UPDATES

ന്യൂസ് അപ്ഡേറ്റ്സ്

അഞ്ച് പൈസ തട്ടിച്ചെന്ന് കേസ്; 40 വര്‍ഷമായി തുടരുന്ന നിയമയുദ്ധം

അഴിമുഖം പ്രതിനിധി

അഞ്ച് പൈസ ഇന്നത്തെ തലമുറ കണ്ടിട്ടുപോലുമുണ്ടാകില്ല. പക്ഷേ, അഞ്ച് പൈസ തട്ടിച്ചുവെന്ന ആരോപണത്തെ തുടര്‍ന്ന് ജോലിയില്‍ നിന്ന് പുറത്താക്കിയ ഡല്‍ഹി ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷനിലെ (ഡിടിസി) കണ്ടക്ടര്‍ അതിന്റെ പേരില്‍ ആയിരക്കണക്കിന് രൂപ കേസ് നടത്താന്‍ ഉപയോഗിച്ചു കഴിഞ്ഞു. ഡിടിസിയാകട്ടെ ലക്ഷക്കണക്കിന് രൂപയും ചെലവിട്ടു. കഴിഞ്ഞ നാല്‍പത് വര്‍ഷങ്ങളായി കണ്ടക്ടറും ഡിടിസിയും തമ്മില്‍ നിയമ യുദ്ധം നടക്കുകയാണ്. ഇത് ഇനിയും തീര്‍ന്നിട്ടുമില്ല.

1973-ലാണ് കേസിന്റെ ആരംഭം. ഡിടിസിയില്‍ കണ്ടക്ടറായിരുന്ന രണ്‍വീര്‍ സിംഗ് യാദവിന് ബസില്‍ കയറിയ യാത്രക്കാരിയില്‍ നിന്ന് പത്ത് പൈസയുടെ ടിക്കറ്റിന് 15 വാങ്ങുകയും അഞ്ചു വൈസ യാദവ് പോക്കറ്റിലാക്കിയെന്നുമാണ് ആരോപണം. ബസ്സില്‍ പരിശോധനയ്ക്ക് കയറിയ ഡിടിസി അധികൃതരാണ് ആരോപണം ഉന്നയിച്ചത്. കോര്‍പ്പറേഷന്‍ നടത്തിയ അന്വേഷണത്തില്‍ യാദവിനെ കുറ്റക്കാരനായി കണ്ടെത്തുകയും 1976-ല്‍ ജോലിയില്‍ നിന്നും പുറത്താക്കുകയും ചെയ്തു.

1990-ല്‍ തൊഴില്‍ കോടതിയില്‍ യാദവ് കേസ് വിജയിച്ചു. എന്നാല്‍ അടുത്ത വര്‍ഷം കോര്‍പ്പറേഷന്‍ അപ്പീലിന് പോയി. ഇതുവരെ യാദവ് കേസിനായി 47,000 രൂപ ചെലവഴിച്ചു കഴിഞ്ഞു. താന്‍ ആരേയും പറ്റിച്ചിട്ടില്ലെന്ന് യാദവ് പറയുന്നു. എല്ലാവരും തീര്‍ത്ഥാടനത്തിന് പോകുമ്പോള്‍ താന്‍ കോടതിയിലേക്ക് പോകുന്നതായി ഇപ്പോള്‍ 73 വയസ്സുള്ള യാദവ് പറയുന്നു.

ഈ വര്‍ഷം ജനുവരിയില്‍ ഹൈക്കോടതിയും യാദവിന് അനുകൂലമായി വധിച്ചിരുന്നു. മൂന്നു ലക്ഷത്തോളം രൂപ യാദവിന് നല്‍കാനായിരുന്നു ഹൈക്കോടതി ഡിടിസിയോട് ആവശ്യപ്പെട്ടത്. ഈ അഞ്ചു പൈസ തിരിച്ചുപിടിക്കാന്‍ എത്ര ലക്ഷം ചെലവാക്കിയെന്ന് ഹൈക്കോടതി വാദത്തിനിടെ കോര്‍പ്പറേഷനോട് ആരാഞ്ഞിരുന്നു. ഹൈക്കോടതിയില്‍ നിന്നും അനുകൂല വിധിയുണ്ടായെങ്കിലും യാദവിനെ കോര്‍പ്പറേഷന്‍ വെറുതെ വിടുന്നില്ല. മെയ് 26-ന് കര്‍ഡൂമ കോടതിയില്‍ യാദവ് വീണ്ടും ഹാജരാകണം.

അഞ്ചു പൈസയെന്നതിലല്ല. ചെയ്യാത്ത കുറ്റത്തിന് താന്‍ ശിക്ഷ അനുഭവിക്കേണ്ടി വന്നതാണ് യാദവിനെ നിയമപോരാട്ടത്തിന് ഇറങ്ങാന്‍ പ്രേരിപ്പിച്ചത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍