UPDATES

ഗ്രീന്‍പീസ് ഇന്ത്യയുടെ ബാങ്ക് അകൗണ്ട് മരവിപ്പിച്ച നടപടി റദ്ദാക്കാന്‍ കോടതി

അഴിമുഖം പ്രതിനിധി

ഗ്രീന്‍ പീസ് ഇന്ത്യയുടെ ബാങ്ക് അകൗണ്ടുകള്‍ മരവിപ്പിച്ച നടപടി റദ്ദാക്കാന്‍ ഡല്‍ഹി ഹൈക്കോടതി നിര്‍ദേശം നല്‍കി. കേന്ദ്ര ഗവണ്‍മെന്റിനാണ് കോടതി ഇതുസംബന്ധിച്ച നിര്‍ദേശം നല്‍കിയിരിക്കുന്നത്. വിദേശസഹായം എന്ന നിലയ്ക്ക് ഗ്രീന്‍പീസ് ഇന്റര്‍നാഷണല്‍ ഗ്രീന്‍പീസ് ഇന്ത്യയുടെ ഐഡിബി ബാങ്ക് അകൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്ത 1.87 കോടി രൂപയാണ് സര്‍ക്കാര്‍ നേരത്തെ മരവിപ്പിച്ചിരുന്നത്. എന്നാല്‍ കൃത്യമായ ഒരു തെളിവും ഇത്തരമൊരു നടപടി കൈക്കൊണ്ടതിന് കാരണമായി കാണിക്കാന്‍ സര്‍ക്കാരിന്റെ കൈവശം ഇല്ലെന്നാണ് കോടതി ചൂണ്ടിക്കാട്ടിയത്. ഐഡിബി ബാങ്കിന്റെ ചെന്നൈ ശാഖയിലുള്ള ഗ്രീന്‍പീസ് ഇന്ത്യയുടെ അകൗണ്ട് മരവിപ്പിക്കാന്‍ കാരണമായ തെളിവുകള്‍ കൊണ്ടുവരാന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ലെന്ന് കേസ് പരിഗണിച്ച ജസ്റ്റീസ് രാജീവ് ഷക്‌ദേര്‍ ചൂണ്ടിക്കാട്ടി. അതിനാല്‍ ഫിക്‌സഡ് ഡിപ്പോസിഡ് ആയി തുക നിക്ഷേപിച്ചിട്ടുള്ള അകൗണ്ട് അണ്‍ബ്ലോക്ക് ചെയ്യാനും തുക ഗ്രീന്‍പീസ് അകൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യാനും കോടതി നിര്‍ദേശിക്കുകയായിരുന്നു.

കേന്ദ്ര ആഭ്യന്തരമന്ത്രാലയം സമര്‍പ്പിച്ച സബ്മിഷനില്‍ പറയുന്നത് നിരീക്ഷണപട്ടികയിലുള്ള ഗ്രീന്‍പീസ് ഇന്റര്‍നാഷ്ണലില്‍ നിന്നുള്ള വിദേശഫണ്ട് ആയതുകൊണ്ടാണ് ഗ്രീന്‍പീസ് ഇന്ത്യയുടെ അകൗണ്ട് ബ്ലോക് ചെയ്തതെന്നാണ്. എന്നാല്‍ ഇത്തരമൊരു നീക്കം നടത്തുന്നതിനു മുമ്പ് ബന്ധപ്പെട്ട എന്‍ജിഒയ്ക്ക് ഒരു നോട്ടീസ് അയക്കാന്‍പോലും മന്ത്രാലയം തയ്യാറായില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.ഗ്രീന്‍പീസ് ഇന്ത്യയുടെ ചോദ്യങ്ങളോട് നിങ്ങള്‍ എങ്ങിനെയാണ് പ്രതികരിക്കാന്‍ ഉദ്ദേശിക്കുന്നത്? ആദ്യം നിങ്ങള്‍ അവരുടെ അകൗണ്ട് ബ്ലോക് ചെയ്തു, അതിനുശേഷം കേസ് അന്വേഷിക്കാന്‍ ആരംഭിച്ചു. ഇത് കേട്ടുകേള്‍വിയില്ലാത്ത കാര്യമല്ലേ?- കോടതി ചോദിച്ചു. ദേശതാല്‍പര്യത്തിന് വിരുദ്ധമായി എന്തെങ്കിലും പ്രവര്‍ത്തനം ഗ്രീന്‍പീസ് ഇന്ത്യയുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടുണ്ടെന്ന് പറയാനുള്ള ഒരു തെളിവും നിങ്ങളുടെ പക്കലില്ലല്ലോ എന്നും ആഭ്യന്തരമന്ത്രാലയത്തോട് കോടതി ചോദിച്ചു.

കൃത്യമായ തെളിവുകളില്ലാതെ ഏകപക്ഷീയയമായി സര്‍ക്കാര്‍ എടുത്ത തീരുമാനമാണ് അകൗണ്ട് മരവിപ്പിക്കുക എന്നത്. അതിനാല്‍ ഗ്രീന്‍ പീസ് ഇന്ത്യയുടെ അകൗണ്ട് മരവിപ്പിച്ച നടപടി റദ്ദാക്കാന്‍ കോടതി ബാങ്കിന് നിര്‍ദേശം നല്‍കി. അതോടൊപ്പം ഭാവിയില്‍ ഗ്രീന്‍പീസ് ഇന്ത്യ ഫോറിന്‍ കോണ്‍ട്രിബ്യൂഷന്‍ റഗുലേഷന്‍ ആക്ട് ലംഘിച്ചാല്‍ അവര്‍ക്കെതിരെ നടപടികളെടുക്കാന്‍ സര്‍ക്കാരിന് സ്വാതന്ത്ര്യമുണ്ടെന്നും കോടതി വ്യക്തമാക്കി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍