UPDATES

അവരോരുത്തരും നിർഭയമാരാണ്; അവർ മറഞ്ഞിരിക്കേണ്ടവരല്ല

നിർഭയ സയൻസ് മ്യൂസിയത്തിന് മകളുടെ യഥാർത്ഥ പേരു നൽകണമെന്ന് മാതാപിതാക്കൾ

സമൂഹ മന:സാക്ഷിയെ ആഴത്തിൽ പിടിച്ചു കുലുക്കുകയും രാജ്യമെമ്പാടും വൻ പ്രതിഷേധങ്ങൾക്കു കാരണമാവുകയും ചെയ്ത ഒന്നാണ് ഡൽഹിയിൽ കൂട്ടബലാത്സംഗത്തിനിരയായി പെൺകുട്ടി കൊല്ലപ്പെട്ട സംഭവം. സ്ത്രീകൾക്കെതിരായ അതിക്രമങ്ങളിൽ ശക്തമായ നിയമനിർമാണത്തിനും ഈ സംഭവം കാരണമായി. ഡൽഹിയിൽ കൊല്ലപ്പെട്ട പെൺകുട്ടിയെ പുറം ലോകമറിഞ്ഞത് ‘നിർഭയ’ എന്ന പേരിലാണ്. ഈ പെണ്‍കുട്ടിയുടെ ഓര്‍മയ്ക്കായി കേന്ദ്രസര്‍ക്കാര്‍ പിന്നീട് ഡൽഹിയിലെ സയന്‍സ് മ്യൂസിയത്തിന് നിർഭയ എന്നു പേരു നൽകി. എന്നാല്‍ സയന്‍സ് മ്യൂസിയത്തിനു തങ്ങളുടെ മകളുടെ യഥാര്‍ത്ഥ പേര് തന്നെ നല്‍കണമെന്നാവശ്യപ്പെട്ട് അധികൃതരെ സമീപിച്ചിരിക്കുകയാണ് നിര്‍ഭയയുടെ മാതാപിതാക്കള്‍ ഇപ്പോള്‍. കുറ്റം ചെയ്തവരാണു മറഞ്ഞിരിക്കേണ്ടതെന്നും തങ്ങളുടെ മകളല്ല എന്നും അവര്‍ ഇതിനു കാരണമായി പറയുന്നു. ബലാത്സംഗത്തിനും മറ്റു ശാരീരികാതിക്രമങ്ങള്‍ക്കും ഇരയാകുന്നവരുടെ പേരുവിവരങ്ങൾ പ്രസിദ്ധപ്പെടുത്തരുതെന്നാണ് ഇന്ത്യയിൽ നിയമം അനുശാസിക്കുന്നത്. ഈ സാഹചര്യത്തില്‍ നിര്‍ഭയയുടെ മാതാപിതാക്കള്‍ ഉയര്‍ത്തിയ ആവശ്യത്തോട് പ്രതികരിക്കുകയാണ് എഴുത്തുകാരിയും അഭിഭാഷകയുമായ ആര്‍ ഷഹ്‌ന. 

അരാഷ്ട്രീയ ഇന്ത്യയെ രൂപപ്പെടുത്തിയ സ്ത്രീപീഡന കേസുകളിൽ നിന്നും ഇന്നത്തെ സ്ത്രീസമൂഹത്തിന് മനസ്സിലായത് ഇതാണ് “ഏതു സമയത്തും എവിടെവെച്ചും നിങ്ങൾ അക്രമിക്കപ്പെട്ടേക്കാം. നിങ്ങൾ പീഡിപ്പിക്കപ്പെടുമ്പോൾ ഏറ്റുമുട്ടുന്നത് ആണിനോട് മാത്രമല്ല, ഒപ്പം പണത്തോടും പദവിയോടും മതമേലാളന്മാരോടും കക്ഷി രാഷ്ട്രീയ പാർട്ടികളും നടമാടുന്ന അധികാര വർഗ്ഗത്തോടും കൂടിയാണ്.”

ഇന്ത്യൻ പീനൽകോഡ് സെക്ഷൻ228A നിഷ്കർഷിക്കുന്ന പ്രകാരം ബലാത്സംഗ കേസുകളിൽ ഇരയുടെ പേരോ ഇരയുടെ വ്യക്തിത്വം വ്യക്തമാക്കുന്ന ഏതെങ്കിലും വിവരണങ്ങളോ പ്രസിദ്ധപ്പെടുത്തുന്നത് രണ്ടുവർഷം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റക്യത്യമാണ്… എന്നാൽ പൂർവ്വാധികം വഷളായി കൊണ്ടിരിക്കുന്ന സാഹചര്യങ്ങളിൽ വളരെ സെൻസേഷനലായ ആവരണങ്ങൾക്ക് പിന്നിൽ മറഞ്ഞിരിക്കാൻ ഇരയായ സ്ത്രീയെ നിർബന്ധിക്കുന്നത് എന്തിന്? സ്ത്രീശരീരത്തെ ഉപഭോഗവസ്തുവായി കാണുന്ന കാഴ്ച്ചപ്പാടിൽ നിന്നാണ് ഒളിച്ചുവെക്കാൻ ഉള്ള പ്രേരണ. അവളുടെ വ്യക്തിത്വത്തിന്റെ പ്രധാനഘടകം ശരീരത്തിലേൽക്കുന്ന മുറിവുകൾ ആണോ? മറ്റേതു രീതിയിൽ മരണപ്പെട്ടാലും മുറിവേറ്റാലും സമൂഹത്തിന്റെ മുന്നിൽ അവൾക്ക് അഡ്രസ്സ് ഉണ്ട്. എന്നാൽ ബലാത്കാരമായി സ്ത്രീശരീരത്തെ ലൈംഗികമായി ഉപയോഗിക്കപ്പെടുമ്പോൾ മാത്രം അവൾ മറഞ്ഞിരിക്കേണ്ടവൾ ആകുന്നു.

സമൂഹം നൽകുന്ന ഇരുട്ടറയിൽ സദാചാരതത്വസംഹിതകളിൽ പെട്ട് മുഖമില്ലാതെ ജീവിച്ചു മരിക്കണം. തീർച്ചയായും ഇത്തരം സംഭവങ്ങൾ നിഗൂഡവത്കരിക്കുമ്പോൾ ഇരയുടെ എണ്ണം കൂടുകയാണുണ്ടാകുന്നത്.

ഈ സാഹചര്യത്തിൽ കാലഘട്ടങ്ങൾക്ക് അനുസ്യതമായ മാറ്റങ്ങൾ വന്നേ പറ്റൂ. ഇരയാക്കപ്പെട്ടവർ അല്ല വേട്ടയാടപ്പെടേണ്ടത്. ഒരുകാലത്ത് ഇര അറിയപ്പെട്ടത് സ്ഥലത്തിന്റെ പേരിലായിരുന്നു. പറവൂർ പെൺകുട്ടിയായും വിതുര പെൺകുട്ടിയായും ഒക്കെ ഇവർ വാർത്തകളിൽ നിറഞ്ഞു നിന്നു.

നിയമപ്രകാരം, ഇവരെ പറ്റിയുള്ള വിവരങ്ങൾ അന്വേഷണ ഉദ്യോഗസ്ഥർക്ക് ഉത്തമവിശ്വാസത്തിൽ അന്വേഷണകാര്യങ്ങൾക്കായി മാത്രം പ്രസിദ്ധപ്പെടുത്താവുന്നതാണ്. പീഡിപ്പിക്കപ്പെട്ട സ്ത്രീ മരണപ്പെട്ടാൽ അവരെ പറ്റിയുള്ള വിവരണം പ്രസിദ്ധപ്പെടുത്തണമെങ്കിൽ ഏറ്റവും അടുത്ത ബന്ധുവിന്റെ രേഖാമൂലമുള്ള സമ്മതം സംസ്ഥാന /കേന്ദ്ര സർക്കാർ അധീനതയിലുള്ള സാമൂഹ്യക്ഷേമ സ്ഥാപനത്തിന്റെ ചെയർമാനോ സെക്രട്ടറിക്കോ നൽകണം. നിയമം അനുശാസിക്കുന്നത് സാമുഹ്യസുരക്ഷയിൽ അവരുടെ വ്യക്തിത്വം കാത്തുസൂക്ഷിക്കപ്പെടാനാണ്.

രാഷ്ട്രീയകൊലപാതകങ്ങളിൽ മരിക്കുന്നവർ പോലും രക്തസാക്ഷികളാണ്. അവർ ആദരിക്കപ്പെടുന്നു. പീഡനത്തിൽ മരണപ്പെട്ടാൽ അവർ മറവിയുടെ ലോകത്തിലേക്ക്… പേരു പോലും പറയാൻ അർഹതയില്ല പിന്നീട്; എന്തു വിരോധാഭാസമാണിത്. അവരുടെ ഓർമ്മകളിൽ ഒന്നും നിർമ്മിക്കാൻ അനുമതിയില്ല. അവർ രക്തസാക്ഷികളുമല്ല! ഈ കാഴ്ച്ചപ്പാട് മാറ്റപ്പെടണം. നിർഭയ എന്നപേര് ഒരു പ്രതീകം മാത്രമാണ്.

സ്ത്രീകൾ അസ്വാഭിക, ദുർമരണ പരമ്പരകളിൽ ഇരകളാകുന്ന ഈ കാലഘട്ടത്തിൽ രാഷ്ട്രീയ, മതസംഘടനകളുടെ ഭാഗമായി പ്രവർത്തിക്കുന്ന സ്ത്രീസംഘടനകൾ പ്രകടനം നടത്താതെ അവരുടെ സ്വതന്ത്ര കാഴ്ച്ചപ്പാട് ഈ കാര്യത്തിൽ വ്യക്തമാക്കണം. അല്ലാത്ത പക്ഷം ‘സ്ത്രീകളുടെ സംഘടനകൾ’ എന്നവകാശപ്പെടാതിരിക്കാനുള്ള ഒൗചിത്യമെങ്കിലും കാണിക്കണം.

ലൈംഗിക സ്വാതന്ത്യമില്ലായ്മയും കപടസദാചാരവാദവും കൊണ്ട് പീഡിപ്പിക്കുന്ന ഈ സമൂഹത്തിനു മാറ്റങ്ങൾ വന്നേപറ്റൂ. കാരണം ഇന്നത്തെ ജീവിതമാണ് നാളത്തെ ചരിത്രം.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

 

അഡ്വ. ആര്‍ ഷഹ്‌ന

അഡ്വ. ആര്‍ ഷഹ്‌ന

എഴുത്തുകാരി, അഭിഭാഷക

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍