UPDATES

ഡല്‍ഹിയില്‍ നിന്നുള്ള ആ സി സി ടി വി ദൃശ്യം; മനഃസാക്ഷി മരവിച്ചിട്ടില്ലാത്തവരുടെ തല കുനിപ്പിക്കുന്നത്

അഴിമുഖം പ്രതിനിധി

അന്താരാഷ്ട്ര മാധ്യമങ്ങളില്‍ ഇപ്പോള്‍ നമ്മുടെ രാജ്യമാണ് ട്രെന്‍ഡിംഗില്‍. വിഷയം ഒളിമ്പിക്സ് അല്ല. ഡല്‍ഹിയിലെ ഓട്ടോ തൊഴിലാളിയായിരുന്ന മതിബൂലാണ് വിഷയം.

ആരാണ് മതിബൂല്‍? 

ബുധനാഴ്ച പുലര്‍ച്ചെ ഡല്‍ഹിയിലെ സുഭാഷ് നഗറില്‍ നടന്ന ഒരു അപകടത്തില്‍ കൊല്ലപ്പെട്ടയാളാണ് മതിബൂല്‍. കുടുംബം പുലര്‍ത്താന്‍ പകല്‍ ഓട്ടോ ഓടിക്കുകയും രാത്രി സെക്യൂരിറ്റിയായും ജോലി നോക്കുന്ന ഒരു സാധാരണ ഡല്‍ഹിക്കാരന്‍. 40കാരനായ മതിബൂലിന് നാലു കുട്ടികളടങ്ങുന്ന കുടുംബമുണ്ട്. പുലര്‍ച്ചെ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോഴാണ് അപകടം. സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നതു കൊണ്ടു മാത്രം ലോകമറിഞ്ഞ ആ സംഭവം അക്ഷരാര്‍ത്ഥത്തില്‍ മനുഷ്യ മനഃസാക്ഷിയെ ഞെട്ടിക്കുക തന്നെ ചെയ്തു. 

ഡല്‍ഹിയില്‍ വാഹനാപകടത്തില്‍ പരിക്കേറ്റ് ഒരു മണിക്കൂറിലധികം റോഡില്‍ കിടന്ന  മതിബൂല്‍ രക്തം വാര്‍ന്ന് മരിച്ചു. അയാളെ ഇടിച്ചു തെറിപ്പിച്ച വാഹനത്തിന്റെ ഡ്രൈവര്‍ വണ്ടി നിര്‍ത്തി പരിക്കേറ്റയാളെ നോക്കിയെങ്കിലും സഹായിക്കാതെ കടന്നു കളയുകയായിരുന്നു. എന്നാല്‍ അതിലും നികൃഷ്ടമായ ഒന്ന് ഉണ്ടായത് അതിനു ശേഷമാണ്. പിന്നീട് വന്നയാളുടെ കണ്ണില്‍ പെട്ടത് അപകടത്തില്‍പ്പെട്ട് ചോരവാര്‍ന്നു കിടക്കുന്ന ആ മനുഷ്യന് പകരം അദ്ദേഹത്തിന്റെ മൊബൈല്‍ ഫോണ്‍ ആയിരുന്നു. കൈയ്യില്‍ കിട്ടിയ മൊബൈല്‍ഫോണുമായി കടന്നു കളയുകയായിരുന്നു ആ അജ്ഞാതന്‍. 

അപകട സ്ഥലത്തുനിന്ന് അരകിലോമീറ്റര്‍ ദൂരത്തിലാണ് ആശുപത്രി. പക്ഷേ ആരും അദ്ദേഹത്തെ ആശുപത്രിയില്‍ എത്തിക്കാന്‍ മിനക്കെട്ടില്ല. ഏകദേശം ഒന്നര മണിക്കൂറിന് ശേഷം പോലീസ് എത്തിയാണ് മതിബൂലിനെ ആശുപത്രിയില്‍ എത്തിക്കുന്നത്. എന്നാല്‍ അപ്പോഴേക്കും മതിബൂല്‍ മരിച്ചിരുന്നു. 

കണക്കുകള്‍ പ്രകാരം എല്ലാ നാല് മിനിട്ടിലും ഇന്ത്യയിലെ റോഡുകളില്‍ ഒരു ജീവന്‍ പൊലിയുന്നു. ഓരോ മിനിട്ടിലും ഓരോ റോഡപകടങ്ങള്‍ ഉണ്ടാവുന്നു. ഡല്‍ഹിയിലെ റോഡുകളില്‍ ഓരോ ദിവസവും മരിക്കുന്നത് അഞ്ചു പേര്‍. കേട്ടാല്‍ ഞെട്ടുന്ന കണക്കുകള്‍ ഇനിയും കണ്ടെത്താനാകും. എന്നാല്‍ അഞ്ചു പേര്‍ അപകടത്തില്‍പ്പെടുമ്പോള്‍ ഒരാളെ എങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞാലോ? 

മതിബൂലിനെ ഇടിച്ചിട്ട വാഹനവും മൊബൈല്‍ മോഷ്ടിച്ച ആളിനെയും പോലീസ് തേടുകയാണ്. അവര്‍ പിടിയിലാകുന്നതും ആകാതിരിക്കുന്നതും വേറെ കാര്യം. എന്നാല്‍ ഈ സംഭവം മനഃസാക്ഷി മരവിച്ചിട്ടില്ലാത്തവരുടെ തല കുനിപ്പിക്കുന്നതാണ്. 

വാഹനമിടിച്ച് വഴിയില്‍ കിടന്നു മരിച്ചവരില്‍ മതിബൂല്‍ ആദ്യത്തെയാളല്ല, അവസാനത്തേതും. എന്നാല്‍ തിരക്ക് പിടിച്ച ഒരു നഗരത്തില്‍ പ്രാണവേദനയില്‍ പിടയുന്ന ഒരാളുടെ മൊബൈല്‍ മോഷ്ടിക്കപ്പെട്ടുന്നത് ചിലപ്പോള്‍ അപൂര്‍വ്വമായ ഒരു കാര്യമായിരിക്കാം. 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍