക്കുള്ള ഡീപ് ബ്ലൂവിന്റെ തയ്യാറെടുപ്പുകളില്‍ സഹായിക്കുന്നതിനായി ബഞ്ചമിനെ ഐബിഎം ചുമതലപ്പെടുത്തി. ബ്രൂട്ട് ഫോഴ്‌സ് കമ്പ്യൂട്ടിംഗ് പവറില്‍ നിന്നാണ് ഡീപ് ബ്ലൂ കളിക്കാനുള്ള ശേഷി നേടിയിരുന്നത്. 30 നോഡുകളോട് കൂടിയ RS/2000 SP ThinP2SC അടിസ്ഥാനത്തിലുള്ള സിസ്റ്റമായിരുന്നു അത്. ഓരോ നോഡുകളിലും 120MHZP2SC പ്രൊസസര്‍ അടങ്ങിയിരുന്നു. ഇതിനെ ഉത്തേജിപ്പിക്കാനായി പ്രത്യേക ഉദ്ദേശത്തോടു കൂടിയ 480 VLSI ചെസ് ചിപ്പുകളും ഘടിപ്പിച്ചിരുന്നു. അതിന്റെ ചെസ് കളിക്കാനുളള പ്രോഗ്രാം ‘സി’ ഭാഷയിലാണ് എഴുതിയത്. AIX ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ പിന്തുണയോടെയാണ് ഇത് പ്രവര്‍ത്തിച്ചത്. അതിന് പ്രതി സെക്കന്റില്‍ 200 ദശലക്ഷം നീക്ക സാധ്യതകള്‍ അവലോകനം ചെയ്യാനുള്ള ശേഷിയുണ്ടായിരുന്നു. 1996ല്‍ ഇറക്കിയ മാതൃകയുടെ ഇരട്ടി ശേഷി. 1997 ജൂണില്‍ ഏറ്റവും ശക്തിയുള്ള സൂപ്പര്‍ കമ്പ്യൂട്ടറുകളില്‍ 259-ാം സ്ഥാനം ഡീപ് ബ്ലൂ കരസ്ഥമാക്കി.

1997ല്‍ കാസ്പറോവിനെ തോല്‍പ്പിച്ച ഡീപ് ബ്ലൂ ചെസ് കമ്പ്യൂട്ടര്‍, ആറ് മുതല്‍ എട്ട് നീക്കങ്ങള്‍ വരെയും ചില സാഹചര്യങ്ങളില്‍ ഇരുപതോ അതില്‍ കൂടുതലോ നീക്കങ്ങളുടെ സാധ്യതകളും ആരാഞ്ഞിരുന്നു. രണ്ടാമത്തെ മത്സരം ആരംഭിക്കുന്നതിന് മുമ്പ് കമ്പ്യൂട്ടറിന്റെ ചെസ് അറിവിനെ ഗ്രാന്റ് മാസ്റ്റര്‍ ജോയല്‍ ബഞ്ചമിന്‍ പുനഃക്രമീകരിച്ചു. ഗ്രാന്റ് മാസ്റ്റര്‍മാരായ മിഗ്വല്‍ ഇലെസ്‌കാസ്, ജോണ്‍ ഫെഡൊറോവിച്ച്, നിക്ക് ഡി ഫിര്‍മിയാന്‍ എന്നിവരാണ് ഓപ്പണിംഗ് ലൈബ്രറി പ്രദാനം ചെയ്തത്. ഓപ്പണിംഗ് പുസ്തകത്തില്‍ ഏകദേശം 4,000 പൊസിഷനുകളും ഗ്രാന്റ്മാസ്റ്റര്‍മാരുടെ 700,000 കളികളുമുണ്ടായിരുന്നു. തന്റെ എതിരാളിയെ കൂടുതല്‍ മനസിലാക്കുന്നതിനായി ഡീപ് ബ്ലൂ നേരത്തെ കളിച്ച കളികള്‍ പഠിക്കണമെന്ന കാസ്പറോവിന്റെ അഭ്യര്‍ത്ഥന ഐബിഎം നിരാകരിച്ചു. എന്നാല്‍, പൊതുവായ കമ്പ്യൂട്ടറുകളുടെ കളിതന്ത്രങ്ങള്‍ മനസിലാക്കുന്നതിനായി പ്രചാരത്തിലുള്ള നിരവധി കമ്പ്യൂട്ടറുകള്‍ കളിച്ച കളികള്‍ കാസ്പറോവ് അവലോകനം ചെയ്തിരുന്നു. തോറ്റതിന് ശേഷം, യന്ത്രത്തിന്റെ ചില നീക്കങ്ങളില്‍, പ്രത്യേകിച്ചു രണ്ടാമത്തെ മത്സരത്തില്‍ ആഴത്തിലുള്ള ബുദ്ധിശക്തിയും ക്രിയാത്മകതയും പ്രദര്‍ശിപ്പിച്ചതായ കാസ്പറോവ് രേഖപ്പെടുത്തി. യന്ത്രത്തിന് വേണ്ടി മനുഷ്യ ചെസ് കളിക്കാര്‍ ഇടപെട്ടുവെന്നതിന് തെളിവാണെന്നും, ഇത് നിയമങ്ങളുടെ ലംഘനമാണെന്നും ആരോപിച്ചു. കളികള്‍ക്കിടയില്‍ മാത്രമാണ് മനുഷ്യരുടെ ഇടപെടല്‍ ഉണ്ടായത് എന്ന് വാദിച്ചുകൊണ്ട് കാസ്പറോവിന്റെ ആരോപണം ഐബിഎം തള്ളി. 2003ല്‍ ഈ അവകാശവാദങ്ങളെ കുറിച്ച് അന്വേഷിക്കുന്ന ഒരു ഡോക്യുമെന്ററി നിര്‍മ്മിക്കപ്പെട്ടു. ‘ഗെയിം ഓവര്‍: കാസ്പറോവും യന്ത്രവും’ എന്നായിരുന്നു അതിന്റെ പേര്. തങ്ങളുടെ ഓഹരി മൂല്യം ഉയര്‍ത്തുന്നതിനായി ഐബിഎം നടത്തിയ ഗൂഢാലോചനയായിരുന്നു ഡീപ് ബ്ലൂവിന്റെ വിജയമെന്ന് ചിത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ ചില വ്യക്തികള്‍ ചൂണ്ടിക്കാട്ടി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍