UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഉമ്മന്‍ ചാണ്ടിയുടേത് നാണംമറയ്ക്കാനുള്ള ഇലക്കീറ്; പക്ഷേ സരിതയെങ്ങനെ പ്രതിയാകും?

ഈ മാനനഷ്ടക്കേസ് ഒരു തട്ടിപ്പാണ്. തിരഞ്ഞെടുപ്പ് വരെ മാനം കപ്പല്‍ കയറിയിട്ടില്ല എന്ന് കാണിക്കാനും പിന്നെ സുധീരനില്‍ വിശ്വാസമര്‍പ്പിച്ച ഹൈക്കമാന്‍ഡിനെ തന്റെ സ്വഭാവശുദ്ധി ബോധ്യപ്പെടുത്താനുമുള്ള വാല്‍ മുറിച്ചുകളയല്‍ തന്ത്രം.

ഈ കേസ്, ഇന്ത്യയിലെ ഏത് പ്രമുഖ വക്കീല്‍ വന്ന് വാദിച്ചാലും, ഉമ്മന്‍ ചാണ്ടിക്ക് ജയിക്കാന്‍ കഴിയില്ല. അത് ഉമ്മന്‍ ചാണ്ടിക്ക് നല്ലവണ്ണം അറിയുകയും ചെയ്യാം. പക്ഷെ, കേസു മാത്രമാണ് നാണം മറയ്ക്കാനുള്ള ഒരിലക്കീറ്. അതുകൊണ്ട് തല്‍ക്കാലം നാണം മറയ്ക്കാം; മാനം സംരക്ഷിക്കാം.

മാനനഷ്ടമെന്നൊക്കെ പറയുന്നത് ഒരുമാതിരി ഉമ്മാക്കി കാണിക്കലാണ്. (കേരളകൗമുദി പത്രാധിപര്‍ എം.എസ്. മണി മുതല്‍ അമൃതാനന്ദമയി വരെ, പഴയ ഇന്‍സ്‌പെക്ടര്‍ വിജയന്‍ മുതല്‍ കോടിയേരിയും എം.എ.ബേബിയും വരെ, അരഡസനിലേറെപ്പേര്‍ എനിക്കെതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തിട്ടുണ്ട്; ഒന്നും ക്ലിക്ക് ആയില്ല.) കാരണം ഇതാണ്. താന്‍ റിപ്പോര്‍ട്ട് ചെയ്തത് ഒരു greater social causeനു വേണ്ടിയുള്ള പൊതുതാത്പര്യത്തില്‍ ആണെന്നു തെളിയിക്കാന്‍ കഴിഞ്ഞാല്‍ റിപ്പോര്‍ട്ടര്‍ക്കും എഡിറ്റര്‍ക്കും ശിക്ഷ ഉണ്ടാവില്ല. കൂടാതെ, റിപ്പോര്‍ട്ട് ചെയ്ത കാര്യത്തില്‍ ഒരു കടുകുമണിയോളം സത്യമുണ്ടെങ്കില്‍, ആ സത്യം കണ്ടെത്താന്‍ എല്ലാ പരിശ്രമവും നടത്തി എന്നു കോടതിയെ  ബോധ്യപ്പെടുത്താന്‍ കഴിഞ്ഞാല്‍, ശിക്ഷയില്ല.

ഉമ്മന്‍ ചാണ്ടിയുടെ കാര്യത്തില്‍ എന്താണ് സംഭവിച്ചത് എന്ന് നോക്കാം. ‘ഏഷ്യാനെറ്റ്’ പുറത്തുവിട്ട കത്തിന് ഏറെ സാമൂഹിക പ്രസക്തിയുണ്ട്; അത് പൊതുതാത്പര്യത്തില്‍ ആണുതാനും. കഴിഞ്ഞ രണ്ടര വര്‍ഷമായി ഈ കത്തിനെക്കുറിച്ചുള്ള ഊഹോപോഹങ്ങളും കെട്ടുകഥകളും പൊതുചര്‍ച്ചയുടെ ഭാഗമാണ്. കത്തിലെ ഉള്ളടക്കം പ്രസക്തമാകുന്നത് മന്ത്രിമാരും രാഷ്ട്രീയ നേതാക്കളും സരിതയുമായി ലൈംഗികബന്ധം നടത്തി എന്ന കാര്യത്തിലല്ല; മറിച്ച് ഒരു വ്യവസായം തുടങ്ങാന്‍ ചെന്ന സ്ത്രീയുടെ കൈയ്യില്‍  നിന്ന് രാഷ്ട്രീയ നേതൃത്വം കോടിക്കണക്കിനു പണം തട്ടിയെടുത്തതും അവരെ ലൈംഗികമായി  ഉപയോഗിച്ചതും ഔദ്യോഗിക സ്ഥാനങ്ങള്‍ ദുരുപയോഗപ്പെടുത്തിക്കൊണ്ടാണോ എന്നുള്ളതാണ്. അത് വസ്തുതയാണെങ്കില്‍, സത്യം അറിയാന്‍ ഓരോ പൗരനും അവകാശമുണ്ട്.

കത്തില്‍ കടുകുമണിയോളമല്ല, മലയോളം സത്യമുണ്ടെന്ന് നാട്ടുകാര്‍ക്ക് മുഴുവന്‍ അറിയാം. തന്നെ ലൈംഗികമായി പീഡിപ്പിച്ച ചിലരുടെ പേരെങ്കിലും ഒരു പത്രസമ്മേളനത്തില്‍ സരിത ഉയര്‍ത്തിക്കാട്ടിയ കത്തിന്റെ വീഡിയോ ക്ലിപ്പിംഗിലൂടെ എല്ലാ ചാനലുകളും പൊതുജനത്തെ കാണിച്ചിട്ടുണ്ട്.

ഇനി അങ്ങനെ കാണിച്ച കത്തിന്റെ ഭാഗത്ത് തന്റെ പേരില്ലായിരുന്നു എന്നാണ് ഉമ്മന്‍ചാണ്ടിയുടെ വാദമെങ്കില്‍ താന്‍ സരിതയെ ലൈംഗികമായി പീഡിപ്പിച്ചു എന്ന ഇപ്പോഴത്തെ വാദത്തിന്, നിയമഭാഷയില്‍ സ്‌ഫോടനാത്മക സ്വഭാവമുണ്ട്. കാരണം, കത്തിന്റെ അടിസ്ഥാനത്തില്‍ ഉമ്മന്‍ ചാണ്ടിക്കെതിരെ outraging the modesty of women വകുപ്പു പ്രകാരം കേസെടുക്കണം. ഓര്‍ക്കുക, ഇത്തരം കേസില്‍ ‘the onus of proof is on the accused’ എന്നാണ് നിയമം പറയുന്നത്. അതായത്, ”തെളിവെവിടെ” എന്ന ഉമ്മന്‍ചാണ്ടിയുടെ സ്ഥിരം ചോദ്യത്തിന് പ്രസക്തിയില്ല. കുറ്റകൃത്യം ചെയ്തിട്ടില്ല എന്ന് തെളിയിക്കേണ്ട ഉത്തരവാദിത്തം ചാണ്ടിക്കാണ്.

സരിതയെ എന്തിനാണ് പ്രതിയാക്കിയത് എന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല. കത്ത് പുറത്തുവിട്ടത് താനല്ല എന്ന് സരിത ആവര്‍ത്തിച്ചു പറയുന്നു. എന്നാല്‍ കത്ത് താന്‍ എഴുതിയതു തന്നെയെന്നും സരിത വ്യക്തമാക്കുന്നു. സംഗതി ഇതാണ് – കത്ത് സരിത പോലീസ് കസ്റ്റഡിയില്‍  വച്ച് എഴുതിയതാണ്. തനിക്ക് പറയാനുള്ള സ്‌ഫോടനാത്മകമായ കാര്യങ്ങള്‍ മജിസ്‌ട്രേറ്റ് രാജു മുമ്പാകെ പറഞ്ഞപ്പോള്‍ ഞെട്ടിപ്പോയ മജിസ്‌ട്രേറ്റ് അത് പൂര്‍ണ്ണമായും രേഖപ്പെടുത്താതെ  സരിതയോടുതന്നെ എഴുതി സമര്‍പ്പിക്കാന്‍ പറയുകയായിരുന്നു. അങ്ങനെ, സരിത 2013 ജൂലൈ  മാസം എഴുതിയ ഈ കത്തിന്റെ നിയമപരമായ ഉത്പത്തി, വാസ്തവത്തില്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ നിന്നാണ്. (ഈ കത്ത് അട്ടിമറിയ്ക്കപ്പെട്ടതിന്റെ നാറുന്ന കഥകള്‍ നമ്മള്‍ എത്ര കേട്ടുകഴിഞ്ഞു. സരിത പറഞ്ഞ കാര്യങ്ങള്‍ ചിലതു മാത്രം രേഖപ്പെടുത്തി, പിന്നീട് ആ പേപ്പറുതന്നെ  കീറിക്കളഞ്ഞ മജിസ്‌ട്രേറ്റിന് ഔദ്യോഗിക തലത്തില്‍ നടപടി നേരിടേണ്ടിവന്നു എന്നതും നമുക്കറിയാം).

2013 ജൂലൈ മുതല്‍ നിലവിലുള്ള – നിയമപരമായി പ്രസക്തിയുള്ള ഈ കത്ത് – ഇന്ന് ഏഷ്യാനെറ്റ് ചാനല്‍ സംപ്രേക്ഷണം ചെയ്താല്‍ അതില്‍ സരിത എങ്ങനെയാണ് പ്രതിയാകുന്നത് എന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല.

അപ്പോഴാണ് സരിതയും മാധ്യമപ്രവര്‍ത്തകരും ചേര്‍ന്ന് ഗൂഢാലോചന നടത്തി എന്ന് ഉമ്മന്‍ചാണ്ടി വാദിക്കുന്നത്. ഇനി സരിതയും മാധ്യമക്കാരും ചേര്‍ന്നാണ് വാര്‍ത്ത കൊടുത്തത് എന്ന് തന്നെ കരുതുക. അതില്‍ എന്താണ് തെറ്റ്? ക്ലിഫ് ഹൗസില്‍ വച്ച് ഉമ്മന്‍ ചാണ്ടി സരിതയെ ലൈംഗികമായി പീഡിപ്പിച്ചു എന്നതാണോ അതോ തന്നെ ഉമ്മന്‍ ചാണ്ടി പീഡിപ്പിച്ചു എന്നു സരിത പറഞ്ഞതാണോ കുറ്റം?

സമാനസ്വഭാവമുള്ള ഒരു കേസ് ഓര്‍മ്മവരുന്നു. ഐ.എസ്.ആര്‍.ഒ. ചാരക്കേസില്‍ സിബി മാത്യൂസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം തന്നെ ശാരീരികമായി പീഡിപ്പിച്ചതിന് നഷ്ടപരിഹാരം തേടി നമ്പി നാരായണന്‍ കോടതിയില്‍ കേസ് കൊടുത്തു. അത് വാര്‍ത്തയായി വന്നപ്പോള്‍ സിബി മാത്യൂസിനു വേണ്ടി സര്‍ക്കാര്‍ തന്നെ മാനനഷ്ടക്കേസ് കൊടുത്തു. നമ്പി നാരായണനെ ശാരീരികമായി പീഡിപ്പിച്ചു എന്നു പറഞ്ഞത് സിബിമാത്യൂസിന് മാനഹാനി ഉണ്ടാക്കിയത്രെ! അതായത്, അടികൊണ്ടവന്‍ അതു പുറത്തു പറഞ്ഞാല്‍ അടിച്ചവന് മാനഹാനി ഉണ്ടാകുമത്രെ!

ഏതായാലും സര്‍ക്കാരിന്റെയും സിബിമാത്യുസിന്റെയും വാദങ്ങള്‍ കോടതി അപ്പാടെ തള്ളി.  മാത്രമല്ല, കേസിന്റെ വിസ്താരത്തിനിടയ്ക്ക് ചാരക്കേസില്‍ സര്‍ക്കാര്‍ നടത്തിയ പല കള്ളക്കഥകളുടേയും ഔദ്യോഗിക രേഖകള്‍ പോലും പുറത്തുവന്നു. കേസ് നടത്തിയാല്‍ ഉമ്മന്‍ ചാണ്ടിയുടെ മാനനഷ്ടക്കേസിലും ഇതുതന്നെയാണ് സംഭവിക്കുക.

സരിത എഴുതിയ ഒറിജിനല്‍ കത്ത് ഇതല്ല എന്നാണ് ഉമ്മന്‍ ചാണ്ടിയുടെ വാദം. അതില്‍ തന്റെ പേര് ഇല്ലായിരുന്നുവത്രേ! അതിനര്‍ത്ഥം ഉമ്മന്‍ ചാണ്ടിക്ക് അത്തരമൊരു കത്തിന്റെ ഉള്ളടക്കത്തെക്കുറിച്ച് അറിയാമായിരുന്നു എന്നാണ്. ഇനി, വാദത്തിനുവേണ്ടി ഒറിജിനല്‍ കത്തില്‍ ഉമ്മന്‍ ചാണ്ടിയുടെ പേരില്ലായിരുന്നുവെന്ന് സമ്മതിച്ചാല്‍ പോലും മറ്റു പേരുകള്‍ ഉണ്ടായിരുന്നു എന്നും അവയൊക്കെ ഉമ്മന്‍ ചാണ്ടി കണ്ടിരുന്നു എന്നുമാണ് അദ്ദേഹം തന്നെ സമ്മതിക്കുന്നത്. എങ്കില്‍ ആ കത്തില്‍ തന്നെയാണ് കെ.സി. വേണുഗോപാല്‍, മന്ത്രി അനില്‍കുമാറിന്റെ വീട്ടില്‍ വച്ച് തന്നെ ബാലാത്സംഗം ചെയ്തു എന്ന് സരിത എഴുതിയിട്ടുള്ളത്. എന്തുകൊണ്ടാണ് ആ വിവരം അറിഞ്ഞ മുഖ്യമന്ത്രി വേണുഗോപാലിനെതിരെ കേസെടുക്കാനുള്ള നിര്‍ദ്ദേശം കൊടുക്കാതിരുന്നത്. ഒരു cognizable offence-നെക്കുറിച്ച് സംസ്ഥാന മുഖ്യമന്ത്രി അറിഞ്ഞിട്ട് എന്തുകൊണ്ട് ഡി.ജി.പി.യെ അറിയിച്ചില്ല? അറിയിച്ചിരുന്നെങ്കില്‍ ഡി.ജി.പി എന്തുകൊണ്ട് ഇതന്വേഷിച്ചില്ല? അന്വേഷണത്തിന് മുമ്പ് എന്തുകൊണ്ട് എഫ്.ഐ.ആര്‍ ഇട്ടില്ല?

താനും കുടുംബവും സെക്യൂരിറ്റിക്കാരുമുള്ള ക്ലിഫ് ഹൗസില്‍ വച്ച് ഇതെങ്ങനെ സാധിക്കും എന്നാണ് ഉമ്മന്‍ ചാണ്ടിയുടെ ചോദ്യം. ഇത്തരത്തിലുള്ള സന്ദര്‍ഭത്തില്‍ കുടുങ്ങുന്ന ആരും എപ്പോഴും ചോദിക്കുന്ന അതേ ചോദ്യം. അതില്‍ അത്ര വലിയ കാര്യമൊന്നുമില്ല. പ്രത്യേകിച്ച്, ക്ലിഫ് ഹൗസിലെ നിത്യസന്ദര്‍ശകയായിരുന്നു സരിത എന്നിരിക്കെ. അതും തന്നെ സ്വകാര്യമായി ഒരു മുറിയില്‍ കൊണ്ടുപോയി എന്ന് സരിത പറഞ്ഞിരിക്കെ.

സരിത തന്നെ പിതൃതുല്യനാണെന്ന് പറഞ്ഞിട്ടുണ്ടെന്നാണ് ഉമ്മന്‍ ചാണ്ടിയുടെ വാദം. അച്ഛന്‍ മകളേയും അമ്മ മകനേയും ലൈംഗികമായി ഉപയോഗിക്കുന്നു എന്ന വാര്‍ത്തകള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്ന ഈ ആധുനികോത്തര കാലഘട്ടത്തിലാണ് ഈ പിതൃതുല്യന്റെ സദാചാര ചോദ്യം. (അച്ഛന്‍ പെണ്‍മക്കളുമായി എങ്ങനെ ലൈംഗികബന്ധം പുലര്‍ത്തിയെന്നറിയാന്‍ പഴയ നിയമത്തിലെ ലോത്തിന്റെ കഥ വായിക്കുക).

ഏറെ വിചിത്രം സരിതയുമായി ഉമ്മന്‍ചാണ്ടി നടത്തിയ ലൈംഗികബന്ധത്തിന്റെ സി.ഡി ഉണ്ടെന്നു പറഞ്ഞ ബിജു രാധാകൃഷ്ണനെതിരെ, നാളിതുവരെയായി, ഉമ്മന്‍ ചാണ്ടി മാനനഷ്ടക്കേസ് രജിസ്റ്റര്‍ ചെയ്യാത്തതാണ്. സോളാര്‍ കമ്മീഷന്റെ മാരത്തോണ്‍ യാത്രയ്ക്കുശേഷവും സി.ഡി കിട്ടിയില്ല, എന്നിരിക്കെ, വാസ്തവത്തില്‍ ബിജുരാധാകൃഷ്ണനെതിരെ ഉമ്മന്‍ ചാണ്ടിയ്ക്ക് തന്നെ കേസു കൊടുക്കാമായിരുന്നു. നാട്ടില്‍ നടക്കുന്ന സകല കൊള്ളരുതായ്മകളുടെയും അവസാന ചൂണ്ടുവിരല്‍ തന്റെ നേര്‍ക്കാണെന്ന് നല്ലവണ്ണമറിയാവുന്നതുകൊണ്ടായിരിക്കും ഉമ്മന്‍ ചാണ്ടി ബിജുവിനെതിരെ മാനനഷ്ടക്കേസു കൊടുക്കാതിരുന്നത്.

പക്ഷെ, ഇപ്പോള്‍ സാഹചര്യം അതല്ല. ഹൈക്കമാന്‍ഡിന്റെ മുമ്പില്‍ സുധീരന്‍ ബാര്‍ കോഴക്കേസിലും സോളാര്‍ കേസിലും ഭൂമി ഇടപാടുകേസുകളിലും ഉമ്മന്‍ ചാണ്ടി ആരോപിതനാണെന്ന കാര്യം ധരിപ്പിച്ചിട്ടുണ്ട്. ഹൈക്കമാന്‍ഡ് നേരിട്ട് നടത്തിയ അന്വേഷണത്തിലും ഇത്തരം കാര്യങ്ങളില്‍ ഉമ്മന്‍ ചാണ്ടിയുടെ പങ്കിനെക്കുറിച്ച് വിവരങ്ങള്‍ ഉണ്ടെന്നാണറിവ്. അങ്ങനെ ഇരിക്കുമ്പോള്‍, തനിക്കെതിരെ വന്ന ആരോപണത്തിനെതിരെ നിയമനടപടി എടുത്തു എന്ന് ഹൈക്കമാന്‍ഡിനെ ബോധ്യപ്പെടുത്താനാണ് ഈ മാനനഷ്ടക്കേസ്.

പക്ഷേ, കേസുമായി മുന്നോട്ടുപോയാല്‍ ഉമ്മന്‍ ചാണ്ടി കുടുങ്ങും. കൂട്ടില്‍ കയറി വിസ്തരിക്കുമ്പോള്‍ സരിതയുടെ അഭിഭാഷകന്‍ പല ചോദ്യങ്ങളും ചോദിക്കും. അതില്‍ ഗണ്‍മാന്‍ സലിംരാജുമായുള്ള ബന്ധവും വരും. സലിംരാജിന്റെ ടെലിഫോണ്‍ കോള്‍ ലിസ്റ്റ് എടുക്കാനുള്ള കോടതി ഉത്തരവ് അഡ്വക്കേറ്റ് ജനറല്‍ നേരിട്ട് ഹാജരായി സ്റ്റേ ചെയ്തതിന്റെ വസ്തുതകള്‍ ചോദ്യങ്ങളായി വന്നേക്കാം. സരിത ക്ലിഫ് ഹൗസിലെ സാധാരണ സന്ദര്‍ശകയായിരുന്നില്ല എന്നത് സാക്ഷിവിസ്താരത്തിലൂടെ തെളിയിക്കാന്‍ കഴിയും. സോളാര്‍ വിഷയത്തില്‍ ഉമ്മന്‍ ചാണ്ടിയും കുടുംബവും പറഞ്ഞുവന്ന നുണകള്‍ ഒന്നൊന്നായി അഴിഞ്ഞുവീണേക്കാം. പോരാത്തതിന് സരിതയുടെ കൈവശമുണ്ടെന്ന് പറയപ്പെടുന്ന ഡിജിറ്റല്‍ തെളിവുകള്‍ കേരള സമൂഹത്തിനു തന്നെ അവമതിപ്പ് ഉണ്ടാക്കിയേക്കാം.

അതുകൊണ്ടുതന്നെ തിരഞ്ഞെടുപ്പിനുശേഷം  മാനനഷ്ടക്കേസില്‍ പുരോഗതി ഉണ്ടാകാതിരിക്കാന്‍ ഉമ്മന്‍ ചാണ്ടി ശ്രമിയ്ക്കും. പക്ഷെ, കേസ് മുന്നോട്ടു കൊണ്ടുപോകാന്‍ സരിതയ്‌ക്കോ പ്രതിപ്പട്ടികയിലുള്ള ടെലിവിഷന്‍ ജേര്‍ണലിസ്റ്റുകള്‍ക്കോ സാധിക്കും. ഇനി, കേസ് പിന്‍വലിച്ചാല്‍, ഉമ്മന്‍ ചാണ്ടിക്കെതിരെ, അക്കാര്യം കൊണ്ടുതന്നെ, നഷ്ടപരിഹാരം തേടാനും ഈ മാനനഷ്ടക്കേസിലെ പ്രതികള്‍ക്കാകാം.

പക്ഷെ, സരിത ഉമ്മന്‍ ചാണ്ടിയെ അതിനുമുമ്പുതന്നെ കുരുക്കിലാക്കും എന്നുവേണം കരുതാന്‍. മാനനഷ്ടക്കേസിന്റെ അടുത്ത പോസ്റ്റിംഗ് ദിവസമായ മേയ് 28-നു മുമ്പുതന്നെ. സ്വന്തം നിലയില്‍, ഉമ്മന്‍ ചാണ്ടിക്കെതിരെ തെളിവുകള്‍ സഹിതം കേസുകൊടുക്കുമെന്നാണ് സരിത പറയുന്നത്. അങ്ങനെയാണെങ്കില്‍ വാല്‍ മുറിച്ചുകളഞ്ഞ് തടി രക്ഷപ്പെടാനുള്ള ഉമ്മന്‍ ചാണ്ടിയുടെ പല്ലി-തന്ത്രം ഉമ്മന്‍ ചാണ്ടിയെത്തന്നെ വിഴുങ്ങുന്ന ഒന്നായി മാറിയേക്കാം.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍