UPDATES

കേരള ഹൗസിലെ ബീഫ് പരിശോധന: പിന്നില്‍ മലയാളിയായ വി.എച്ച്.പിക്കാരന്‍

അഴിമുഖം പ്രതിനിധി

ഡല്‍ഹിയിലെ കേരള ഹൗസില്‍ ബീഫ് എന്ന പേരില്‍ നല്‍കുന്നത് പശുവിറച്ചിയാണെന്ന് പ്രചരിപ്പിച്ചതിനും പോലീസിനെക്കൊണ്ട് പരിശോധന നടത്തിച്ചതിനും പിന്നില്‍ മലയാളിയായ വി.എച്ച്.പി പ്രവര്‍ത്തകന്‍. കേരള ഹൗസില്‍ ബീഫ് വില്‍ക്കുന്നുവെന്ന പരാതിയെ തുടര്‍ന്ന് സ്ഥലത്തെത്തി പരിശോധന നടത്തിയ ഡല്‍ഹി പോലീസ് അധികൃതര്‍ തന്നെയാണ് ഇക്കാര്യവും പുറത്തുവിട്ടത്. ഹിന്ദു സേന പ്രവര്‍ത്തകനായ വിഷ്ണു ശര്‍മ നല്‍കിയ പരാതിയെ തുടര്‍ന്നാണ് തങ്ങള്‍ കേരള ഹൗസില്‍ എത്തിയത് എന്നാണ് ഡല്‍ഹി പോലീസ് ആദ്യം വ്യക്തമാക്കിയത്.

 

എന്നാല്‍ മലയാളിയും വി.എച്ച്.പി നേതാവുമായ പ്രതീഷ് വിശ്വനാഥ് അറിയിച്ചതിനെ തുടര്‍ന്നാണ് താന്‍ പരാതിപ്പെട്ടതെന്നാണ് ശര്‍മയെ ഉദ്ധരിച്ചുകൊണ്ട് ഇന്ത്യന്‍ എക്‌സ്പ്രസ് ദിനപത്രം റിപ്പോര്‍ട്ട് ചെയ്തത്. കേരള ഹൗസിലെ ക്യാന്റീനില്‍ ബീഫ് വില്‍ക്കുന്നുണ്ടെന്ന് പ്രതീഷ് തന്നെ ഫോണില്‍ അറിയിക്കുകയും ഇതിന്റെ ചിത്രം അയച്ചു തരികയും ചെയ്തു. തന്റെ മലയാളി സുഹൃത്തുക്കളില്‍ നിന്നാണ് ഇക്കാര്യം താന്‍ അറിഞ്ഞതെന്നും പ്രതീഷ് പറഞ്ഞതായി ഗുപ്ത വ്യക്തമാക്കിയിട്ടുണ്ട്.

 

ഇതിനു തൊട്ടുമുമ്പ് പ്രതീഷ് തന്റെ ഫേസ് ബുക്ക് പേജില്‍ കേരള ഹൗസിലെ മെനു കാര്‍ഡ് പരസ്യപ്പെടുത്തിയിരുന്നു. “ഇതാണ് കേരള ഹൗസിലെ മെനു ബോര്‍ഡ്. ഓപണ്‍ ആയി ബീഫ് വില്‍ക്കുന്നു… ഞങ്ങള്‍ നോക്കട്ടെ…(എന്തു ചെയ്യാം എന്ന്)” എന്നാണ് ഫേസ് ബുക്കിലെ വാചകങ്ങള്‍. കേരളത്തില്‍ എസ്.എന്‍.ഡി.പി-ബി.ജെ.പി കൂട്ടുകെട്ടിന് ചുക്കാന്‍ പിടിച്ചത് ആറന്മുളയില്‍ നിന്നുള്ള അഭിഭാഷകന്‍ കൂടിയായ വി.എച്ച്.പി പ്രവര്‍ത്തകന്‍ പ്രതീഷ് ആണെന്ന് കഴിഞ്ഞ ഒമ്പതിന് ഹിന്ദു ദിനപത്രം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഏറെക്കാലമായുള്ള തന്റെ സുഹൃത്താണ് പ്രതീഷ് എന്നും യോഗം നേതാക്കളും വി.എച്ച്.പി- ബി.ജെ.പി നേതാക്കളുമായുള്ള നിരവധി കൂടിക്കാഴ്ചകളില്‍ പരിഭാഷകനായി പ്രവര്‍ത്തിച്ചത് പ്രതീഷ് ആണെന്നും യോഗം വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളിയെ ഉദ്ധരിച്ചുകൊണ്ട് ഹിന്ദു റിപ്പോര്‍ട്ടില്‍ പറയുന്നു.

 

 

പോലീസിനെ ചിലര്‍ തെറ്റിദ്ധരിപ്പിക്കുകയായിരുന്നുവെന്നും എന്‍.ഡി.എം.സിയുടെ അംഗീകൃത കടകളില്‍ നിന്നുള്ള പോത്ത് -എരുമ മാംസം മാത്രമാണ് തങ്ങള്‍ വില്‍ക്കുന്നതെന്നും ഇതിന് ഡല്‍ഹിയില്‍ നിരോധനമില്ലെന്നും കേരള ഹൗസ് അധികൃതര്‍ വ്യക്തമാക്കി. പ്രശ്‌നങ്ങളെ തുടര്‍ന്ന് കേരള ഹൗസില്‍ ബീഫ് വില്‍പ്പന താത്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്.

 

കൂടുതല്‍ വായനയ്ക്ക്: പശുവിറച്ചിയെന്നാരോപിച്ചു സംഘര്‍ഷം; കേരളാഹൌസില്‍ ബീഫ് വില്പന നിര്‍ത്തി

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍