UPDATES

സ്വാമി സംവിദാനന്ദ്

കാഴ്ചപ്പാട്

സ്വാമി സംവിദാനന്ദ്

ന്യൂസ് അപ്ഡേറ്റ്സ്

മന്ദബുദ്ധി കാഷായക്കാര്‍ ഒരു തെരഞ്ഞെടുപ്പ് തോൽപ്പിക്കുന്ന വിധം

എന്തൊക്കെയായിരുന്നു….

ഡല്‍ഹിയിലെ പതിനാറ് വര്‍ഷം നീളുന്ന ബിജെപി രഹിത ഭരണത്തെ ഇക്കുറിയും ദീര്‍ഘിപ്പിക്കാനും ആക്കം കൂട്ടാനും സഹായിച്ചതില്‍ പ്രധാന പങ്ക് സന്യാസിമാര്‍ക്കും ഉണ്ട്.

വാ വളച്ചാല്‍ വിഡ്ഡിത്തം മാത്രം എഴുന്നുള്ളിക്കാന്‍ കെല്പുള്ള സ്വാമിമാരെ ബിജെപി കളത്തിലിറക്കി. അവരങ്ങനെ ഓരോ കോണില്‍ നിന്ന് പത്ത് മക്കള്‍ വേണം, നാല് വേണം, പള്ളീല്‍ ഗണപതി വിഗ്രഹം വേണം, രാമനെ മാനിക്കുന്നവര്‍ മാത്രം ഇന്ത്യയില്‍ മതി എന്നിങ്ങനെ സ്വസ്ഥമായ് ജീവിക്കാനാഗ്രഹിച്ച ശരാശരി ദില്ലിക്കാരന്റെ വായില്‍ കോലിട്ടിളക്കി. ഇടയില്‍ തീര്‍ത്തും മന്ദബുദ്ധിയായ ഒരു കാഷയക്കാരന്‍ മനുഷ്യന്‍ കേജരിവാളിനെ തട്ടും ഗാന്ധിജിയെയും ഞങ്ങളാണ് തട്ടിയത് എന്നൊക്കെ ആധികാരികമായി പറയുന്നുണ്ടായിരുന്നു. അദ്ദേഹം ഹിന്ദുമഹാ സഭയുടെ സ്ഥാനര്‍ത്ഥിയാണ്, പത്ത് ലക്ഷം അനുയായികളുണ്ട് എന്നൊക്കെ വിളമ്പുന്നുണ്ടായിരുന്നു. ഹിന്ദുമഹാ സഭയുടെ സ്ഥാനാര്‍ത്ഥിയായ കക്ഷി ബി ജെ പിയുടെ തൊപ്പി തലയില്‍ വെച്ചിരുന്നത് എന്തിനെന്നും മനസ്സിലായില്ല. അയാളുമായുള്ള ഇന്റര്‍വ്യൂ കണ്ട് കഴിഞ്ഞപ്പോള്‍ മനോരോഗിയായ ഒരാളെ ഉപയോഗിച്ച് ബിജെപിയെ കെണിയില്‍ പെടുത്തി എന്നു തോന്നി. കാരണം ഗോവയില്‍ നിന്നും മോദി എന്നെ ഫോണ്‍ വിളിച്ചു പറഞ്ഞു പരിഹാരം ഉണ്ടാക്കാന്‍ എന്നൊക്കെയുള്ള ലൈനിലാണ് കക്ഷി സംസാരിക്കുന്നത്. നില്‍ക്കുന്നത് തെരുവിലാണെങ്കിലും പിടിപാടൊക്കെ അങ്ങ് കൊമ്പത്താണ്. ഇന്റര്‍വ്യൂ തീരും മുന്നെ തന്നെ കൂടെയുള്ള ആള്‍ക്കാര്‍ തനിക്കെന്താ വട്ടുണ്ടോ എന്നു ചോദിക്കുന്നത് വരെ എത്തി കാര്യങ്ങള്‍. എയ് എനിക്ക് വട്ടില്ല എന്ന് സ്വാമി മറുപടി പറയുന്നതില്‍ ഇന്റര്‍വ്യൂ അവസാനിക്കുന്നു…

എന്തായാലും നിലവിലെ സാഹചര്യത്തില്‍ ബിജെപി ശ്രദ്ധിക്കേണ്ട ഒരു കാര്യം മര്യാദയ്ക്ക് കൊള്ളാവുന്ന ഒരു സന്യാസിയും രാഷ്ട്രീയത്തില്‍ വരുകയില്ല. അഥവാ ഒരു സന്യാസി രാഷ്ട്രീയക്കാരനു വേണ്ടി പ്രചാരണത്തിനു ഇറങ്ങിയിട്ടുണ്ടെങ്കില്‍ അത് പരമ്പരാഗത സന്യാസിമാരില്‍ ആരും ആയിരിക്കില്ല. കാരണം ഏതെങ്കിലും ഒരു സന്യാസി രാഷ്ട്രീയത്തില്‍ പോയാല്‍ സന്യാസി സമൂഹത്തില്‍ അയാളുടെ വില താഴേക്കാണ്. കാരണം രാഷ്ട്രത്തിന്റെ പുരോഗതിക്കായ് പ്രാര്‍ത്ഥിക്കുകയും ഉപദേശിക്കുകയും ചെയ്യുക എന്നതാണ് സന്യാസിക്ക് ചെയ്യാവുന്ന ഏറ്റവും മഹത്തായ കാര്യം. പക്ഷം ചേര്‍ന്ന് വോട്ടു പിടിക്കാന്‍ പോകുന്നവനെ സന്യാസിയെന്നു വിളിക്കാന്‍ ആരും ഉണ്ടാവില്ല. സന്യാസി സമൂഹത്തില്‍ സുജന ശ്രദ്ധ കിട്ടുന്നവരല്ലാതെ രാഷ്ട്രീയമോഹമുള്ള ആത്മീയവും ഭൗതികവും ആയ വിദ്യാഭ്യാസം ഇല്ലാത്ത സന്യാസ വേഷധാരികള്‍ ബിജെപി എന്ന രാഷ്ട്രീയ പ്രസ്ഥാനത്തിനു വരുത്തി വെയ്ക്കാന്‍ പോകുന്ന നാശം തീരെ ചെറുതായിരിക്കില്ല.

ബിജെപി യെ തോല്‍പിച്ചത് പത്ത് ലക്ഷം രൂപയുടെ ഒരു കുപ്പായം മാത്രമല്ല. ഡല്‍ഹിയില്‍ വോട്ടുള്ള ഉദ്യോഗസ്ഥന്മാരൊക്കെ മോദിയുടെ പാര്‍ട്ടിക്ക് വോട്ട് കുത്തില്ല. ജനങ്ങള്‍ ഗൂണ്ടാ രാഷ്ട്രീയത്തെയും അഴിമതി രാഷ്ട്രീയത്തെയും വെറുക്കുന്നു. അതിലൊക്കെ ഉപരിയാണ് കെജ്രിവാളിന്റെ ആ കാര്‍ യാത്ര. ലോകത്തില്‍ ഏതു രാജ്യത്തിലും ഇല്ലാത്തപോലെ തിരഞ്ഞെടുക്കപ്പെട്ട മനുഷ്യര്‍ തിരഞ്ഞെടുത്ത മനുഷ്യരെ വഴിയില്‍ പട്ടികളെ പോലെ പീഡിപ്പിക്കുന്ന രാജ്യം ഇന്ത്യയാണ്. ഏത് ഡല്‍ഹിക്കാരനുണ്ടാവും ഒരിക്കലെങ്കിലും വി ഐ പി മൂവ്‌മെന്റിനെ പ്രാകാത്തതായ്?. സൈറന്‍ മുഴക്കി പോകുന്ന ഏമാനെ പുച്ഛത്തോടെ നോക്കാത്തതായ്?. അത്തരം അശ്ലീലങ്ങളെ, രാഷ്ട്രീയ യജമാനന്മാരെന്ന അശ്ലീലങ്ങളെ സഹിച്ചു മടുത്ത ജനങ്ങള്‍ക്ക് മുന്നിലേക്ക് കാഷായ അശ്ലീലങ്ങളെക്കുടി തിരികി കയറ്റിയത് നിങ്ങളുടെ പരാജയത്തിനു ആക്കം കൂട്ടി. ദയവായ് രാഷ്ട്രീയത്തില്‍ മതം കലര്‍ത്തി ജനങ്ങളെ ഭിന്നിപ്പിക്കാമെന്നു കരുതരുത്. മതം തട്ടിപ്പാണെന്ന് സാധരണ ജനങ്ങള്‍ക്ക് നല്ല ബോധ്യം വരുന്ന കാലമാണ്.

ഓഫ് ടോക്ക്: ഇപ്പറഞ്ഞത് ഞങ്ങള്‍ കേരളീയര്‍ക്ക് ബാധകമല്ല. ഞങ്ങള്‍ ഇടത് വലത് കക്ഷികള്‍ ജാതിയും മതവും നോക്കി തന്നെ സ്ഥാനാര്‍ത്ഥിയെ തിരഞ്ഞെടുക്കും; പള്ളിയെയും പട്ടക്കാരെയും സമുദായ നേതാക്കളെയുമൊക്കെ കൃത്യമായ് ഉപയോഗിച്ച് ജയിച്ചു കേറും. വിദ്യാഭ്യാസം അടക്കം സകലതും ജാതി നോക്കി വീതിച്ചു നല്‍കും. മേല്‍ കുറിപ്പ് മനുഷ്യരെ സംബന്ധിച്ചുള്ളതാണ്; കേരളീയരെയല്ല.

സ്വാമി സംവിദാനന്ദ്

സ്വാമി സംവിദാനന്ദ്

ഹരിദ്വാര്‍ അഭേദഗംഗാമയ്യാ ആശ്രമത്തിന്റെ മഹന്ത്. തൃപ്പൂണിത്തുറ സംസ്‌കൃത കോളേജ്, കാശി, ഹരിദ്വാര്‍, ഋഷികേശ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. ദൈവത്തോറ്റം, അഭയാര്‍ത്ഥിപ്പൂക്കള്‍ എന്നീ രണ്ട് ചൊല്‍ക്കവിതാ സമാഹാരങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മഞ്ഞുതാമര എന്ന പേരില്‍ 2006 മുതല്‍ കവിതാ ബ്ളോഗ് ഉണ്ട്.

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍