UPDATES

ചരിത്രത്തില്‍ ഇന്ന്

ചരിത്രത്തില്‍ ഇന്ന്: ഇന്ത്യയുടെ തലസ്ഥാനം കൊല്‍ക്കത്തയില്‍ നിന്നും ഡല്‍ഹിയിലേക്കു മാറ്റുന്നതായി പ്രഖ്യാപിക്കുന്നു

ഇന്ത്യ സന്ദര്‍ശനവേളയില്‍ ജോര്‍ജ് അഞ്ചാമന്‍ രാജാവാണ് ഇന്ത്യക്കാരെ സംബന്ധിച്ച് അപ്രതീക്ഷിതമായിരുന്ന ഈ തീരുമാനം പ്രഖ്യാപിച്ചത്‌

1911 ഡിസംബര്‍ 12

ഇന്ത്യയുടെ തലസ്ഥാനം കൊല്‍ക്കത്തിയില്‍ നിന്നും ഡല്‍ഹിയിലേക്ക് മാറ്റുകയാണെന്ന ജോര്‍ജ്ജ് അഞ്ചാമന്‍ രാജാവിന്റെ പ്രസ്താവന ഇന്ത്യക്കാരെ ഞെട്ടിച്ചു. രാജവിന്റെ ഡല്‍ഹി സന്ദര്‍ശന വേളയില്‍, കൊറോണേഷന്‍ പാര്‍ക്കില്‍ നടന്ന ഒരു ആഢംഭര രാജകീയ ചടങ്ങില്‍ വച്ച് അദ്ദേഹം ഇങ്ങനെ പ്രഖ്യാപിച്ചു; ‘ഞങ്ങളുടെ ഗവര്‍ണര്‍ ജനറലുമായി നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷം ഞങ്ങളും മന്ത്രിമാര്‍ നല്‍കിയ ഉപദേശം കണക്കിലെടുത്ത് ഇന്ത്യന്‍ സര്‍ക്കാരിന്റെ ഇരിപ്പിടം കല്‍ക്കട്ടയില്‍ നിന്നും പുരാതന തലസ്ഥാനമായ ഡല്‍ഹിയിലേക്ക് മാറ്റാന്‍ തീരുമാനിച്ച വിവരം ഞങ്ങളുടെ ജനങ്ങളോട് പ്രഖ്യാപിക്കുന്നതില്‍ സന്തോഷമുണ്ട്.’ അതുവരെ ബ്രിട്ടീഷ് ഭരണകൂടത്തിലെ ഉന്നതര്‍ക്ക് മാത്രം അറിയാവുന്ന തീരുമാനമായിരുന്നു അത്. അങ്ങനെയാണ് ഡല്‍ഹിയിലെ അവസാനത്തെ മുഗള്‍ നഗരമായിരുന്ന ഷാജഹാനബാദിന് തെക്ക്-പടിഞ്ഞാറായി ന്യൂഡല്‍ഹി നിര്‍മ്മിച്ചത്.

സര്‍ ഹെര്‍ബര്‍ട്ട് ബേക്കര്‍, സര്‍ എഡ്വിന്‍ ലുട്ട്യെന്‍സ് എന്നീ രണ്ട് ബ്രിട്ടീഷ് വാസ്തുവിദഗ്ധരാണ് നഗരത്തിന്റെ വാസ്തുവും ആസൂത്രണവും നിര്‍വഹിച്ചത്. ‘ന്യൂഡല്‍ഹി’ എന്ന പേര് നിലവില്‍ വരുന്നത് 1927ലാണ്. 1931 ഫെബ്രുവരി 13ന് അന്നത്തെ വൈസ്രോയി ആയിരുന്ന ലോഡ് ഇര്‍വിന്‍ പുതിയ തലസ്ഥാനം ഉദ്ഘാടനം ചെയ്തു. 1911ല്‍ അന്നത്തെ വൈസ്രോയി ആയിരുന്ന ലോഡ് ഹാര്‍ഡിംഗെ അയച്ച ഒരു കത്തില്‍, എന്തുകൊണ്ടാണ് കല്‍ക്കട്ടയില്‍ നിന്നും തങ്ങളുടെ സാമ്രാജ്യത്തിന്റെ തലസ്ഥാനം ബ്രിട്ടണ്‍ ഡല്‍ഹിയിലേക്ക് മാറ്റുന്നതെന്ന് വിശദീകരിച്ചിട്ടുണ്ട്. 1911 ഓഗസ്റ്റ് 25ന് സിംലയില്‍ നിന്നും ഇന്ത്യയുടെ ചുമതലയുണ്ടായിരുന്ന സ്‌റ്റേറ്റ് സെക്രട്ടറി ക്രൂവിലെ പ്രഭുവിനയച്ച കത്തില്‍, ഇന്ത്യയുടെ കിഴക്കേയറ്റത്ത് സ്ഥിതി ചെയ്യുന്ന കല്‍ക്കട്ടയില്‍ നിന്നും ബ്രിട്ടീഷുകാര്‍ ഇന്ത്യ ഭരിക്കുന്നതില്‍ ‘ഗൗരവതരമായ അസ്വാഭാവികത ഉണ്ടെന്ന് കുറെക്കാലം മുമ്പ് തന്നെ തിരിച്ചറിഞ്ഞിട്ടുണ്ട്,’ എന്ന് ഹാര്‍ഡിംഗ്‌സെ ചൂണ്ടിക്കാണിക്കുന്നു.

king1

ഒരു ചെറിയ മത്സ്യബന്ധന ഗ്രാമത്തില്‍ നിന്നും പതിനെട്ടാം നൂറ്റാണ്ടില്‍ ഈസ്റ്റ് ഇന്ത്യാ കമ്പനി ഇന്ത്യുടെ വാണിജ്യ കേന്ദ്രമാക്കി വികസിപ്പിച്ചെടുത്ത കല്‍ക്കട്ടയില്‍ നിന്നും കല്‍പ്പനകള്‍ വഴിയാണ് ബ്രിട്ടീഷുകാര്‍ വളരെ കാലം ഭരണനിര്‍വഹണം നടത്തിയിരുന്നത്. എന്നാല്‍, കല്‍ക്കട്ടയില്‍ നിന്നും മാറുന്നതിന് ബ്രിട്ടീഷുകാര്‍ ഇത്ര തിടുക്കം കാണിക്കുന്നത് എന്തിനാണെന്ന് ഹാര്‍ഡിംഗ്‌സെ ക്രൂവിന് തുടര്‍ന്ന് വിശദീകരണം നല്‍കുന്നുണ്ട്. ഒരു സൗഹാര്‍ദ അന്തരീക്ഷമുള്ള പാര്‍പ്പിടം എന്ന അവസ്ഥയില്‍ നിന്നും മാറുന്ന തരത്തില്‍ കല്‍ക്കട്ടയില്‍ ബ്രിട്ടീഷ് ഭരണത്തിനെതിരെ വളരുന്ന പ്രതിഷേധങ്ങളെ കുറിച്ച് വൈസ്രോയി ശ്രദ്ധ ക്ഷണിക്കുന്നു. രാജ്യത്തിന്റെ വാണിജ്യ, സാഹിത്യ തലസ്ഥാനമായ കല്‍ക്കത്തയില്‍ പ്രതിഷേധ പ്രസ്ഥാനങ്ങള്‍ അക്രമാസക്തമാവാന്‍ തുടങ്ങിയിരുന്നു. 1905ല്‍ പ്രതിഷേധങ്ങളുടെ മുനയൊടിക്കുന്നതിന്റെ ഭാഗമായി കല്‍ക്കത്ത കേന്ദ്രമായുള്ള വിസ്തൃതവും ശക്തവുമായ ബംഗാള്‍ പ്രവിശ്യ ബ്രിട്ടീഷുകാര്‍ രണ്ടായി വിഭജിച്ചിരുന്നു. എന്നാല്‍ ബംഗാള്‍ വിഭജനം ദേശീയ വികാരങ്ങള്‍ക്ക് ആക്കം കൂട്ടുകയും ബ്രിട്ടീഷ് ഉല്‍പന്നങ്ങള്‍ ബഹിഷ്‌കരിക്കാനുള്ള ആഹ്വാനത്തിലേക്ക് നയിക്കുകയും ചെയ്തു. ബ്രിട്ടീഷുകാര്‍ ബോംബു വര്‍ഷിക്കുകയും കൂട്ടക്കൊല നടത്തുകയും ചെയ്യുന്ന വിധത്തില്‍ കാര്യങ്ങള്‍ വഷളാവുകയും ചെയ്തു.

ദേശീയ ശക്തികളെ ശാന്തരാക്കുന്നതിന്റെ ഭാഗമായി, ഇന്ത്യ സര്‍ക്കാരിലെ ഒരു മുതിര്‍ന്ന അംഗമായ സര്‍ ജോണ്‍ ജെന്‍കിന്‍സാണ് ഡല്‍ഹിയിലേക്ക് മാറുക എന്ന ആശയം 1911ല്‍ ആദ്യമായി മുന്നോട്ടുവച്ചത്. ആശയത്തിന് ഉന്നത ബ്രട്ടീഷ് ഉദ്യോഗസ്ഥരുടെ പിന്തുണ ലഭിച്ചു. വെറും ആറുമാസത്തിന് ശേഷം, ആദ്യമായി ഇന്ത്യ സന്ദര്‍ശിക്കുന്ന ബ്രിട്ടീഷ് രാജാവായ ജോര്‍ജ്ജ് അഞ്ചാമന്‍ തലസ്ഥാനം അടിയന്തിരമായി ഡല്‍ഹിയിലേക്ക് മാറ്റുന്ന വിവരം തന്റെ ഇന്ത്യ സന്ദര്‍ശന വേളയില്‍ പ്രഖ്യാപിക്കുകയും ചെയ്തു. ഇപ്പോള്‍ ‘പുരാതന ഡല്‍ഹി’ എന്ന് വിളിക്കുന്ന യഥാര്‍ത്ഥ മുഗള്‍ നഗരത്തിന് തെക്കുവശത്തായി, വിശാലമായ തെരുവീഥികളും സര്‍ക്കാര്‍ കെട്ടിടങ്ങളും വെള്ളപൂശിയ മണിമന്ദിരങ്ങളും അടങ്ങുന്ന ‘ന്യൂഡല്‍ഹി’ പൂര്‍ത്തിയാക്കാന്‍ വാസ്തുശാസ്ത്രകാരന്മാരായ എഡ്വിന്‍ ലുട്ട്യെന്‍സിനും ഹെര്‍ബര്‍ട്ട് ബേക്കര്‍ക്കും 20 വര്‍ഷങ്ങളാണ് വേണ്ടി വന്നത്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍