UPDATES

ദല്‍ഹി നിയമ മന്ത്രി ജിതേന്ദര്‍ സിംഗ് തോമര്‍ അറസ്റ്റില്‍

അഴിമുഖം പ്രതിനിധി

വ്യാജ നിയമ ബിരുദ സര്‍ട്ടിഫിക്കറ്റ് ചമച്ചുവെന്ന കേസില്‍ ദല്‍ഹി നിയമ മന്ത്രി ജിതേന്ദര്‍ സിംഗ് തോമറിനെ ദല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം രാത്രിയിലാണ് ഈ കേസില്‍ ദല്‍ഹി പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. തോമറിനെ ഹൗസ് ഖാസ് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി.

വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് കഴിഞ്ഞ ഏപ്രില്‍ മാസം മുതല്‍ കോണ്‍ഗ്രസും ബിജെപിയും തോമറിന്റെ രാജിക്കുവേണ്ടി മുറവിളി കൂട്ടിയിരുന്നു. എന്നാല്‍ ദല്‍ഹി സര്‍ക്കാരും ദല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണറും തമ്മിലെ ഏറ്റുമുട്ടലിലെ പുതിയ വഴിത്തിരിവാണ് ഇപ്പോഴത്തെ അറസ്റ്റ്.

നോട്ടീസോ, അറിയിപ്പോ നല്‍കാതെയാണ് മന്ത്രിയെ അറസ്റ്റ് ചെയ്തതെന്ന് ആംആദ്മി പാര്‍ട്ടി നേതാവ് സഞ്ജയ് സിംഗ് ട്വീറ്റ് ചെയ്തു. ട്വീറ്റില്‍ നരേന്ദ്രമോദി സര്‍ക്കാരിനെ കുറ്റപ്പെടുത്തുകയും ചെയ്യുന്നു.

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലാണ് ദല്‍ഹി പൊലീസ്. ലഫ്റ്റനന്റ് ഗവര്‍ണറെ മുന്‍ നിര്‍ത്തി ദല്‍ഹിയില്‍ ഭരണം നടത്താനാണ് മോദിയുടെ നേതൃത്വത്തിലെ കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് ആംആദ്മി പാര്‍ട്ടി ഏറെ നാളായി ആരോപിച്ചു വരികയായിരുന്നു.

“ദല്‍ഹി പൊലീസും നരേന്ദ്രമോദി സര്‍ക്കാരും എന്താണ് ചെയ്യുന്നത്. ഒരു സാധാരണ കുറ്റവാളിയെ അറസ്റ്റ് ചെയ്യുന്നത് പോലെ നിയമ മന്ത്രിയെ അറസ്റ്റ് ചെയ്തു. ഇത് സമ്മര്‍ദ്ദ തന്ത്രമാണ്”, സിംഗ് പറഞ്ഞു.

ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും ലഫ്റ്റനന്റ് ഗവര്‍ണര്‍ നജീബ്ജംഗും തമ്മില്‍ നിലനിന്നിരുന്ന താല്‍ക്കാലിക വെടിനിര്‍ത്തല്‍ അഴിമതി വിരുദ്ധ സംഘത്തലവനായി ദല്‍ഹി പൊലീസ് ജോയിന്റ് കമ്മീഷണറായ എംകെ മീണയെ ലഫ്റ്റനന്റ് ഗവര്‍ണര്‍ നിയമിച്ചതിനെ തുടര്‍ന്ന് അവസാനിച്ചിരുന്നു. ഈ നിയമനം നിയമവിരുദ്ധമാണെന്നും കോടതിയെ സമീപിക്കുമെന്നും രോഷാകുലരായ ആം ആദ്മി പാര്‍ട്ടി ഭീഷണിപ്പെടുത്തിയിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍