UPDATES

ന്യൂസ് അപ്ഡേറ്റ്സ്

നാണംകെട്ട് തലസ്ഥാനം; കുഞ്ഞുങ്ങള്‍ ബലാല്‍സംഗം ചെയ്യപ്പെടുന്ന ഡല്‍ഹി

Avatar

അഴിമുഖം പ്രതിനിധി

ബലാത്സംഗികള്‍ ഡല്‍ഹിയെ നാണം കെടുത്തുന്നത് ഒരു പതിവായിരിക്കുകയാണിപ്പോള്‍. കഴിഞ്ഞ വെള്ളിയാഴ്ച ഡല്‍ഹിയിലെ രാംലീലയിലെ ഒരു സമ്മേളനത്തിനിടെ രണ്ടു പേര്‍ ചേര്‍ന്ന് രണ്ടു വയസുകാരി പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി ബലാത്സംഗം ചെയ്തു. ബന്ധുക്കള്‍ നടത്തിയ തിരച്ചിലിനിടെ വീടിനടുത്തുള്ള ഒരു പാര്‍ക്കില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ രണ്ട് മണിക്കൂറിനു ശേഷമാണ് കുട്ടിയെ കണ്ടെത്തിയത്. ഇതേ ദിവസം രാത്രി തന്നെ നഗരത്തില്‍ മറ്റൊരിടത്ത് മൂന്നുപേര്‍ ചേര്‍ന്ന് തങ്ങള്‍ താമസിക്കുന്ന കെട്ടിടത്തിന്റെ താഴെ നിലയില്‍ കഴിയുന്ന കുടുംബത്തിലെ അഞ്ചു വയസുകാരിയെ തട്ടിക്കൊണ്ടുപോയി. കെട്ടിടത്തിലെ താമസക്കാരെല്ലാം ചേര്‍ന്ന് നടത്തിയ തിരച്ചിലിനൊടുവില്‍ പെണ്‍കുട്ടിയെ കണ്ടെത്തുമ്പോള്‍ അവള്‍ രക്തത്തില്‍ കുളിച്ച് കരയുകയായിരുന്നു.

ഇതേ നഗരത്തില്‍ തന്നെ ഒരു നാലു വയസ്സുകാരിയെ അജ്ഞാതര്‍ ക്രൂരമായി ബലാത്സംഗം ചെയ്ത് പാതി ജീവനാക്കിയ സംഭവം നടന്ന് ഒരാഴ്ചയ്ക്കു ശേഷമാണ് മേല്‍പറഞ്ഞ സംഭവങ്ങളും നടക്കുന്നത്. പ്രതിഷേധവുമായി രംഗത്തിറങ്ങാന്‍ ഡല്‍ഹിക്കാര്‍ക്ക് നല്ലൊരു കാരണം ലഭിച്ചിരിക്കുന്നു. 2014-ല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കുട്ടികള്‍ക്കെതിരായ ബലാത്സംഗങ്ങളിലെ 199 ഇരകളും 12 വയസ്സില്‍ താഴെ മാത്രം പ്രായമുള്ളവരാണ്. ഓരോ ആഴ്ചയും ഏതാണ്ട് നാല് ബലാത്സംഗങ്ങള്‍ നടക്കുന്നു. ഇത്തരം 71 കേസുകളില്‍ ഇരകളാക്കപ്പെട്ട കുട്ടികള്‍ ആറു വയസ്സില്‍ താഴെ മാത്രം പ്രായമുള്ളവരാണ്. അതായത് ഓരോ ആഴ്ചയും സ്‌കൂളില്‍ പോയിത്തുടങ്ങുന്ന പ്രായത്തിലുള്ള ഒരു കുട്ടി പീഡിപ്പിക്കപ്പെടുന്നു. ഡല്‍ഹിക്കു മാത്രമല്ല, രാജ്യത്തിനൊന്നാകെ പ്രതിഷേധിക്കാനും വകയുണ്ട്. 2014-ല്‍ 12 വയസ്സില്‍ താഴെ മാത്രം പ്രായമുള്ള രണ്ടായിരത്തിലേറെ കുട്ടികള്‍ ബലാത്സംഗത്തിനിരയാക്കപ്പെട്ടിട്ടുണ്ട്. ഇവരില്‍ 547 പേരും ആറു വയസ്സില്‍ താഴെ മാത്രം പ്രായമുള്ളവരാണ്.

രാജ്യത്തുടനീളമുള്ള പൊലീസ് സ്റ്റേഷനുകളില്‍ ഫയല്‍ ചെയ്യപ്പെട്ട എഫ്‌ഐആറുകളില്‍ നിന്നാണ് പ്രായത്തിന്റെ അടിസ്ഥാനത്തില്‍ ബലാത്സംഗത്തിനിരയാക്കപ്പെട്ടവരുടെ വിവരം നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ ശേഖരിക്കുന്നത്. ഏറ്റവും പുതിയ റിപ്പോര്‍ട്ടില്‍ ഇരകളുടെ പ്രായ ഗണം വേര്‍തിരിച്ചിടത്ത് 10 വയസു വരെ പ്രായമുള്ള കുട്ടികള്‍ എന്നതിനു പകരം 6 വയസു വരെ പ്രായമുള്ളവര്‍ എന്നാക്കി മാറ്റിയതിനാല്‍ 2014-ലെ വിവരങ്ങളും അതിനു മുമ്പുള്ള വിവരങ്ങളും താരതമ്യം ചെയ്യാന്‍ കഴിയില്ല. എങ്കിലും ഈ വര്‍ഷത്തെ കണക്കുകള്‍ മാത്രമെടുത്താല്‍ തന്നെ ഈ കുറ്റകൃത്യങ്ങളുടെ വ്യാപ്തി എത്രത്തോളമുണ്ടെന്ന് സൂചന ലഭിക്കും. ഒന്നാമതായി, ഇത് 2014-ല്‍ ഡല്‍ഹിയിലും ഇന്ത്യയുടെ മറ്റുപലഭാഗങ്ങളിലുമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ബലാത്സംഗങ്ങളിലെ ഇരകളുടെ പ്രായം വേര്‍തിരിച്ചുള്ള കണക്കാണ്. രാജ്യത്തുടനീളം ബലാത്സംഗം ചെയ്യപ്പെട്ട ആറു വയസിനു താഴെ മാത്രം പ്രായമുള്ളവരുടെ കണക്കുകളാണ്.

വലിയ സംസ്ഥാനങ്ങളെ അപേക്ഷിച്ച് കുറഞ്ഞ ജനസംഖ്യ മാത്രമുള്ള കേന്ദ്ര ഭരണപ്രദേശമായിരുന്നിട്ടും ഡല്‍ഹി ഇന്ത്യയിലെ മൊത്തം ബലാത്സംഗങ്ങളുടെ എണ്ണത്തില്‍ അഞ്ചാം സ്ഥാനത്താണ്. എങ്കിലും ഡല്‍ഹിയിലെ കുട്ടികള്‍ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് മികച്ച നിലയിലോ അല്ലെങ്കില്‍ മോശം അവസ്ഥയിലോ ആണെന്ന് ഇത് സൂചിപ്പിക്കുന്നില്ല. പൊലീസ് ഉദ്യോഗസ്ഥര്‍ രേഖപ്പെടുത്തിയ ബലാത്സംഗങ്ങളുടെ കണക്കുകള്‍ മാത്രമാണ് ഇവ. ഇത് ഒരു നിലയ്ക്കും പൂര്‍ണവുമല്ല.

കൂടുതല്‍ വിശാലമായ, കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങള്‍ തടയല്‍ നിയമപ്രകാരം കുറ്റം ചുമത്തിയവരുടെ എണ്ണം കൂടി ഉള്‍പ്പെടുന്ന വിവരങ്ങള്‍ തമിഴ്‌നാടും മേഘാലയയും മാത്രമാണ് 2014-ല്‍ സമര്‍പ്പിച്ചിട്ടുള്ളൂ എന്ന കാര്യം പോലും ഇവിടെ പരിഗണിച്ചിട്ടില്ല. മറ്റെല്ലാ സംസ്ഥാനങ്ങളും ഡല്‍ഹി ഉള്‍പ്പെടെയുള്ള കേന്ദ്ര ഭരണ പ്രദേശങ്ങളും ഇന്ത്യന്‍ പീനല്‍ കോഡ് 376-ാം വകുപ്പ് പ്രകാരം കുറ്റം ചുമത്തിയ കണക്കുകളാണ് നല്‍കിയിരിക്കുന്നത്. ആണ്‍കുട്ടികള്‍ക്കെതിരെ നടക്കുന്ന ആക്രമോത്സുകമായ ലൈംഗികാതിക്രമങ്ങള്‍ ഈ വകുപ്പില്‍ ഉള്‍പ്പെടുന്നില്ല.

കഴിഞ്ഞ ആഴ്ച ഡല്‍ഹിയിലുണ്ടായ മൂന്ന് കേസുകളും നാം കേട്ടത് പൊലീസ് ഇടപെട്ടതു കൊണ്ടും എഫ്‌ഐആര്‍ ഫയല്‍ ചെയ്തത് കൊണ്ടും അത് മാധ്യമങ്ങള്‍ക്കു ലഭിച്ചതു കൊണ്ടും മാത്രമാണ്. കുട്ടികള്‍ പുറത്തു പറയാത്തതു കൊണ്ടോ അല്ലെങ്കില്‍ മുതിര്‍ന്നവര്‍ വിശ്വസിക്കുകയോ കണ്ടെത്തി പൊലീസില്‍ റിപ്പോര്‍ട്ട് ചെയ്യുകയോ പൊലീസ് രേഖപ്പെടുത്തുകയോ ചെയ്യാത്ത എത്രയോ കേസുകളും നാം കേള്‍ക്കാത്തതായി ഉണ്ട്.

പൂര്‍ണമായും ആശ്രയിക്കാന്‍ പറ്റാത്ത നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ കണക്കുകള്‍ പ്രകാരം ഇന്ത്യയിലെ ഏതാണ്ട് എല്ലാ ബലാത്സംഗികളും തങ്ങളുടെ ഇരകളെ പരിചയമുണ്ടെന്ന് പൊലീസിനോട് വെളിപ്പെടുത്തിയിട്ടുണ്ടെന്ന കാര്യവും നമുക്കു മറക്കാതിരിക്കാം. ഇളം പ്രായക്കാരിയായ കുട്ടിയെ പീഡിപ്പിച്ച കേസില്‍ ഞായറാഴ്ച ഡല്‍ഹി പൊലീസ് 17-കാരായ രണ്ടു പേരെ അറസ്റ്റു ചെയ്തു. ഈ രണ്ടു കൗമാരക്കാരും പെണ്‍കുട്ടിയുടെ അയല്‍പക്കക്കാരും ആ കുടുംബത്തെ അറിയുന്നവരുമാണ്.

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍