UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പട്യാല ഹൗസ് കോടതി അക്രമം: പൊലീസ് ഗൂഢാലോചനയെന്ന് അഭിഭാഷക കമ്മിഷന്‍

അഴിമുഖം പ്രതിനിധി

പൊലീസുമായുള്ള ഗൂഢാലോചനയുടെ ഭാഗമാണ് പട്യാല ഹൗസ് കോടതിയില്‍ അക്രമ സംഭവങ്ങള്‍ അരങ്ങേറാന്‍ ഇടയാക്കിയതെന്ന് സുപ്രീംകോടതി അക്രമ സംഭവങ്ങളെ കുറിച്ച് അന്വേഷിക്കാന്‍ നിയമിച്ച അഭിഭാഷക കമ്മീഷനിലെ ഒരംഗം വെളിപ്പെടുത്തി.

രാഷ്ട്രീയപരമായ കാരണങ്ങള്‍ പൊലീസ് സുരക്ഷയെ പണയപ്പെടുത്തിയെന്ന് കമ്മീഷനിലെ അംഗമായ മുതിര്‍ന്ന അഭിഭാഷകന്‍ രാജീവ് ധവാന്‍ പറഞ്ഞു. പൊലീസിന്റെ ഗൂഢാലോചന നടന്നുവെന്നതില്‍ എനിക്കൊരു സംശയവുമില്ല. സുപ്രീംകോടതിയുടെ നിര്‍ദ്ദേശപ്രകാരം പട്യാല ഹൗസ് കോടതിയില്‍ പ്രവേശനം നിഷേധിക്കപ്പെട്ടൊരാള്‍ കയറിയെന്നും എന്നാല്‍ അയാളെ സ്വതന്ത്രമായി പോകാന്‍ പൊലീസ് അനുവദിച്ചുവെന്നും ഞങ്ങള്‍ കേട്ടു. അയാളെ അറസ്റ്റ് ചെയ്യാന്‍ ഹൈക്കോടതി രജിസ്ട്രാര്‍ പൊലീസിനോട് ആവശ്യപ്പെട്ടെങ്കിലും അതുണ്ടായില്ല. ഇതൊരു ഗൂഢാലോചനയല്ലെങ്കില്‍ അതെന്താണെന്ന് എനിക്ക് അറിയില്ല, രാജീവ് ധവാന്‍ പറഞ്ഞു.

ജെഎന്‍യു എസ് യു പ്രസിഡന്റ് കനയ്യ കുമാറിനെ കോടതിയില്‍ ഹാജരാക്കിയപ്പോള്‍ പട്യാല ഹൗസ് കോടതിയിലുണ്ടായ അക്രമങ്ങളെ കുറിച്ച് റിപ്പോര്‍ട്ട് നല്‍കുന്നതിനാണ് ആറംഗ കമ്മീഷനെ സുപ്രീംകോടതി നിയോഗിച്ചത്. അഭിഭാഷകരുടെ ഒരു കൂട്ടം മറ്റൊരു കൂട്ടത്തെ അക്രമിക്കുകയായിരുന്നു. കനയ്യയും ആക്രമണത്തിന് ഇരയായി. കോടതിയിലെ സാഹചര്യം വിലയിരുത്താന്‍ കമ്മീഷന്‍ എത്തിയപ്പോള്‍ അവരേയും അഭിഭാഷകര്‍ ചോദ്യം ചെയ്തു.

മാധ്യമ പ്രവര്‍ത്തകരേയും ജെഎന്‍യു വിദ്യാര്‍ത്ഥികളേയും ആക്രമിക്കാന്‍ നേതൃത്വം നല്‍കിയെന്ന് ആരോപിക്കപ്പെടുന്ന അഭിഭാഷകനായ വിക്രം ചൗഹാന്‍ ആരോപണം നിഷേധിച്ചു. തന്റെ സഹപ്രവര്‍ത്തകരല്ല വിദ്യാര്‍ത്ഥികളാണ് അക്രമം നടത്തിയത് എന്ന് ചൗഹാന്‍ പറഞ്ഞു. ജെഎന്‍യുവിലെ വിദ്യാര്‍ത്ഥികള്‍ ആക്രമിച്ചപ്പോള്‍ അഭിഭാഷകര്‍ പ്രതിരോധിക്കുകയായിരുന്നുവെന്ന് ചൗഹാന്‍ വാദിച്ചു.

വിക്രം ചൗഹാന്‍ ആഭ്യന്തരമന്ത്രി രാജ് നാഥ് സിംഗ്, ബിജെപി നേതാവ് എല്‍ കെ അദ്വാനി, വാണിജ്യകാര്യമന്ത്രി നിര്‍മ്മല സീതാരാമന്‍ തുടങ്ങിയവര്‍ക്കൊപ്പം നില്‍ക്കുന്ന ഫോട്ടോകള്‍ പുറത്തു വന്നിരുന്നു.

ശ്രദ്ധ തിരിച്ചുവിടാന്‍ വേണ്ടി ജെഎന്‍യുവിലെ വിദ്യാര്‍ത്ഥികളാണ് മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ചതെന്നും അയാള്‍ ആരോപിച്ചു. എങ്കിലും ഇന്ത്യാ വിരുദ്ധ മുദ്രാവാക്യങ്ങള്‍ അഭിഭാഷകര്‍ വച്ചുപൊറുപ്പിക്കില്ലെന്ന് അയാള്‍ ആവര്‍ത്തിച്ചു പറഞ്ഞു. പട്യാല കോടതിയിലെ അഭിഭാഷകരുടെ ആക്രമണത്തെ ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ അപലപിച്ചിരുന്നു. ആക്രമണം നടത്തിയവരെ ജീവപര്യന്തം വിലക്കണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു.

അതേസമയം, കനയ്യ കുമാറിന്റെ ജാമ്യാപേക്ഷ ഇന്ന് സുപ്രീംകോടതി പരിഗണിക്കും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍