UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഡല്‍ഹിയിലേത് ഓരൊന്നൊന്നര ജീവിതമാണ്; പറഞ്ഞാലും എഴുതിയാലും തീരാത്തത്ര

പത്തുവയസുള്ള അവള്‍ അമ്പരപ്പോടെ മുന്നില്‍ ഉദിച്ചു നില്‍ക്കുന്ന സൂര്യനെയും വാച്ചിലെ സമയത്തെയും മാറിമാറി നോക്കി. പുലര്‍ച്ചെ അഞ്ചരമണിക്ക് ഇത്ര വെളിച്ചമോ? കൂട്ടുകാരികള്‍ പറഞ്ഞപോലെ ഇതെന്തോ മാന്ത്രിക നഗരം തന്നെ. അല്ലെങ്കില്‍ ഇത്രനേരത്തെ സൂര്യന്‍ ഇങ്ങനെ വെളിച്ചവുമായി വരുന്നതെങ്ങനെ? 

ഡല്‍ഹിയെക്കുറിച്ച് എഴുതാനിരിക്കുമ്പോള്‍ എന്റെ മനസില്‍ ആദ്യം വരുന്ന ചിത്രമാണിത്. അഞ്ചിലോ മറ്റോ പഠിക്കുമ്പോള്‍ ആദ്യമായി ഡല്‍ഹിയില്‍ എത്തിയതിന്റെ അമ്പരപ്പ് കണ്ണില്‍ നിറച്ച ഒരു പത്തുവയസുകാരിയുടെ ചിത്രം. പിന്നീടു പലതവണ ഈ നഗരത്തിലേക്ക് വന്നു. ഏടത്തി 2009-ല്‍ നഗരത്തിലെ സ്ഥിരതാമാസക്കാരിയായതില്‍പ്പിന്നെ അവധികാലം ചെലവഴിക്കുന്ന, വിവാഹശേഷം ആദ്യം യാത്ര ചെയ്ത, നെറ്റ് പഠന പരിശീലനത്തിനായി എത്തിയ, ജോലിക്കാരിയായി എത്തിയ നഗരം അങ്ങനെ പലതരത്തിലാണ് ഡല്‍ഹി എന്റെ ജീവിതത്തില്‍ അടയാളപ്പെടുത്തുന്നത്. 

പുറമേനിന്ന് നോക്കുമ്പോള്‍ വളരെ പരിഷ്‌കൃതമായ ഒരു സ്ഥലമാണ് ഡല്‍ഹി. ഒരു വിനോദയാത്രക്ക് വന്നുപോകുമ്പോള്‍ പ്രത്യേകിച്ചും. വൃത്തിയുള്ള റോഡുകള്‍, മനോഹരമായ കാലാവസ്ഥ,(അതിവേനലും ശൈത്യവും ഒഴിവാക്കിയാല്‍) ചീറിപ്പായുന്ന കാറുകളാല്‍ സമൃദ്ധമായ നഗരം, വിലക്കുറവില്‍ സാധനങ്ങള്‍ ലഭിക്കുന്ന സരോജിനി മാര്‍ക്കറ്റും വഴിയോര ഭക്ഷണങ്ങള്‍ നിറഞ്ഞ തെരുവുകളും, കണ്ടാലും കണ്ടാലും മതിവരാത്ത ചരിത്ര സ്മാരകങ്ങളും. ഹായ് ഇതൊരു സ്വര്‍ഗം തന്നെ എന്നൊക്കെ തോന്നിയാല്‍ അത്ഭുതപ്പെടാനില്ല. പക്ഷെ ഒരു കൊല്ലം അതായത് ഒരു കടുത്ത വേനലും തണുപ്പുകാലവും നഗരത്തില്‍ ചിലവഴിച്ചാല്‍, ഒരു തവണ നഗരത്തിലെ നീണ്ട ഗതാഗതക്കുരുക്കില്‍പ്പെട്ടാല്‍, ഒരു തവണ മാസശമ്പളവുമായി വീട്ടുസാമാനം വാങ്ങാന്‍ ഇറങ്ങിയാല്‍ അതോടെ തീരും ഡല്‍ഹിയെക്കുറിച്ചു നാം കണ്ട സ്വപ്നങ്ങള്‍. പക്ഷെ എന്നിട്ടും ഈ നഗരത്തിനെ ഇഷ്ടപെടുത്തുന്ന, നമ്മുടേതെന്നു തോന്നിപ്പിക്കുന്ന എന്തൊക്കയോ ഇവിടെയുണ്ട്. മാറിവരുന്ന ഋതുക്കള്‍ പോലെ ഓരോ തവണയും ഈ നഗരത്തിന് ഓരോ ഭാവമാണ്. ചിലപ്പോള്‍ ചുട്ടുപൊള്ളിക്കുന്ന ഓര്‍മകള്‍ സമ്മാനിക്കുന്ന വരണ്ട വേനല്‍ പോലെ, ചിലപ്പോളാകട്ടെ പുകയുന്ന നെറ്റിയില്‍ മഞ്ഞിന്റെ തണുപ്പുകൊണ്ട് തൈലം പുരട്ടുന്ന സ്‌നേഹം പോലെ, ആള്‍ത്തിരക്കില്‍ ഒരു നിമിഷം ചേര്‍ത്തണച്ചു കടന്നുപോകുന്ന സൗഹൃദങ്ങളായി…

ഡല്‍ഹിയെ സംബന്ധിച്ച്, ഇവിടെയുള്ള വരദാനങ്ങളില്‍ ഒന്നാണ് മെട്രോ. ഒരിക്കലെങ്കിലും ഡല്‍ഹി ഗതാഗതക്കുരുക്കില്‍ കുടുങ്ങിയാല്‍ പിന്നെയെപ്പോഴും നിങ്ങള്‍ മെട്രോ യാത്രയാണ് തെരഞ്ഞെടുക്കുക എന്നതില്‍ സംശയംവേണ്ട. പതിനാലു കൊല്ലമായി മെട്രോ ഈ നഗരത്തിന്റെ, നഗര ജീവിതത്തിന്റെ ഭാഗമായിട്ട്. ‘നിങ്ങളുടെ മെട്രോ വീട്ടില്‍ വന്ന് ആളെ വിളിച്ചിറക്കുന്ന പോലെ അല്ലേ’ എന്ന് പരിഹാസച്ചുവയോടെയും അതിലേറെ അസൂയയോടെയും പറയുന്ന മുംബൈ സുഹൃത്തുക്കള്‍ ഞങ്ങളുടെയിടയിലുണ്ട്. ദൂരെ തലയുയര്‍ത്തി നില്‍ക്കുന്ന കുത്തബ് മിനാറിനും ശാന്തമായി ഒഴുകുന്ന യമുന നദിക്കും അക്ഷര്‍ധാം ക്ഷേത്രത്തിനും അരികിലൂടെ നമ്മുടെ ചിന്തകളെ ചിറകുവയ്ക്കാന്‍ അനുവദിച്ചു ശാന്തമായി നമുക്കിരിക്കാം(നല്ല തിരക്കുള്ള സമയങ്ങളില്‍ ഒരു കാല്‍ വയ്ക്കാനെങ്കിലും ഇടം കിട്ടുമോ എന്നു നോക്കി നില്‍ക്കുകയും ആകാം). സമൂഹത്തിലെ എല്ലാ തട്ടിലുംപെട്ട ആളുകളും ഒരുപോലെ സഞ്ചരിക്കുന്ന ഒരു യാത്രാമാധ്യമമാണ് ഡല്‍ഹിയില്‍ മെട്രോ. കേരളത്തില്‍ ഉടന്‍ ഇറങ്ങും എന്ന് കരുതുന്ന മെട്രോയില്‍ കാര്‍യാത്ര ശീലമായ മലയാളികള്‍ ഒക്കെ കയറുമോ എന്നൊരു സംശയം നിലനില്‍ക്കുന്നുണ്ട്. പക്ഷെ ഡല്‍ഹി അനുഭവം കാണിച്ചുതരുന്നത് മറ്റൊന്നാണ്.

സാകേത് മെട്രോയില്‍ നിന്ന് ചാന്ദിനി ചൗക്ക് ഭാഗത്തേക്ക് പോകുന്ന മെട്രോയിലേക്ക് കയറിയാല്‍ ഓള്‍ഡ് ഡല്‍ഹിയില്‍ ഇറങ്ങാം. ഇനിയും തുരന്നാല്‍ ഭൂമിയുടെ അകക്കാമ്പില്‍ തട്ടും എന്ന വിധത്തില്‍ അത്രയേറെ താഴ്ന്ന ഒരു ഭൂഗര്‍ഭ സ്‌റ്റേഷനാണിത്. ഞരങ്ങി നീങ്ങുന്ന നിരവധി ചലിക്കും ഗോവണികള്‍ കയറിയാല്‍ മാളുകളും വീതിയേറിയ പാതയും ഇല്ലാത്ത ആ പഴയ ഡല്‍ഹിയിലേക്ക് എത്താം. അതൊരു ചക്രവൂഹ്യമാണ്. നിരനിരയായി കിടക്കുന്ന സൈക്കിള്‍ റിക്ഷകള്‍ക്ക് ഇടയിലൂടെ സഞ്ചരിക്കുക അസാധ്യം തന്നെ. പക്ഷെ കണ്ണൊന്നടച്ച് പതിയെ ശ്വസിച്ചാല്‍ പഴയകാലത്തിന്റെ പ്രതാപം ഇപ്പോഴും ശ്വാസമായി ഉള്ളിലേക്കിറങ്ങും. പ്രശസ്തമായ പറാത്താ ഗലിയും (നിരവധി രുചികളില്‍ ഉള്ള സ്വാദിഷ്ടമായ പറാത്തകള്‍ ഇവിടെ കിട്ടും. ഇന്നുവരെ ഒരെണ്ണം പോലും കഴിച്ചിട്ടില്ലെങ്കിലും). തുച്ഛമായ വിലയില്‍ പുസ്തകങ്ങള്‍ ലഭിക്കുന്ന ദരിയാഗഞ്ചും ജുമാ മസ്ജിദും ചെങ്കോട്ടയുമൊക്കെ ഈ തെരുവുകളുടെ ഇടവഴികളില്‍ തന്നെ. ഒരിക്കല്‍ നാടുകാണാന്‍ വന്ന സുഹൃത്തുക്കളെ ട്രെയിന്‍ കയറ്റി അയച്ചതിന് ശേഷം ഞാനും സുഹൃത്ത് അഫീദയും ചേര്‍ന്ന് കരീംസ് എന്ന അതിപ്രശസ്തമായ ഭക്ഷണശാലയില്‍ പോയി. ഡല്‍ഹിയില്‍ എത്തിയ അന്നു മുതല്‍ കേള്‍ക്കുന്നതാണ് കരീംസിലെ ഭക്ഷണം. രാമശ്ശേരി ഇഡ്ഡലി പോലെയും പാരഗന്‍ ഹോട്ടല്‍ പോലെയും ഒക്കെ ഒരുപക്ഷെ അതിനെക്കാള്‍ ഒക്കെ ഏറെ പ്രശസ്തമായ ഒന്നാണ് കരീംസിലെ ഭക്ഷണം. കാശില്ലാത്ത സമയത്ത് അന്യായ വിലകൊടുത്തു കഴിച്ചതുകൊണ്ടാവാം പറഞ്ഞയത്ര മഹനീയ രുചി ഒന്നും എനിക്കനുഭവപ്പെട്ടില്ല. എങ്കിലും മരിച്ചു മോളിലോട്ട് ചെല്ലുമ്പോള്‍ ഇത്രേം കൊല്ലം ഡല്‍ഹിയില്‍ നിന്നിട്ട് നീ കരീംസിലെ രുചി അറിഞ്ഞില്ലേ എന്ന് ആരെങ്കിലും ചോദിച്ചാല്‍ മറുപടി പറയേണ്ടേ? 

ഡല്‍ഹിയിലെ ഭക്ഷണത്തെക്കുറിച്ച് സൂചിപ്പിക്കുമ്പോള്‍ മലയാളി എന്ന സ്വത്വത്തെ കിണഞ്ഞു നിലനിര്‍ത്തുന്ന പല മലയാളികളെയും ഓര്‍മവരും. ലോകത്തെവിടെപോയാലും ഒരു മലയാളി മലയാളി തന്നെ ആയിരിക്കും; ഗുണത്തിലും ദോഷത്തിലും. മെട്രോയിലും തെരുവിലും ഒരു മലയാളിയെ വളരെ എളുപ്പത്തില്‍ നമുക്ക് തിരിച്ചറിയാം. മെടഞ്ഞിട്ട മുടിയും ജീന്‍സിനൊപ്പം സ്വര്‍ണജിമുക്കിയും കട്ടിമീശയും ലോകത്തോട് മുഴുവന്‍ ഉള്ള വെല്ലുവിളിയുമായി അവര്‍ ഏതാള്‍ക്കൂട്ടത്തിലും വ്യത്യസ്തരായിരിക്കും. (എന്നെപ്പോലെയുള്ള അപവാദങ്ങള്‍ ഇല്ലെന്നല്ല). കോട്ടയംകാര്‍ വാഴുന്ന മലയാളി കടകളും ഭക്ഷണശാലകളും കൂട്ടത്തില്‍ എടുത്തു പറയണം. നല്ല പൊരിച്ച ബീഫും പൊറാട്ടയും മീന്‍കറിയും കപ്പ ബിരിയാണിയും നെയ്യപ്പവും, ‘വേണ്ടേ ചേട്ടാ’ എന്ന ചോദ്യവും യേശുദാസിന്റെ പാട്ടും; അങ്ങനെ ഒരു ശരാശരി മലയാളിയുടെ ‘ഗൃഹാതുരത’ ഉണര്‍ത്തുന്ന ഒരു കൊച്ചുകേരളത്തെ നമ്മുടെ മുന്നില്‍ എത്തിക്കും. കേരളം വിട്ടു നില്‍ക്കുമ്പോള്‍ മാത്രമാണ് മലയാളികള്‍ക്ക് ഇത്രയേറെ കേരള ഭക്ഷണത്തിനോടുള്ള കൊതി എന്നു തോന്നുന്നു. മത്തി (ചാള) വറുത്തത് കിട്ടാത്ത ഒരിടത്ത് താമസിച്ചിരുന്ന ഒരു സുഹൃത്ത് കൊതി കൂടുന്ന സമയത്ത് ഒന്നോ രണ്ടോ മീന്‍ ഗുളികകള്‍ കഴിക്കുമത്രേ. മീന്‍ ഗുളിക കഴിച്ചു കുറച്ചു കഴിഞ്ഞാല്‍ വായില്‍ അവശേഷിക്കുന്ന ‘വറുത്ത മീനിന്റെ സ്വാദ്’ ലഭിക്കാന്‍ ആണത്രേ ഇത്. ഭക്ഷണമെന്നത് തികച്ചും മാനസികമായ ഒന്നാണ് എന്നത് എത്ര സത്യം. 

ഡല്‍ഹിയിലെ ഭക്ഷണത്തെക്കുറിച്ച് പറയുമ്പോള്‍ ഞാന്‍ ഒരിക്കലും മറക്കാന്‍ പാടില്ലാത്ത ഒന്നാണ് മുരാദാബാദി ബിരിയാണി. നൂറ്റിയിരുപതു രൂപയ്ക്കു രണ്ടാള്‍ക്ക് സുഭിക്ഷമായി കഴിക്കാനുള്ള ചിക്കന്‍ ബിരിയാണി എന്നതാണ് അതിന്റെ് ഹൈലൈറ്റ്. കിലോക്കണക്കിനു തൂക്കിയാണ് ബിരിയാണി ലഭിക്കുക. രാത്രി ഏറെ വൈകിയും യാതൊരു തളര്‍ച്ചയും ഇല്ലാത്ത നിറഞ്ഞ ചിരിയോടെ ഒരു വലിയ ചെമ്പില്‍ നിന്ന് മുന്നിലെ നീണ്ട നിരയില്‍ അക്ഷമരായി കാത്തുനില്‍ക്കുന്ന ആളുകള്‍ക്കു തിടുക്കത്തില്‍ ബിരിയാണി അളന്നു കൊടുക്കുന്ന ഭായി ഡല്‍ഹി ജീവിതത്തിലെ അവിഭ്യാജ്യ ഘടകമാണെന്നു പല സുഹൃത്തുക്കളും പങ്കുവച്ചു കേട്ടിട്ടുണ്ട്. 

ഡല്‍ഹി ജീവിതത്തിലെ ഈ ഘട്ടത്തില്‍ താമസിച്ചിരുന്ന കിര്‍ക്കി എക്സ്റ്റന്‍ഷനു സമീപമാണല്ലോ കുപ്രസിദ്ധമായ സെലെക്റ്റ് സിറ്റി മാളും ഡിഎല്‍എഫ് മാളും. റോബര്‍ട്ട് വാദ്രയുടെ ബിനാമികള്‍ നടത്തുന്ന മാള്‍ ആണ് ഇവയെന്നൊക്കെ ഗോസ്സിപ്പുകള്‍ കേട്ടിട്ടുണ്ട്.  പണ്ട്- പണ്ടെന്നു പറഞ്ഞാല്‍ പത്തുകൊല്ലം മുമ്പു വരെ ഈ മാളുകള്‍ ഇരിക്കുന്ന സ്ഥലം മുഴുവന്‍ യഥാര്‍ത്ഥ കാട് ആയിരുന്നു. പത്തുവര്‍ഷം കൊണ്ട് തെക്കന്‍ ഡല്‍ഹി വികസിച്ചപോലെ മറ്റൊരു പ്രദേശവും വളര്‍ന്നിട്ടുമില്ലത്രേ. ശരിയാണ്, ഒരു രണ്ടുമാസം മാറിനിന്നാല്‍ പിന്നീടു വരുമ്പോള്‍ പല പുതിയ കെട്ടിടങ്ങളും ആകും നമ്മെ സ്വാഗതം ചെയ്യുക. ഒരു മൂന്നുനില കെട്ടിടം ഒക്കെ പണിയാന്‍ അവര്‍ക്ക് വെറും രണ്ടുമാസം മതി. ഒരു വീട് പണിയാന്‍ കൊല്ലങ്ങള്‍ എടുക്കുന്ന കേരളത്തിലെ ആളുകള്‍ക്ക് ഒരു നില വാര്‍പ്പ് ഉണങ്ങുന്നതിന് മുന്നേ അടുത്ത നിലകള്‍ പണിഞ്ഞു പോകുന്നത് കാണുമ്പോള്‍ നെഞ്ചിടിക്കും എന്ന് മാത്രം. ഒരിളം കാറ്റടിച്ചാല്‍ പോലും വേണമെങ്കില്‍ ദാ എന്നു പറഞ്ഞു താഴെ വീഴും എന്നു ഭയം തോന്നുകയും ചെയ്യും. എവിടെ വേണമെങ്കിലും വീടുകളും മുറികളും പണിതുകളയുകയും ചെയ്യും ഇവര്‍. ഡല്‍ഹി കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഒരു സ്ത്രീവാദ സംഘടനയുടെ ഓഫീസ് ഒരു മേല്‍പ്പാലത്തിനു കീഴെയാണ്. ആവേശകരമായ ചര്‍ച്ചകളും വാഗ്വാദങ്ങളും നടക്കുമ്പോള്‍ തലയിലൂടെ ലോറി ഓടും എന്ന് പറയുന്നത് അന്വര്‍ത്ഥമാക്കുന്ന ഒരു മുറി. ഒരിക്കല്‍ തെക്കന്‍ ഡല്‍ഹിയിലെ മുനീര്‍ക്കയില്‍ താമസിക്കാനൊരു മുറി അന്വേഷിച്ചു നടന്നപ്പോള്‍ ഒരു തെരുവില്‍ രാവണന്‍കോട്ടയില്‍പ്പെട്ടപോലെ (labyrinth) ഉഴറി നടന്നതും ഒരു വീടിന്റെ ബാല്‍ക്കണിയില്‍ നിന്നൊന്നു കവച്ചു വച്ചാല്‍ അടുത്ത വീടിന്റെ ബാല്‍ക്കണിയില്‍ എത്തുന്ന തരത്തില്‍ ഉള്ള ‘തുറസ്സായ’ സ്ഥലങ്ങള്‍ കാണേണ്ടിവരുന്നതും ഡല്‍ഹി ജീവിതത്തിന്റെ ഭാഗമാണ്.

പൊതുവില്‍ എന്റെ ഉമ്മറവും ചാരുകസേരയും വായിക്കാന്‍ ഒരു പുസ്തകവും എന്ന സവര്‍ണ സൗകര്യങ്ങള്‍ ഉണ്ടെങ്കില്‍ നിശബ്ദമായി ഇരിക്കാന്‍ താത്പര്യപ്പെടുന്ന ഒരു അന്തര്‍മുഖക്കാരി എന്റെ ഉള്ളില്‍ എന്നും സജീവമാണ്. ഡല്‍ഹി എന്ന മഹാനഗരത്തിലും അതുതന്നെ പ്രാവര്‍ത്തികമാക്കാന്‍ പരമാവധി ശ്രമിക്കാറുമുണ്ട്. ഒരു പക്ഷെ ഡല്‍ഹിയില്‍ രാത്രിജീവിതം അത്രയൊന്നും ആസ്വദിക്കാത്ത ഒരാള്‍ ഞാനായിരിക്കും. പക്ഷേ ഇടയ്ക്കിടെ ഓടിവരുന്ന സൗഹൃദവിളികളില്‍ ഡല്‍ഹിരാത്രി എന്ന അനുഭവത്തെ അടുത്തറിയാന്‍ ശ്രമിക്കുമ്പോഴൊക്കെ ജെഎന്‍യുവും പ്രസ്‌ക്ലബുമാണ് എന്റെ ആദ്യ ചോയ്‌സ്. രാത്രി അലയുക എന്നതിനേക്കാള്‍ സ്വസ്ഥമായിരുന്നു ഭക്ഷണം കഴിക്കുക എന്നതാണ് എന്റെ ലക്ഷ്യം എന്നത് ഒരു നിഗൂഢ രഹസ്യമാണ്. ജെഎന്‍യുവില്‍ എന്നെ രാത്രികാലങ്ങളില്‍ കണ്ടാല്‍ അലുംസ (കരള്‍ കറിവച്ചത്) കഴിക്കാനല്ലേ എന്ന് ‘സ്‌നേഹത്തോടെ’ ചോദിക്കുന്ന സൗഹൃദങ്ങളെക്കാളേറെ എനിക്ക് അലുംസ കറിതന്നെയാണ് രാത്രികളെക്കുറിച്ചോര്‍ക്കുമ്പോള്‍ ഓര്‍മ വരുന്നത്. തുറന്ന കാമ്പസില്‍ നേരത്തെ പഠിച്ചതുകൊണ്ടുതന്നെ ജെ എന്‍യു എന്ന കാമ്പസ് പുതുമകള്‍ ഒട്ടും തന്നിട്ടില്ല. പക്ഷെ സര്‍വകലാശാല കവാടത്തില്‍ എങ്ങോട്ടാ എന്ന നോട്ടവുമായി നില്‍ക്കുന്ന കാവല്‍ക്കാരനോട് ഝലം ഹോസ്‌റല്‍ റൂം നമ്പര്‍…. കോഴ്‌സ്….. എന്നൊക്കെ ഒറ്റശ്വാസത്തില്‍ നട്ടാല്‍ മുളക്കാത്ത നുണയും പറഞ്ഞ് അകത്തേക്ക് കയറുമ്പോള്‍ ഒരിക്കലും അപരിചിതത്വം അനുഭവപ്പെട്ടിട്ടേയില്ല. അല്ലെങ്കിലും സൗഹൃദം മാത്രം പകരം തരുന്ന ഇടങ്ങളില്‍ ഒരു മനുഷ്യനും അപരിചിതത്വം തോന്നേണ്ട ആവശ്യമില്ലല്ലോ.

 

ഡല്‍ഹി രാത്രികളുടെ കൂട്ടത്തില്‍ മൂന്നുകൊല്ലം മുമ്പു നടന്ന ഡല്‍ഹി പീഡനത്തെ കുറിച്ച് എഴുതാതെ വയ്യ. ഈ സംഭവത്തില്‍ നടന്ന ക്രൂരതക്കും മനുഷ്യാവകാശലംഘനത്തിനും ഉപരിയായി ഞാന്‍ ഉലഞ്ഞുപോകാന്‍ മറ്റൊരു കാരണവും ഉണ്ടായിരുന്നു. ഈ സംഭവം നടക്കുന്നതിനു കുറച്ചു നാള്‍ മുമ്പുവരെ മുനീര്‍ക്കയിലെ ഇതേ വഴിയില്‍ ഇതേ സമയത്ത് കാലിഗ്രാഫി ക്ലാസ്സ് കഴിഞ്ഞ് ആ പെണ്‍കുട്ടി സഞ്ചരിച്ച അതേ തരത്തിലുള്ള പ്രൈവറ്റ് ബസില്‍ സ്ഥിരം മടക്കയാത്ര നടത്തിയിരുന്ന ഒരാളായിരുന്നു ഞാനും. ഒരിക്കല്‍ പോലും യാതൊരു സംശയവും ആ യാത്രയെ കുറിച്ച് എനിക്ക് തോന്നിയിട്ടേ ഇല്ല. ചിലപ്പോഴൊക്കെ ഒന്നോ രണ്ടോ യാത്രക്കാര്‍ മാത്രമേ എന്നെക്കൂടാതെ അതില്‍ ഉണ്ടാകാറുള്ളൂ താനും. ആ സംഭവത്തെ കേരളത്തിലിരുന്നു വിലയിരുത്തിയ പലരും പറഞ്ഞുകേട്ട ‘ആ സമയത്ത്, അത്തരം ബസ്, പെണ്‍കുട്ടികള്‍ ഇത്തരം യാത്രയില്‍ ശ്രദ്ധിക്കേണ്ടേ’ എന്നിങ്ങനെയുള്ള സ്ഥിരം ന്യായങ്ങളും വാദങ്ങളും എത്രമാത്രം അബദ്ധവും യാഥാര്‍ഥ്യബോധമില്ലാത്തതും ആണെന്ന് തിരിച്ചറിയേണ്ടതുണ്ട്. നാം സ്ഥിരം നടക്കുന്ന വഴികളും പരിചിതമായ ഇടങ്ങളും ഒന്നും തന്നെ നമുക്ക് അപകടവിമുക്തമായ ജീവിതം തരില്ല എന്ന അധ്യായത്തിലേക്ക് മറ്റൊരു അനുഭവം കൂടി….

(തുടരും)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

അനശ്വര കൊരട്ടിസ്വരൂപം

അനശ്വര കൊരട്ടിസ്വരൂപം

എഴുത്തുകാരി, ഇപ്പോള്‍ പുസ്തകപ്രസാധന രംഗത്ത് പ്രവര്‍ത്തിക്കുന്നു.

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍