UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഡല്‍ഹി സര്‍ക്കാര്‍: കോണ്‍ഗ്രസിനു പഠിക്കുന്ന മോദിയും ബിജെപിയും

Avatar

സി.ആര്‍ നീലകണ്ഠന്‍

ഇപ്പോള്‍ ദില്ലിയില്‍ നടക്കുന്നത് ‘അധികാര തര്‍ക്കം’ ആണെന്ന രീതിയിലാണ് പല മാധ്യമങ്ങളും കാണുന്നത്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ അത്, തെരഞ്ഞെടുക്കപ്പെട്ട ജനാധിപത്യ സര്‍ക്കാരിനെതിരെ കേന്ദ്രം സ്വന്തം പാവയായ ലഫ്റ്റനന്റ് ഗവര്‍ണറിലൂടെ നടത്തുന്ന കയ്യേറ്റമാണ് എന്നതാണ് സത്യം. ദില്ലിയുടെ ചരിത്രം നമ്മുടെ മുന്നിലുണ്ട്. കേന്ദ്രത്തിലും ദില്ലിയിലും വ്യത്യസ്ത കക്ഷികള്‍ ഭരണം നടത്തുന്നത് ഇതാദ്യമല്ല. ഇതിനു മുമ്പൊരിക്കലും (1991 ലെ നിയമഭേദഗതിയില്‍ ദില്ലിക്ക് ഭരണഘടനയുടെ 239 എ.എ. വകുപ്പനുസരിച്ചുള്ള പ്രത്യേക പദവി ലഭിച്ചശേഷം) ലഫ്റ്റനന്റ് ഗവര്‍ണ്ണര്‍ ഇത്തരത്തില്‍ പെരുമാറിയിട്ടില്ല. ഇപ്പോള്‍ മാത്രം എന്തുവ്യത്യാസമാണുണ്ടായത്. ദില്ലിയിലെ ചീഫ് സെക്രട്ടറി 10 ദിവസത്തെ ലീവിന് പോയ സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ അഭിപ്രായം തേടാതെ ഒരു വ്യക്തിയെ ചീഫ് സെക്രട്ടറിയായി നിയമിച്ചതാണ് തര്‍ക്കങ്ങളുടെ തുടക്കം. ഈ നിയമനം അംഗീകരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറായില്ല. ഇതിനു പ്രതികാരമായി മുഖ്യമന്ത്രിയും സംസ്ഥാന സര്‍ക്കാരും നടത്തിയ ഉദ്യോഗസ്ഥ നിയമനങ്ങളെല്ലാം ഗവര്‍ണ്ണര്‍ റദ്ദാക്കി. അതിനെല്ലാം പുറമെ മെയ് 21 ന് കേന്ദ്രസര്‍ക്കാര്‍ ഒരു പ്രത്യേക വിജ്ഞാപനമിറക്കി. ദില്ലിയിലെ ഉദ്യോഗസ്ഥ നിയമനങ്ങളുടെയെല്ലാം അധികാരം ഗവര്‍ണര്‍ക്കാണെന്ന വിജ്ഞാപനം. 

ഇതിനെതിരെ ദില്ലി സര്‍ക്കാര്‍ രാഷ്ട്രപതിക്ക് പരാതി നല്‍കി. ഈ സമയത്താണ് ദില്ലി പോലീസിലെ ഒരു ഉദ്യോഗസ്ഥനെതിരെ ദില്ലി സര്‍ക്കാരിന്റെ കീഴിലുള്ള അഴിമതി വിരുദ്ധ ബ്യൂറോ (എ.സി.ബി.) കേസെടുത്തത്. ഈ നടപടി ചോദ്യം ചെയ്തുകൊണ്ട് ഉദ്യോഗസ്ഥന്‍ ഹൈക്കോടതിയെ സമീപിച്ചു. ഈ കേസിലെ പ്രാഥമിക നിഗമനങ്ങള്‍ മുമ്പുപറഞ്ഞ കേന്ദ്ര ഇടപെടലുകള്‍ക്ക് നിയമസാധുതയില്ലെന്നുള്ള പ്രഖ്യാപനം കൂടിയായിരുന്നു. സോണിയവിഹാര്‍ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനായ അനില്‍കുമാറാണ് അഴിമതിക്ക് ശിക്ഷിക്കപ്പെട്ടത്. ഇദ്ദേഹം നല്‍കിയ ജാമ്യാപേക്ഷ പരിഗണിക്കവേയാണ് ദില്ലി ഹൈക്കോടതിയുടെ സിംഗിള്‍ ബഞ്ച് ഈ പരാമര്‍ശങ്ങള്‍ നടത്തിയത്. ദില്ലിയിലെ ലെഫ്റ്റനന്റ് ഗവര്‍ണര്‍ ‘ജനങ്ങളുടെ വിധി’ മാനിക്കണം എന്നും കേന്ദ്രസര്‍ക്കാര്‍ ഇറക്കിയ വിജ്ഞാപനം ‘സംശയാസ്പദ’മാണെന്നുമായിരുന്നു പരാമര്‍ശങ്ങള്‍. കേസുമായി നേരിട്ടു ബന്ധമില്ലാത്ത പരാമര്‍ശങ്ങളാണെന്നും ഇത് ദുരുപദിഷ്ടമാണെന്നും കാണിച്ച് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നു. മേല്‍പ്പറഞ്ഞ വിജ്ഞാപനം തന്നെ നിയമവിരുദ്ധമാണെന്നു കാട്ടി ദില്ലി സര്‍ക്കാര്‍ ഹൈക്കോടതിയെയും സമീപിച്ചു. ഈ കേസുകള്‍ വരുംനാളുകളില്‍ ചര്‍ച്ചയായേക്കാം. എന്തായാലും ഹൈക്കോടതി പരാമര്‍ശം റദ്ദാക്കാന്‍ സുപ്രീംകോടതി തയ്യാറായില്ലെന്നത് ദില്ലി സര്‍ക്കാര്‍ നിലപാടിനെ ന്യായീകരിക്കുന്നു. ഇത്തരമൊരു വിഷയത്തെ നമുക്ക് വ്യത്യസ്ത രീതികളില്‍ കാണാം. നിയമത്തിന്റെ നൂലിഴ പിരിച്ച് ആര്‍ക്കാണധികാരം എന്ന വിഷയം കോടതികള്‍ തീരുമാനിക്കട്ടെ. അതിനപ്പുറം ഈ വിഷയത്തില്‍ ഉന്നയിക്കപ്പെടുന്ന രാഷ്ട്രീയവിഷയങ്ങളുമുണ്ടല്ലോ. 

ആദ്യം നിയമത്തിലേക്കു നോക്കാം. ദില്ലിയെ കേവലമൊരു കേന്ദ്രഭരണ പ്രദേശമെന്ന പദവിയില്‍ നിന്നും ദേശീയ സംസ്ഥാനപ്രദേശ നിയമം (1995) വഴി ഉയര്‍ത്തിയിട്ടുണ്ടെന്നതാണ് പ്രധാന വസ്തുത. ഇന്ത്യന്‍ ഭരണഘടനയില്‍ സംസ്ഥാനങ്ങള്‍ക്ക് ശേഷം (ഏഴാം ഭാഗം) എട്ടാം ഭാഗത്തില്‍ 239 മുതല്‍ 242 വരെയാണ് കേന്ദ്രഭരണപ്രദേശങ്ങള്‍ക്ക് ബാധകമായുള്ളത്. 239 എ എന്ന വകുപ്പാണ് മറ്റെല്ലാ കേന്ദ്രഭരണ പ്രദേശങ്ങല്‍ക്കും ബാധകം. 1991 ലെ ഭരണഘടനാ ഭേദഗതി (61-ാം ഭേദഗതി)യനുസരിച്ച് ദില്ലിക്ക് മാത്രമായി 239 എ.എ. എന്ന പ്രത്യേക വകുപ്പുണ്ടാക്കി. ഇതു വഴി ദില്ലിക്ക് മറ്റു സംസ്ഥാനങ്ങള്‍ക്കുള്ള പല അവകാശാധികാരങ്ങളും നല്‍കി. കേന്ദ്രഭരണപ്രദേശങ്ങള്‍ക്ക് പൂര്‍ണ്ണമായും തെരഞ്ഞെടുക്കപ്പെട്ട ഒരു നിയമസഭ വേണമെന്നില്ല. ഭാഗീകമായോ പൂര്‍ണ്ണമായോ തിരഞ്ഞെടുക്കപ്പെട്ടതോ നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടതോ ആയ ഒരു സഭ വേണമെന്നേയുള്ളു. (239 എയുടെ ഒന്നാം ഉപവകുപ്പ്) ഇക്കാര്യത്തില്‍ ഒരു മന്ത്രിസഭയുണ്ടായാലും മതി. അവര്‍ക്ക് നിയമനിര്‍മ്മാണാധികാരം ഒട്ടുംതന്നെയില്ല. 

എന്നാല്‍ ദില്ലിക്കു ബാധകമായ 239 എ.എയുടെ ഖണ്ഡികകള്‍ സംസ്ഥാനങ്ങള്‍ക്ക് ബാധകമായ ഖണ്ഡികകളോട് വളരെ സാമ്യമുള്ളവയാണ്. പലതും ഒരുപോലെയാണ്. ജനങ്ങള്‍ നേരിട്ട് തെരഞ്ഞെടുക്കുന്ന നിയമസഭ, ഇതിലേറ്റവും പ്രധാനപ്പെട്ട ഒന്നാണ്. ഈ നിയമസഭയുടെ നിയമനിര്‍മ്മാണാധികാരം മൂന്നുവിഷയങ്ങളിലൊഴിച്ച് (പൊതുക്രമസമാധാനം, പൊലീസ്, ഭൂമി) ബാക്കിയെല്ലാത്തിലും സംസ്ഥാനങ്ങളുടെ നിയമസഭയ്ക്കു സമാനമാണ്. ഭരണഘടനയുടെ എല്ലാ വിഷയങ്ങളിലുംപെട്ട രണ്ടാം പട്ടിക (സംസ്ഥാനം), മൂന്നാം പട്ടിക (കേന്ദ്രത്തിനും സംസ്ഥാനത്തിനും ബാധകമായവ) എന്നിവയില്‍പ്പെട്ട വിഷയങ്ങളില്‍ നിയമനിര്‍മ്മാണം നടത്താം. (1, 2, 18 എന്നീ രണ്ടു പട്ടികകളൊഴിച്ച്) മറ്റു സംസ്ഥാനങ്ങളിലേതുപോലെ ദില്ലി നിയമസഭ നിര്‍മ്മിക്കുന്ന നിയമങ്ങള്‍ക്ക് പ്രസിഡന്റിന്റെ അംഗീകാരം നേടണം. (239 എ (3)). 

സംസ്ഥാനങ്ങളിലേതുപോലെ നിയമസഭയിലെ ഭൂരിപക്ഷമനുസരിച്ച് ഒരു മന്ത്രിസഭയും ദില്ലിക്കുണ്ടാകണം (239 എ.എ. (3)). നിയമസഭയ്ക്ക് നിയമനിര്‍മ്മാണാധികാരമുള്ള വിഷയങ്ങളില്‍ മുഖ്യമന്ത്രിയും മന്ത്രിസഭയും ലഫ്റ്റനന്റ് ഗവര്‍ണര്‍ക്ക് ‘സഹായവും ഉപദേശവും’ നല്‍കണം. ഇത് മറ്റു സംസ്ഥാനങ്ങളുടേത് പോലെതന്നെ. ഗവര്‍ണറും മന്ത്രിസഭയും തമ്മില്‍ എന്തെങ്കിലും തര്‍ക്കമുണ്ടായാല്‍ ഗവര്‍ണര്‍ വിഷയം പ്രസിഡന്റിന്റെ അഭിപ്രായത്തിനു വിടണം. മന്ത്രിസഭയേയും മുഖ്യമന്ത്രിയേയും നയിക്കുന്നത് രാഷ്ട്രപതിയാണ്. (50ാം ഉപവകുപ്പ്). ഈ വകുപ്പിനെ ആധാരമാക്കി പ്രവര്‍ത്തന ചട്ടങ്ങളും തയ്യാറാക്കിയിട്ടുണ്ട്. 

മേല്‍പ്പറഞ്ഞ നിയമങ്ങളില്‍ നിന്നും വ്യക്തമാകുന്ന ചില പ്രധാന സംഗതികളുണ്ട്. ദില്ലി ഒരു കേവലകേന്ദ്രഭരണ പ്രദേശമല്ല. ജനങ്ങളുടെ ഇച്ഛയെ പ്രതിഫലിപ്പിക്കുന്ന ഒരു നിയമസഭയും മന്ത്രിസയും അവിടെ ഉണ്ടാകണം. മറ്റു സംസ്ഥാനങ്ങളിലേതുപോലെ മന്ത്രിസഭയുടെ ‘സഹായവും ഉപേദേശവും’ അനുസരിച്ച് പ്രവര്‍ത്തിക്കാന്‍ ഗവര്‍ണര്‍ക്ക് ബാധ്യതയുണ്ട്. ഈ സഹായവും ബാധ്യതയും എന്നത് സംബന്ധിച്ച് സുപ്രീംകോടതി തന്നെ നിരവധി പ്രാവശ്യം ആവര്‍ത്തിച്ച് പറഞ്ഞിട്ടുണ്ട്. മന്ത്രിസഭയുടെ ഉപദേശം തള്ളിക്കളയാന്‍ ഗവര്‍ണര്‍ക്കധികാരമില്ല എന്ന്. (ഷംഷെര്‍ സിംഗ് കേസ് 1974).

ആദ്യത്തെ പ്രശ്‌നം ചീഫ് സെക്രട്ടറി നിയമനം ആണല്ലോ. സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറി നിയമനം മന്ത്രിസഭകളുടെ അധികാരപരിധിയില്‍പ്പെട്ടതാണ്. ഗവര്‍ണര്‍ക്ക് ഒരു വിവേചനാധികാരവുമില്ല. ഇ.പി.റോയപ്പ കേസിലും (1974), സലീല്‍ സദ്‌ലോക് കേസിലും (2013) മറ്റും ചീഫ് സെക്രട്ടറി നിയമനത്തില്‍ മുഖ്യമന്ത്രിയുടെ അധികാരത്തിന്റെ പ്രാധാന്യം വിവരിക്കുന്നുണ്ട്. ഏറ്റവും നിര്‍ണ്ണായകമായ പദവിയാണ് ചീഫ് സെക്രട്ടറിയുടേതെന്നും സര്‍ക്കാരിന്റെ നയങ്ങള്‍ നടപ്പാക്കാനുള്ള സംവിധാനത്തിന്റെ ആണിക്കല്ലാണ് അദ്ദേഹമെന്നും കോടതി പറയുന്നു. മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറിയും തമ്മിലുള്ള ബന്ധം എത്ര ദൃഢമായിരിക്കണമെന്നും മുഖ്യമന്ത്രിക്ക് ചീഫ് സെക്രട്ടറിയില്‍ പൂര്‍ണ്ണ വിശ്വാസം ഉണ്ടാകണമെന്നും എങ്കില്‍ മാത്രമേ സര്‍ക്കാര്‍ നയങ്ങള്‍ നടപ്പിലാക്കാന്‍ കഴിയുവെന്നും കോടതി അഭിപ്രായപ്പെട്ടിരിക്കുന്നു. അതായത് ചീഫ് സെക്രട്ടറി നിയമനം മുഖ്യമന്ത്രിയുടെ ഇച്ഛാപ്രകാരമായിരിക്കണം. ഇക്കാര്യത്തില്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ക്ക് എന്തെങ്കിലും തരത്തിലുള്ള ‘വിവേചനാധികാരം’ ഭരണഘടനയോ പ്രവര്‍ത്തനചട്ടങ്ങളോ നല്‍കുന്നില്ല. ദില്ലി സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ ഗവര്‍ണര്‍ക്കുള്ള വിവേചനാധികാരത്തില്‍ എന്തെല്ലാമെന്ന് ദില്ലിക്കായുള്ള ദേശീയ തലസ്ഥാന നിയമത്തിന്റെ 41-ാം വകുപ്പ് വ്യക്തമായി പറയുന്നുണ്ട്. അതായത് മറ്റെന്തെങ്കിലും വിവേചനാധികാരം ഇല്ലെന്നര്‍ത്ഥം. അതുകൊണ്ടുതന്നെ ഗവര്‍ണറുടെ നടപടി നിയമവിരുദ്ധം തന്നെയാണ്. ജനങ്ങളുടെ ‘ഇച്ഛ’യ്ക്കനുസരിച്ചാകണം ഗവര്‍ണറുടെ നടപടികളെന്ന ദില്ല ഹൈക്കോടതിവിധിയുടെ അര്‍ത്ഥം ഇതുതന്നെയാണ്. 

ദില്ലി ഭരണത്തിന് കേന്ദ്രത്തിന് പ്രവര്‍ത്തനാധികാരമുള്ള മൂന്ന് വിഷയങ്ങളില്‍ ഒരിക്കലും ദില്ലി സര്‍ക്കാര്‍ ഇടപെട്ടിട്ടില്ല (പൊലീസ്, പൊതുക്രമസമാധാനപാലനം, ഭൂമി). എന്നാല്‍ മെയ് 21-ലെ വിജ്ഞാപനത്തില്‍ പുതിയ ചില മേഖലകളില്‍ കൂടി ഗവര്‍ണര്‍ക്ക് (കേന്ദ്രത്തിനും) അധികാരമുള്ളതായി കേന്ദ്രസര്‍ക്കാരിന്റെ ആഭ്യന്തരവകുപ്പ് പ്രഖ്യാപിക്കുന്നു. ദില്ലി സര്‍ക്കാര്‍ നടത്തിയ നിയമനങ്ങളും മാറ്റങ്ങളും റദ്ദാക്കിയ ഗവര്‍ണറുടെ നടപടിക്കുള്ള സാധൂകരണമായാണ് പ്രസ്തുത വിജ്ഞാപനം തയ്യാറാക്കിയിട്ടുള്ളത്. ‘സേവനങ്ങള്‍’ ജനങ്ങളുടെ അധികാരത്തിലാണെന്നതിനാല്‍ പബ്ലിക്ക് സര്‍വ്വീസ് കമ്മീഷന്‍ നിയമങ്ങനങ്ങള്‍ക്കും മേല്‍ കേന്ദ്രത്തിനധികാരമുണ്ടെന്ന വാദം നിലനില്‍ക്കുന്നതല്ല. അങ്ങനെ നോക്കിയാല്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ നിയന്ത്രണം കേന്ദ്രത്തിനാകും. എങ്ങനെയാണ് ഒരു സര്‍ക്കാര്‍ തങ്ങള്‍ ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ നടപ്പിലാക്കുക? 239 എ.എ. വകുപ്പ് തയ്യാറാക്കിയ പാര്‍ലമെന്റിന്റെ ഉദ്ദേശം എന്താണ്? സംസ്ഥാന സര്‍ക്കാര്‍ കേവലം ഒരു കോര്‍പ്പറേഷന്റെ മാത്രം അധികാരമുള്ള ഒന്നാണെന്നാണോ? ദില്ലിയിലെ പ്രവര്‍ത്തനച്ചട്ടങ്ങളിലെ 23-ാം ചട്ടത്തിന്റെ നഗ്നമായ ലംഘനവുമാണത്. ഉദ്യോഗസ്ഥ നിയമനങ്ങള്‍ സംബന്ധിച്ച സംസ്ഥാന മന്ത്രിസഭാ നിര്‍ദ്ദേശങ്ങള്‍ ചീഫ് സെക്രട്ടറി വഴി ഗവര്‍ണര്‍ക്ക് സമര്‍പ്പിക്കണം എന്ന ചട്ടത്തില്‍, ഇതു മാറ്റാന്‍ ഗവര്‍ണക്ക് അധികാരമുണ്ടെന്ന് ഒരിടത്തും പറഞ്ഞിട്ടില്ല. ചുരുക്കത്തില്‍ നിലവിലുള്ള നിയമമനുസരിച്ച് തന്നെ ദില്ലിയിലെ ആം ആദ്മി സര്‍ക്കാരിന്റെ നിലപാടുകള്‍ ശരിയാണ്. 

ജനാധിപത്യത്തില്‍ നിയമത്തിന്റെ തലനാരിഴ കീറി പരിശോധിക്കുന്നതിനപ്പുറം എന്താണ് ജനങ്ങളുടെ ഇച്ഛ എന്നതും പരിഗണിക്കപ്പെടേണ്ടതില്ലേ? ഇതിനു മറ്റെവിടെയും കാണാത്ത തരത്തിലുള്ള ജനപിന്തുണയോടെ അധികാരമേറ്റ സര്‍ക്കാരാണ് ദില്ലിയിലേത്. 49 ദിവസം നടത്തിയ ഭരണം കണ്ട് അതിലാകൃഷ്ടരായ ജനങ്ങളാണ് ആം ആദ്മി പാര്‍ട്ടിയെ അധികാരത്തിലേറ്റിയത്. അതുകൊണ്ടു തന്നെ ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ നടപ്പിലാക്കുന്നതില്‍ നിന്ന് അവര്‍ക്ക് പിന്‍മാറാനാവില്ല. അധികാരമേറ്റ് നൂറുദിവസത്തിനകം തന്നെ പ്രകടനപത്രികയിലെ വാഗ്ദാനങ്ങളില്‍ പലതും നടപ്പിലാക്കാന്‍ കഴിഞ്ഞിരിക്കുന്നു. കുടിവെള്ളം, വൈദ്യുതി, സ്‌കൂളുകളിലെ കോഴ, അഴിമതിക്കെതിരായ പോരാട്ടം മുതലായവ. 

ഒരു പക്ഷെ ഇതുകൊണ്ടുതന്നെയാവാം കേന്ദ്രസര്‍ക്കാര്‍ ദില്ലിയിലെ ജനകീയ സര്‍ക്കാരിനെതിരെ ഏറ്റവും നിയമവിരുദ്ധമായ നടപടികള്‍ക്ക് തയ്യാറായത്. 2014 ല്‍ ആം ആദ്മി സര്‍ക്കാര്‍ രാജിവച്ചശേഷം എട്ട് മാസക്കാലം മോദിയുടെ കേന്ദ്രസര്‍ക്കാര്‍ ദില്ലിയെ നേരിട്ട് ഭരിക്കുകയായിരുന്നു. ആ ദുരന്തം നേരിട്ടനുഭവിച്ച ജനതയാണ് അത്ഭുതപൂര്‍വ്വമായ വിധത്തില്‍ ആം ആദ്മി പാര്‍ട്ടിയെയും വിജയിപ്പിച്ചത്. അവിടെ ജനങ്ങള്‍ നടത്തിയ താരതമ്യം വ്യക്തമായി പ്രതിഫലിക്കുന്നു. 49 ദിവസത്തെ ആം ആദ്മി ഭരണവും എട്ടു മാസത്തെ മോദി ഭരണവും തമ്മിലുള്ള താരതമ്യം. മോദി സര്‍ക്കാരില്‍ ഒരു വര്‍ഷം പൂര്‍ത്തിയാക്കിയപ്പോഴുണ്ടായ നിരാശയും ക്രെജിവാള്‍ സര്‍ക്കാര്‍ ആ ദിവസത്തിലുണ്ടാക്കിയ നേട്ടങ്ങളും മോദിയെയും ബി.ജെ.പി.യെയും വിറളിപിടിപ്പിച്ചതില്‍ അത്ഭുതമില്ല!

എന്നാല്‍ ഇത്തരത്തില്‍ ജനാധിപത്യവിരുദ്ധമായ ഇടപെടലുകള്‍ നടത്തുമ്പോള്‍ ഏതെങ്കിലും തരത്തിലുള്ള ന്യായീകരണങ്ങള്‍ നല്‍കാനാകുന്നുമില്ല. പറയുന്ന ന്യായങ്ങള്‍ പൊള്ളയാണ്. ചീഫ് സെക്രട്ടറി ലീവെടുത്തശേഷം പുതിയ വ്യക്തിയെ നിയമിക്കാന്‍ 40 മണിക്കൂര്‍ (!) വൈകിയെന്നതാണത്രേ സ്വേച്ഛപ്രകാരം ഒരാളെ ഗവര്‍ണര്‍ നിയമിച്ചത്. നമുക്ക് ചരിത്രം മറക്കാതിരിക്കാം. ഗുജറാത്തില്‍ മോദി മുഖ്യമന്ത്രിയായിരുന്ന കാലത്ത്, അഴിമതിയില്ലാതാക്കാനുള്ള ലോകായുക്ത നിയമനം അനേകവര്‍ഷങ്ങള്‍ നടത്തിയില്ല. ഒടുവില്‍ കോടതി ഇടപെട്ടു. ലോകായുക്തയെ നേരിട്ടു നിയമിക്കാന്‍ അന്ന് ഗവര്‍ണര്‍ നടപടിയെടുത്തു. ഇതിനെതിരെ തെരുവില്‍ പന്തല്‍ കെട്ടി (എ സി പന്തല്‍) സമരം ചെയ്ത മുഖ്യമന്ത്രിയാണ് മോദി. 

പ്രധാനമന്ത്രിയായ മോദിയും വ്യത്യസ്തനല്ല. ജനാധിപത്യത്തിനും സുതാര്യതയ്ക്കും ഏറ്റവും പ്രധാനപ്പെട്ട ഒരു സ്ഥാപനമാണല്ലോ വിവരാവകാശ കമ്മീഷന്‍. കഴിഞ്ഞ ഒമ്പത് മാസത്തോളമായി കേന്ദ്ര സര്‍ക്കാരിന്റെ വിവരാവകാശ കമ്മീഷന് തലവന്‍ ഉണ്ടായിരുന്നില്ല. അത് കഴിഞ്ഞ ദിവസം മാത്രമാണ് ഇക്കാര്യത്തില്‍ തീരുമാനമായത്. അതാണ് മോദിയുടെ സുതാര്യതയെങ്കില്‍ ‘അഴിമതി വിരുദ്ധത’യുടെ ശരിയായ മുഖം കാണണമെങ്കില്‍ കേന്ദ്ര വിജിലന്‍സ് കമ്മീഷണര്‍ (സി.വി.സി.) ഓഫീസിലെത്തിയാല്‍ മതി. കാരണം സി.വി.സി പദവി ഈ കഴിഞ്ഞ ദിവസം വരെ ഒഴിഞ്ഞുകിടക്കുകയായിരുന്നു; ഇതാണ് അഴിമതി വിരുദ്ധത. 

കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പ് കാലത്ത് മോദി നല്‍കിയ (ഇന്ന് ഓര്‍ക്കാന്‍ പോലും ഇഷ്ടപ്പെടാത്ത) ഒരു വാഗ്ദാനമാണല്ലോ കള്ളപ്പണം കണ്ടെത്തലും വിദേശത്തുനിന്നു കൊണ്ടുവരലും. ഇതിനുള്ള ഏറ്റവും പ്രധാനപ്പെട്ട വകുപ്പാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ആ സ്ഥാപനത്തിന് ഒരു തലവനില്ലാതായിട്ട് എട്ടുമാസത്തിലധികമായി- ഇപ്പോഴുള്ളത് അധികച്ചുമതലയാണ്. എന്തായാലും, കള്ളപ്പണം, അഴിമതിക്കാര്‍ സ്വയം കൊണ്ടുവന്ന് മോദിസര്‍ക്കാരിന് കൈമാറുമെന്നായിരിക്കാം കരുതുന്നത്. മേല്‍പ്പറഞ്ഞ നിര്‍ണായക പദവികളില്‍ ഉദ്യോഗസ്ഥരെ നിയമിക്കുന്നതില്‍ കാണിച്ച കാലതാമസം മൂലം രാഷ്ട്രപതി അവരെ നിയമിച്ചാല്‍ എന്തായിരിക്കും മോദിയുടെയും ബി.ജെ.പി.യുടെയും പ്രതികരണം? ഈ കേന്ദ്രസര്‍ക്കാരാണ് ലീവില്‍ പോയ ചീഫ് സെക്രട്ടറിക്കു പകരക്കാരനെ നിയമിക്കാന്‍ 40 മണിക്കൂര്‍ വൈകിയെന്നാരോപിച്ച് തന്നിഷ്ടപ്രകാരം ഒരാളെ നിയമിച്ചത്. ഈ ഇടപെടലിന്റെ പിന്നിലെ താല്‍പ്പര്യം പെട്ടെന്നുതന്നെ വെളിവായി. റിലയന്‍സ് കമ്പനിക്ക് നിയമത്തിനപ്പുറം കടന്ന് (ദുര്‍വ്യാഖ്യാനത്തിലൂടെ) 12,000 കോടി രൂപയുടെ ‘സഹായം’ നല്‍കാനുള്ള ഫയല്‍ എങ്ങനെയെങ്കിലും പാസാക്കലായിരുന്നു ഗൂഢലക്ഷ്യം. ഇതു കൂടി പുറത്തായതോടെ സര്‍ക്കാര്‍ തെരുവില്‍ നഗ്നമാക്കപ്പെട്ടു. 

ഈ ജനാധിപത്യം ധ്വംസനത്തെ, കയ്യേറ്റങ്ങളെ നമ്മുടെ മുഖ്യധാരകക്ഷികള്‍ എങ്ങനെ വിലയിരുത്തിയെന്നതാണ് ഏറെ അത്ഭുതകരമായ വസ്തുത. മുഖ്യപ്രതിപക്ഷ കക്ഷിയായ കോണ്‍ഗ്രസിന് പിന്നെ ഇക്കാര്യത്തില്‍ എതിരഭിപ്രായമുണ്ടായില്ല. അതിനു പല കാരണങ്ങളുണ്ട്. ഇന്ത്യയുടെ ചരിത്രത്തില്‍ എത്രതവണയാണ് കോണ്‍ഗ്രസിന്റെ കേന്ദ്രസര്‍ക്കാര്‍ വിവിധ സംസ്ഥാനങ്ങള്‍ക്കുമേല്‍ കയ്യേറ്റം നടത്തിയത്? 1959 ല്‍ കേരളത്തിലെ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെ, കോണ്‍ഗ്രസിലെ തന്നെ പലരുടെയും എതിര്‍പ്പുകള്‍ മറികടന്ന് പിരിച്ചുവിട്ടപ്പോള്‍ തുടങ്ങിയതാണ്. പ്രതിപക്ഷ സര്‍ക്കാരുകളെ സ്വസ്ഥമായി ഭരിക്കാന്‍ പലപ്പോഴും കോണ്‍ഗ്രസുകാര്‍ അനുവദിച്ചിരുന്നില്ല. അതിന്റെ ദുരന്തഫലമാണ് ഇന്ന് പല സംസ്ഥാനങ്ങളിലും ശക്തമായി മാറിയ പ്രാദേശിക രാഷ്ട്രീയ കക്ഷികള്‍. സഞ്ജയ് ഗാന്ധി ആന്ധ്രയിലെ ചെന്നറെഡ്ഡിയെ മുഖത്തടിച്ചതിന്റെ ഫലമാണല്ലോ തെലുങ്കുദേശം. ഉറക്കമുണര്‍ന്ന സമയം കൊണ്ട് കോണ്‍ഗ്രസിന്റെ അടിത്തറ തകര്‍ന്നു അവിടെ. കശ്മീര്‍, പഞ്ചാബ്, തമിഴ്‌നാട്, കര്‍ണാടക, മണിപ്പൂരടക്കമുള്ള വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍, ഹരിയാന, യു.പി., ബീഹാര്‍… എത്ര ഉദാഹരണങ്ങള്‍. ഒടുവില്‍ ഇവിടെയൊന്നും കോണ്‍ഗ്രസ് ഇല്ലാതെയായി. (ഇത് ബി.ജെ.പി.ക്കും വരാം.) കോണ്‍ഗ്രസിന്റെ അധികാര കുത്തക തകരുകയും സുപ്രീംകോടതി തന്നെ പലപ്പോഴും ഇടപെടുകയും ചെയ്തതിനുശേഷമാണ് കേന്ദ്രസര്‍ക്കാരിന്റെ കയ്യേറ്റത്തിന് ഒരു ശമനമുണ്ടായത്. ഒറ്റയ്ക്ക് ഭൂരിപക്ഷം നേടിയ ബി.ജെ.പി.യും നരേന്ദ്ര മോദിയും കോണ്‍ഗ്രസ്സിനും ഇന്ദിരാഗാന്ധിക്കും പഠിക്കുകയാണോ? 

ബി.ജെ.പി.യെ വെല്ലുവിളിക്കുന്ന, രാംമനോഹര്‍ ലോഹ്യയുടെ പേരില്‍ തമ്മിലടിക്കുന്ന സോഷ്യലിസ്റ്റുകളെ സംബന്ധിച്ചിടത്തോളം ഇതു കണ്ടേതയില്ല. ബീഹാറില്‍ ലയന-പിളരല്‍ നാടകങ്ങളുടെ തനിയാവര്‍ത്തനം നടത്താന്‍ തന്നെ അവര്‍ക്ക് വലിയ സമരം പോരാ. 

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഗവര്‍ണര്‍ എന്ന പദവി തന്നെ ഉപേക്ഷിക്കണമെന്ന് ഇന്ത്യയില്‍ ആദ്യമായി ആവശ്യപ്പെട്ടത് കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയായ സഖാവ് ഇ.എം.എസാണ്. കേന്ദ്ര-സംസ്ഥാന ബന്ധങ്ങളില്‍ സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ അധികാരമുള്ള ഘടനയ്ക്കായി ഏറെ പോരാടിയവരാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍. വിശേഷിച്ചും മുന്‍ പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയായിരുന്ന ജ്യോതിബാസു. ഒരു പക്ഷെ ത്രിപുരയൊഴിച്ചൊരു സംസ്ഥാനത്തിലും അധികാരമില്ലാത്തതിനാലോ മറ്റോ ആണോ ദില്ലി വിഷയത്തില്‍ സി.പി.എം. – സി.പി.ഐ. കക്ഷികള്‍ സമ്പൂര്‍ണ്ണ മൗനം ഭുജിക്കുന്നത്? ആം ആദ്മി കക്ഷി അങ്ങനെ നന്നായാല്‍ തങ്ങള്‍ക്കതു ക്ഷീണമാകുമെന്ന ഹ്രസ്വദൃഷ്ടിയാണിതിന് കാരണമെന്നാകാരെങ്കിലും പറഞ്ഞാല്‍ അതു നിഷേധിക്കാന്‍ ഇടതുനേതാക്കള്‍ക്കാകില്ല!

ബി.ജെ.പി.യുടെ നിലപാടുകളിലെ വൈരുദ്ധ്യങ്ങള്‍ എത്ര വലുതാണെന്നു തുറന്നുകാട്ടുന്ന ഒന്നാണ് ദില്ലിക്കു പൂര്‍ണ്ണ സംസ്ഥാന പദവി എന്നത്. 1990 കള്‍ മുതല്‍ ബി.ജെ.പി. ദില്ലിയിലെ എല്ലാ തെരഞ്ഞെടുപ്പുകളിലും ഉന്നയിച്ചു പോന്ന ഒരു പ്രധാനപ്പെട്ട വിഷയമാണത്. 2013 ലെ നിയമസഭാ തെരഞ്ഞെടുപ്പിലെയും 2014 ലോകസഭാ തിരഞ്ഞെടുപ്പിലേയും മാനിഫെസ്റ്റോകളില്‍ ഈ വാഗ്ദാനമുണ്ടായിരുന്നു. എന്നാല്‍ 2014 മെയ് മാസത്തില്‍ കേന്ദ്രസര്‍ക്കാരില്‍ വന്നതോടെ ഒരു മാന്ത്രികവടി പ്രയോഗം കൊണ്ടെന്ന പോലെ ആ വാഗ്ദാനം ‘അപ്രത്യക്ഷമായി’. ഭരണം പോയ കോണ്‍ഗ്രസ് മൃതപ്രായമായതിനാല്‍ അവര്‍ ഇക്കാര്യത്തിലൊന്നും പറയുകയില്ല. ആം ആദ്മി പാര്‍ട്ടി ഇക്കാര്യത്തില്‍ തുടക്കം മുതലേ ഉറച്ച നിലപാടിലാണ്. ലോകത്തെ പല സംസ്ഥാനനഗരങ്ങളുടെയും ഭരണത്തില്‍ കേന്ദ്രസര്‍ക്കാര്‍ നിയന്ത്രണം ഉണ്ടെന്ന വസ്തുത മറന്നു കൊണ്ടല്ല ഇതാവശ്യപ്പെടുന്നത്. മറിച്ച്, ദൈനംദിന ഭരണത്തില്‍ ജനങ്ങള്‍ക്കുള്ള ക്ഷേമം ഉറപ്പാക്കുന്ന പ്രവര്‍ത്തനങ്ങളില്‍ കേന്ദ്രസര്‍ക്കാരിന് ഇടപെടാന്‍ കഴിയാത്ത വിധത്തില്‍ ദില്ലിക്ക് സ്വതന്ത്രപദവി നല്‍കണമെന്നാണാവശ്യം. രാജ്യത്തിന്റെ അഭിമാനവും സുരക്ഷയും സംരക്ഷിക്കാന്‍ വേണ്ട നിയന്ത്രണങ്ങള്‍ കേന്ദ്രസര്‍ക്കാരിനുണ്ടാകണം. പക്ഷെ അതിനപ്പുറം പാടില്ല. കേവലം കക്ഷിരാഷട്രീയ സങ്കുചിത താല്‍പ്പര്യങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കാന്‍ ഒരു കേന്ദ്രസര്‍ക്കാരിനും കഴിയാത്ത വിധത്തില്‍ ദില്ലി ഭരണ നിയമങ്ങളില്‍ ഗുണപരമായ മാറ്റങ്ങള്‍ക്കു തുടക്കം കുറിക്കാന്‍ ഈ സംവാദങ്ങള്‍ സഹായകമാകുമെന്ന് കരുതാം.

(ആം ആദ്മി പാര്‍ട്ടി കേരള സംസ്ഥാന വക്താവ് കൂടിയാണ് ലേഖകന്‍)

 

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍