UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഞാന്‍ ഇനി ഇറങ്ങിപ്പോവില്ല.-അരവിന്ദ് കെജ്രിവാള്‍ എഴുതുന്നു ഡല്‍ഹി തിരഞ്ഞെടുപ്പ്: മധ്യവര്‍ഗ്ഗവും മോദിയുമായുള്ള മധുവിധുവിന് അന്ത്യം കുറിക്കുമോ?

Avatar

അരവിന്ദ് കെജ്രിവാള്‍

ഒരു വര്‍ഷം മുമ്പ്, ഡല്‍ഹിയിലെ പുരുഷന്മാരും സ്ത്രീകളും അവര്‍ അ തിന് മുമ്പ് ഒരിക്കലും ചെയ്യാതിരുന്ന ഒരു കാര്യം ചെയ്യാന്‍ തുടങ്ങി. അവര്‍ അത്താഴ മേശയ്ക്ക് ചുറ്റുമിരുന്ന് കുടുംബാംഗങ്ങളോട് രാഷ്ട്രീയ ചര്‍ച്ച ചെയ്യുകയും സംവാദങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്യുന്നു. ഇത്തവണ അവര്‍ തീരുമാനിച്ചത് ഒരു പുതിയ രാഷ്ട്രീയ പാര്‍ട്ടിയുടെ ഉത്തരവാദിത്വം ഏറ്റെടുക്കാനായിരുന്നു. കഷ്ടപ്പെട്ട് നേടിയ തങ്ങളുടെ പണം കൊണ്ട് അവര്‍ ആ പാര്‍ട്ടിക്കായി ചെക്കുകള്‍ എഴുതി.

എന്നാല്‍ കുറച്ച് മാസങ്ങള്‍ക്ക് ശേഷം അവരുടെ സുഹൃത്തുക്കളും അവരെ സ്‌നേഹിക്കുന്നവരും ‘നോക്കൂ, ഞങ്ങള്‍ അന്നേ പറഞ്ഞില്ലേ,’ എന്ന് ചോദിച്ചപ്പോള്‍ അവരുടെ മുഖങ്ങള്‍ ലജ്ജകൊണ്ട് ചുവന്നു. ഞങ്ങളുടെ നടപടികള്‍ അവരുടെ പ്രതീക്ഷകളെ തകര്‍ത്തതായി ഡല്‍ഹിയില്‍ അങ്ങോളമിങ്ങോളമുള്ള ജനങ്ങള്‍ക്ക് തോന്നി. ഞങ്ങള്‍ കാരണം ഉണ്ടായ നിരാശയ്ക്ക് കഴിഞ്ഞ മേയില്‍ ഞങ്ങള്‍ ഡല്‍ഹിയിലെ ജനങ്ങളോട് മാപ്പ് പറഞ്ഞു: ഇനി അത് ശ്രദ്ധിക്കാത്തവരായി ആരെങ്കിലും ഉണ്ടെങ്കില്‍ ഞാന്‍ ക്ഷമാപണം ആവര്‍ത്തിക്കുന്നു: അപ്പോള്‍ നിങ്ങള്‍ക്ക് ഉച്ചത്തിലും വ്യക്തമായും ഞങ്ങളെ ശ്രവിക്കാനാവും.

സത്യസന്ധമായ പണത്തിന്റെ മാത്രം പിന്‍ബലത്തോടെ പ്രവര്‍ത്തിക്കുന്ന, ശുദ്ധവും ആത്മാര്‍ത്ഥവുമായ ഒരു ഭരണനിര്‍വഹണം വാഗ്ദാനം ചെയ്യുന്ന ശുദ്ധവായുവായിരുന്നു എഎപി. ഞങ്ങള്‍ കള്ളം പറയുന്നില്ല, മോഷ്ടിക്കുന്നുമില്ല. എന്നിരുന്നാലും, ഞങ്ങളുടെ പ്രവര്‍ത്തികള്‍ ജനങ്ങളെ വേദനിപ്പിച്ചു എന്ന കാര്യം ഞാന്‍ അംഗീകരിക്കുന്നു. കാരണം നമ്മളെക്കാളൊക്കെ വലിയ ഒന്നിനെയാണ് എഎപി പ്രതിനിധീകരിക്കുന്നത്. പിന്തിരിഞ്ഞ് നടന്ന ഒരു പാര്‍ട്ടിക്കും പ്രസ്ഥാനത്തിനും വേണ്ടിയാണ് ഞങ്ങള്‍ ഒരുപാട് നിക്ഷേപങ്ങള്‍ നടത്തിയത് എന്ന കാര്യം ജനങ്ങളെ വേദനിപ്പിച്ചു.

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനും പ്രധാനമന്ത്രിയാകാനും വേണ്ടിയാണ് ഞാന്‍ മുഖ്യമന്ത്രി കസേര ഉപേക്ഷിച്ചതെന്ന ഒരു പൊതു വിശ്വാസവും നിലനിന്നിരുന്നു. പക്ഷെ അതിന് വേണ്ടിയായിരുന്നില്ല ഞാന്‍ രാജിവച്ചത്. 

രാജി വച്ച നിമിഷം മുതല്‍ തന്നെ ഡല്‍ഹിയില്‍ പുതിയ തിരഞ്ഞെടുപ്പ് നടത്തണമെന്ന ആവശ്യം ഞാന്‍ ഉന്നയിച്ചിരുന്നു. ഒരു ന്യൂനപക്ഷ സര്‍ക്കാരായിരുന്നിട്ടും ഞങ്ങളുടെ പൊതുജനാംഗീകാര നിരക്ക് 71 ശതമാനമായിരുന്നു. എന്നാല്‍ ഡല്‍ഹി തിരഞ്ഞെടുപ്പ് ഒരിക്കലും വന്നില്ല. പിന്തിരിഞ്ഞ് നോക്കുമ്പോള്‍, ഒരു പക്ഷെ ഞങ്ങള്‍ കൂടുതല്‍ വിശ്വാസം അര്‍പ്പിച്ചിരുന്നിരിക്കാം. എന്നാല്‍ അതൊരു തെറ്റായിരുന്നു. തികച്ചും ആത്മാര്‍ത്ഥതയില്‍ നിന്നുണ്ടായ തെറ്റായിരുന്നെങ്കിലും അതൊരു തെറ്റുതന്നെയായിരുന്നു. ഭാഗ്യവശാല്‍, പിന്‍ഭാഗം കാണുന്ന കണ്ണാടിയെക്കാള്‍ വിശാലമാണ് ഇരുവശങ്ങളും കാണാന്‍ കഴിയുന്ന കണ്ണാടി. എല്ലാറ്റിനുമുപരിയായി, ജനങ്ങള്‍ ഞങ്ങള്‍ക്ക് ഭരിക്കാനുള്ള കേവല ഭൂരിപക്ഷം നല്‍കുകയാണെങ്കില്‍, ഞങ്ങള്‍ ക്ഷമയും സാമാന്യ ബുദ്ധിയും പ്രദര്‍ശിപ്പിക്കുമെന്ന് അവര്‍ക്ക് ന്യായമായും പ്രതീക്ഷിക്കാം. അടുത്ത കാലത്ത് ഒരാള്‍ പറഞ്ഞത് പോലെ, ഡല്‍ഹിയിലെ ഒരു രാഷ്ട്രീയ പാര്‍ട്ടി എന്ന നിലയില്‍ ഡല്‍ഹിയിലെ ജനങ്ങള്‍ക്കായി ഞങ്ങള്‍ക്ക് ചെയ്യാന്‍ കഴിയുന്ന ഏറ്റവും പ്രധാനപ്പെട്ട കാര്യം അതാണ്. അത് ഞങ്ങള്‍ അംഗീകരിക്കുകയും ഗൗരവമായി എടുക്കുകയും ചെയ്യുന്നു. 

എഎപിയെന്നാല്‍ നിരവധി ആളുകള്‍ക്ക് നിരവധി കാര്യങ്ങളാണ്. ചിലര്‍ക്ക് അത് സ്വജനപക്ഷപാതിത്വം അവസാനിപ്പിക്കുകയും ഒടുവില്‍ ജനങ്ങളെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കുകയും ചെയ്യുന്ന ശക്തിയാണ്. മറ്റു ചിലരെ സംബന്ധിച്ചിടത്തോളം, സാമുദായിക, വിഭാഗീയ പ്രത്യശാസ്ത്രങ്ങളുടെ മാറ്റത്തെയാണ് അത് പ്രതിനിധീകരിക്കുന്നത്. ഭൂരിപക്ഷത്തെ സംബന്ധിച്ചിടത്തോളം, നമ്മുടെ ഭരണഘടന നമുക്ക് സമ്മാനിച്ചിരിക്കുന്ന അവകാശങ്ങളും, സ്വാതന്ത്ര്യവും, സുരക്ഷയും ആസ്വദിക്കാനുള്ള അവസരമാണ്. ഈ വിശാല പ്രശ്‌നങ്ങളിലെ ചിലതിനെ അഭിസംബോധന ചെയ്യാന്‍ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഞങ്ങള്‍ ശ്രമിച്ചു: ഹഫ്ത്ത നല്‍കാതെ വ്യാപാരം ചെയ്യാനുള്ള അവകാശവും നമ്മുടെ വിലപ്പെട്ട പ്രകൃതി വിഭവങ്ങളുടെ തുറന്ന കൊള്ളയില്‍ നിന്നും രാജ്യത്തെ രക്ഷിക്കുക എന്ന അടിയന്തിര ആവശ്യവുമായിരുന്നു അവയില്‍ പ്രധാനം. 

ഏകദേശം ഒരേ കാര്യങ്ങള്‍ തന്നെയാണ് നമുക്കെല്ലാം വേണ്ടത്: പ്രതികരിക്കുന്ന, ഉറച്ച ഒരു സര്‍ക്കാര്‍, കൈക്കൂലിരഹിതമായ ഒരു വ്യാപാര അന്തരീക്ഷം, സത്യസന്ധമായി ജീവനോപാദി കണ്ടെത്താനുള്ള ഒരവസരം, നമ്മുടെ കുട്ടികള്‍ക്ക് മെച്ചപ്പെട്ട ഒരു ജീവിതം, അവസാനമായി, നമ്മള്‍ സുരക്ഷിതരാണെന്നുള്ള ഏറ്റവും നിസാരമായ ഉറപ്പ്. 

എഎപി ഉണ്ടെങ്കിലും ഇല്ലെങ്കിലും, കെജ്രിവാള്‍ ഉണ്ടെങ്കിലും ഇല്ലെങ്കിലും നമ്മളെല്ലാം പോറ്റി വളര്‍ത്തുന്ന സങ്കല്‍പങ്ങളാണിതെല്ലാം. ഒരിക്കലും ചൂടാറാത്ത സങ്കല്‍പങ്ങളാണിവ. നമ്മള്‍ ഒരു കുടുംബമായും ഒരു സംഘമായും പ്രവര്‍ത്തിച്ചതിനാല്‍, എഎപിയ്ക്ക് നിരവധി വെല്ലുവിളികള്‍ അതിജീവിക്കാനും വലിയ വലിയ തടസങ്ങള്‍ മറികടക്കാനും സാധിച്ചിട്ടുണ്ട്. എല്ലാ സാമ്പത്തിക, സാമൂഹിക അതിര്‍ത്തികള്‍ക്കപ്പുറത്തേക്കും ഈ കുടുംബ ബന്ധം വ്യാപിച്ച് കിടക്കുന്നു. നമ്മള്‍ ഡല്‍ഹിയിലെ ജനങ്ങളാണ്. പ്രശ്‌നങ്ങള്‍ എങ്ങനെ പരിഹരിക്കണമെന്ന് നമുക്കറിയാം. തങ്ങളുടെ സര്‍ക്കാര്‍ തങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നത് കാണാന്‍ ഈ നഗരത്തിലെ ജനങ്ങള്‍ ആഗ്രഹിക്കുന്നവെന്നും നമുക്കറിയാം. 

കേന്ദ്ര സര്‍ക്കാരുമായി ക്രിയാത്മകമായ യോജിപ്പുണ്ടാവണം എന്ന് ജനങ്ങള്‍ ആഗ്രഹിക്കുന്നു എന്ന് നമുക്കറിയാം. ഡല്‍ഹിയിലെ സര്‍ക്കാര്‍ സത്യസന്ധവും സുസ്ഥിരവുമായിരിക്കണം എന്ന് നമ്മള്‍ മനസിലാക്കുന്നു. ഒന്നാം ദിവസം തന്നെ ഒരു അന്താരാഷ്ട്ര നിലവാരമുള്ള ഡല്‍ഹിയെ സൃഷ്ടിക്കാന്‍ പ്രാപ്തിയുള്ള സര്‍ക്കാര്‍, അതിന്റെ ചെവി ഏറ്റവും താഴെ തട്ടിലേക്ക് നീളുന്ന സര്‍ക്കാര്‍, അതിന്റെ ജനങ്ങളുടെ വൈവിദ്ധ്യമാര്‍ന്ന ആവശ്യങ്ങളോട് പ്രതികരിക്കാന്‍ കഴിയുന്ന ഒരു സര്‍ക്കാരാണ് ഇവിടെ ആവശ്യം. 

ജനങ്ങള്‍ എന്ന നിലയിലുള്ള നമ്മുടെ തന്നെ ശക്തിയെ നമുക്ക് കുറച്ചുകാണാതിരിക്കാം. നമ്മളെ സേവിക്കാനാണ് നമ്മുടെ നേതാക്കള്‍ നിലനില്‍ക്കുന്നത്. ജനങ്ങളെ ആലിംഗനം ചെയ്യുന്ന, ജനങ്ങളെ വിശ്വസിക്കുന്ന സര്‍ക്കാരിന്റെ ശക്തിയെ കുറച്ച് കാണാതിരിക്കാന്‍ നമുക്ക് ശ്രമിക്കാം. ഭീതിയും അരക്ഷിതത്വവും പ്രസംഗിക്കാനും അവ ജനമനസുകളില്‍ കുത്തിവയ്ക്കാനുമായി ഒരു സര്‍ക്കാര്‍ നിലനില്‍ക്കേണ്ട ആവശ്യമില്ല. വളര്‍ച്ചയെ പരിപോഷിപ്പിക്കാനും ഒരു നല്ല നാളയെ കുറിച്ചുള്ള പ്രതീക്ഷയ്ക്ക് സുസ്ഥിരതയും സുരക്ഷയും നല്‍കാനുമായിട്ടായിരിക്കണം ഒരു സര്‍ക്കാര്‍ നിലനില്‍ക്കേണ്ടത്. ടാഗോറിന്റെ വാക്കുകള്‍ കടമെടുത്താല്‍: ‘ഇടുങ്ങിയ ആഭ്യന്തര മതിലുകളാല്‍ ലോകം തുണ്ടുകളായി ചിതറി പോകാതിരിക്കുന്ന ഒരിടം.’

ഡല്‍ഹിയെ ഇന്ത്യയിലെ ആദ്യത്തെ അഴിമതിരഹിത നിക്ഷേപ കേന്ദ്രമാക്കി മാറ്റുക, തുടക്ക സംരംഭങ്ങളുടെയും സേവനങ്ങളുടെയും ഉയര്‍ന്ന സാങ്കേതിക നിര്‍മാണത്തിന്റെയും അന്താരാഷ്ട്ര കേന്ദ്രമാക്കി മാറ്റുക എന്ന കാഴ്ചപ്പാടാണ് നമുക്കുള്ളത്. വ്യാവസായിക വികസനം, ആരോഗ്യരക്ഷ, വിദ്യാഭ്യാസം, സ്ത്രീ സുരക്ഷ എന്നി രംഗങ്ങളില്‍ ഡല്‍ഹി പുതിയ നിലവാരങ്ങള്‍ നിശ്ചയിക്കും. ഇതൊരു രാത്രി കൊണ്ട് നേടിയെടുക്കാന്‍ കഴിയുന്ന കാര്യമല്ല. എന്നാല്‍, വിദഗ്‌ധോപദേശവും ശുദ്ധമായ ഉദ്ദേശലക്ഷ്യങ്ങളും നമ്മളുമായി അഭിപ്രായ വ്യത്യാസമുള്ള ആളുമായിപ്പോലും തോളോടുതോള്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാനുള്ള ആത്മാര്‍ത്ഥയും വച്ചുകൊണ്ട് ഇക്കാര്യങ്ങള്‍ക്ക് ഒരു തുടക്കം കുറിക്കാന്‍ നമുക്ക് സാധിക്കും. നമുക്കിടയില്‍ എന്തൊക്കെ അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടെങ്കിലും ഇക്കാര്യത്തില്‍ നാമെല്ലാം ഒറ്റക്കെട്ടാണ് എന്നതാണ് യാഥാര്‍ത്ഥ്യം. പടിപടിയായി നമുക്ക് നമ്മുടെ ലക്ഷ്യത്തിലെത്താന്‍ സാധിക്കും. ഡല്‍ഹിയില്‍ നമുക്കെല്ലാം ഒരിക്കല്‍ കൂടി ഒന്നിച്ച് അണിചേരാം. 

വരുന്ന തിരഞ്ഞെടുപ്പില്‍ നിങ്ങളുടെ അനുഗ്രഹാശിസുകള്‍ ഞാന്‍ തേടുമ്പോള്‍, സുസ്ഥിരത ആദ്യം അകത്ത് നിന്ന് തന്നെയാണ് ആരംഭിക്കുന്നതെന്നും അതിന് വേണ്ടി നിലകൊള്ളുമ്പോള്‍ തന്നെ, നിങ്ങള്‍ സേവിക്കാനാഗ്രഹിക്കുന്ന ജനങ്ങളോട് സത്യസന്ധരായിരിക്കുക എന്നത് പ്രധാനമാണെന്നും ഞാന്‍ വിശ്വസിക്കുന്നു. യഥാര്‍ത്ഥത്തില്‍ ലോക നിലവാരമുള്ള നഗരം എന്ന നമ്മുടെ ലക്ഷ്യം നേടിയെടുക്കാനുള്ള നമ്മുടെ കഴിവിനെ ശക്തിപ്പെടുത്താന്‍ ഭൂതകാലത്തില്‍ നിന്നുള്ള പാഠങ്ങള്‍ നമ്മെ സഹായിക്കും. നമ്മള്‍ തെളിമയുള്ള കാഴ്ചയോടും നിറഞ്ഞ ഹൃദയത്തോടും കൂടി ഭാവിയെ ഉറ്റുനോക്കുന്നു. ആ കാഴ്ചപ്പാട് നിശ്ചയദാര്‍ഢ്യമുള്ളതും കൈയിലുള്ള ദൗത്യം ഏത് നിമിഷവും നിറവേറ്റാന്‍ തയ്യാറുള്ളതും കൂടിയാണ്. 

അവസാനിപ്പിക്കുന്നതിന് മുമ്പ്, തങ്ങളുടെ തിരക്കിട്ട ജീവിതം മാറ്റി വയ്ക്കുന്നത് തുടരുന്ന ആയിരക്കണക്കിന് സന്നദ്ധപ്രവര്‍ത്തകരോട് നിങ്ങള്‍ കാണിക്കുന്ന ദയയിലും അവര്‍ക്ക് നല്‍കുന്ന പിന്തുണയിലുമുള്ള എന്റെ അകൈതവമായ നന്ദി രേഖപ്പെടുത്താന്‍ ഞാന്‍ ഈ അവസരം ഉപയോഗിക്കുന്നു. ഒരു നഗരത്തിലെ ഒരു പാര്‍ട്ടിക്ക് കറയില്ലാത്ത സാമ്പത്തിക സ്രോതസുകളുടെ പിന്‍ബലത്തോടെ ഒരു തിരഞ്ഞെടുപ്പ് ജയിക്കാനാവും എന്ന് ജനങ്ങളെ ബോധ്യപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് അവര്‍ എത്തിയിരിക്കുന്നത്. ഞങ്ങളുടെ മുന്നില്‍ നിങ്ങളുടെ പൂമുഖ വാതിലുകള്‍ തുറന്ന് തരുന്നതും നിങ്ങളുടെ ചിന്തകളും അനുഗ്രഹങ്ങളും ഞങ്ങള്‍ക്ക് നല്‍കുകയും ചെയ്യുന്നതില്‍ നിങ്ങളോട് കടപ്പാടില്ലാത്ത ഒരു ദിവസവും എന്റെ ജീവിതത്തില്‍ കടന്നുപോവുന്നില്ല. 

നാളത്തെ നേതാക്കളാണ് നിങ്ങള്‍ എന്ന് നാം എപ്പോഴും യുവജനങ്ങളോട് പറയുന്നു. എന്നാല്‍ ഞാന്‍ അതിനോട് വിയോജിക്കുന്നു. ഇന്നത്തെ ഇന്ത്യയ്ക്ക് അവരുടെ ശക്തി ആവശ്യമുണ്ട്. നമ്മളെ പോലെ തന്നെ അവരും ഇവിടെ തന്നെയുണ്ട്. അവരെ ഉള്‍ക്കൊള്ളേണ്ടത് നമ്മുടെ ബാധ്യതയാണ്; അവരോട് പങ്കുവയ്‌ക്കേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണ്. ഇത് നമ്മുടെ സമയമാണ്. 

അവസാനമായി, ഒരു കാര്യത്തില്‍ നിങ്ങള്‍ക്ക് ഉറപ്പുതരാന്‍ എനിക്ക് കഴിയും: ഞാന്‍ ഇനി ഇറങ്ങിപ്പോവില്ല.

(മുന്‍ ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി കണ്‍വീനറുമാണ് അരവിന്ദ് കെജ്രിവാള്‍)

*Views are personal

ടീം അഴിമുഖം


ഡല്‍ഹി തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുന്ന ഫെബ്രുവരി പത്തിന് ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ പുതിയ ഒരു ദശയ്ക്ക് കൂടി തുടക്കം കുറിച്ചേക്കാം. അടുത്ത ഒരാഴ്ചയ്ക്കുള്ളില്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ ബിജെപിക്ക് സാധിച്ചില്ലെങ്കില്‍, അരവിന്ദ് കെജ്രിവാള്‍ ഡല്‍ഹിയുടെ പുതിയ മുഖ്യമന്ത്രിയാവും എന്ന് ഏറെക്കുറെ ഉറപ്പാണ്. ഇപ്പോള്‍ തന്നെ പ്രക്ഷുബ്ദമായ ഇന്ത്യന്‍ രാഷ്ട്രീയത്തിലെ മറ്റൊരു ഗതിമാറ്റത്തിനാവും എഎപിയുടെ വിജയം കാരണമാവുക.

ഒന്നുകില്‍ തൂക്ക് നിയമസഭ അല്ലെങ്കില്‍ എഎപി സര്‍ക്കാര്‍ എന്നീ രണ്ട് സാധ്യതകളിലേക്കാണ് ഏറ്റവും ഒടുവിലത്തെ അഭിപ്രായ സര്‍വെകള്‍ വിരല്‍ ചൂണ്ടുന്നത്. ഏറ്റവും ഒടുവിലത്തെ എബിപി-നീല്‍സണ്‍ സര്‍വെയില്‍, ബിജെപിയെക്കാള്‍ നാല് ശതമാനം വോട്ടുകള്‍ എഎപിയ്ക്ക് ലഭിക്കുമെന്ന് പ്രവചിക്കുന്നു. ‘ജനുവരി രണ്ടാം വാരം നടത്തിയ അഭിപ്രായ വോട്ടെടുപ്പില്‍ 46 ശതമാനം പേര്‍ എഎപിയ്ക്ക് വോട്ട് ചെയ്യുമെന്ന് പറഞ്ഞിരുന്നെങ്കില്‍ ഇപ്പോള്‍ അത് നാല് ശതമാനം കൂടി വര്‍ദ്ധിച്ചിട്ടുണ്ട് (46ല്‍നിന്നും 50 ശതമാനത്തിലേക്ക്). എന്നാല്‍ ബിജെപിക്ക് നാല് ശതമാനത്തിന്റെ (45ല്‍നിന്നും 41ലേക്ക്) കുറവാണ് ഉണ്ടായിരിക്കുന്നതെന്ന് എബിപി ന്യൂസ്-നീല്‍സണിന്റെ പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടുന്നു. കിരണ്‍ബേദിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായുള്ള രംഗപ്രവേശം വഴി ബിജെപിക്ക് കൂടുതല്‍ വോട്ടുകള്‍ ആകര്‍ഷിക്കാന്‍ കഴിയുന്നില്ല എന്നതാണ് ഏറെ പ്രധാനം.

ഡല്‍ഹി തിരഞ്ഞെടുപ്പില്‍ ബിജെപിയും എഎപിയും ഒപ്പത്തിനൊപ്പം നില്‍ക്കുമെന്നാണ് ഹിന്ദുസ്ഥാന്‍ ടൈംസിന്റെ സര്‍വെ പ്രവചിക്കുന്നത്. അങ്ങനെ വന്നാല്‍, ഒരു വര്‍ഷത്തെ പ്രസിഡന്റ് ഭരണത്തിന് ശേഷവും രാജ്യ തലസ്ഥാനത്ത് തൂക്ക് നിയമസഭയാവും നിലവില്‍ വരിക. ബിജെപിക്കും എഎപിയ്ക്കും 31-36 സീറ്റുകള്‍ക്ക് ഇടയില്‍ ലഭിക്കുമെന്നും കോണ്‍ഗ്രസ് മൂന്നിനും ഏഴിനുമിടയ്ക്കുള്ള സീറ്റുകളിലേക്ക് ഒതുങ്ങുമെന്നും ആ സര്‍വെ പ്രവചിക്കുന്നു.

ഡല്‍ഹിക്കാര്‍ ഏഴാം തീയതി തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിക്കുമെങ്കിലും ഫലങ്ങള്‍ പുറത്തുവരാന്‍ മൂന്ന് ദിവസം കൂടി കാത്തിരിക്കേണ്ടി വരും. സര്‍വെ പ്രകാരം മുന്‍മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് തന്നെയാണ് ആ സ്ഥാനത്തേക്ക് കൂടുതല്‍ ജനപിന്തുണ ഉള്ളത്. 43 ശതമാനം പേര്‍ കെജ്രിവാള്‍ മുഖ്യമന്ത്രിയാവണം എന്ന് ആഗ്രഹിക്കുമ്പോള്‍, കിരണ്‍ബേദിക്ക് 39 ശതമാനം പേരുടെയും അജയ് മാക്കന് 12 ശതമാനം പേരുടെയും പിന്തുണയാണുള്ളത്.

എന്നാല്‍ ഇത്തവണ ഡല്‍ഹിയിലെ യഥാര്‍ത്ഥ സ്ഥിതിവിശേഷം പ്രതിഫലിപ്പിക്കാന്‍ സര്‍വെകള്‍ക്ക് സാധിച്ചിട്ടില്ല എന്നാണ് ഞങ്ങള്‍ കരുതുന്നത്. നരേന്ദ്ര മോദി-അമിത് ഷാ സഖ്യം കിരണ്‍ബേദിയെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് ബിജെപിയുടെ സംസ്ഥാന ഘടകത്തില്‍ പൊട്ടിത്തെറിയുണ്ടായി. ബിജെപിയില്‍ കാര്യങ്ങളാകെ അലങ്കോലമാണെന്ന് മാത്രമല്ല, പല പ്രധാന പ്രവര്‍ത്തകരും തിരഞ്ഞെടുപ്പ് വേദികളില്‍ സജീവവുമല്ല. നരേന്ദ്ര മോദി-അമിത് ഷാ കൂട്ടുകെട്ടിന്റെ ഏകാധിപത്യ പ്രവണതകള്‍ക്കെതിരായ ഒരു ദേശിയ പോരാട്ടം ബിജെപിയുടെ ഡല്‍ഹി ഘടകത്തില്‍നിന്നും ആരംഭിക്കാനുള്ള സാധ്യത ഏറെയാണ്. പതിറ്റാണ്ടുകളായി ഹര്‍ഷവര്‍ദ്ധന്‍ കൊണ്ടുനടന്നിരുന്ന കൃഷ്ണനഗര്‍ മണ്ഡലത്തില്‍ മത്സരിക്കുന്ന കിരണ്‍ബേദി പോലും സുരക്ഷിതമല്ലെന്ന കാര്യം ഇപ്പോള്‍ രഹസ്യമല്ല. 

എഎപിയുടെ അല്‍പായുസായ സര്‍ക്കാര്‍ തങ്ങള്‍ക്ക് വേണ്ടി ഏറെ കാര്യങ്ങള്‍ ചെയ്തിട്ടുണ്ട് എന്ന് നഗരത്തിലെ താഴ്ന്ന വരുമാനക്കാരും ദരിദ്രരും ഇപ്പോള്‍ തിരിച്ചറിയുന്നു എന്നതാണ് മറ്റൊരു പ്രധാനപ്പെട്ട കാര്യം. അവരില്‍ ഭൂരിപക്ഷവും എഎപിയ്ക്ക് വോട്ട് ചെയ്യും എന്ന് തെരുവില്‍ വെറുതെ ഒരു അഭിപ്രായ സര്‍വെ നടത്തിയാല്‍പോലും വ്യക്തമാവും. അവരെ സംബന്ധിച്ചിടത്തോളം മോദി സര്‍ക്കാര്‍ അവര്‍ക്ക് വേണ്ടി ഒന്നും ചെയ്തിട്ടില്ല. 2014 ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് ചരിത്ര വിജയം നല്‍കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ച വിദ്യാസമ്പന്നരായ മധ്യവര്‍ഗക്കാര്‍, മോദിയുടെ ഭരണനിര്‍വഹ രീതികളില്‍ അസ്വസ്ഥരാണെന്നതാണ് മോദിക്ക് ഒരു ദീര്‍ഘകാല പ്രശ്‌നമായി മാറാന്‍പോകുന്നത്. വ്യാപകമായ പൊതുസമ്പര്‍ക്ക പരിപാടികളും, സ്വന്തം പേര് തുന്നി പിടിപ്പിച്ച സ്യൂട്ട് പോലുള്ള താന്‍പ്രമാണിത്തങ്ങളും, ഭരണനിര്‍വഹണത്തില്‍ ആശാവഹമായ ഒരു പുരോഗതിയും ദൃശ്യമാകുന്നില്ല എന്ന യാഥാര്‍ത്ഥ്യവും സ്വീകരണമുറികളില്‍ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്.

ഇന്ത്യന്‍ മധ്യവര്‍ഗത്തിന്റെ വളരെ ഹൃസ്വപ്രണയങ്ങളില്‍ ഒന്നായിരുന്നു മോദി എന്ന യാഥാര്‍ത്ഥ്യമാണ് ഇപ്പോള്‍ കൂടുതലായി പുറത്ത് വരുന്നത്. കൂടുതല്‍ ജനാധിപത്യപരമായി പെരുമാറുകയും തീരുമാനമെടുക്കല്‍ പ്രക്രിയയില്‍ കൂടുതല്‍ നേതാക്കളെ ഉള്‍പ്പെടുത്തിക്കൊണ്ട്, തന്റെ രീതികളില്‍ നാടകീയമായ മാറ്റങ്ങള്‍ വരുത്താന്‍ മോദി തയ്യാറായില്ലെങ്കില്‍, മോദിയുടെ പ്രധാനമന്ത്രിപദം ഒരു കലാപത്തില്‍ കലാശിച്ചേക്കാം. രാജീവ് ഗാന്ധിയുടെ ആദ്യ പ്രധാനമന്ത്രിപദത്തിന്റെ അന്ത്യത്തിന്റെ ആവര്‍ത്തനമാകാം അത്.

ഡല്‍ഹി തിരഞ്ഞെടുപ്പ് ബിജെപിയുടെ ഭാഗ്യത്തെ മാറ്റി മറിക്കുമെങ്കില്‍, ഏറെ കാര്യങ്ങളില്‍ ആശങ്കപ്പെടേണ്ടതായി വരും. കാരണം, ആക്രമണോത്സുക ഹിന്ദുത്വത്തെ അവരുടെ രാഷ്ട്രീയ വളര്‍ച്ചയുമായി സംയോജിപ്പിക്കാനാണ് മോദി-ഷാ കൂട്ടുകെട്ട് ശ്രമിക്കുന്നത്. വികസന വാഗ്‌ധോരണികള്‍ ഫലിച്ചില്ലെങ്കില്‍, ഹിന്ദുത്വ അജണ്ട നടപ്പിലാക്കുക മാത്രമായിരിക്കും അവര്‍ക്ക് മുന്നില്‍ അവശേഷിക്കുന്ന മാര്‍ഗ്ഗം. അത് ഇന്ത്യയ്ക്ക് വലിയ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യും. ഫെബ്രുവരി പത്തിന് ഉച്ചയ്ക്ക് ശേഷം ആരംഭിക്കാനിരിക്കുന്ന തലവേദന അതായിരിക്കും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍