UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ചിന്നമ്മയ്‌ക്കെതിരെ പടയ്‌ക്കൊരുങ്ങി ദീപ; ഇന്ന് എംജിആര്‍ ജന്മശതാബ്ദിയില്‍ രാഷ്ട്രീയ പ്രവേശന പ്രഖ്യാപനം

ജയയ്ക്ക് ശേഷമുള്ള എഐഎഡിഎംകെയില്‍ ശശികല നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാകും ദീപയുടെ രാഷ്ട്രീയ പ്രവേശനം

അന്തരിച്ച മുന്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ അനന്തരവള്‍ ദീപ ജയകുമാര്‍ ജയലളിതയുടെ പിന്‍ഗാമിയായി പാര്‍ട്ടി അംഗീകരിച്ച ശശികലയ്‌ക്കെതിരെ രംഗത്ത്. ഇന്ന് മറീന ബീച്ചില്‍ നടക്കുന്ന എംജിആര്‍ ജന്മശതാബ്ദി ചടങ്ങില്‍ ഇവര്‍ രാഷ്ട്രീയ പ്രവേശന പ്രഖ്യാപനം നടത്തുമെന്നാണ് കരുതുന്നത്.

ജയലളിതയുടെ മരണത്തിന് ശേഷം എഐഎഡിഎംകെയുടെ അധികാരം പിടിച്ചെടുത്ത ചിന്നമ്മ ശശികല തന്നെയാണ് ദീപയുടെ ലക്ഷ്യമെന്ന് വ്യക്തമായി കഴിഞ്ഞു. കൂടാതെ രാഷ്ട്രീയ പ്രവേശന പ്രഖ്യാപനത്തിന് ഇവര്‍ തെരഞ്ഞെടുത്ത ദിവസവും രാഷ്ട്രീയ ശ്രദ്ധ നേടുന്നുണ്ട്. ഇന്ന് മറീന ബീച്ചില്‍ എംജിആര്‍-ജയലളിത സ്മൃതി കുടീരങ്ങളില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചാണ് ദീപ എഐഎഡിഎംകെ അണികളെ അഭിസംബോധന ചെയ്യുക.

ഇതിന് മുന്നോടിയായി ദീപയുടെ ചിത്രങ്ങള്‍ പതിച്ച ഫ്‌ളക്‌സ് ബോര്‍ഡുകള്‍ തമിഴ്‌നാട്ടിലെ വിവിധ പ്രദേശങ്ങളില്‍ ഉയര്‍ന്നു കഴിഞ്ഞു. തങ്ങളുടെ അമ്മയോട് രൂപസാദൃശ്യമുള്ള ദീപയോട് തമിഴ്മക്കള്‍ക്ക് വൈകാരികമായ അടുപ്പം കൂടുതലുള്ളത് ഇവര്‍ക്ക് ഗുണം ചെയ്യും. ദീപയുടെ തല ജയലളിതയുടെ ചിത്രങ്ങളില്‍ മോര്‍ഫ് ചെയ്ത് ചേര്‍ത്ത ഫ്‌ളക്‌സുകളും ചെന്നൈ നിരത്തുകളില്‍ ധാരാളമായി പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

ജയലളിതയുടെ സഹോദരന്‍ ജയകുമാറിന്റെ മകളാണ് 42കാരിയായ ദീപ. ദീപ എഐഎഡിഎംകെയുടെ തലപ്പത്തേക്ക് വരണമെന്ന് പാര്‍ട്ടിയിലെ ഒരു വിഭാഗം വാദിച്ചിരുന്നു. എന്നാല്‍ മുഖ്യമന്ത്രി പനീര്‍ സെല്‍വം ഉള്‍പ്പെടെയുള്ളവരുടെ പിന്തുണ നേടിയ ശശികല തന്നെ ഒടുവില്‍ ഈ സ്ഥാനത്തെത്തുകയായിരുന്നു. അതേസമയം ജയലളിതയുടെ മരണത്തില്‍ പലഭാഗങ്ങളില്‍ നിന്നുയരുന്ന സംശയങ്ങളും അവയെല്ലാം വിരല്‍ ചൂണ്ടുന്നത് അവസാനകാലം വരെയും ജയയ്‌ക്കൊപ്പമുണ്ടായിരുന്ന ശശികലയിലേക്കാണെന്നതും ശശികലയ്ക്ക് ദോഷം ചെയ്യാനും സാധ്യതയുണ്ട്. തന്റെ രാഷ്ട്രീയ പ്രവേശനത്തെ തടയാന്‍ ആര്‍ക്കും സാധിക്കില്ലെന്നും ഉചിതമായ സമയത്ത് പ്രഖ്യാപനം നടത്തുമെന്നും മാധ്യമ പ്രവര്‍ത്തക കൂടിയായ ദീപ അന്ന് നേരത്തെ തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്.

എംജിആറിനോടും ജയലളിതയോടും വൈകാരികമായ അടുപ്പമുള്ള തമിഴ് ജനതയുടെ പിന്തുണ നേടിയെടുക്കാന്‍ ദീപയുടെ ഇന്നത്തെ രാഷ്ട്രീയ പ്രവേശന പ്രഖ്യാപനത്തിന് സാധിക്കുമെന്നാണ് കരുതപ്പെടുന്നത്. ജയലളിതയുടെ മണ്ഡലമായ ആര്‍കെ നഗറില്‍ ദീപ മത്സരിക്കണമെന്ന് ഒരു വിഭാഗം പാര്‍ട്ടി പ്രവര്‍ത്തകര്‍ ആവശ്യം ഉന്നയിച്ചിട്ടുണ്ട്. ജയയുടെ മരണത്തോടെ ഉപതെരഞ്ഞെടുപ്പ് ആവശ്യമായി വന്നിരിക്കുന്ന ഇവിടേക്ക് ശശികല വോട്ട് ചോദിച്ച് വരേണ്ടതില്ലെന്നാണ് ഇവര്‍ പറഞ്ഞിരിക്കുന്നത്. ദീപയാണ് യഥാര്‍ത്ഥ അനന്തരാവകാശി എന്നും ഇവര്‍ പറയുന്നു.

ദീപയുടെ വസതിയ്ക്ക് മുന്നില്‍ നാള്‍ക്കുനാള്‍ പാര്‍ട്ടിപ്രവര്‍ത്തകരുടെ എണ്ണം കൂടുന്നത് ശശികലയുടെ സ്ഥാനാരോഹണത്തില്‍ ജനങ്ങള്‍ക്ക് അതൃപ്തിയുണ്ടെന്നതിന് തെളിവാണ്. രാഷ്ട്രീയ പ്രവേശനം വേഗത്തിലാക്കാന്‍ ദീപ തീരുമാനിച്ചതിനും ഇതാണ് കാരണം. ജയയ്ക്ക് ശേഷമുള്ള എഐഎഡിഎംകെയില്‍ ശശികല നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാകും ദീപയുടെ രാഷ്ട്രീയ പ്രവേശനം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍