UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഐപിഎല്‍ കമന്റേന്റര്‍മാരുടെ മുഖത്ത് ചായമിട്ട് കൊല്ലംകാരി

Avatar

ജെ ബിന്ദുരാജ്‌

ദീപ്തി സുനിലിനെ കണ്ടാല്‍ ഒരു കൊച്ചുകുട്ടിയാണെന്നേ തോന്നൂ. ജീന്‍സും ടോപ്പും ധരിച്ച് സ്‌റ്റൈലന്‍ ഫ്രെയിമുള്ള കണ്ണടയുമൊക്കെ ധരിച്ച് നടക്കുന്ന ഒരു കൗമാരക്കാരി. ചിരിക്കണോ എന്നു തെല്ലൊന്ന് സംശയിച്ചശേഷമാണ് പുഞ്ചിരി. കണ്ടാല്‍ കൊച്ചു കുട്ടിയാണെങ്കിലും ഒരു സംഭവമാണ് താരം. ഇന്ത്യന്‍ സൂപ്പര്‍ ലീഗും ഇന്ത്യന്‍ പ്രീമിയര്‍ ലീഗുമൊക്കെ കൊച്ചിയില്‍ അരങ്ങേറിയപ്പോള്‍ ഒഫീഷ്യല്‍ ബ്യൂട്ടി കണ്‍സള്‍ട്ടന്റായി തെരഞ്ഞെടുക്കപ്പെട്ട കൊച്ചി കടവന്ത്ര റോഡിലുള്ള ബ്യൂട്ടിസോണ്‍ എന്ന സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടറാണ് ഈ കൊച്ചുസുന്ദരി. കഴിഞ്ഞ ഐ പി എല്‍ സീസസണില്‍ സ്റ്റാര്‍ ടി വി കമന്റേര്‍മാരും മുന്‍ ക്രിക്കറ്റ് താരങ്ങളുമായ രവിശാസ്ത്രി, സുനില്‍ ഗവാസ്‌കര്‍, കപില്‍ദേവ്, നവജ്യോത് സിംഗ് സിദ്ധു, വി വി എസ് ലക്ഷ്മണ്‍, റമീസ് രാജ തുടങ്ങിയ ക്രിക്കറ്റ് ലോകത്തെ മഹാരഥന്മാര്‍ക്ക് മേക്കപ്പിട്ടത് ദീപ്തി സുനിലായിരുന്നു. പക്ഷേ മേക്കപ്പില്‍ മാത്രം ഒതുങ്ങുന്നതല്ല ദീപ്തിയുടെ കഴിവുകള്‍. കൊച്ചിയിലെ പ്രമുഖ ഫാഷന്‍ ഡിസൈനര്‍ കൂടിയാണ് ഈ യുവതി. മ്യൂറല്‍ സാരികള്‍ നിര്‍മ്മിക്കുന്നതിലെ മികവ് ദീപ്തിയുടെ തന്നെ ഉടമസ്ഥതയിലുള്ള ബ്യൂട്ടിസോണ്‍ ക്രിയേഷന്‍സിനെ ഇന്ന് പ്രശസ്തിയുടെ കൊടുമുടിയിലെത്തിച്ചിരിക്കുന്നു.


ചങ്ങനാശ്ശേരി അസംപ്ഷന്‍ കോളെജില്‍ നിന്നും ഫിസിക്‌സില്‍ ബിരുദം നേടിയശേഷം തന്റെ പാഷന്‍ ഭൗതികശാസ്ത്രത്തിലല്ല മറിച്ച് സൗന്ദര്യശാസ്ത്രത്തിലും ഫാഷന്‍ ഡിസൈനിങ്ങിലുമാണെന്ന് തിരിച്ചറിഞ്ഞപ്പോഴാണ് ഈ കൊല്ലംകാരി ഭര്‍ത്താവായ സുനിലിന്റെ സഹായത്തോടെ കൊച്ചിയില്‍ തന്റെ മേക്ക്ഓവര്‍ സ്റ്റുഡിയോയ്ക്കും മ്യൂറല്‍ സാരികളുടെ വിപണനം ലക്ഷ്യം വച്ചുള്ള ബ്യൂട്ടിസോണ്‍ ക്രിയേഷന്‍സ് എന്ന സ്ഥാപനത്തിനും രൂപം കൊടുത്തത്. മൂന്നു വര്‍ഷങ്ങള്‍ക്കുള്ളില്‍ തന്നെ പ്രവര്‍ത്തനത്തിലെ മികവ് മൂലം ദീപ്തിയുടെ സ്ഥാപനം അതിവേഗ വളര്‍ച്ച കൈവരിച്ചു. വനിതാസംരംഭകരെ കൈപിടിച്ചുയര്‍ത്താന്‍ പ്രിയാ മേനോന്‍ എന്ന സാമൂഹ്യപ്രവര്‍ത്തക നടത്തുന്ന സങ്കല്‍പ് എക്‌സിബിഷനിലൂടെയായിരുന്നു ആദ്യം ചെറിയ രീതിയില്‍ ആരംഭിച്ച മ്യൂറല്‍ സാരികളുടെ വില്‍പന.

”ഫാഷന്‍ ഡിസൈനിങ്ങില്‍ ചെറുപ്പം മുതല്‍ തന്നെ ഞാന്‍ തല്‍പരയായിരുന്നു. ഫിസിക്‌സില്‍ ഗ്രാജുവേറ്റ് ചെയ്തശേഷം സര്‍ഗാത്മകമായി എന്തെങ്കിലും ചെയ്യണമെന്നാഗ്രഹിച്ചപ്പോഴാണ് പഴയ കൗതുകമായ ഫാഷന്‍ ഡിസൈനിങ്ങില്‍ അരക്കൈ പയറ്റിയാലോ എന്നു ചിന്തിച്ചത്. അതില്‍ പ്രാവീണ്യം നേടാനായി ഒലിവ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ടെക്‌നോളജിയില്‍ ചേര്‍ന്നു. അവിടെ നിന്നും വൈദഗ്ധ്യം നേടിയശേഷമാണ് ആര്‍ കെ ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിങ്ങില്‍ പ്രോജക്ട് മാനേജറും കോഓഡിനേറ്ററുമായി ജോലിയില്‍ പ്രവേശിച്ചത്. നിരവധി പ്രോജക്ടുകള്‍ അവര്‍ക്കായി ചെയ്തു നല്‍കിയത് അനുഭവമണ്ഡലം വലുതാക്കി മാറ്റി,” ദീപ്തി സുനില്‍ പറയുന്നു. 


മികവിന്റെ മണ്ഡലം വലുതായതോടെ സ്വന്തമായി ഒരു സ്ഥാപനം തുടങ്ങിയാല്‍ കൊള്ളാമെന്ന ചിന്ത ദീപ്തിക്കുണ്ടായി. അങ്ങനെയാണ് 2012 ഡിസംബറില്‍ കലൂരില്‍ ബ്യൂട്ടിസോണ്‍ എന്ന സ്ഥാപനം അവര്‍ ആരംഭിക്കുന്നത്. ബ്യൂട്ടികെയറിനൊപ്പം മ്യൂറലുകള്‍ ആലേഖനം ചെയ്ത സാരികളുടെ വില്‍പന കൂടി ആരംഭിച്ചതോടെ ബ്യൂട്ടിസോണ്‍ ക്രിയേഷന്‍സ് എന്ന മറ്റൊരു സ്ഥാപനം കൂടി അതിന് അനുബന്ധമായി തുടങ്ങി. ”ബ്യൂട്ടി മീറ്റ്‌സ് ഫാഷന്‍ എന്നതായിരുന്നു എന്റെ ആശയം. മ്യൂറലുകള്‍ സാരികളില്‍ ചെയ്യുക അന്ന് തീര്‍ത്തും പുതുമയുള്ള കാര്യമായിരുന്നു. ക്ഷേത്രകലയായി മാത്രം ഒതുങ്ങിയിരുന്ന മ്യൂറല്‍ ആര്‍ട്ട് സാരികളിലേക്ക് പരിണമിപ്പിച്ചപ്പോള്‍ അത് തീര്‍ത്തും പുതുമയുള്ള ഒരു അനുഭവമായി മാറി. വിവാഹത്തിനുള്ളതും കാഷ്വല്‍ ഉപയോഗത്തിനുള്ളതും പാര്‍ട്ടിവെയറുകളുമൊക്കെയായി ഇന്ന് ഞാന്‍ മ്യൂറല്‍ സാരികള്‍ നിര്‍മ്മിക്കുന്നുണ്ട്,” ദീപ്തി പറയുന്നു.

പരിശീലനം സിദ്ധിച്ച മ്യൂറല്‍ ആര്‍ട്ടിസ്റ്റുകളാണ് ദീപ്തിക്കായി സാരിയില്‍ ചിത്രപ്പണികള്‍ നടത്തുന്നത്. വിവാഹ മ്യൂറല്‍ സാരികള്‍ക്ക് 15,000-25,000 രൂപ വരെയാണ് വില. പല വിധത്തിലുള്ള പ്രമേയങ്ങള്‍ ഈ സാരികളിലെ ചിത്രപ്പണികള്‍ക്കായി ഉപയോഗിക്കുന്നുണ്ട്. മഴ, മയില്‍, ക്രിസ്ത്യന്‍ ഹിന്ദു കഥകളിലെ മോട്ടിഫുകള്‍ എല്ലാം ഇതിനായി അവര്‍ ഉപയോഗിക്കുന്നുണ്ട്. ”കറുത്ത നിറമുള്ള സാരിയില്‍ പലവര്‍ണങ്ങളിലുള്ള കുടകളുടേയും അരയന്നങ്ങളുടേയുമൊക്കെ ചിത്രപ്പണി ചെയ്ത് ഒരുക്കിയ മണ്‍സൂണ്‍ തീം മ്യൂറല്‍ സാരികള്‍ സൂപ്പര്‍ ഹിറ്റായി. ധാരാളം ഓര്‍ഡറുകള്‍ ഇപ്പോഴും ലഭിച്ചുവരുന്നുണ്ട്,” ദീപ്തി പറയുന്നു. ഇന്ത്യയിലുടനീളമുള്ള ഫാഷന്‍ സ്‌റ്റോറുകളില്‍ ഇന്ന് ദീപ്തി ഡിസൈന്‍ ചെയ്ത മ്യൂറല്‍ സാരികള്‍ ലഭ്യമാണ്.


ബ്യൂട്ടികെയര്‍ കണ്‍സട്ടന്റായുള്ള അവരുടെ വളര്‍ച്ചയും അതിവേഗമായിരുന്നു. കേരളത്തിലെ തന്നെ ഏറ്റവും മികച്ച ബ്യൂട്ടി കണ്‍സള്‍ട്ടന്റായി അവര്‍ വളര്‍ന്നുവെന്നതിനു തെളിവായിരുന്നു ഐ പി എല്ലിന്റേയും ഐ എസ് എല്ലിന്റേയുമൊക്കെ ഒഫീഷ്യല്‍ ബ്യൂട്ടി കണ്‍സള്‍ട്ടന്റായി അവര്‍ തെരഞ്ഞെടുക്കപ്പെടാന്‍ കാരണം. ഇപ്പോള്‍ കേരളത്തില്‍ സംഘടിപ്പിക്കപ്പെടുന്ന ഫാഷന്‍ ഷോകളുടേയും പേഴ്‌സണാലിറ്റി ഷോകളുടേയും ജഡ്ജിങ് പാനല്‍ മെമ്പറായും ദീപ്തി പ്രവര്‍ത്തിക്കുന്നുണ്ട്. ദീപ്തിയുടെ ഭര്‍ത്താവ് സുനില്‍ ദീപ്തിയുടെ എല്ലാ സംരംഭങ്ങള്‍ക്കും താങ്ങും തണലുമായി ഒപ്പമുണ്ട്. സ്വന്തം തൊഴില്‍ ഉപേക്ഷിച്ച് ഭാര്യയുടെ തൊഴിലിന് പിന്തുണ നല്‍കാനിറങ്ങിയ സുനിലാകട്ടെ ഈഗോരഹിതരായ ഭര്‍ത്താക്കന്മാരുടെ നല്ലൊരു പ്രതിനിധിയുമാണ്. സ്വന്തം അഭിനിവേശത്തെ പിന്തുടര്‍ന്നാല്‍ ഒരു സ്ത്രീയ്ക്ക് എത്രത്തോളം ഉയരങ്ങള്‍ കീഴടക്കാമെന്നതിന്റെ തെളിവാണ് ദീപ്തി സുനില്‍. കൂടുതല്‍ ഉയരങ്ങളിലേക്ക് മോഹങ്ങളുടെ ചിറകില്‍ പറക്കുകയാണവര്‍.

അഴിമുഖം യു ട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യാം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍