UPDATES

ആഴക്കടലുകള്‍ ഇനി സ്വകാര്യമേഖലയ്ക്ക്; മീനാകുമാരി സമിതിയുടെ ശുപാര്‍ശ കേന്ദ്രം അംഗീകരിച്ചു

അഴിമുഖം പ്രതിനിധി

മത്സ്യബന്ധന മേഖലയ്ക്ക് വന്‍പ്രതിസന്ധി സൃഷ്ടിച്ചുകൊണ്ട് ആഴക്കടലുകള്‍ സ്വകാര്യമേഖലയ്ക്ക് തുറന്ന് കൊടുക്കാനുള്ള ഡോ ബി മീനാകുമാരി സമിതിയുടെ ശുപാര്‍ശ അംഗീകരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. രാജ്യസുരക്ഷയ്ക്കും തീരുമാനം കടുത്ത വെല്ലുവിളി ഉയര്‍ത്തുമെന്ന് വിലയിരുത്തപ്പെടുന്നു. രാജ്യത്തിന്റെ ആഴക്കടലുകള്‍ വിദേശ കുത്തകള്‍ക്ക് തുറന്ന് കൊടുക്കുന്നത് കേരളമുള്‍പ്പെടെയുള്ള തീരദേശ സംസ്ഥാനങ്ങളുടെ സാമ്പത്തിക സ്ഥിതിയില്‍ വലിയ വെല്ലുവിളികളാവും ഉയര്‍ത്തുക. മാത്രമല്ല, മത്സ്യബന്ധനത്തെ മാത്രം ആശ്രയിക്കുന്ന തീരദേശത്ത്, വിദേശ മത്സ്യബന്ധന ഉപാധികളുമായി മത്സരിക്കാനുള്ള ശേഷി നമ്മുടെ മത്സ്യത്തൊഴിലാളികള്‍ക്കില്ലെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. പരമ്പരാഗത മത്സ്യത്തൊഴിലാളികളെയാവും തീരുമാനം ഏറ്റവും പ്രതികൂലമായി ബാധിക്കുക.

തീരത്തുനിന്ന് 12 നോട്ടിക്കല്‍ മൈല്‍ (21.6 കി.മി) അകലെ പ്രത്യേക സാമ്പത്തിക മേഖലയില്‍ വരുന്ന പ്രദേശത്താണ് മീന്‍പിടുത്തത്തിന് ലൈസന്‍സ് നല്‍കുക. ആഴക്കടല്‍ മത്സ്യബന്ധനം അനുവദിക്കരുതെന്ന ഫിഷറീസ് സര്‍വേ ഓഫ് ഇന്ത്യയുടെ മുന്‍ഡയറക്ടര്‍ ജനറല്‍ ഡോ. കെ.വിജയകുമാരന്റെ നേതൃത്വത്തിലുള്ള വിദഗ്ധസംഘത്തിന്റെ റിപ്പോര്‍ട്ട് തള്ളിയാണ് തീരുമാനം. മത്സ്യസമ്പത്ത് ചൂഷണംചെയ്യാന്‍ നിലവിലുള്ള ബോട്ടുകള്‍ തന്നെ അധികമാണെന്നും പുതുതായി വിദേശബോട്ടുകളുടെ ആവശ്യമില്ലെന്നും വിദഗ്ധസംഘം ചൂണ്ടിക്കാട്ടിയിരുന്നു.

എല്ലാവരുമായും കൂടിയാലോചിച്ചും സമവായം ഉണ്ടാക്കിയും മാത്രമേ മീനാ കുമാരി കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കൂ എന്ന് കൃഷിമന്ത്രി രാധാമോഹന്‍സിങ് പാര്‍ലമെന്റിനകത്തും പുറത്തും പ്രസ്താവിച്ചിരുന്നു. എന്‍.കെ. പ്രേമചന്ദ്രന്‍ ഈ വിഷയം ലോക്‌സഭയില്‍ ഉന്നയിച്ചപ്പോള്‍, മുഖ്യമന്ത്രിമാരുടെ യോഗം വിളിക്കുമെന്ന് മന്ത്രിസഭയില്‍ ഉറപ്പുനല്‍കിയതാണ്. അതാണ് ഇപ്പോള്‍ ലംഘിക്കപ്പെട്ടിരിക്കുന്നത്.

2004ലെ നയം നിലവിലിരിക്കേതന്നെ ആഴക്കടല്‍ മീന്‍പിടിത്തം നടക്കുന്നുണ്ടായിരുന്നു. എന്നാല്‍ മുംബൈ തീവ്രവാദി ആക്രമണം നടന്നശേഷം വിദേശ ബോട്ടുകള്‍ ആഴക്കടലില്‍ മീന്‍പിടിത്തത്തിന് വരുന്നത് ക്രമേണ നിന്നു. തീരസുരക്ഷയുമായി ബന്ധപ്പെട്ട് ആഭ്യന്തരമന്ത്രാലയം നല്‍കിയ നിര്‍ദേശത്തിന്റെ പശ്ചാത്തലത്തിലാണത്. വീണ്ടും ലൈസന്‍സുകള്‍ നല്‍കാനുള്ള തീരുമാനം മത്സ്യസമ്പത്തിനെ മാത്രമല്ല, തീരസുരക്ഷയെക്കൂടി ബാധിക്കുമെന്ന ആശങ്ക വ്യാപകമാണ്.

10 ലക്ഷം ആസ്തിയുള്ള കമ്പനിക്ക് രണ്ട് ആഴക്കടല്‍ ബോട്ടിനുള്ള ലൈസന്‍സിന് അപേക്ഷിക്കാം. അപേക്ഷാഫീസ് 10,000 രൂപ. അപേക്ഷിച്ചാലുടന്‍ ഒരുവര്‍ഷത്തെ താത്ക്കാലികാനുമതി. കമ്പനിയുടെ വിവരങ്ങള്‍, ബോട്ടുകളുടെ ഇറക്കുമതി വിവരങ്ങള്‍, രജിസ്‌ട്രേഷന്‍ വിവരങ്ങള്‍ തുടങ്ങിയവ നല്‍കിയാല്‍ ലൈസന്‍സ് അഞ്ചുവര്‍ഷത്തേക്ക് നല്‍കും. പിന്നീട് വീണ്ടും അഞ്ചുവര്‍ഷത്തേക്ക് പുതുക്കും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍