UPDATES

ഡല്‍ഹിയില്‍ പരസ്യ പ്രചാരണം നാളെ അവസാനിക്കും; ആശങ്കയോടെ ബിജെപി ക്യാമ്പ്

Avatar

 

അഴിമുഖം പ്രതിനിധി

ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണങ്ങള്‍ക്ക് നാളെ സമാപനം. തങ്ങളുടെ ആവനാഴിയിലെ അവസാന ആയുധവുമെടുത്ത് തെരഞ്ഞെടുപ്പ് വിജയിക്കുന്നതിനുള്ള തന്ത്രത്തിലാണ് പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികള്‍. കഴിയുന്നിടത്തോളം വീടുകള്‍ കയറിയിറങ്ങി വോട്ടര്‍മാരെ നേരില്‍കണ്ട് വോട്ട് ഉറപ്പിക്കുന്നതിനാണ് ആംആദ്മിയും, ബിജെപിയും, കോണ്‍ഗ്രസ്സും ശ്രമിക്കുന്നത്. 

ബിജെപിയെ സംബന്ധിച്ചിടത്തോളം അഭിമാന പോരാട്ടമാണ് ഡല്‍ഹിയിലേത്. നരേന്ദ്രമോദി പ്രധാനമന്ത്രിയായതിന് ശേഷം നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ബിജെപിക്ക് അഭിമാനാര്‍ഹമായ വിജയം നേടാന്‍ കഴിഞ്ഞിരുന്നു. ജയം ഇവിടെയും ആവര്‍ത്തിക്കുന്നതിനാണ് പാര്‍ട്ടി ലക്ഷ്യമിടുന്നത്. മാത്രമല്ല ഡല്‍ഹി തെരഞ്ഞെടുപ്പിന്റെ ഫലം, വരാന്‍ പോകുന്ന ബീഹാര്‍, ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പിലും പ്രതിഫലിക്കും. അതുകൊണ്ട് തന്നെ ജയത്തില്‍ കുറഞ്ഞൊന്നും ബിജെപി ലക്ഷ്യമിടുന്നില്ല. 

എന്നാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവന്ന അഭിപ്രായ സര്‍വ്വെ ഫലങ്ങള്‍ എഎപിക്ക് അനുകൂലമായത് ബിജെപി നേതൃത്വത്തെ അങ്കലാപ്പിലാക്കിയിട്ടുണ്ട്. പുറത്തുവന്ന രണ്ടു സര്‍വേ ഫലങ്ങള്‍ ആംആദ്മി കേവലഭൂരിപക്ഷം നേടുമെന്നായിരുന്നു പ്രവചിച്ചത്. കൂടാതെ മറ്റൊന്ന് രണ്ടുകൂട്ടര്‍ക്കും തുല്യത കല്‍പിച്ചു കൊണ്ടുള്ളതും. 

ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ നേരിട്ടാണ് തെരഞ്ഞെടുപ്പ് പ്രചരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. കൂടാതെ മോദി മന്ത്രിസഭയില്‍ നിന്നുള്ള 20 മന്ത്രിമാരും, 120 പാര്‍ട്ടി എംപിമാരും, ആര്‍എസ്എസിന്റെ വിപുലമായ ഒരു നിരയും ഡല്‍ഹി തെരഞ്ഞെടുപ്പ് പ്രചാരണപ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നുണ്ട്. ഇതിന് പുറമെ പാര്‍ട്ടി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മന്ത്രിമാരെയും പ്രവര്‍ത്തനത്തിനിറക്കിയിട്ടുണ്ട്. 

ജയിക്കാന്‍ വേണ്ടി ഏതറ്റംവരെ പോകാനും തയ്യാറാകുന്ന അവസ്ഥയിലാണ് ബിജെപി ഇപ്പോള്‍. ഹിന്ദു-മുസ്സ്ീം വര്‍ഗ്ഗീയ കാര്‍ഡ്, എതിരാളികള്‍ക്കെതിരെ ആരോപണങ്ങള്‍ കെട്ടിച്ചമയ്ക്കുക, തുടങ്ങിയ മാര്‍ഗങ്ങള്‍ ബിജെപി സ്വീകരിക്കുകയാണെന്നാണ് എതിരാളികളുടെ ആരോപണങ്ങള്‍.ഒന്നുറപ്പാണ്, ലോകസഭ തെരഞ്ഞെടുപ്പിനുശേഷം ഏറ്റവും നിര്‍ണായകഘട്ടത്തിലൂടെയാണ് ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പ് ബിജെപി കൊണ്ടെത്തിച്ചിരിക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍