UPDATES

ട്രെന്‍ഡിങ്ങ്

ഭാര്യയെ 35 തവണ കുത്തി കൊലപ്പെടുത്തി; ചെയ്തുപോയ മറ്റൊരു തെറ്റിന്റെ കുറ്റബോധം പൊലീസിന്റെ കൈകളിലെത്തിച്ചു

ഡല്‍ഹി സ്വദേശി വിനോദ് ബിഷ്ട് നടത്തിയ കൊലപാതകവും അയാള്‍ പൊലീസ് പിടിയിലായതിന്റെ കഥയും

അസാധാരണമായൊരു കൊലപാതക കേസാണ് ഡല്‍ഹിയില്‍ നിന്നും പുറത്തുവരുന്നത്. 43 കാരനായ വിനോദ് ബിഷ്ട് തന്റെ ഭാര്യയെ 35 തവണ കത്തികൊണ്ടു കുത്തിയാണ് കൊലപ്പെടുത്തിയത്. കൊലപാതകത്തിനുശേഷം മറ്റൊരിടത്തേക്ക് രക്ഷപെടാനായിരുന്നു ബിഷ്ട് ആലോചിച്ചിരുന്നത്. പക്ഷേ കൊലപാതകത്തിനിടയില്‍ പറ്റിപ്പോയൊരു തെറ്റിന്റെ പശ്ചാത്താപം അയാളെ പൊലീസിന്റെ കൈകളില്‍ എത്തിച്ചു.

പൊലീസിന് നല്‍കിയ ബഷ്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ദേശീയമാധ്യമങ്ങള്‍ ഈ കേസിനെക്കുറിച്ച് പറയുന്നത് ഇപ്രകാരമാണ്;

ഡല്‍ഹിയിലെ ദില്‍ഷാദ് ഗാര്‍ഡനിലാണ് വിനോദ് ബിഷ്ടിന്റെ വീട്. ഒരു കാറ്ററിംഗ് സ്ഥാപനത്തിലെ മനേജരായി ജോലി ചെയ്യുന്നു. ഭാര്യയും രണ്ട് ആണ്‍മക്കളും അടങ്ങുന്ന കുടുംബം. പ്രശ്‌നങ്ങള്‍ ആരംഭിക്കുന്നത് ബിഷ്ടും ഭാര്യ രേഖയും തമ്മിലുള്ള വഴക്കു കൂടലിലൂടെയാണ്. ഭാര്യക്ക് മറ്റൊരാളുമായി പ്രണയബന്ധമുണ്ടെന്നാണ് ബഷ്ടിയുടെ ആരോപണം. കഴിഞ്ഞ ചൊവ്വാഴ്ച ഭാര്യ കാമുകനുമായി സംസാരിക്കുന്നത് ബിഷ്ട് പിടികൂടി. ഇതിന്റെ പേരില്‍ രണ്ടുപേരും തമ്മില്‍ വഴക്കായി. വീട്ടില്‍ നിന്നും ഇറങ്ങിപ്പോകണം എന്നയാള്‍ ഭാര്യയോട് ആവശ്യപ്പെട്ടു. എന്നാല്‍ ബഷ്ടിയുടെ ആവശ്യം നിരാകരിച്ച രേഖ ഗാര്‍ഹികപീഢനത്തിന് പരാതി കൊടുക്കുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തു.

കുപിതനായ ബിഷ്ട് താന്‍ വീടുവിട്ടുപോവുകയാണെന്നു പ്രഖ്യാപിച്ചു. രണ്ടു മക്കളോടും തന്റെ കൂടെവരാന്‍ അയാള്‍ ആവശ്യപ്പെട്ടു. എന്നാല്‍ മൂത്തമകന്‍ വിനീത് അച്ഛന്റെ ആവശ്യം നിരാകരിച്ചു. അതോടെ ഇളയവന്‍ സഞ്ചിതുമായി ബിഷ്ട് വീടുവിട്ടിറങ്ങി. പിന്നീട് സഞ്ചിതിനെ ബന്ധുവിന്റെ വീട്ടില്‍ കൊണ്ടുചെന്നാക്കി.

അവിടെ നിന്നും ബിഷ്ട് തിരികെ പോയത് ജോലി ചെയ്യുന്ന ബാങ്ക്വറ്റ് ഹാളിലേക്കായിരുന്നു. പോകുന്നവഴിയില്‍ ഒരു കുപ്പി മദ്യവും വാങ്ങിയിരുന്നു. ജോലി സ്ഥലത്ത് ചെന്നിരുന്ന് അയാള്‍ മദ്യം അകത്താക്കി. ഈ സമയം ബിഷ്ടിന്റെ മനസില്‍ സ്വയം ജീവനൊടുക്കാനുള്ള ചിന്തയായിരുന്നു. അതിനായി അയാള്‍ ഒരു കത്തി സൂത്രത്തില്‍ കൈക്കലാക്കിയിരുന്നു. പക്ഷേ എത്രശ്രമിച്ചിട്ടും മരിക്കാനുള്ള ധൈര്യം അയാള്‍ക്കുണ്ടായില്ല. അതോടെ ശ്രമം ഉപേക്ഷിച്ചു.

ജോലിസ്ഥലത്ത് നിന്നുമിറങ്ങി വീണ്ടും വീട്ടിലേക്കു പോയി. വീട്ടില്‍ ചെന്നപാടെ രേഖയോടു വീട്ടില്‍ നിന്നും ഇറങ്ങിപ്പോകാന്‍ വീണ്ടും ആവശ്യപ്പെട്ടു. രേഖയത് അവഗണിച്ചു. ഇതോടെ രണ്ടുപേര്‍ക്കുമിടയില്‍ വീണ്ടും വഴക്ക് ആരംഭിച്ചു. കോപാകുലനായ ബിഷ്ട് കത്തി പുറത്തെടുത്തു. പിന്നീടയാള്‍ രേഖയെ ആക്രമിച്ചു. അമ്മയുടെ കരച്ചില്‍ കേട്ട് ഈ സമയം മുറിക്കകത്തുണ്ടായിരുന്ന വിനീത് പുറത്തേക്ക് ഓടിവന്നു. അച്ഛന്‍ അമ്മയെ കുത്തുന്നത് തടയാന്‍ വിനീത് ശ്രമം നടത്തി. അതിനിടയില്‍ വിനീതിനും മുറിവേറ്റു.

താന്‍ നടത്തിയ ക്രൂരമായ കൊലപാതകത്തിനുശേഷം നാടുവിടാനായിരുന്നു ബിഷ്ട് തീരുമാനിച്ചത്. പക്ഷേ കാര്യങ്ങള്‍ മറ്റൊരുതരത്തിലാണു സംഭവിച്ചത്.

കൊലപാതകം കഴിഞ്ഞ ബിഷ്ട് ഗാസിപൂരിലേക്കു പോകാനായിരുന്നു തീരുമാനിച്ചത്. രക്തംപുരണ്ട വസ്ത്രങ്ങള്‍ മാറ്റി മറ്റൊന്നു ധരിച്ചു. പഴയ വസ്ത്രങ്ങള്‍ ഡല്‍ഹി-യുപി അതിര്‍ത്തിയില്‍ കൗശമ്പിക്കടുത്ത് ആളൊഴിഞ്ഞൊരിടത്ത് ഉപേക്ഷിച്ചു. പിന്നീട് ഒരു സുഹൃത്തിന്റെ വീട്ടിലേക്കു പോയി. അവിടെ നിന്നു വീണ്ടും കൗശമ്പിയിലേക്ക് തന്നെ തിരികെ വന്നു. കൗശമ്പിയില്‍ നിന്നും ബസ് കയറി ഗാസിയബാദിലെത്തി.

അവിടെ ഒരു പബ്ലിക് പാര്‍ക്കില്‍ ചെന്നിരുന്നു. അവിടെ ചെന്നിരുന്നതോടെ ബിഷ്ടിനെ കുറ്റബോധം വേട്ടയാടാന്‍ തുടങ്ങി. മകനെയോര്‍ത്തായിരുന്നു ബിഷ്ടിന്റെ മനസ് തകര്‍ന്നത്. ഭാര്യയെ കൊന്നശേഷം വീട്ടില്‍ നിന്നും മടങ്ങുന്നതു ചോരയൊലിപ്പിച്ചു കിടക്കുന്ന മകനെ കണ്ടുകൊണ്ടാണ്. ആ ദൃശ്യമാണ് ബിഷ്ടിനെ തകര്‍ത്തത്. തന്റെ മകന് എന്ത് സംഭവിച്ചുകാണുമെന്ന ആധി ബിഷ്ടില്‍ നിറഞ്ഞു. താന്‍ മനഃപൂര്‍വമല്ല, അറിയാതെ പറ്റിപ്പോയതാണ് എന്നു മനസിനെ പറഞ്ഞു മനസിലാക്കാന്‍ ശ്രമിച്ചെങ്കിലും അയാളതില്‍ പരാജയപ്പെട്ടു. അതോടെ ഇരുന്നിടത്തു നിന്ന് എഴുന്നേല്‍ക്കാന്‍ പോലും പറ്റാത്ത അവസ്ഥയില്‍ ബിഷ്ട് കുറ്റബോധത്തിലേക്ക് വീണു. ഒരു പകല്‍ മുഴുവന്‍ ആ പാര്‍ക്കില്‍ ബിഷ്ടിരുന്നു. ഒടുവില്‍ കൈയില്‍ അപ്പോഴും ഉണ്ടായിരുന്ന കത്തി പാര്‍ക്കില്‍ ഉപേക്ഷിച്ചു തിരികെ ഡല്‍ഹിയിലേക്കു പോകാന്‍ അയാള്‍ തീരുമാനിച്ചു.

വീട്ടില്‍ നിന്നും ഏകദേശം 200 മീറ്റര്‍ അകലെവരെ എത്തിയപ്പോഴാണ് ഒരു പൊലീസുകാരന്‍ ബിഷ്ടിനെ തിരിച്ചറിഞ്ഞത്. അയാള്‍ നല്‍കിയ വിവരമനുസരിച്ച് എത്തിയ പൊലീസ് സംഘം വിനോദ് ബിഷ്ടിനെ അറസ്റ്റ് ചെയ്തു സ്‌റ്റേഷനിലേക്കു കൊണ്ടുപോയി. അവിടെ വച്ചാണ് അന്വേഷണ ഉദ്യോഗസ്ഥരോട് അയാള്‍ നടന്നതെല്ലാം പറഞ്ഞത്. ബിഷ്ട് ഉപേക്ഷിച്ച കത്തിയും വസ്ത്രങ്ങളും പൊലീസ് പിന്നീട് കണ്ടെത്തിയിരുന്നു.

murdererബിഷ്ടിനെ ചോദ്യം ചെയ്തശേഷം പൊലീസ് ഉദ്യോഗസ്ഥര്‍ മാധ്യമങ്ങളോട് ഈ വിവരങ്ങള്‍ കൈമാറുന്നകൂട്ടത്തില്‍ പറഞ്ഞു; തന്റെ രണ്ടു മക്കളുടെയും ഭാവി, താന്‍ രക്ഷപ്പെടാന്‍ ശ്രമിച്ചാല്‍ തകരുന്നത് അവരുടെ ഭാവിയാണെന്ന ഭയം; അതായിരുന്നു ബിഷ്ടിനെ തന്റെ ആദ്യത്തെ തീരുമാനത്തില്‍ നിന്നും പിന്തിരിപ്പിച്ചതും പൊലീസിന്റെ കൈകളിലേക്ക് എത്തിച്ചതും…

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍