UPDATES

കായികം

ട്വന്റി-20 യില്‍ ട്രിപ്പിള്‍ സെഞ്ച്വറി; ഡല്‍ഹി താരത്തിനു ചരിത്ര നേട്ടം

72 പന്തിലാണ് മോഹിത് 300 റണ്‍സ് അടിച്ചത്

ട്വന്റി 20 ക്രിക്കറ്റില്‍ ഇന്ത്യന്‍ താരത്തിനു ചരിത്രനേട്ടം. ഡല്‍ഹിയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ മോഹിത് അഹല്‍വാട്ടാണ് ട്വന്റി 20 ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ആദ്യ ട്രിപ്പിള്‍ സെഞ്ച്വറി നേടി ചരിത്രതാരമായത്.

ഡല്‍ഹി ലളിത പാര്‍ക്കില്‍ നടന്ന ആഭ്യന്തര മത്സരത്തില്‍ മാവി ഇലവനെതിരേയാണു ഫ്രണ്ട്‌സ് ഇലവനു വേണ്ടി ബാറ്റേന്തിയ മോഹിത് മുന്നൂറടിച്ചത്. വെറും 72 പന്തുകളില്‍ നിന്നാണ് 300 തികച്ചത്. 39 സിക്‌സറുകളും 14 ബൗണ്ടറികളും മോഹിത് അടിച്ചു കൂട്ടി. 18 ഓവറില്‍ 250 റണ്‍സിലെത്തിയ മോഹിത് അടുത്ത രണ്ട് ഓവറിലാണ് 50 റണ്‍സ് തികച്ചത്. 19ാം ഓവറില്‍ 16 റണ്‍സും 20ാം ഓവറില്‍ 34 റണ്‍സുമാണ് മോഹിത് നേടിയത്. അവസാന ഓവറിന്റെ ആദ്യ അഞ്ചു പന്തുകളും സിക്‌സര്‍ പറത്തിയ മോഹിതിന് ആറാം പന്തില്‍ ബൗണ്ടറി നേടാനേ കഴിഞ്ഞുള്ളു.

ഇന്നിങ്‌സ് അവസാനിക്കുമ്പോള്‍ 72 പന്തില്‍ നിന്ന് 300 റണ്‍സ് നേടിയ മോഹിതിന്റെ മികവില്‍ 20 ഓവറില്‍ 416 റണ്‍സാണ് മാവി പതിനൊന്ന് നേടിയത്. മോഹിത്തിനെ കൂടാതെ ഗൗരവ് 86 റണ്‍സും എടുത്തു.

ലോക ക്രിക്കറ്റില്‍ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ നേടി റെക്കോര്‍ഡിട്ടത് വെസ്റ്റിന്‍ഡീസ് താരം ക്രിസ് ഗെയിലാണ്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ 2013ല്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാഗ്ലൂരിനായി നേടിയ 175 റണ്‍സാണ് അത്. ഡല്‍ഹിയില്‍ നടന്ന മത്സരത്തിന് ഔദ്യോഗിക അംഗീകാരമില്ലാത്തതിനാല്‍ ഗെയ്‌ലിന്റെ റെക്കോഡ് ഇനിയും സുരക്ഷിതമായി തുടരും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍