UPDATES

വിദേശം

കഷ്ടപ്പാടും ദാരിദ്ര്യവുമല്ലാതെ ജീവിക്കാന്‍ മറ്റൊന്നും ബാക്കിയില്ലാത്തവരുടെ നാട്

Avatar

ജോഷ്വ പാര്‍ട്‌ലോ 
(വാഷിംഗ്ടണ്‍ പോസ്റ്റ്)

വീടിനു പിറകിലെ അരുവിയില്‍ വെള്ളം കരകവിഞ്ഞു ചുമരുകളില്‍ തട്ടിയപ്പോള്‍ ഹെമൊസാന്‍ഡെ ഫെദ്‌ന ഭയത്തോടെ പ്രതീക്ഷിച്ചതു വലിയ അപകടമായ കൊടുങ്കാറ്റിനെയായിരുന്നു. 

അവരും ഭര്‍ത്താവ് തിയോഫല്‍ സിന്റബ്ലെയും വീടുണ്ടാക്കി, ഏഴു മക്കളെയും അതിലാണ് വളര്‍ത്തിയത്. പിറകിലുള്ള തീരപ്പാടത്ത് അയാള്‍ അരിയും കപ്പയും കൃഷി ചെയ്തു. അവരത് അങ്ങാടിയില്‍ വിറ്റു. 

പക്ഷേ കഴിഞ്ഞ തിങ്കളാഴ്ച്ച ഗര്‍ജനം മാതിരിയാണ് ശബ്ദം കേട്ടത്. മരങ്ങള്‍ കടപുഴകി വീണു. പീരങ്കിയുണ്ടകള്‍ പോലെ നാളികേരങ്ങള്‍ പറന്നുവീണു. കാറ്റ് വീടിന്റെ ചുമരുകളെ ഇളക്കി, വീടിനകത്തേക്കു വെള്ളം ഇരച്ചുകയറിയപ്പോള്‍ 85 വയസുള്ള ഫെദ്‌നയെ എടുത്തുകൊണ്ട് അവരുടെ മകന്‍ അടുത്തുള്ള പള്ളിയിലേക്ക് പോയി. 

ഇന്നുവരെക്കാണാത്ത നാശനഷ്ടങ്ങള്‍ക്കാണ് ആ ദിവസം ഹെയ്തി സാഖ്യം വഹിച്ചത്. 2010ലെ വിനാശകാരിയായ ഭൂകമ്പത്തില്‍ നിന്നും രക്ഷപ്പെട്ട പ്രദേശങ്ങള്‍ ഇത്തവണ മാത്യൂ ചുഴലിക്കൊടുങ്കാറ്റില്‍ തകര്‍ന്നടിഞ്ഞു. ആയിരക്കണക്കിന് വീടുകള്‍, വിദ്യാലയങ്ങള്‍, പള്ളികള്‍, വൃക്ഷങ്ങള്‍, വിളകള്‍, കന്നുകാലികള്‍ എല്ലാം മണ്ണടിഞ്ഞു. 

ഫെദ്‌നയുടെ വീടും നിലംപരിശായി. മറ്റൊരു കെട്ടിടത്തില്‍ അഭയം തേടിയ അവരുടെ ഭര്‍ത്താവ് മേല്‍ക്കൂര തകര്‍ന്നുവീണ് മരിച്ചു. 

‘ഞങ്ങളുടെ നഗരത്തില്‍ സംഭവിച്ച ഏറ്റവും ഭീകരമായ കാര്യമാണിത്,’ കണ്ണീരൊഴുക്കിക്കൊണ്ട് ഫെദ്‌ന പറഞ്ഞു. 

മാത്യൂ ചുഴലിക്കൊടുങ്കാറ്റ് ഹെയ്തിയില്‍ കുറഞ്ഞത് 300 പേരുടെയെങ്കിലും ജീവനെടുത്തുകഴിഞ്ഞു. എന്നാല്‍ പാലങ്ങള്‍ ഒഴുകിപ്പോയിടത്തും മരങ്ങള്‍ വീണിടത്തുമൊക്കെ രക്ഷാസംഘങ്ങള്‍ എത്തുന്നതോടെ കൂടുതല്‍ മരണങ്ങളുടെ വിവരങ്ങള്‍ അറിയാന്‍ ഇടയുണ്ട്. അനൗദ്യോഗികമായ കണക്ക് 800 ആണെന്ന് റോയിട്ടേഴ്‌സ് പറയുന്നു. ചാന്റല്‍ നഗരവും പരിസരപ്രദേശങ്ങളുമാണ് ഏറ്റവും കൂടുതല്‍ ദുരിതം ബാധിച്ചവ. ഇവിടെ 106 പേര്‍ മരിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. 

2010ലെ ഭൂകമ്പത്തിന് ശേഷം ഹെയ്തി നേരിട്ട ഏറ്റവും വലിയ പ്രകൃതിദുരന്തമാണ് ഇതെന്ന് ഐക്യരാഷ്ട്രസഭ പ്രഖ്യാപിച്ചു. അന്നത്തെ ഭൂകമ്പത്തില്‍ രണ്ടു ലക്ഷം പേരാണ് മരിച്ചത്. 

മരങ്ങളും മേല്‍ക്കൂരയും തകര്‍ന്നുവീണാണ് പലരും മരിച്ചത്. പലരെയും വെള്ളപ്പൊക്കത്തില്‍ കാണാതായി. 

ദുരന്തം ബാധിച്ച മേഖലയിലെ 1.5 ദശലക്ഷം പേരില്‍ 3,50,000 പേര്‍ക്കും സഹായം ആവശ്യമാണെന്ന് യു.എന്‍ പറയുന്നു. മലിനജലത്തില്‍ നിന്നും പടരുന്ന അതിസാരം പരിതാപകരമായ അവസ്ഥയില്‍ ജീവിക്കുന്ന മനുഷ്യരെ ഇനിയും കൊന്നൊടുക്കുമെന്നും സന്നദ്ധ പ്രവര്‍ത്തകര്‍ ഭയക്കുന്നു. ഇപ്പോള്‍ത്തന്നെ രോഗബാധയുടെ വാര്‍ത്ത പല പ്രാദേശിക ആരോഗ്യകേന്ദ്രങ്ങളില്‍ നിന്നും വരുന്നുണ്ട്. 

പടിഞ്ഞാറന്‍ ഗോളാര്‍ദ്ധത്തിലെ ഏറ്റവും ദരിദ്രമായ രാജ്യത്തില്‍ മണിക്കൂറില്‍ 145 മൈല്‍ വേഗത്തില്‍ വരെ ചുഴലിക്കൊടുങ്കാറ്റ് വീശിയടിച്ച് മൂന്നുദിവസം കഴിഞ്ഞിട്ടും ആയിരകണക്കിന് ഹെയ്തിക്കാര്‍ വൈദ്യുതി ഇല്ലാതെതന്നെ കഴിയുന്നു. കരീബിയന്‍ തീരത്തുകൂടെ ആഞ്ഞടിച്ച കൊടുങ്കാറ്റ് വെള്ളിയാഴ്ച ഫ്‌ളോറിഡയിലുമെത്തി. 

ഹെയ്ത്തിയുടെ തെക്കന്‍ മുനമ്പിലെ ജെറെമിയില്‍ 80% കെട്ടിടങ്ങളും തകര്‍ന്നിരിക്കുന്നു. പടിഞ്ഞാറന്‍ പ്രദേശങ്ങള്‍ ഇപ്പൊഴും ഒറ്റപ്പെട്ട നിലയിലാണ്. 

ഫോണ്ട് ദേസ് ബ്ലാങ്കില്‍ ആശുപത്രി നടത്തുന്ന കൊനോര്‍ ഷാപ്പിറോ പറഞ്ഞത് പാതകള്‍ തടസപ്പെടുകയും പ്രധാന പാലങ്ങള്‍ ഒലിച്ചുപോവുകയും ചെയ്തതിനാല്‍ വളരെ കുറച്ചുപേര്‍ക്കെ തന്റെ ആശുപത്രിയില്‍ എത്തിച്ചേരാന്‍ പോലും കഴിയുന്നുള്ളൂ എന്നാണ്. അന്താരാഷ്ട്ര രക്ഷാദൗത്യങ്ങള്‍ കൂടുതലായി എത്തുമെന്നാണ് അയാള്‍ പ്രതീക്ഷിക്കുന്നത്. 

‘ഒരു തള്ളല്‍ വരുമായിരിക്കാം,’അയാള്‍ പറഞ്ഞു. ‘പക്ഷേ ഇതൊരു മറന്നുപോയ ദുരന്തം പോലെ തോന്നുന്നു.’

ചാന്റാലിലേക്കുള്ള എല്ലാ യാത്രാബന്ധവും നഷ്ടപ്പെട്ടിരിക്കുന്നു. തങ്ങള്‍ക്ക് ഭക്ഷണം കിട്ടാതായേക്കാം എന്നാണ് അവിടുത്തുകാര്‍ ഭയക്കുന്നത്. വീട് തകരുന്നതിന് മുമ്പായി പിയറി ലിസെന്‍ കാപ്പിക്കുരുവിന്റെയും കറുത്ത പയറിന്റെയും കുറച്ചു പ്ലാസ്റ്റിക് ചാക്കുകള്‍ എടുത്തിരുന്നു. ഇപ്പോളത് നിരത്തിവെച്ചിരിക്കുന്നു. ഒരു താത്ക്കാലിക ചന്ത. അയാളുടെ 5 പശു, 5 പന്നി, 25 കോഴി, എല്ലാം ഒലിച്ചുപോയി. 

‘ഇതുമാത്രമാണ് എനിക്കു സംരക്ഷിക്കാനായത്. ഇനി പട്ടിണിയാണ് വരാന്‍ പോകുന്നത്.’

യാത്രാമര്‍ഗങ്ങള്‍ തകര്‍ന്നുകിടക്കുന്നതിനാല്‍ നാശനഷ്ടങ്ങള്‍ പൂര്‍ണമായും അളക്കാനായിട്ടില്ല. ചില നഗരങ്ങള്‍ ഇപ്പൊഴും ഒറ്റപ്പെട്ടു കിടക്കുകയാണ്. ആശുപത്രികളില്‍ വേണ്ടത്ര മരുന്നോ സാമഗ്രികളോ ഇല്ലെന്നു ആരോഗ്യപ്രവര്‍ത്തകര്‍ പരാതിപ്പെടുന്നു. 

തീരദേശത്ത് മിക്ക വീടുകള്‍ക്കും കേടുപറ്റിയിട്ടുണ്ട്. 

ഭര്‍ത്താവ് 9 വര്‍ഷം മുമ്പ് മരിച്ചതിനെ തുടര്‍ന്നാണ് ഗിസെട്ടെ മൗറീസ് എന്ന 62കാരി ഒരു രണ്ടുമുറി വീട് ലെസ് സയെസ് നഗരത്തിന് പുറത്തു പണിയാന്‍ തുടങ്ങിയത്. നെല്‍കൃഷി ചെയ്താണ് കോണ്‍ക്രീറ്റ് ഇഷ്ടിക വാങ്ങാനുള്ള ചെറിയ വരുമാനം ഉണ്ടാക്കിയത്. മൗറീസ് ഒടുവില്‍ കഴിഞ്ഞ ഡിസംബറില്‍ വീടുമാറി. ആ ചെറിയ വീട് മറ്റ് 19 ബന്ധുക്കള്‍ക്കൊപ്പം അവര്‍ പങ്കുവെക്കുന്നു. 

കൊടുങ്കാറ്റ് അവരുടെ മേല്‍ക്കൂര വലിച്ചുകീറി, ടെലിവിഷനും റെഫ്രിജറേറ്ററും വെള്ളത്തിലാക്കി, കുട്ടികളുടെയും പേരക്കുട്ടികളുടെയും ജനന സാക്ഷ്യപത്രങ്ങളൊക്കെ ഒലിച്ചുപോയി. അവരുടെ 8 കൊല്ലാത്തെ അദ്ധ്വാനമാണ് താമസിക്കാനാകാത്തവണം വെള്ളത്തിലായത്. 

‘എനിക്കു വിശപ്പ് പോലുമില്ല; ഭക്ഷണം കഴിക്കാനാകുന്നില്ല. ഇത് ഇനിയും കെട്ടിപ്പോക്കാന്‍ എന്തുചെയ്യണം എന്നാണ് ഞാന്‍ ആലോചിക്കുന്നതെല്ലാം.’ അവര്‍ കരയാന്‍ തുടങ്ങി. 

മൗറീസും കുടുംബവും അയല്‍ക്കാരോടൊപ്പമാണ് ഇപ്പോള്‍ കഴിയുന്നത്. തെക്കന്‍ പ്രദേശത്ത് 35,000 ഹെയ്തിക്കാര്‍ താത്ക്കാലിക താവളങ്ങളില്‍ ഉണ്ടെന്നാണ് സര്‍ക്കാര്‍ കണക്ക്. വെള്ളപ്പൊക്കത്തില്‍ നിന്നും കരകയറാന്‍ ആളുകള്‍ പാടുപെടുന്നു. സകലതും നനഞ്ഞു കുതിര്‍ന്നിരിക്കുന്നു. മരക്കൊമ്പിലും, പഴയ വൈദ്യുതി കമ്പികളിലും ശ്മശാനങ്ങളിലും നിലത്തുമെല്ലാം തുണികള്‍ ഉണക്കാനിട്ടിരിക്കുകയാണ്. സ്ത്രീകള്‍ കുതിര്‍ന്ന മരസാമാനങ്ങളും കിടക്കകളുമൊക്കെ വെയിലത്തിട്ടു ഉണക്കാന്‍ ശ്രമിക്കുന്നു. ആണുങ്ങള്‍ പാതയില്‍ മറിഞ്ഞുകിടക്കുന്ന മരങ്ങള്‍ മുറിക്കാന്‍ നോക്കുന്നു. 

ഡെനിസെ ലൂയിസിന് ഒന്നും ഉണക്കാനായി വീടിന് പുറത്തേക്കേടുക്കേണ്ട. സൂര്യന്‍ വീടിനുള്ളിലെത്തി. വീടിനിപ്പോള്‍ ഒരു ചുമര്‍ മാത്രേയുള്ളൂ. 

‘ഞാന്‍ വെള്ളപ്പൊക്കം കണ്ടിട്ടുണ്ട്, പക്ഷേ ഇതുപോലൊന്നില്ല.’

വീടിന്റെ ചുമരുകള്‍ ഭീതിതമായി വിറയ്ക്കാന്‍ തുടങ്ങിയപ്പോള്‍ രണ്ടു മക്കള്‍ക്കൊപ്പം മുകള്‍ഭാഗത്തുള്ള അയല്‍വീട്ടിലേക്ക് ജീവനും കൊണ്ടോടിയതാണ് ലൂയിസ്. മടങ്ങിയെത്തിയപ്പോള്‍ വീടേ ഇല്ലായിരുന്നു. പ്രാദേശിക അങ്ങാടിയില്‍ സൗന്ദര്യവര്‍ധക വസ്തുക്കള്‍ വില്‍ക്കുകയാണവരുടെ തൊഴില്‍. 400 ഡോളര്‍ കടം ബാങ്കിന് ബാക്കി നില്ക്കുന്നു. വില്‍പ്പനചരക്കുകളൊക്കെ വെള്ളപ്പൊക്കത്തില്‍ ഒലിച്ചുപോയി. ഇനിയെന്ത് എന്നു ലൂയിസിന് അറിയില്ല. 

‘എനിക്കെല്ലാം നഷ്ടപ്പെട്ടു,’ എന്നുമാത്രം അറിയാം.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍